കേരളത്തിന്റെ ആരോഗ്യമേഖലാ ഭൂമികയില്‍ സ്വകാര്യ ആശുപത്രികളുടെ എണ്ണം പെരുകുന്നതിനു ഏറെ മുമ്പ് കൊടുങ്ങല്ലൂരിനടുത്ത അഴീക്കോട് ഒരു ആതുരായലം എന്ന ആശയം 1958 ല്‍ യാഥാര്‍ഥ്യമാക്കിയ ഒരു ഡോക്ടറുണ്ട്. കൊടുങ്ങല്ലൂര്‍ക്കാര്‍ക്ക് പ്രിയപ്പെട്ടവനായി മാറിയ അവരുടെ സ്വന്തം ഡോക്ടറെന്ന ഖ്യാതിയുണ്ടായിരുന്ന ഡോ. എ.കെ .മുഹമ്മദ് സഗീര്‍. അഴീക്കോട്ടെ വിഖ്യത മുസ്ലിം തറവാടായ അയ്യാരില്‍ കരിക്കുളത്ത് ഖാന്‍സാഹിബ് അലിക്കുഞ്ഞിയുടെയും നമ്പൂരിമഠത്തില്‍ മറിയുമ്മയുടെയും മകന്‍. ലഭ്യമായ രേഖകള്‍ പ്രകാരം 1928 ല്‍ ജനനം. സഹോദരന്‍ ഡോ.സിദ്ധിഖിന്റെ ജനനം 1930 ല്‍. 2002 ല്‍ ഡോ. സഗീര്‍ മരണപ്പെട്ടു. 2013 ല്‍ ഡോ.സിദ്ധിഖും. ഇരുവരും ചേര്‍ന്ന് നടത്തിയ ആതുരാലയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മാത്രമല്ല കൈമറിഞ്ഞു പോയിരിക്കുന്നു.

 ഒരു കാലത്ത് തീരദേശത്തിന്റെ സ്പന്ദമാപിനിയായിരുന്നു ഈ ആശുപത്രി. 1958 നു ശേഷം പിറന്ന തലമുറയുടെ മനസില്‍ ഇന്നും ഓര്‍മകളായി കരിക്കുളം ആശുപത്രിയും അതിന്റെ പരിസരങ്ങളുമുണ്ട്. അഴീക്കോട്ടുകാരനാണെങ്കിലും എന്റെ ജനനം കൊടുങ്ങല്ലൂര്‍ ജനറല്‍ ആശുപത്രിയിലായിരുന്നു. അതേ സമയം എന്റെ തറവാട്ടിലെ പലരും കരിക്കുളം ആശുപത്രിയിലെ ലേബര്‍ റൂമില്‍ പിറന്നവരാണ്.  അഞ്ചു വയസില്‍ അഴീക്കോട്ടു നിന്ന് കൊടുങ്ങല്ലൂരിലെ ശ്രംഗപുരത്തേക്ക് മാറിയ എനിക്ക് സഗീര്‍ ഡോക്ടറെ പരിചയമില്ല. എന്റെ ബാപ്പ ഉമ്മര്‍മാഷിന് അദ്ദേഹവുമായി നല്ല ബന്ധമുണ്ടായിരുന്നു. അതേ സമയം സിദ്ധിഖ് ഡോക്ടറെ ഞാന്‍ കണ്ടിട്ടുണ്ട്. പരിചയപ്പെട്ടിട്ടുണ്ട്. ആ കൈ പിടിച്ച് ശ്രംഗപുരം ലോര്‍ഡ് കൃഷ്ണ ബാങ്കിനു മുന്നിലൂടെ നടന്നിട്ടുണ്ട്. ചരിത്രവും കഥകളും പറഞ്ഞു തരാവുന്ന അവസ്ഥയിലായിരുന്നില്ല ഞാന്‍ കാണുന്ന സമയത്ത് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ.

ഡോ.സിദ്ധിഖ്
ഡോ.സഗീര്‍

പ്രവാസത്തിനിടയിലെ ഒരു അവധിക്കാലത്തായിരുന്നു ആ കൂടിക്കാഴ്ച. അന്ന് കരിക്കുളം ആശുപത്രിയെ കുറിച്ച് ഫീച്ചര്‍ തയാറാക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും നടന്നില്ല. ഇന്നിപ്പോള്‍ ഈ കുറിപ്പിന് പ്രചോദനം നല്‍കിയത് അസ്മാബിയന്‍സ് വാട്സ്ആപ്പ് ഗ്രൂപ്പിലെ പ്രിയ സഹപാഠികളാണ്. ഗ്രൂപ്പില്‍ നടന്ന കരിക്കുളം ചര്‍ച്ചയില്‍ പങ്കെടുത്ത അസ്ലമും ഫസലും നസറുദ്ദീനും നജീബും ഷാജി വാഴൂരും നവാസും സഫറുവും ബഷീറും സീനത്തും ഫാത്തിമയും പിന്നെ ഫാത്തിമ ഗഫൂറും പങ്കു വെച്ച  ഓര്‍മകള്‍  കഥാ സമ്പന്നമായിരുന്നു.  ഇഖ്ബാല്‍ കാക്കശേരി (ഇക്കു) പരിചയപ്പെടുത്തിയ ചരിത്രത്തില്‍ തല്‍പരനും നല്ല വായനക്കാരനുമായ അഴീക്കോട്ടുള്ള എ.എം മൊയ്തീന്‍ സഹായിച്ചു.

  1958 ഏപ്രില്‍ അഞ്ചിന് അന്നത്തെ ഇ.എം.എസ് മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രി എ.ആര്‍.മേനോനാണ് കരിക്കുളം ആശുപത്രി തീരദേശത്തിനു സമര്‍പ്പിച്ചത്. പിന്നീട് പതിറ്റാണ്ടുകളോളം തീരദേശത്തെ തലമുറകളുടെ ജനിമൃതികളിലൂടെ , രോഗ ശാന്തിയിലൂടെ , സാന്ത്വനത്തിലൂടെ മായാത്ത  ലിഖിത ചരിത്രമായി മാറി കരിക്കുളം ആശുപത്രി. പ്രവര്‍ത്തനം നിലച്ചെങ്കിലും കൈമാറ്റം ചെയ്യപ്പെട്ടെങ്കിലും കഥ പറയാന്‍ ആശുപത്രി കെട്ടിടം ഇന്നും അവിടെയുണ്ട്. ഇടക്കാലത്ത് സഗീര്‍ ഡോക്ടറുടെ മകന്‍ ഡോ.മൊയ്തീനും മണപ്പാട്ടെ ഡോ.റഷീദും കരിക്കുളം ആശുപത്രിയെ സജീവമാക്കാന്‍ ശ്രമിച്ചവരും വിജയിച്ചവരുമാണ്.  

തൃശൂര്‍ ജില്ലയില്‍ എന്നല്ല കേരളത്തില്‍ പൊതുവെ സ്വകാര്യ ആശുപത്രികള്‍ കുറവായിരുന്ന കാലത്താണ് കരിക്കുളം ആശുപത്രി പ്രവര്‍ത്തനം തുടങ്ങുന്നത്.  കേരളത്തിലെ ആദ്യ സ്വകാര്യ ആശുപത്രി മിഷണിമാര്‍ സ്ഥാപിച്ചതാണ്. 1886 ല്‍ വ്യവസായ മേഖലയായ പറവൂര്‍ താലൂക്കിലെ ഏലൂരില്‍ പ്രവര്‍ത്തനം തുടങ്ങിയ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിനാണ് ചരിത്രത്തില്‍ ഈ സ്ഥാനം. ഇന്ന് കേരളത്തില്‍ ആയിരക്കണക്കിന് സ്വകാര്യ ആശുപത്രികളുണ്ട്. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയില്‍ മാത്രം 231 സ്വകാര്യ ആശുപത്രികള്‍. പെരിന്തല്‍മണ്ണയിലും കൊച്ചിയിലും കോഴിക്കോടും സ്വകാര്യ മേഖലയില്‍ നിരവധി മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍.  സാധാരണ ജനങ്ങളില്‍ നല്ലൊരു ശതമാനം സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നുണ്ട്. എര്‍ണാകുളം ജില്ലാ ആശുപത്രിയൊക്കെ ഇന്ത്യയിലെ തന്നെ മികച്ച ജനറല്‍ ആശുപത്രികളില്‍ ഒന്നാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ നിലവാരവും രാജ്യാന്തര തലത്തില്‍ ഉയര്‍ന്നതാണ്. പണ്ട്  ജനം ജനറല്‍ ആശുപത്രികളെ ധര്‍മാശുപത്രികളെന്നാണ് വിളിച്ചിരുന്നത്. പൊതു മേഖലയിലെ ഈ ആരോഗ്യ സംവിധാനം തകര്‍ന്നാല്‍ നമ്മുടെ ആരോഗ്യ മേഖലക്ക് താളം തെറ്റും. 

കരിക്കുളം ആശുപത്രിയെയും ഡോ.എ.കെ.മുഹമ്മദ് സഗീറിനെയും അദ്ദേഹത്തിന്റെ സഹോദരന്‍ ഡോ.സിദ്ധിഖിനെയും വിസ്മരിച്ചു കൊണ്ട് ആധുനിക കൊടുങ്ങല്ലൂരിന്റെ ചരിത്രം രേഖപ്പെടുത്താനാവില്ല. പ്രൗഡിയും സൗന്ദര്യവും ഉണ്ടായിരുന്ന രണ്ട്  ഡോക്ടര്‍മാര്‍. ഡോ.സഗീര്‍ ശസ്ത്രക്രിയാ വിദഗ്ധനായിരുന്നു. അവരുടെ പിതാവ് ഖാന്‍സാഹിബും ആ തറവാടും ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. വന്‍ ഭൂ സ്വത്തിന്റെ  ഉടമയായിരുന്നു ഖാന്‍ സാഹിബ്. വര്‍ഷത്തില്‍ 365 ദിവസവും തെങ്ങു കയറാന്‍ മാത്രം ഭൂമിയുണ്ടായിരുന്നുവെന്ന് പറയുന്നത് വെറും ഒരു ആലങ്കാരിക കഥയല്ല. അതായിരുന്നു സത്യം. 

ഡോ.സിദ്ധിഖ്
ഡോ.സിദ്ധിഖ്

അത്രമാത്രം ഭൂ സ്വത്തുണ്ടായിരുന്നു. ഈസാ ഇസ്മായില്‍ സേട്ടായിരുന്നു (കണ്‍മണി ബാബുവിന്റെ പിതാവ്) അക്കാലത്തെ മറ്റൊരു ജന്‍മി. അദ്ദേഹം പക്ഷെ ഭൂ സ്വത്തുക്കള്‍ നോക്കി നടത്താന്‍ കാര്യസ്ഥന്‍മാരെ ഏല്‍പിച്ച് മറ്റ് ബിസിനസുകളില്‍ തിരക്കിലായിരുന്നു. സേട്ടുവിന്റെ കാര്യസ്ഥന്‍മാര്‍ എന്നൊരു വിഭാഗം തന്നെ അക്കാലത്ത് അഴീക്കോട്ടുണ്ടായിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇസ്മായില്‍ സേട്ടിന്റെ ഉമ്മയുടെ പേര് അസ്മാബിയെന്നായിരുന്നു. പടിഞ്ഞാറെ വെമ്പല്ലൂരില്‍ എം.ഇ.എസ് കോളേജിനു സ്ഥലം വിട്ടു കൊടുത്ത സേട്ടുവിനോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാനാണ് എം.ഇ.എസ് നേതൃത്വം കോളേജിന് അസ്മാബി കോളേജ് എന്നു പേരിട്ടത്. സേട്ടുവിന്റെയും ഖാന്‍ സാഹിബിന്റെയും വഴികള്‍ വ്യത്യസ്ഥമായിരുന്നു.  തലയെടുപ്പും കാര്യ പ്രാപ്തിയും വലിയ സ്വാധീനവുമുള്ള ആളായിരുന്നു ഖാന്‍ സാഹിബ് അലിക്കുഞ്ഞി. അന്നത്തെ ഉന്നത ഉദ്യോഗസ്ഥന്‍മാരുമായും ഭരണസാരഥികളുമായും പോലീസ് ഉദ്യോഗസ്ഥരുമായും അടുത്ത സൗഹൃദം. 

കൊച്ചി രാജ വംശത്തിലെ പ്രമുഖരെല്ലാം ഉറ്റ ചങ്ങാതിമാരായിരുന്നു. കൊച്ചി ദിവാന്‍ ഖാന്‍ സാഹിബിന്റെ വീട്ടിലെ പല വിരുന്നുകളിലും പങ്കെടുത്തിട്ടുണ്ട്. ഇ.ഗോപാലകൃഷ്ണമോനോന്റെ ആത്മകഥയില്‍ ഖാന്‍സാഹിബുമായി ബന്ധപ്പെട്ട ചില ചരിത്ര മുഹൂര്‍ത്തങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

കരിക്കുളം  വീട്ടിലെ  ദിവാന്‍ സന്ദര്‍ശനമാണ് മകന്‍ സഗീറിനെ ഡോക്ടറാക്കാന്‍ ഖാന്‍ സാഹിബിനെ പ്രേരിപ്പിച്ചത്. സഗീറിനു പ്രിയം ഗണിത ശാസ്ത്രമായിരുന്നു. അതു കൊണ്ട് തന്നെ എന്‍ജിനിയറാകാനായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യം. ഇവനെ എന്‍ജിനിയറാക്കണ്ട പകരം ഡോക്ടറാക്കുവെന്ന് ദിവാനാണ് പറഞ്ഞത്. ദിവാന്‍ തന്നെയാണ് സഗീറിനെ മദ്രാസ് മെഡിക്കല്‍ കോളേജിലേക്ക് അയച്ചത്. 1951 ല്‍ എം.ബി.ബി എസ് പൂര്‍ത്തിയാക്കിയ ഡോ.സഗീര്‍ ഏഴു വര്‍ഷത്തോളം സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തു. നിരന്തരമായ സ്ഥലം മാറ്റങ്ങളില്‍ മനം മടുത്ത ഡോ.സഗീര്‍ അദ്ദേഹത്തിന്റെ മൂത്ത സഹോദരന്റെ ഉപദേശം സ്വീകരിച്ചാണ് 1958 ല്‍ കരിക്കുളം ആശുപത്രി തുടങ്ങിയത്. 1960 ലാണ് സഹോദരന്‍ ഡോ.സിദ്ധിഖ് ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. 

ക്രിക്കറ്റ്, ടെന്നീസ് , ടേബിള്‍ ടെന്നീസ് കളികളില്‍ കമ്പക്കാരനായിരുന്നു ഡോ. സിദ്ധിഖ്. ലോകം അറിയുന്ന പ്രശസ്ത ചിത്രകാരന്‍ ആര്‍ടിസ്റ്റ് മാധവ മേനോന്‍ (കൊടുങ്ങല്ലൂര്‍) വൈകുന്നേരങ്ങളില്‍ ഉയരം കൂടിയ സൈക്കിളില്‍ ടെന്നീസ് കളിക്കാന്‍ അഴീക്കോട്ടേക്ക് പോയിരുന്നത് എനിക്ക് ഓര്‍മയുണ്ട്. കൊടുങ്ങല്ലൂര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിന് ഒരിക്കല്‍ ഡോ.സിദ്ധിഖ് വന്നിരുന്നു. ക്രിക്കറ്റിനെ കുറിച്ച് വളരെ ഹൃസ്വമായ ഒരു പ്രസംഗവും നടത്തി. ്അറുപതുകളുടെ തുടക്കത്തില്‍ തന്നെ ഡോ.സിദ്ധിഖ് ടെന്നീസും ക്രിക്കറ്റുമൊക്കെ കോടുങ്ങല്ലൂര്‍ക്കാര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. ഒരു പക്ഷെ ഇന്ത്യ തന്നെ ക്രിക്കറ്റിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നതിനു മുമ്പ് ഡോ.സിദ്ധിഖും കൊടുങ്ങല്ലൂര്‍ , തൃപ്പൂണിത്തുറ കോവിലകത്തെ തമ്പുരാക്കന്‍മാരും ക്രിക്കറ്റിനെ കേരളത്തിനു പരിചയപ്പെടുത്തിയിരുന്നു.

 ടെന്നീസിനോടായിരുന്നു ഡോ.സിദ്ധിഖിനു കൂടുതല്‍ പ്രിയമെന്ന്  തോന്നിയിട്ടുണ്ട്. 1978 ല്‍ കരിക്കുളം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് ഡോ.സിദ്ധിഖ് ഗള്‍ഫിലേക്ക് പോയി. ഇതോടെ മാനേജ്മെന്റ് രംഗത്ത് കരിക്കുളം ആശുപത്രി പല പോരായ്മകളും നേരിട്ടുവെന്നാണ്  കരിക്കുളം ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവര്‍ പറയുന്നത്. 

കൊടുങ്ങല്ലൂരിന്റെ ചരിത്രമെന്ന് പറയുന്നത് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണ്. വിദ്യഭ്യാസം, രാഷ്ട്രിയം, സംസ്‌കാരം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കൊടുങ്ങല്ലൂര്‍ നല്‍കിയ സംഭാവനകള്‍ അവിസ്മരണിയമാണ്. നവോത്ഥാന ചരിത്രത്തോടൊപ്പം സഞ്ചരിച്ച ദേശമാണ് കൊടുങ്ങല്ലൂര്‍. കേരള വ്യസന്റെ നാടു തന്നെയാണ് പിന്നീട് ആദ്യത്തെ കമ്മ്യൂണിസ്റ്റ് എം.എല്‍.എ യെയും തെരഞ്ഞെടുത്തത്. കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാക്കന്‍മാര്‍ ഏറെ പുരോഗമവാദികളായിരുന്നു. അയിത്തം വാണിരുന്ന കെട്ട   കാലത്ത് പന്തിഭോജനം നടത്തിയ തമ്പുരാട്ടിമാരുണ്ടായിരുന്നു കോവിലകത്ത്. ആയിരം രാവുകളില്‍ പറഞ്ഞാല്‍ തീരാത്ത കഥകളുറങ്ങുന്ന നാട്. കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രവും ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയും ക്രൈസ്തവ ചരിത്രത്തിലെ നിര്‍ണായക സംഭവങ്ങളുടെ ശേഷിപ്പുകളും അടക്കം കൊടുങ്ങല്ലൂര്‍  ചരിത്രത്തിന്റെ താളുകളില്‍ എഴുതി ചേര്‍ത്ത അവിസ്മരണിയതയുടെ തിളക്കങ്ങള്‍ എത്രയാണ്. അതിലൊന്നാണ് തീര ദേശത്തിന്റെ ഹൃദയ സ്പന്ദനത്തോടൊപ്പം ചരിത്രത്തിന്റെ പടവുകള്‍ കയറിയ കരിക്കുളം ആശുപത്രിയും.