ഭൂമിയിലും ആകാശത്തും മനുഷ്യര്‍ക്കായി വിസ്മയ കാഴ്ചകള്‍  ഒരുക്കി വെച്ചിട്ടുണ്ട് പ്രപഞ്ച സൃഷ്ടാവ് .  ആ കാഴ്ചകളിലൂടെയുള്ള യാത്രകളാണ് മനുഷ്യനെ നിരന്തരം നവീകരിക്കുന്നതും സംസ്‌കരിക്കുന്നതും. ഓരോ യാത്രയും അറിവിന്റെ ജാലകങ്ങള്‍ തുറക്കുന്നു. സ്വയം ആര്‍ജിക്കുന്ന അറിവിന്റെ വെളിച്ചം തന്റെ സഹ ജീവികളിലേക്ക് കൂടി പ്രസരിപ്പിച്ചവരാണ് വിഖ്യാതരായ സഞ്ചാരികള്‍. അവര്‍ കാണുന്നതും കേള്‍ക്കുന്നതും പിന്നീട് പകര്‍ത്തി വെക്കുന്നു. അത് ലോകം വായിക്കുന്നു. ഇബ്‌നു ബത്തൂത്ത മുതല്‍ വില്‍ഫ്രഡ് തെസീഗറും മുഹമ്മദ് അസദും നമ്മുടെ എസ്.കെ പൊറ്റെക്കാടുമൊക്കെ സഞ്ചാരത്തിനിടയിലെ അപൂര്‍വ കാഴ്ചകള്‍ വാക്കുകളില്‍ പകര്‍ത്തിയവരും നിരീക്ഷണങ്ങള്‍ പങ്കു വെച്ചവരുമാണ്. 

ഡിജിറ്റല്‍ യുഗത്തില്‍ ലോക സഞ്ചാരം ചേതോഹര ദൃശ്യങ്ങളായി . മലയാളത്തില്‍ ഒരു പക്ഷെ ഈ ഡിജിറ്റല്‍ സഞ്ചാര സാഹിത്യ യുഗത്തിന് തുടക്കം കുറിച്ചത് സന്തോഷ് ജോര്‍ജ് കുളങ്ങരയാണെന്ന് പറയാം. ഒരാള്‍ക്ക് നേരിട്ട് പോയി കാണാനും അനുഭവിക്കാനും പല കാരണങ്ങള്‍ കൊണ്ട് സാധിക്കാതെ പോകുന്ന ലോക കാഴ്കള്‍ പകര്‍ത്തി കാണിക്കുന്നത് വലിയ കാര്യമാണ്. ആഗോള തലത്തില്‍ ബി.ബി.സി യും സി.എന്‍.എന്നും നാഷണല്‍ ജിയോഗ്രഫിയും ടി.ആര്‍.ടി യുമൊക്കെ സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററികളില്‍ പലതും അത്യുന്നത നിലവാരം പുലര്‍ത്തുന്നവയാണ്. സഞ്ചാരം ഒരു അനുഭവമാണ്. അത് ഒരു ലഹരി കൂടിയാണ്.  കാടും മലയും  പുഴകളും കടലാഴങ്ങളും മനുഷ്യരും കഥ പറയുന്നു. 

കെയിറ്റ് ഹംബിള്‍ എന്ന ബ്രിട്ടീഷ് ടെലിവിഷന്‍ അവതാരകയുടെ സഞ്ചാര പഥങ്ങള്‍ നോക്കു. അത് തികച്ചും വൈവിധ്യമാര്‍ന്ന തലങ്ങളിലൂടെ കടന്നു പോകുന്നു. വന്യജീവികളുടെ ജീവിത ചക്രത്തിനു പിറകെ ക്യാമറ തിരിച്ചു വെക്കുന്ന കെയിറ്റ് ശാസ്ത്ര സാങ്കേതിക വിഷയങ്ങളുടെ പിറകെയും യാത്ര ചെയ്യുന്നു. അതേ കെയിറ്റ് ഹംബിളാണ് അറേബ്യന്‍ സുഗന്ധങ്ങളുടെ കഥയുമായി ബദുവിയന്‍ ജീവിതത്തെ ബന്ധപ്പെടുത്തി മഹത്തായ അറബ് സംസ്‌കാരത്തെ കുറിച്ച് പറയുന്നത്. 1968 ല്‍ വിംബിള്‍ഡണില്‍ ജനിച്ച കെയിറ്റ് വിഖ്യാത മാധ്യമ പ്രവര്‍ത്തകയാണ്. കാതറിന്‍ ഹംബിള്‍ എന്ന് മുഴുവന്‍ പേര്. നിക് ഹംബിളും ഡയാനയും മാതാപിതാക്കള്‍. ടെലിവിഷന്‍ പ്രോഗ്രാമര്‍ ലുഡോ ഗ്രഹാം ഭര്‍ത്താവ്. 1992 ല്‍ 23 ാം വയസിലായിരുന്നു വിവാഹം. കെയിറ്റിന്റെ പതിനാറാം വയസു മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. കുട്ടികളില്ല. കുട്ടികള്‍ വേണ്ടെന്ന പക്ഷക്കാരിയാണ് കെയിറ്റ്. അമ്മയാകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് നിരവധി വേദികളില്‍ അവര്‍ പറഞ്ഞിട്ടുണ്ട്. സ്വന്തം ജീവിതം സ്വയം ചിട്ടപ്പെടുത്തി മുന്നോട്ടു പോകുമ്പോള്‍ വിവാദങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വരുമെന്നും താന്‍ പ്രകൃതിയെ അതിന്റെ പരിപൂര്‍ണതയില്‍ സ്‌നേഹിക്കുന്ന ഒരാളാണെന്നും എന്റെ കാലടികള്‍ എന്റെ തീരുമാനത്തിനനസരിച്ച് ചലിക്കുന്നുവെന്നും കെയിറ്റ് പറയുന്നു. 

ബി.ബി.സി ക്കു വേണ്ടി ഏറെ പ്രശസ്തമായ നിരവധി ഡോക്യുമെന്ററികള്‍ ഈ വിശ്വ സഞ്ചാരി ചെയ്തിട്ടുണ്ട്.  സ്‌കൂള്‍ വിദ്യഭ്യാസത്തിനു ശേഷം ലോക സഞ്ചാരത്തിന് ഇറങ്ങിയ കെയിറ്റ് ഹംബിള്‍ കെയിപ് ടൗണ്‍ മുതല്‍ കെയ്‌റൊ വരെ യാത്ര ചെയ്തു. റെസ്റ്റോറന്റുകളില്‍ പരിചാരികയായി. ഡ്രൈവറായി. ഗൈഡായി. മുതല വളര്‍ത്തല്‍ കേന്ദ്രത്തിലെ ജോലിക്കാരിയായി. അങ്ങനെ നിരവധി ജോലികള്‍ . വര്‍ഷങ്ങള്‍ നീണ്ട യാത്രക്ക് ശേഷമാണ് കെയിറ്റ് തിരികെ ലണ്ടനില്‍ എത്തുന്നത്. 1994 ല്‍ ടെലഗ്രാഫില്‍ ആദ്യ യാത്രാ വിവരണം. മഡഗാസ്‌കര്‍ ചുറ്റി പിന്നെയും നീണ്ട യാത്ര. ക്യൂബയിലെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെയും സംസ്‌കാരങ്ങളിലൂടെയും നടത്തിയ യാത്രകള്‍. കാമറൂണും ഘാനയും തുടങ്ങി നിരവധി രാജ്യങ്ങളിലൂടെയും വനാന്തരങ്ങളിലൂടെയുമുള്ള യാത്രകള്‍.

ഒന്നിനൊന്ന് മെച്ചപ്പെട്ട യാത്ര വിവരണങ്ങളിലൂടെ കെയിറ്റ് ഹംബിള്‍ ലോക ശ്രദ്ധ നേടി. ഇതിനിടയില്‍ ഇയാം ഫ്‌ളമിംഗിന്റെ ജീവിതത്തിലെ ചില സുപ്രധാന സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത ടെലിവിഷന്‍ പരമ്പരയായ സ്‌പൈ മെയ്ക്കറിലെ അല്‍പം വിവാദമായ രംഗത്തിലും അഭിനയിച്ചു. ടെലിവിഷന്‍ രംഗത്ത് ഗവേഷകയായി എത്തിയ കെയിറ്റ് ഹംബിള്‍ പിന്നീട് ലോകം അറിയുന്ന അവതാരകയായി മാറുകയായിരുന്നു. എനിമല്‍ പാര്‍ക്ക്, സ്പ്രിംഗ് വാച്ച്, ടോപ് ഗിയര്‍, ടുമാറോസ് വേല്‍ഡ് തുടങ്ങി നിരവധി പരമ്പരകള്‍. അധികവും ബി.ബി.സി ക്കു വേണ്ടി. 2000 മുതല്‍ 2005 വരെ ബി.ബി.സി സംപ്രേഷണം ചെയ്ത റഫ് സയന്‍സ് ശാസ്ത്ര ലോകത്ത് കെയിറ്റിന് വലിയ അംഗീകാരമാണ് നേടി കൊടുത്തത്. അഫ്ഗാനിസ്ഥാന്‍ യാത്രയിലെ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്.  2009 മുതല്‍ 2013 വരെ റോയല്‍ സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ബേര്‍ഡ്‌സിന്റെ പ്രസിഡന്റായിരുന്നു കെയിറ്റ്. 

അറബ് ലോകം ആവേശത്തോടെ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത കെയിറ്റിന്റെ ബി.ബി.സി പരമ്പരയാണ് ഫ്രാന്‍കിന്‍സന്‍സ് . അറബ് സുഗന്ധത്തിന്റെ വഴികളിലൂടെ ഗോത്ര സംസ്‌കൃതി തൊട്ടറിഞ്ഞ് ഒമാനില്‍ നിന്ന് യെമനിലേക്കും പിന്നെ സൗദി അറേബ്യയിലും എത്തിയ യാത്രകളുടെ അതി മനോഹരമായ ദൃശ്യ വിവരണങ്ങള്‍. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹത്തായ പാരമ്പര്യങ്ങളും ആതിഥ്യ മര്യാദകളും  അവര്‍ ഈ യാത്രയില്‍ തൊട്ടറിയുന്നു. ഒമാനില്‍ നിന്ന് കര മാര്‍ഗം യെമനിലെത്തുന്ന കെയിറ്റ് പിന്നീട് യെമനില്‍ നിന്ന് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെത്തുന്നത് വിമാനത്തിലാണ്. 2009 ലാണ് കെയിറ്റ് ഈ യാത്ര നടത്തുന്നത്. പണ്ട് പണ്ട് അറേബ്യന്‍ മരുഭൂമികളിലൂടെ സാര്‍ഥ വാഹക സംഘങ്ങള്‍ സഞ്ചരിച്ചിരുന്ന പാതകളിലൂടെയാണ് കെയിറ്റ് മധ്യ പൗരസ്ത്യ ദേശത്തു കൂടി കടന്നു പോകുന്നത്. ജി.സി.സി ഉള്‍പ്പടെ അറബ് രാജ്യങ്ങളിലൂടെ 2000 മൈലുകള്‍ അതായത്  3200 ല്‍ അധികം കി.മീറ്റര്‍ മരുഭൂമികളിലൂടെ യാത്ര ചെയ്തിട്ടുണ്ട് കെയിറ്റ് ഈ പരമ്പരക്ക് വേണ്ടി .  മരുഭൂമിയില്‍ പതിയുന്ന കാല്‍പാദങ്ങള്‍ പിന്തുടര്‍ന്ന് കള്ളന്‍മാരെയും കൊള്ളക്കാരെയും പിടികൂടുന്ന പരമ്പരാഗത രീതിയും സൗദി യാത്രക്കിടയില്‍ അവര്‍ പരിചയപ്പെടുത്തുന്നുണ്ട്. വിരലടയാളം പോലെ കാല്‍പാദ അടയാളങ്ങളും വ്യത്യസ്തമായിരിക്കും. യെമന്‍ സൗദി അതിര്‍ത്തിയിലെ മലനിരകളില്‍ താമസിക്കുന്ന മനുഷ്യരുടെ കാഴ്ചയും വേറിട്ടതാണ്. 

അസീര്‍ മല നിരകള്‍ക്ക് മുകളിലൂടെ അറബ് ലോകത്തെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനോടൊപ്പം ( സൗദി രാജാവിന്റെ മകന്‍ ) ഗ്ലൈഡറില്‍ സഞ്ചരിക്കുന്ന കെയിറ്റ് രാജകുമാരനുമായുള്ള ആകാശ യാത്രയില്‍ ഉടനീളം ആശ്ചര്യത്തോടെ നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. രാജകുമാരന്‍ നടത്തുന്ന ഗ്ലൈഡര്‍ എക്‌സര്‍സൈസും കെയിറ്റിന് പുതിയ അനുഭവമായിരുന്നു. ലോകത്തെ പ്രമുഖ വ്യവസായിയായ വലീദ് രാജകുമാരനുമായും കെയിറ്റ് വിശദമായ അഭിമുഖം നടത്തുന്നുണ്ട്. പരമ്പരയില്‍ അവര്‍ നടത്തിയിട്ടുള്ള അഭിമുഖങ്ങള്‍ എങ്ങനെയാണ് അഭിമുഖങ്ങള്‍ നടത്തേണ്ടതെന്ന് കാണിച്ചു തരുന്നു. അന്‍പത്തി രണ്ടാം വയസില്‍ കൂടുതല്‍ പ്രസരിപ്പോടെ  എഴുതിയാല്‍ തീരാത്ത സംഭവ ബഹുലമായ ജീവിതവും സഞ്ചാരവും കെയിറ്റ് തുടരുകയാണ്.