രാത്രി ഏറെ വൈകി കോഴിക്കോട് ആരാധനയിലെ മുറിയില്‍ വെച്ച്  തീരുമാനിക്കുന്നു. പുലര്‍ച്ചെ ഉൂട്ടിയിലേക്ക് ഒരു യാത്ര. സഹയാത്രികനായി കൊടുങ്ങല്ലൂര്‍ക്കാരന്‍ ഫോട്ടോഗ്രാഫര്‍ ഹാഷിം ഹാറൂണ്‍. അന്ന് ചിത്രഭൂമിയുടെ എഡിറ്റര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ വീര പുരുഷനായ സാക്ഷാല്‍ കെ.ജയചന്ദ്രന്‍ എന്ന ജയേട്ടന്‍. പിന്നീട് ഏഷ്യാനെറ്റിനെ ജന പ്രിയമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ജയേട്ടന്‍ അകാലത്തില്‍ പൊലിഞ്ഞു പോയ പ്രതിഭയാണ്. ജയേട്ടന്‍ ആവശ്യപ്പെടുന്നു, ഊട്ടിയില്‍ പോയി ഷീലയെ കാണു. നല്ലൊരു ഐറ്റമാകും. അതോടെ ത്രില്ലടിച്ചു പോയി. ഷീലയെ കാണാന്‍ ഒരു യാത്ര. വര്‍ഷങ്ങളായി സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നിന്ന് അകന്ന് ജീവിക്കുകയാണ് ഷീല. അവര്‍ക്ക് ഉൂട്ടിയില്‍ ഒരു വീടുണ്ട്. അവിടെ എത്തി കറുത്തമ്മയെ കണ്‍ നിറയെ കാണുന്നതോര്‍ത്തപ്പോള്‍ തന്നെ ഇന്നിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ലഡു ഒന്നു രണ്ടെണ്ണം മനസില്‍ പൊട്ടി. മലയാളത്തിന്റെ മഹാ നടിയെ കാണാനുള്ള മോഹവുമായി അതി രാവിലെ കോഴിക്കോട് നിന്ന് ഉൂട്ടിയിലേക്ക്. ഇടക്ക് ബസ് ബ്രെയിക് ഡൗണായി. കെ.എസ്.ആര്‍.ടി സി ബസാണ്. ഏറെ വൈകിയാണ് ഉൂട്ടിയിലെത്തിയത്. അപ്പോള്‍ ഉൂട്ടി മഴയില്‍ കുതിര്‍ന്ന് തണുത്ത് വിറക്കുകയാണ്.  മഴ നനഞ്ഞും അല്ലാതെയും ഒരു വിധം ഷീല താമസിക്കുന്ന വീടിനു മുന്നിലെത്തി. നിരാശപ്പെടുത്തി കൊണ്ട് ഗെയിറ്റില്‍ ചങ്ങല. അന്നു രാവിലെ അവര്‍ മദ്രാസിലേക്ക് പോയെന്ന് അയല്‍പക്കത്തെ സ്ത്രീയുടെ തമിഴ് മൊഴി. മനസിലെ വെളിച്ചം കെട്ടു പോയി. ഇനി എന്തു ചെയ്യും ? വര്‍ഷങ്ങളായി മലയാളി പ്രേക്ഷകര്‍ ഷീലയെ തേടുകയായിരുന്നു അപ്പോള്‍. അവരുമായി ഒരു എക്സ്‌ക്ലൂസിവ് അഭിമുഖത്തിന്റെ വില വളരെ വലുതായിരുന്നു. പക്ഷെ നടക്കാതെ പോയി. അന്ന് മഴയില്‍ കുതിര്‍ന്ന ഉൂട്ടിയുടെ കുറെ നല്ല ചിത്രങ്ങളെടുത്തു ഹാഷിം. പിന്നീട് മഴയില്‍ നനഞ്ഞ ഉൂട്ടിയെന്ന പേരില്‍ മാതൃഭൂമി വാരാന്തപതിപ്പില്‍ ഫീച്ചറെഴുതി. ഷീലയെ കാണാന്‍ പോയ്ി നിരാശനായ കഥയും അതില്‍ എഴുതിയിരുന്നു. പിന്നീട് ഇന്നു വരെ അവരെ നേരില്‍ കണ്ടിട്ടില്ല. കറുത്തമ്മയെ കണ്ടില്ലെഹ്കിലും പരീക്കുട്ടിയെ കണ്ടിട്ടുണ്ട്. മധുവുമായി ചെലവൂര്‍ വേണുവിന്റെ രൂപകലക്കു വേണ്ടി അഭിമുഖവും നടത്തിയിട്ടുണ്ട്. ആയിടക്കു തന്നെയാണ് മലയാളിക്ക് ിന്നും പ്രിയംങ്കരനായ പ്രേംനസീറുമായി സംസാരിച്ചതും. രണ്ടും മറക്കാനാവാത്ത സംഭാഷണങ്ങള്‍. 

1962 ല്‍ ഭാഗ്യജാതകത്തിലൂടെയാണ് ഷീല മലയാള സിനിമയില്‍ അരങ്ങേറിയത്. പി.ഭാസ്‌കരനായിരുന്നു സംവിധായകന്‍. തുടര്‍ന്നങ്ങോട്ട് ഷീലയുടെ ജൈത്ര യാത്രയായിരുന്നു. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി ഷീല. ഏതു കാര്യത്തെ കുറിച്ചും വ്യക്തമായ നിലപാടുണ്ട് ഷീലക്ക്. പറയാനുള്ളത് ഏതു വേദിയിലും പറയും. സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കല്ലെറിയാന്‍ പൊതു സമൂഹത്തെ അനുവദിക്കണമെന്ന് ഷീല ആവശ്യപ്പെട്ടത് ഈ അടുത്ത കാലത്താണ്. തന്റെ കഴിവുകളില്‍ പൂര്‍ണ വിശ്വാസമുള്ള നടി. ഇക്കഴിഞ്ഞ ഇരുപത്തിരണ്ടാം തിയതി ഷീലയുടെ 76 ാം പിറന്നാളായിരുന്നു. 1945 ല്‍ തൃശൂരിലെ കണിമംഗലത്തു ജനനം. റെയില്‍വെ ഓഫീസറായിരുന്ന ആന്റണി പിതാവ്. മാതാവ് ഗ്രേസി. ക്ലാരയെന്ന് യഥാര്‍ഥ പേര്. പിതാവ് റെയില്‍വെ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ സ്ഥലം മാറ്റത്തോടൊപ്പം ഉൂട്ടിയും കോയമ്പത്തൂരും തൃശൂരും ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ പഠനം.

നിരവധി വര്‍ഷങ്ങളാണ് ഷീല സിനിമയുടെ സജീവതയില്‍ നിന്ന് മാറി നിന്നത്. നീണ്ട ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെയില്‍ പ്രധാന വേഷത്തില്‍ എത്തിയപ്പോള്‍ അത്രയും കാലം മാറി നിന്ന ഷീലയെ മലയാളി വീണ്ടും മനസു കൊണ്ട് വരവേറ്റു.ഒരു അകല്‍ചയും പ്രേക്ഷകര്‍ക്ക് തോന്നിയില്ല. അതി മനോഹരമായി അവര്‍ അതില്‍ അഭിനയിക്കുകയും ചെയ്തു. സിനിമയില്‍ നിന്ന് മാറി നിന്ന വര്‍ഷങ്ങളാണ് താന്‍ യഥാര്‍ഥത്തില്‍ ജീവിച്ചതെന്ന് ഷീല സത്യന്‍ അന്തിക്കാടിനോട് പറഞ്ഞിട്ടുണ്ട്.  ഞാന്‍ ഞാനായി ജീവിച്ചുവെന്നാണ് പറഞ്ഞത്. അക്കാലത്ത് അവര്‍ ചിത്രങ്ങള്‍ വരച്ചു. കഥകളെഴുതി. പാട്ടുകള്‍ കേട്ടു. മദ്രാസിലും ഉൂട്ടിയിലുമായി മാറി മാറി താമസിച്ചു. ലോക സഞ്ചാരം നടത്തി. ഇഷ്ടപ്പെട്ട നാടുകള്‍ കണ്ടു. വീണ്ടും സിനിമയില്‍ സജീവമായപ്പോള്‍ ഒരു പുതുമുഖ നടിയുടെ കൗതുകത്തോടെ ക്യാമറക്ക് മുന്നില്‍ നിന്നു. മനസിനക്കരെയിലെ സെറ്റിലെ വിശേഷങ്ങള്‍ സത്യന്‍ അന്തിക്കാട് തന്നെ പങ്കു വെച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാടുമായുള്ള സൗഹൃദ സംഭാഷണത്തില്‍ ഷീല ബഹദൂറിന്റെ ഒരു വാചകം പറയുന്നുണ്ട്. അത് ഇതാണ്, സിനിമക്ക് അകത്തേക്കുള്ള വാതിലെയുള്ളു, പുറത്തേക്ക് വഴിയില്ല.  ബഹദൂര്‍ക്ക ഇതു പോലെ ദാര്‍ശനികമായ നിരവധി വാചകങ്ങള്‍ പറഞ്ഞു വെച്ചാണ് കടന്നു പോയത്. 1983 ലാണ് പൊടുന്നനെ ഷീല അഭിനയം നിര്‍ത്തിയത്. പ്രേംനസീറിനോടൊപ്പം മാത്രം 130 ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. ഇത് ലോക റെക്കോഡാണ്. ഇന്ത്യയിലെ വിവിധ ഭാഷകളിലായി 470 ഓളം ചിത്രങ്ങളില്‍ അഭിനയം. യക്ഷഗാനം ശിഖരങ്ങള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പല സിനിമകള്‍ക്കു വേണ്ടിയും കഥയെഴുതി. പതിമൂന്നാം വയസില്‍ എസ്.എസ്.രാജേന്ദ്രനാണ് ഷീലയെ അഭിനയ രംഗത്തേക്ക് കൊണ്ടു വന്നത്. 1962 ല്‍ എം.ജി.ആറിനോടാപ്പം പാശം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ വയസ് പതിനേഴ്. ആ വര്‍ഷം തന്നെ മലയാള സിനിമയിലെത്തി. ക്ലാരയും ഷീലാ ദേവിയും കുടഞ്ഞെറിഞ്ഞ് ഷീലയില്‍ വ്യക്തിത്വം പടുത്തയര്‍ത്തി. മലയാള സിനിമ അടക്കി വാണ ഷീലയാണ് ആദ്യത്തെ നമ്മുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍. നടന്‍മാരോടൊപ്പം തന്നെയോ അതിനടുത്തോ പ്രതിഫലം വാങ്ങിയിരുന്നു. 

കറുത്തമ്മയെയും കള്ളിചെല്ലമ്മയെയും കണ്ട് ഷീലയോട് ആരാധന തോന്നിയിരുന്ന സത്യന്‍ അന്തിക്കാട് കൃത്യമായ ഒരു അവസരം വന്നപ്പോള്‍ ഷീലയെ മലയാളിക്ക് തിരിച്ചു നല്‍കി. അത് അദ്ദേഹത്തിന്റെ നിയോഗമായിരുന്നു. നസീര്‍ ഷീല, സത്യന്‍ ഷീല, മധു ഷീല ചിത്രങ്ങളുടെ ഒരു കാലത്തിലൂടെ കടന്നു പോയവരാണ് അറുപതുകളിലെയും എഴുപതുകളിലെയും തലമുറ. അതില്‍ അധികവും നസീര്‍ ഷീല ചിത്രങ്ങള്‍. അന്നത്തെ ഭാഗ്യ ജോഡികള്‍. ഷീലയുടെ നടത്തവും സംഭാഷണ ശൈലിയും വസ്ത്രധാരണ രീതികളും അനുകരിച്ച കോളേജ് വിദ്യാര്‍ഥിനികളെ അക്കാലത്ത് കേരളം കണ്ടു. ഷീല വെറും ഗ്ലാമര്‍ താരം മാത്രമായിരുന്നില്ല. അഭിനയിക്കാന്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ കിട്ടിയപ്പോഴൊക്കെ അവര്‍ പ്രതിഭ തെളിയിച്ചു. അഭിനയ മികവിന് മൂന്ന് തവണ സംസ്ഥാന പുരസ്‌കാരം നേടി. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ പുരസ്‌കാരം നേടിയ നടിയാണ് ഷീല. 1969 ല്‍ കള്ളിചെല്ലമ്മയിലൂടെയും 1971 ല്‍ ശരശയ്യ, ഒരു പെണ്ണിന്റെ കഥ, ഉമ്മാച്ചു എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയും പിന്നീട് 1976 ല്‍ അനുഭവം എന്ന ചിത്രത്തിലൂടെയും മൂന്നു തവണ സംസ്ഥാന പുരസ്‌കാരം. മലയാള സിനിമയിലെ പരമോന്നത പുരസ്‌കാരമായ ജെ.സി ഡാനിയല്‍ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ നടിയാണ് ഷീല. ആറമ്മുള പൊന്നമ്മയാണ് ഷീലക്ക് മുമ്പ് ഈ പുരസ്‌കാരം നേടിയ നടി. അകലെ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശിയ പുരസ്‌കാരവും ഷീലക്ക് ലഭിച്ചിട്ടുണ്ട്. 

 ഒരു പെണ്ണിന്റെ കഥയിലും കടല്‍പാലത്തിലും അശ്വമേധത്തിലും  വാഴ്വെമായത്തിലും കള്ളി ചെല്ലമ്മയിലും ശരശയ്യയിലും ഉമ്മാച്ചുവിലും ചെമ്മീനിലുമൊക്കെ മലയാളി ഷീലയുടെ നടന വൈഭവം കണ്ടറിഞ്ഞു. കണ്ണുകളുടെ ചലനങ്ങള്‍ കൊണ്ട് മാത്രം അഭിനയ മൂഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച നടിയാണ് ഷീല . ഒരു പെണ്ണിന്റെ കഥ  മലയാളത്തിലെ ആദ്യത്തെ നായികാ പ്രാധാന്യമുള്ള സിനിമയെന്ന് പോലും വിശേഷിപ്പിക്കാവുന്ന ചിത്രമായിരുന്നു. സത്യന്‍ തിളങ്ങി നില്‍ക്കുന്ന കാലത്ത് ഷീല സത്യനെ പിന്‍ സീറ്റിലിരുത്തി മുന്‍ സീറ്റിലിരുന്ന് ഒരു പെണ്ണിന്റെ കഥയെ നയിച്ചു. കള്ളി ചെല്ലമ്മയിലെ നായികയെ മറക്കാനാവില്ല. കള്ളി ചെല്ലമ്മ ഒരു സത്രീ പക്ഷ സിനിമയായിരുന്നു. തകരാതെ തളരാതെ പൊരുതുന്ന പെണ്ണായി ചെല്ലമ്മ നിറഞ്ഞാടിയ സിനിമ. അനുഭവങ്ങള്‍ പാളിച്ചകളിലെത്തുമ്പോള്‍ ഷീലയുടെ അഭിനയത്തിന്റെ ഗ്രാഫ് എത്രമാത്രം മേലോട്ടുയര്‍ന്നെന്ന് കാണാം. വടക്കന്‍ പാട്ടുകള്‍ സിനിമയായപ്പോള്‍ നസീറിനോടൊപ്പം ഷീലയും കടത്തനാടന്‍ കളരിയുടെ ഭാഗമായി. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യമുണ്ടായ നടിയാണ് ഷീല. മരം ചുറ്റി പാട്ടു പാടുന്ന നായകന്റെ നിഴലായി നടന്നിരുന്ന നായിക മാത്രമായിരുന്നില്ല ഷീല. അവര്‍ നല്ല നടിയായിരുന്നു. ഒരേ സമയം വാണിജ്യ സിനിമയുടെയും നല്ല കരുത്തുള്ള കഥ പറഞ്ഞ സിനിമയുടെയും ഭാഗമായ നടി.  ഋതുദേവതയായി നൃത്തം വെച്ചും, മുനി കന്യകയായി പൂജിച്ചും, ഹിമഗിരി പുത്രിയായി തപസിരുന്നും ഷീല ഇപ്പോഴും കാത്തിരിക്കുന്നു. ഇനിയും മികച്ച കഥാപാത്രങ്ങള്‍ വരുമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. അതെ, എവിടെയോ ഇരുന്ന് ഒരു എഴുത്തുകാരനും സംവിധായകനും ഷീലക്കായി ഒരു പ്രോജ്വല കഥാപാത്രത്തെ ഒരുക്കുന്നുണ്ട്. അത് ഒരു പക്ഷെ അന്താരാഷ്ട്ര പരിപ്രേക്ഷ്യത്തില്‍ പറയുന്ന ഒരു കഥയായിരിക്കാം.