അപ്രതീക്ഷിത നിമിഷങ്ങളില്‍ മരുഭൂമിയില്‍ നിന്ന് ശക്തമായ മരുക്കാറ്റ് വീശിയെത്തുന്ന മാസങ്ങളിലാണ് ഞാന്‍ ഏറ്റവും അധികം ദിവസങ്ങള്‍ ജിസാനില്‍ തങ്ങിയിട്ടുള്ളത്. സൗദി യെമന്‍ അതിര്‍ത്തിയിലേക്ക് ജിസാനില്‍ നിന്ന് അധികം ദൂരമില്ല. അതുകൊണ്ട് തന്നെ ജിസാനില്‍ അഭയാര്‍ഥികളുണ്ട്. അഭയാര്‍ഥികള്‍ക്ക് മികച്ച താമസ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളാണെന്ന് തോന്നാത്ത വിധത്തില്‍ വലിയ അപ്പാര്‍ട്ട്മെന്റുകളിലാണ് ജിസാനില്‍ യെമന്‍, സിറിയന്‍, ഫലസ്തീന്‍ അഭയാര്‍ഥികള്‍ താമസിക്കുന്നത്.
പുരുഷന്‍മാര്‍ പലരും ജോലി ചെയ്യുന്നുണ്ട്. സര്‍ക്കാരിന്റെ സഹായവുമുണ്ട്. പക്ഷെ അവരുടെ കണ്ണുകളില്‍ വിഷാദമുണ്ട്. മനസില്‍ ഒരു സങ്കട പുഴയുണ്ട്. ഈ പുഴയാകട്ടെ ഒഴുകി പോകേണ്ടത് പ്രതിസന്ധികളുടെ കടലിലേക്കാണെന്ന തിരിച്ചറിവുമുണ്ട്. ആത്യന്തികമായി മനുഷ്യനാവുകയെന്ന കര്‍മ പരിപ്രേക്ഷ്യമത്രയും വിനാശങ്ങളുടെ കൊടുങ്കാറ്റില്‍ തകര്‍ന്നു പോയതിനു നേര്‍സാക്ഷികളാണ് അവര്‍. കണ്‍മുന്നില്‍ കത്തിയമര്‍ന്നു പോയ സമ്പാദ്യങ്ങള്‍. വീടും തോട്ടങ്ങളും. അലിപ്പോയിലെ പൈന്‍മരങ്ങളില്‍ ചോരപാടുകള്‍ തെറിച്ച ദിന രാത്രങ്ങള്‍. യെമനിലെ ഗ്രാമ പാതകളിലൂടെ ഇരമ്പിയെത്തിയ ടാങ്കുകള്‍. ഗസയില്‍ വേട്ടയാടപ്പെട്ടവര്‍. അനാഥ ബാല്യങ്ങളുടെയും വിധവകളുടെയും വിലാപങ്ങള്‍. എല്ലാം കണ്‍മുന്നിലുണ്ട്. ഉറക്കം ഞെട്ടുന്ന രാത്രികളില്‍ കാതിലിരമ്പുന്നത് യുദ്ധ വിമാനങ്ങളുടെ നിലക്കാത്ത ശബ്ദം.
കോഫി ഷോപ്പില്‍ അന്നത്തെ വൈകുന്നേരം എന്റെ മുന്നിലിരിക്കുന്ന വൃദ്ധനായ മുഹമ്മദ് അഹമ്മദ് എന്ന സിറിയക്കാരന്‍ ചോദിക്കുന്നു, അഹൂയ ( ബ്രദര്‍) ഏറ്റവും നിസഹായനാണെന്ന നിങ്ങള്‍ക്ക് തോന്നിയ നിമിഷങ്ങള്‍ ഏതാണ് ? പെട്ടെന്ന് ഉത്തരം നല്‍കാനായില്ലെങ്കിലും എന്നെ പിന്തുടരുന്ന രോഗം തിരിച്ചറിഞ്ഞ ദിവസമാണ് ഞാനോര്‍ത്തത്. രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് കുറയുകയും കൂടുകയും ചെയ്യുന്ന രക്ത സംബന്ധമായ അസുഖത്തെ കുറിച്ച് ഞാനാദ്യമായി തിരിച്ചറിഞ്ഞിട്ട് പതിറ്റാണ്ടിലധികമായി. അന്ന് എന്റെ പ്രിയപ്പെട്ട ഉമ്മ ജീവിച്ചിരുന്നു. അവരെന്നെ കരുതലോടെ ചേര്‍ത്തു പിടിച്ചു. അന്ന് അന്‍പത് വയസുണ്ടായിരുന്ന ഞാന്‍ പെട്ടെന്ന് അഞ്ചു വയസുകാരനായി.
ചുറ്റുപാടും എന്റെ രണ്ട് സഹോദരന്‍മാര്‍ ഉള്‍പ്പടെ കുറെ ഡോക്ടര്‍മാരുണ്ടായിരുന്നു. പെരിന്തല്‍മണ്ണയില്‍ സഹോദരന്‍ ഡോ.കുഞ്ഞിമൊയ്തീന്റെ വീട്ടില്‍ നിന്ന് അന്നു രാത്രി തന്നെ ഞാനും ഉമ്മയും കൊടുങ്ങല്ലൂരിലെ തറവാട്ടു വീട്ടിലേക്ക് പുറപ്പെട്ടു. രാത്രി വൈകിയെത്തിയെത്തിയ ഞങ്ങളെ കാത്ത് രാജുവും രാജുവിന്റെ ഭാര്യ തത്തയും അവിടെ ഉണ്ടായിരുന്നു. ഭക്ഷണമൊക്കെ അവര്‍ തയാറാക്കിയിരുന്നു. പിന്നീട് ഏറ്റവും പുതിയ റിസല്‍റ്റ് വരുന്നതു വരെയുള്ള ഏഴു ദിവസം ഞാനും ഉമ്മയും മാത്രം. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തൃശൂര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റലില്‍ നിന്ന് മൂത്ത മകനെ കൊണ്ടു വന്നു. ഫുട്ബോള്‍ കളിക്കിടെ അവന്റെ കാലു പൊട്ടി നീരു വന്നിരുന്നു. എങ്കിലും മുറിയില്‍ ഞങ്ങള്‍ തമാശ പറഞ്ഞും കളിച്ചും കടംങ്കഥകള്‍ക്ക് ഉത്തരം കണ്ടെത്തിയും സമയം കളഞ്ഞു. വീട്ടില്‍ ഉമ്മയുടെ സില്‍ബന്ദികളായ തത്തയും പ്രഭാവതിയും സംഘവും ഉണ്ടായിരുന്നു. ഒരുപക്ഷെ കുട്ടിക്കാലത്തിനു ശേഷം ഞാന്‍ എന്റെ ഉമ്മയുടെ മടിയില്‍ ഏറ്റവും അധികം സമയം കിടന്നത് ആ അന്‍പതാം വയസിലായിരിക്കണം. ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ സമയാസമയം. പക്ഷെ രുചി തോന്നുന്നുണ്ടായിരുന്നില്ല. നെഞ്ചില്‍ പിടച്ചിലായിരുന്നു. റിയാദില്‍ ഭാര്യയും രണ്ടാമത്തെ മകനും തനിച്ചാണ്.
ഒരാഴ്ചയിലെ ലീവെടുത്താണ് പോന്നത്. ഇപ്പോള്‍ പതിനാറു ദിവസമാകുന്നു. ജോലി ചെയ്തിരുന്ന പത്രം ഔദാര്യപൂര്‍വം അവധി നീട്ടി തന്നു കൊണ്ടിരുന്നു. അന്നത്തെ ന്യൂസ് എഡിറ്റര്‍ സി.കെ.ഹസന്‍കോയയും നാട്ടില്‍ ഹൃസ്വകാല അവധിയില്‍ ഉണ്ടായിരുന്നു. ദിവസവും ഹസന്‍കോയ വിളിക്കും. റിയാദിലെയും ജിദ്ദയിലെയും സുഹൃത്തുക്കള്‍ വിളിക്കും. നെഞ്ചിലെ പിടച്ചിലുകള്‍ക്ക് പക്ഷെ ശമനമുണ്ടായില്ല. പക്ഷെ അപ്പോഴും നിസഹായവസ്ഥ തോന്നിയിരുന്നില്ലെന്നതാണ് വാസ്തവം. കാരണം ചുറ്റുപാടും കരുതലിന്റെ കരുത്തുണ്ടായിരുന്നു. സ്നേഹാതുരമായ പരിചരണമുണ്ടായിരുന്നു. റിസല്‍റ്റിനായുള്ള കാത്തിരിപ്പിനിടയിലെ വിനാഴികളായിരുന്നു പ്രശ്നം. എന്തായാലും മുഹമ്മദ് അഹമ്മിദിന്റെ ചോദ്യത്തിന് ആ ദിവസങ്ങള്‍ ഉത്തരമാകുന്നില്ല. റിയാദിലെ വീട്ടില്‍ വെച്ച് ഫുഡ്പോയിസിന്‍ കാരണം തളര്‍ന്നു പോയ ഒരു രാത്രിയിലും എനിക്ക് നിസഹായവസ്ഥ തോന്നിയില്ല. ഭാര്യയും രണ്ടാമത്തെ മകനും ഇടം വലം ഉണ്ടായിരുന്നു. പെട്ടെന്ന് അബോധത്തിന്റെ ഇരുട്ടിലേക്ക് കൂപ്പുകുത്തിയപ്പോള്‍ മുഖത്ത് സംസം വെള്ളം തെളിച്ച് നിരന്തരം പേരു വിളിച്ച് ജീവിതത്തിന്റെ ഉണര്‍ച്ചയിലേക്ക് കൂട്ടി കൊണ്ടു വന്നു അവര്‍. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ടോയ്ലറ്റില്‍ ഛര്‍ദിച്ച് വലഞ്ഞ് മുട്ടുകാലില്‍ ഇരുന്നപ്പോഴും അവര്‍ പിടിച്ചെഴുന്നേല്‍പിച്ച് കുളിപ്പിച്ച് വൃത്തിയാക്കി. പിന്നെ നല്ല ഉറക്കം. അപ്പോഴും കരുതലുണ്ടായിരുന്നു. അതുകൊണ്ട് ആ നിമിഷവും നിസാഹായത തോന്നിയ നിമിഷമല്ല. ഉത്തരം വീണ്ടും അകലുന്നു. ഏരെ ദൂരത്തു നിന്ന് മുഹമ്മദ് അഹമ്മദ് എന്റെ കണ്ണുകളിലേക്ക് നോക്കുന്നു.
ഈ അടുത്ത ദിവസം മക്കക്ക് സമീപം ജുഹറാനയില്‍ വെച്ച് ആകെ തളര്‍ന്നു പോയി. ഹിമോഗ്ലോബിന്‍ വല്ലാതെ താഴ്ന്നു പോയെന്ന തിരിച്ചറിവില്‍ കട്ടിലില്‍ മയങ്ങി കിടക്കുമ്പോഴും ചുറ്റിലും ആളുകളുണ്ടായിരുന്നു. മരുന്നും വൈറ്റമിനുകളും സ്നേഹം ചേര്‍ത്തു തന്നപ്പോള്‍ എനിക്ക് ചെറു ജീവന്‍ വെച്ചു. പിന്നെ ജിദ്ദയിലേക്ക് മടക്കം. ജിദ്ദയില്‍ എത്തുമ്പോള്‍ പരിക്ഷീണനായിരുന്നു. ഭൂമിയിലൂടെയാണ് നടക്കുന്നതെന്ന് തോന്നിയില്ല. കാലുകള്‍ ഉറക്കാത്തതു പോലെ . ഗോവണി കയറാനാകുന്നില്ല. കാലുകള്‍ക്ക് അകത്ത് ഞരമ്പുകളില്‍ വേദന ചുറ്റി പടരുന്നു. കൈകള്‍ തളരുന്നു. കിതപ്പില്‍ ശരീരം വളഞ്ഞു പോകുന്നു. അപ്പോഴും നിസഹായത തോന്നിയില്ല. കാരണം പ്രിയപ്പെട്ട റഫീഖ് ഭായി (ഷെയിഖ് റഫീഖ്) തൊട്ടടുത്തുണ്ടായിരുന്നു.
ഫജ്നാസും ഷബീറിന്റെ ഉപ്പ കബീറും ഇടംവലം ഉണ്ടായിരുന്നു. പക്ഷെ തളര്‍ച്ച. രോഗ കിടക്കയിലെ അര്‍ധ മയക്കങ്ങളില്‍ കാലിഡോസ്‌കോപ്പിലെ കാഴ്ചകള്‍ . ബോധാബോധങ്ങള്‍ക്കിടയിലെ ശ്ലഥ ചിത്രങ്ങള്‍. അതിനിടയില്‍ ടെസ്ററ് റിസല്‍റ്റ് വരുന്നു. അത് നാട്ടിലെ ഡോക്ടര്‍ക്ക് അയച്ചു കൊടുക്കുന്നു. ഡോക്ടര്‍മാരായ സഹോദരന്‍മാര്‍ക്കും വൈദ്യശാസ്ത്ര വിദ്യാര്‍ഥിയായ മകനും കോപ്പി വെക്കുന്നു. ആദ്യം അമ്പരന്നു പോകുന്ന അവര്‍ പിന്നെ സംയമനത്തോടെ കാര്യത്തിലേക്ക് വരുന്നു. അവിടെയും കരുതല്‍. മണിക്കൂര്‍ ഇടവെട്ട് നാട്ടില്‍ നിന്ന് ശബ്ദ സന്ദേശങ്ങള്‍. പഴയ കോളേജ് സഹപാഠികളും സുഹൃത്തുക്കളും ബന്ധുക്കളും എന്റെ രോഗാവസ്ഥയിലേക്ക് തുറന്നു വെച്ച വാട്സ്ആപ്പ്. സൈബര്‍ പാതയിലൂടെ തേടിയെത്തിയ പ്രാര്‍ഥനകള്‍. നിസഹായനാണെന്ന് തോന്നിയതേയില്ല. മറിച്ച് കൂടുതല്‍ ആളുകള്‍ കരുതലിന്റെ കരങ്ങള്‍ നീട്ടി അടുത്തുണ്ടെന്ന തോന്നലായിരുന്നു ബലപ്പെട്ടത്. തീരെ പരാജയപ്പെട്ടാല്‍ യാത്ര പോകേണ്ടത് തനിച്ചാണെങ്കിലും ഇപ്പോള്‍ ഒറ്റക്കല്ല. അപ്പോള്‍ ഇതും ഉത്തരമാകുന്നില്ല.
മുഹമ്മദ് അഹമ്മദ് എന്ന സിറിയക്കാരനെ ഈ അടുത്ത ദിവസം ഞാന്‍ വീണ്ടും ബന്ധപ്പെട്ടു. അദ്ദേഹം കൂടുതല്‍ അവശനായിരിക്കുന്നുവെന്ന് ശബ്ദത്തില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നു. അദ്ദേഹം ചോദിച്ചു ഇനി എന്നാണ് ജിസാനിലേക്ക്. ഉടനെ വരേണ്ടതുണ്ട്. ആരോഗ്യ സ്ഥിതി അനുവദിക്കാത്തു കൊണ്ടാണ് വരാത്തത്. അവിടെ കുറെ ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. റോയല്‍ കമ്മീഷനിലും അറാംകോയിലുമായി ചുറ്റി പിണഞ്ഞു കിടക്കുന്ന ജോലികള്‍. ബെയിഷിലെ ഇക്കണോമിക് സിറ്റിക്ക് അകത്തുള്ള കമ്പനിയുടെ മെഗാ മാര്‍ട്ടിന് ഉൂര്‍ജം പകരണം. സുഹൃത്തുക്കളായ താഹയെയും ഡോ.മുബാറക് സാനിയെയും ദേവനെയുമൊക്കെ കാണണം. ജിസാനിലെത്തുമ്പോഴെല്ലാം എന്റെ സാരഥിയാകാറുള്ള യുവാവിനെ കാണണം. ഇത്തവണ വാഹനത്തില്‍ വരാനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ കുറെ കാര്യങ്ങള്‍ പറഞ്ഞു. മുഹമ്മദ് അഹമ്മദ് ചിരിച്ചു കൊണ്ട് സ്വാഗതം പറഞ്ഞു. പിന്നെ ചോദിച്ചു, നിസഹായതയെ കുറിച്ചുള്ള ചോദ്യത്തിന് വരുമ്പോള്‍ ഉത്തരം തരണം.
ചോദ്യത്തിന് കൃത്യമായ ഉത്തരം ഇപ്പോഴും കിട്ടിയിട്ടില്ലെന്നും അത് ഒരു കടംങ്കഥ പോലെ എന്നെ വലയം ചെയ്തു നില്‍ക്കുകയാണെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു. താങ്കള്‍ക്ക് അതിന് ഉത്തരം തരാന്‍ സാധിക്കില്ല. കാരണം താങ്കള്‍ക്ക് കുടുംബമുണ്ട്. സുഹൃത്തുക്കളുണ്ട്. ബന്ധുക്കളുണ്ട്. കരുതലും സാന്ത്വനവുമുണ്ട്. എന്നെ പോലെയാകണം. കണ്‍മുന്നില്‍ നിന്ന് ക്ലസ്റ്റര്‍ ബോംബ് തുടച്ചു നീക്കിയ കുടുംബം. ബന്ധുക്കള്‍. സമ്പാദ്യം. അന്‍പത്തിയാറ് ദശ ലക്ഷം സിറിയന്‍ അഭയാര്‍ഥികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പുകളിലാണ്. അഭയാര്‍ഥിയായ മുദ്ര കുത്തപ്പെടുന്നവന്റെ വേദനയുണ്ടല്ലൊ അത് അനുഭവിച്ചറിയണം. അതാണ് നിസഹായവസ്ഥ. അല്ലാതെ ഒരു രോഗം വരുമ്പോഴേക്കും തകര്‍ന്നു പോകുന്ന അവസ്ഥയല്ല . താങ്കള്‍ കൂടുതല്‍ പഠിക്കണം. നിരന്തരമായി പ്രാര്‍ഥിക്കണം. ഒറ്റപ്പെട്ട അവസ്ഥ താങ്കള്‍ക്കില്ല. ഞങ്ങള്‍ അഭയാര്‍ഥികള്‍ ഏത് ആള്‍കൂട്ടത്തിലും ഒറ്റപ്പെട്ടവരാണ്. ഒറ്റപ്പെടുന്നവന്റെ നെഞ്ചിലെ പിടച്ചിലാണ് നിസഹായാവസ്ഥ. ഞാന്‍ പറഞ്ഞു, വരുമ്പോള്‍ നേരിട്ടു കാണാം. അദ്ദേഹം മറുപടി പറഞ്ഞു, ജീവിച്ചിരിപ്പുണ്ടെങ്കില്‍ കാണാം. ഇന്‍ശാ അള്ളാ.