വിശുദ്ധ മക്കയില്‍ നിന്ന് അധികം ദൂരത്തല്ല ഷരായ എന്ന സ്ഥലം. വലിയ നഗരമല്ല. ചെറു നഗരം. നല്ല ഭക്ഷണ ശാലകള്‍. അധികം ദൂരത്തല്ലാതെ മികച്ച അറബിക് സ്‌കൂളുകള്‍. ഒരു ഇന്ത്യന്‍ സ്‌കൂള്‍. നിരവധി കഫ്റ്റീരിയകള്‍. തായിഫ് മക്കാ ഹൈവെയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ഷരായ. ഹജ്ജിന്റെ ദിനങ്ങളില്‍ മൃഗ ബലി നടക്കുന്നത് ഇതിനടുത്ത പ്രദേശത്താണ്. ഔദ്യോഗിക അറവു ശാലകള്‍ നിര നിരയായി  സ്ഥിതി ചെയ്യുന്നു. ഹിജ്മ ചടങ്ങ് നടക്കുന്ന ദിവസങ്ങളില്‍ ഈ പ്രദേശത്ത് വന്‍ തിരക്കാണ് അനുഭവപ്പെടുക.

 അടുത്ത കാലത്താണ് ഷരായയെ കുറിച്ച് കേള്‍ക്കുന്നതും അവിടെ പോകുന്നതും. ജോലി ചെയ്യുന്ന കമ്പനിയുടെ കീഴില്‍ ഷരായയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അപ്പുറത്ത് ജുഹറാന എന്ന സ്ഥലത്ത് ഒരു ഹോളോ ബ്രിക്‌സ് ഫാക്ടറിയുണ്ട്. ഫാക്ടറിക്ക് വേണ്ടി  കാറ്റര്‍ പില്ലറിന്റെ ഒരു ഷവല്‍ വാങ്ങാന്‍ കഴിഞ്ഞ ദിവസം ഷരായയില്‍ പോയിരുന്നു. അല്‍പം പഴയ ഷവലാണ്. ജെ.സി.ബി യെ പോലെ ഡ്രില്ലിംഗ് സംവിധാനം ഇല്ലെങ്കിലും ഷവല്‍ ഒരു വിധം കൂറ്റന്‍ യന്ത്രമാണ്. മണ്ണ് മാന്തി യന്ത്രം. ഈ യന്ത്രം ഷരായയിലെ ഒരു ഒഴിഞ്ഞ മൈതാനത്ത് നിര്‍ത്തിയിട്ടിട്ട് മാസങ്ങളായിരുന്നതു കൊണ്ട് ഒരു ഡ്രൈവറോടൊപ്പമാണ് പോയത്. 

ഫാക്ടറിയിലെ സൂപ്പര്‍വൈസര്‍ അംജദ് ഭായിയാണ് ഡ്രൈവറെ കൊണ്ടു വന്നത്. ലുങ്കിയുടുത്ത ഡ്രൈവര്‍. അരയില്‍ പച്ച ബെല്‍റ്റ്. ഒറ്റ നോട്ടത്തില്‍ മലപ്പുറത്തെ പഴയ തലമുറയില്‍ പെട്ട ഒരാളാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് തോന്നും. ആള്‍ യെമന്‍ പൗരനാണ്. പേര് മുഹമ്മദ് ആരിഫ്.  ഇയാള്‍ ഷവല്‍ ഡ്രൈവര്‍ തന്നെയാണൊ എന്ന് അംജദിനോട് ചോദിച്ചു. കക്ഷി മണ്ണ് മാന്തി യന്ത്രത്തിനു ചുറ്റും അഞ്ചാറു പ്രാവശ്യം നടന്നതല്ലാതെ അത് സ്റ്റാര്‍ട്ടാക്കാനുള്ള ശ്രമമൊന്നും നടത്താത്തതു കൊണ്ടാണ്‌ സംശയം തോന്നിയത്. സമയം സന്ധ്യയാകുന്നു. അറേബ്യയില്‍ ഇപ്പോള്‍ പകലിനു ദൈര്‍ഘ്യം കുറവാണ്. ആറു മണിക്ക് മുമ്പെ ഇരുട്ടാകും. സമയം ഇപ്പോള്‍ തന്നെ അഞ്ചര കഴിഞ്ഞിരിക്കുന്നു. വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പുവിന്റെ സുലൈമാനെ പോലെ ഇപ്പം ശരിയാക്കി തരാമെന്ന് പറഞ്ഞ് നമ്മുടെ യെമനി യന്ത്രത്തിന് വലം വെക്കുന്നതല്ലാതെ ഡ്രൈവിംഗ് സീറ്റില്‍ കയറുന്നുമില്ല സ്റ്റാര്‍ട്ടാക്കുന്നുമില്ല. മണ്ണ് മാന്തി യന്ത്രത്തിന് വലിയ കുഴപ്പമില്ലെന്നും എടുക്കാമെന്നും ഇടക്കിടെ പറയുന്നുണ്ട്. ടയറും യന്ത്ര ഭാഗങ്ങളും മണപ്പിച്ച് നോക്കുന്നുമുണ്ട്.  

ഇരുട്ടാകുന്നു അംജദ് ഭായി, കക്ഷിയോട് ഒന്ന് സ്റ്റാര്‍ട്ട് ചെയ്യാന്‍ പറയു. അംജദിന് അറബി നല്ല പിടിയില്ല. കടു കട്ടി പ്രാകൃത ഉറുദു മാത്രമെ അറിയു. എന്നാലും അറിയാവുന്ന അറബിയില്‍ അംജദ് യന്ത്രം സ്റ്റാര്‍ട്ടാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യെമനി കേട്ട ഭാവമില്ല. ഒടുവില്‍ അല്‍പം ശബ്ദമുയര്‍ത്തി ഞാന്‍ തന്നെ പറഞ്ഞു, ഹബീബ് സൂറ ( പ്രിയപ്പെട്ടവനെ പെട്ടെന്ന്) യെമനി ചിരിച്ചു. പിന്നെ പറഞ്ഞു, ശോയ സബൂര്‍ ( കുറച്ച് ക്ഷമിക്കു) ഇടക്കിടെ അയാള്‍ അതു തന്നെ ആവര്‍ത്തിച്ചു. പള്ളി മിനാരങ്ങളില്‍ നിന്ന് മഗ്‌രിബ് ബാങ്ക് മുഴങ്ങിയതും യെമനി യന്ത്രത്തില്‍ ചാടി കയറി ഡ്രൈവര്‍ സീറ്റിലിരുന്നു. പിന്നെ പതുക്കെ സ്റ്റാര്‍ട് കീ തിരിച്ചു. അദ്ഭുതം ആദ്യത്തെ ശ്രമത്തില്‍ തന്നെ  യന്ത്രം മുരണ്ടു. പെട്ടെന്ന് നില്‍ക്കുകയും ചെയ്തു. സംഗതി പിശകാണെന്ന് തോന്നി. യെമനി നിശബ്ദനായി സീറ്റില്‍ തന്നെ ഇരിക്കുകയാണ്. ബാങ്ക് വിളി കഴിഞ്ഞതും പിന്നെയും സ്റ്റാര്‍ട്ടാക്കി. വീണ്ടും യന്ത്രം സ്റ്റാര്‍ട്ടായി. നിന്നു. ഇതങ്ങനെ തുടര്‍ന്നപ്പോള്‍, ഞാന്‍ അയാളെ രൂക്ഷമായി നോക്കി. യെമനി പറഞ്ഞു, ശോയ സബൂര്‍. വീണ്ടും ക്ഷമയോടെ കാത്തു നിന്നു. പിന്നെ തൊട്ടുത്ത മസ്ജിദിലേക്ക് കൂട്ടത്തോടെ നമസ്‌കാരത്തിനു കയറി. മസ്ജിദിലേക്ക് കയറുമ്പോള്‍ യെമനിയോട് ചോദിച്ചു, വല്ലതും നടക്കുമൊ ? ശോയ സബൂര്‍. 

നമസ്‌കാരം കഴിഞ്ഞ് വന്ന ഉടനെ യെമനി യന്ത്രത്തിന്റെ പല ഭാഗങ്ങങ്ങളിലും ആഞ്ഞ് തട്ടി. പിന്നെ ഡീസല്‍ നോക്കി. ഒരു തുള്ളിയെ ടാങ്കിലുള്ളു.  ശോയ സബൂര്‍. ആരൊ ഡീസല്‍ കൊണ്ടു വന്നു. വീണ്ടും സ്റ്റാര്‍ട്ടാക്കല്‍ . അങ്ങനെ മൂന്ന് നാലു തവണ കഴിഞ്ഞപ്പോള്‍ യന്ത്രം ഉഷാറായി. യെമനി നന്നായി ചിരിച്ചു. ഇത്രയെ ഉള്ളു. സംഗതി സിമ്പിള്‍. മണ്ണ് മാന്തുന്ന ഷവലിന്റെ ഭാഗം ഉയര്‍ത്തിയും താഴ്ത്തിയും യന്ത്രവുമായി യെമനി മൈതാനത്ത് വട്ടം കറങ്ങി. പിന്നെ യന്ത്രം നിര്‍ത്തി പറഞ്ഞു, എടുക്കാം. ധൈര്യമായിട്ട് എടുക്കാം. തവക്കല്‍ത്തു അലള്ളാ. 

ആരിഫ് യെമനിയെ അരുകില്‍ വിളിച്ച് അറിയാവുന്ന അറബിയില്‍ ഒരു വിധം ഭംഗിയായി തന്നെ ഞാന്‍ വെള്ളാനകളുടെ നാട്ടിലെ കുതിര വട്ടം പപ്പുവിന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞു. യു ട്യൂബില്‍ ആ ഭാഗം കാണിച്ചു. മെയ്തീനെ എന്ന വിളി ആരിഫും കേട്ടു. ആരിഫ് യെമനി ഉറക്കെ ചിരിച്ചു. പിന്നെ പറഞ്ഞു, ഒക്കെ ഒരു ധൈര്യം. ഞാന്‍ തോട്ടം പണിക്കാരനായിരുന്നു യെമനില്‍. ഇവിടെ വന്ന ശേഷം ഇതു പോലെയല്ല ഇതിനേക്കാള്‍ വലിയ ഒരു മണ്ണ് മാന്തി യന്ത്രം ഓടിക്കാമൊ എന്ന് ഒരു അറബി ചോദിച്ചു. ഓടിക്കാമെന്ന് ഞാനും. കുറെ നേരം ഇന്നത്തെ പോലെ യന്ത്രത്തിനു ചുറ്റും നടന്നു. പിന്നെ ആ യന്ത്രത്തോട് തന്നെ സമ്മതം ചോദിച്ച് കീ പിടിച്ചു തിരിച്ചു. ഒരു പഴയ പിക്കപ്പ് നാട്ടില്‍ ഓടിച്ചിട്ടുണ്ട്. അതായിരുന്നു യന്ത്രവുമായുള്ള പരിചയം. എന്നിട്ടും ഓടിച്ചു. പതുക്കെ പതുക്കെ ഷവല്‍ ഡ്രൈവര്‍ പട്ടം കിട്ടി. ലൈസന്‍സും. ആ പതിവാണ് ഈ നടന്നു നോക്കലും ശോയ സബൂര്‍ എന്ന പറച്ചിലും . ജീവിതവും അതിജീവനവും അള്ളാഹു വേര്‍ തിരിച്ചിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ചു കൊണ്ട് ആരിഫ് യെമനി അന്ന് തിരിച്ചു പോയി. ഇപ്പോളയാള്‍ ഞങ്ങളുടെ കമ്പനിയുടെ ഹോളോ ബ്രിക്‌സ് ഫാക്ടറിയില്‍ സ്ഥിരം ഷവല്‍ ഡ്രൈവറാണ്.