ഗ്രീഷ്മ താപത്തിന് ശമനം വന്ന ഒരു ഡിസംബറിലാണ് നെന്‍മാറ വഴി കാമ്പ്രത്ത്‌ചെള്ളയിലെത്തുന്നത്. ഏതാനും കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് കേരള തമിഴ്‌നാട് അതിര്‍ത്തിയാണ്. തമിഴ്‌നാടന്‍ ഗ്രാമത്തിന്റെ മിനി പതിപ്പാണ് കാമ്പ്രത്ത് ചെള്ള. കൃഷിയാണ് ഈ ഭാഗത്തെ ജനങ്ങളുടെ അന്നത്തെ പ്രധാന വരുമാന മാര്‍ഗം. ഇന്ന് കാമ്പ്രത്ത് ചെള്ള കുറച്ചു കൂടി പുരോഗമിച്ച് ഒരു ചെറു നഗര സ്വാഭാവം കൈവരിച്ചിട്ടുണ്ട്. അവിടെ സുഹൃത്തായ കലാധരന്‍ എന്ന കല മാമയുണ്ട്. സുരേഷെന്ന കണ്ണന്റെ കുടുംബമുണ്ട്. നിറയെ വയലുകളുണ്ട്. മാവുകള്‍ നിറഞ്ഞ തോട്ടങ്ങള്‍ ധാരാളം. കലമാമനുമുണ്ട് വലിയ തോട്ടങ്ങള്‍. കലാധരന്‍ കലമാമയാകുന്നത് കൊടുങ്ങല്ലൂരിലെ ഞങ്ങളുടെ അയല്‍വാസിയും കോളേജ് അധ്യാപകനുമായിരുന്ന ചെന്താമരാക്ഷന്‍ സാറിന്റെ ഭാര്യ രജനിയുടെ (രജനി ചേച്ചി) സഹോദരനായതു കൊണ്ടായിരുന്നു. ചെന്താമരാക്ഷന്‍ സാറിന്റെ മക്കള്‍ കലാധരനെ കല മാമയെന്നാണ് വിളിച്ചിരുന്നത്. അത് കൊണ്ട് ഞങ്ങളും അങ്ങനെ വിളിച്ചു. കൊടുങ്ങല്ലൂര്‍ താലപ്പൊലിക്കും ഭരണിക്കും ഇടക്കിടെ അല്ലാത്തപ്പോഴും കല മാമ വരും. കണ്ടാല്‍ ഒരു മോഹന്‍ലാല്‍ ലുക്കാണ് കക്ഷിക്ക്. ഖദറെ ധരിക്കു. 

ഇത്തരം ഒരു വരവിലാണ് കലമാമ കാമ്പ്രത്ത്‌ചെള്ളയിലേക്ക് ക്ഷണിക്കുന്നത്. ഫോട്ടോഗ്രാഫര്‍ ഹാഷിമും  നടനും നാടക സംവിധായകനുമായ കൊടുങ്ങല്ലൂര്‍ കൃഷ്ണന്‍കുട്ടിയും അടക്കം ഒരു സംഘം കാമ്പ്രത്ത്‌ചെള്ളയില്‍ ദിവസങ്ങളോളം തമ്പടിച്ചു. സുരേഷിനെ നായകനാക്കി ഹാഷിം ഒരു ഓഡിയോ വിഷ്വല്‍ ഷോര്‍ട്ട് ഫിലിമും ചെയ്തു. ഗ്രാമത്തിലെ പ്രായം ചെന്ന ഒരു സ്ത്രീയും അഭിനയിച്ചിരുന്നു. ഇതിനിടയിലാണ് കലമാമന്റെ സന്തതസഹചാരിയായ മുത്തുവിനെ കാണുന്നത്. മുത്തു സിനിമാ ഭ്രാന്തനായിരുന്നു.  ചെറിയ ഭ്രാന്തല്ല. കിലോമീറ്ററുകള്‍ നടന്നു പോയി സിനിമ കാണുന്നയാള്‍. സാധിച്ചാല്‍ ദിവസവും സിനിമ കാണും. കണ്ട സിനിമയുടെ കഥ കല മാമന് പറഞ്ഞു കൊടുക്കും. 

മുത്തു  സിനിമാ കഥ പറഞ്ഞു തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്, അണ്ണാ കൊട്ടകയില്‍ ഇരുട്ട് ,അതായത് തിയേറ്ററിലെ ലൈറ്റ് അണച്ച് ശേഷം കര്‍ട്ടന്‍ ഉയരുന്നതടക്കം പറയുമെന്നര്‍ഥം. പക്ഷെ കഥ അവസാനത്തില്‍ നിന്നെ തുടങ്ങു. അതായത് തുടക്കത്തിലെ സിനിമയുടെ പരിണാമഗുപ്തി വെളിപ്പെടുത്തും. തല കീഴായി കഥ പറയും. മുത്തു പറയുന്ന സിനിമാക്കഥ തുടക്കത്തിലെ അവസാനിച്ചിരിക്കും. നായകനും നായികക്കും എന്താണ് സംഭവിക്കുയെന്ന് ആദ്യമെ പറയും. പിന്നെ എന്തിനാണ് കഥ കേള്‍ക്കുന്നത് ? എന്നാലും മുത്തു പറയും. കലമാമന്‍ കേട്ടു കൊണ്ടിരിക്കും. അവിടെ ഉണ്ടായ ദിവസങ്ങളില്‍ ഞങ്ങളും മുത്തുവിന്റെ കേള്‍വിക്കാരായിരുന്നു. 

ഇപ്പോള്‍ ഇത് ഓര്‍മിക്കാന്‍ കാരണം വാട്‌സ്ആപ്പിലെ സാഹിത്യ ലോകം കൂട്ടായ്മയില്‍ പോസ്റ്റ് ചെയ്ത ഒരു ലേഖനമാണ്. സുബാഷ്ചന്ദ്രന്റെ സമുദ്രശിലയുടെ പാരായണവുമായി ബന്ധപ്പെട്ട് എം.എല്‍.ജോണി എഴുതിയ ഒരു ലേഖനം. സുബാഷ് ചന്ദ്രന്റെ സമീപകാലത്തെ തിരുവനന്തപുരെ പ്രസംഗം വരെ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്.  വായനയുടെ ലോകത്തെ കുറിച്ചാണ് പ്രധാനമായും പറയുന്നത്. അതിന്റെ കൂട്ടത്തില്‍ പി.കെ രാജശേഖരന്റെ ബുക്സ്റ്റാള്‍ജിയയില്‍ പറയുന്ന നോവലുകളിലും മറ്റും പരിണാമഗുപ്തി പാതിവഴിക്ക് തന്നെ പെന്‍സില്‍ കൊണ്ട് എഴുതി വെക്കുന്ന ചില അജ്ഞാത വായനക്കാരെ കുറിച്ച് ജോണി പരാമര്‍ശിക്കുന്നുണ്ട്. പബ്‌ളിക്  ലൈബ്രറിയില്‍ നിന്നും എടുക്കുന്ന  പുസ്തകങ്ങളില്‍ പണ്ട് ഇത് പതുവായിരുന്നെന്ന് അപ്പോഴാണ് ഓര്‍മ വന്നത്. ഒരുപാട് അനുഭവങ്ങളുണ്ട്. ആ വഴിക്ക് തിരിച്ച് നടന്നപ്പോള്‍ മുത്തുവും കലമാമനും കടന്നു വന്നുവെന്ന് മാത്രം. 

കൊടുങ്ങല്ലൂരിലെ മുന്‍സിപ്പല്‍ ലൈബ്രറിയില്‍ നിന്നാണ് വായനയുടെ തുടക്കം. പത്താം ക്ലാസില്‍ വെച്ചാണ് ലൈബ്രറിയില്‍ ബാപ്പയുടെ കെയറോഫില്‍ അംഗത്വം എടുക്കുന്നത്. ഡിക്റ്റടീവ് നോവല്‍ വായിക്കലായിരുന്നു പ്രധാന ഉദ്ദേശം. ആദ്യ ദിവസം തന്നെ നീലകണ്‍ഠന്‍പരമാര കൈയിലെത്തി. ആദ്യമെടുത്ത പുസ്‌കം പാതി വായിച്ചെത്തിയപ്പോള്‍ അതാ കിടക്കുന്നു  ഏതോ ഒരു വായനക്കാരന്റെ വക പരിണാമഗുപ്തി. അതോടെ ആകാംക്ഷയുടെ മുനയൊടിഞ്ഞു. ഇനി എന്തു വായന. പുസ്തകം തിരികെ കൊടുക്കുന്നതിനു മുമ്പ് സാവിത്രി ടീച്ചറുടെ മകള്‍ രേവതിയും (രേവതി ചേച്ചി) രേണുകയും (രേണുക മ രിച്ചു) മകന്‍ രാധാകൃഷ്ണനും പരാരത്ത് സുബ്രഹ്മണ്യ ചേട്ടന്റെ മകള്‍ രമണി ചേച്ചിയും വായിച്ചു. ഇത് പിന്നീട് പതിവായി. 

രാധാകൃഷ്ണനും ഭാര്യ ജോളിയും കുടുംബവും ഇപ്പോള്‍ മദ്രാസിലാണെന്ന് തോന്നുന്നു. മറ്റുള്ളവരെ കണ്ടിട്ട് കാലം കുറെയായി. രാധാകൃഷ്ണന്റെ ഭാര്യ ജോളി എന്റെ സഹോദരി ഷാലിനിയുടെ സഹപാഠിയായിരുന്നു. ജോളിയുടെ അമ്മ രാധ ടീച്ചറായിരുന്നു. ജോളിക്ക് ബേബിയെന്നും മിനിയെന്നും പേരുള്ള രണ്ട് സഹോദരിമാരുണ്ടായിരുന്നു. ബാല്യ, കൗമാര കാലത്ത് സ്ഥിരമായി കണ്ടിരുന്ന പലരുടെയും പേരുകള്‍ ഓര്‍മയില്ല. പക്ഷെ അവരുടെ മുഖങ്ങള്‍ അന്നത്തെ രൂപത്തില്‍ നിശ്ചല ദൃശ്യങ്ങളായി മനസിലുണ്ട്. കാലം അവരെ എത്രയോ മാറ്റിയിരിക്കും. ഒരു പക്ഷെ ഒരു ബാല്യകാല സുഹൃത്ത് തൊട്ടു മുന്നിലൂടെ കടന്നു പോയാല്‍ പോലും നിങ്ങള്‍ തിരിച്ചറിയണമെന്നില്ല.  

പരിണാമഗുപ്തിയിലേക്ക് തന്നെ വരാം. ഏതായാലും അന്നത്തെ സഹവായനക്കാരെല്ലാം പരിണാമ ഗുപ്തി കണ്ട് നിരാശരായി. പുസ്തകം തിരികെ കൊടുത്ത് ദുര്‍ഗപ്രസാദ് ഖത്രിയുടെ വിഖ്യാത കുറ്റാന്വേഷണ നോവലുകളിലേക്ക് കടന്നപ്പോഴും അജ്ഞാത വായനക്കാരന്‍ വിടാനുള്ള ഭാവമില്ല. അതാ പന്ത്രണ്ടാം പേജിലെത്തിയപ്പോഴേക്കും കുറിപ്പ്. കൈയക്ഷരം വ്യത്യാസമുണ്ട്. അതുകൊണ്ട് നീലകണ്‍ഠന്‍ പരമാരയെ പാരവെച്ചയാളല്ല ദുര്‍ഗപ്രസാദ് ഖത്രിയെ വധിച്ചിരിക്കുന്നത്. ഇതും സഹിച്ച് പിന്നീട് എടുത്ത കോട്ടയം പുഷ്പനാഥിന്റെ നോവലിലും ഡിക്റ്റടീവ് പുഷ്പരാജിന്റെ അന്വേഷണം പാതിവഴിക്ക് തന്നെ ഒരാള്‍ കുറിച്ചിരിക്കുന്നു. അതും മറ്റൊരു കൈയക്ഷരം. സങ്കടം വരാതിരിക്കുന്നതെങ്ങനെ ? അത്രക്ക് ആവേശത്തോടെയാണ് വായനക്കായി പുസ്തകം എടുക്കുന്നത്. അതിങ്ങനെയായാല്‍ എന്തു ചെയ്യും. പിന്നീട് എടുക്കുന്ന പുസ്തകങ്ങളുടെ എല്ലാ പേജും മിറച്ചു നോക്കി മുന്‍കൂറായി പരിണാമഗുപ്തിക്കാര്‍ ഇല്ലെന്ന് ഉറപ്പു വരുത്താന്‍ തുടങ്ങി. മഹാ ദ്രോഹമാണ് ഇത്. പക്ഷെ ചിലരങ്ങനെയാണ്. പബ്‌ളിക് ലൈബ്രറി പുസ്‌കങ്ങളില്‍ പല കലാപരിപാടികളും നടത്തും. ചിത്രങ്ങള്‍ വരച്ചിടും. ഒരു സുഖം. അല്ലെങ്കില്‍ മറ്റുള്ളവര്‍ അത്രക്ക് വായിച്ചാല്‍ മതിയെന്ന ചിന്ത. പബ്‌ളിക് ലൈബ്രറികളുടെ പരിസരങ്ങളില്‍ ഇന്നും ഇത്തരം പരിണാമഗുപ്തിക്കാര്‍ ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ അവരെ സൂക്ഷിക്കുക.