സുധാകരന്‍ മാഷെ നേരിട്ട് പരിചയമില്ല. എനിക്ക് പരിചയമുളള മാഷന്മാരുടെ കൂട്ടത്തില്‍ സുധാകരന്‍ എന്നു പേരായ ഒരാളുമില്ല. സുധാകരന്‍ എന്ന പേരുളള ഒരു സുഹൃത്തുണ്ട്. കൊടുങ്ങല്ലൂര്‍ അഞ്ചപ്പാലം സ്വദേശിയായ അവന്‍ ദീര്‍ഘകാലമായി ദുബായിലാണ്. ഇപ്പോള്‍ അബുദാബി നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥന്‍. 

പറഞ്ഞു വരുന്നത് സുധാകരന്‍ മാഷ് പറഞ്ഞ ജീവിതമാണ്. അതിനെ വേണമെങ്കില്‍ കഥയെന്ന് പറയാമെന്ന് മാത്രം. ജീവിതമില്ലാത്ത, മനുഷ്യഗന്ധമില്ലാത്ത കഥകളില്ലല്ലോ ഈ ലോകത്ത്. 

സ്‌നേഹരാഹിത്യത്തിന്റെ മരുപ്പറമ്പുകളില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുകയും പിന്നീട് അവരെ വൃദ്ധസദനങ്ങളില്‍ കുടിയിരുത്തുകയും ചെയ്യുന്ന ചില മക്കളുണ്ട്. അവരെ നോക്കിയാണ് സുധാകരന്‍ മാഷ് ഈ കഥ പറയുന്നത്. കെട്ടകാലത്ത് മാനവികത ഉയര്‍ത്തിപിടിക്കുകയെന്നത് ശ്രമകരമായ കാര്യമാണ്. എന്നിട്ടും മാനവികതയുടെയും നൈതികതയുടെയും ആര്‍ജവത്തിന്റെയും വെളിച്ചം അണയാതെ നില്‍ക്കുന്നുണ്ട്. ഈ വെളിച്ചമാണ് നമ്മുടെ പ്രതീക്ഷ. ഇടക്കിടെ ഈ കാലത്തിനെ നോക്കി ചില ജീവിതങ്ങള്‍ നടത്തുന്ന സ്വയം വെളിപ്പെടുത്തലുകളില്‍ കണ്ണീരും ഒപ്പം സ്‌നേഹത്തിന്റെ മധുരവുമുണ്ട്. കരുതലും തലോടലുമുണ്ട്. ഇത് ഒരു കരുത്താണ്. പാഠവുമാണ്. 

സുധാകരന്‍ മാഷ് കോഴിക്കോട് എരവണ്ണൂര്‍ യു.പി.സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ നാട്ടുകാരനും ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ചെയര്‍മാനുമായ ഷെയിഖ് റഫീഖ് ഒരു ദിവസം രാവിലെ  സുധാകരന്‍ മാഷുടെ ശബ്ദസന്ദേശം എന്നെ കേള്‍പ്പിക്കുന്നു. ഏറെ വിതുമ്പലോടെ മാഷ് ഒരു ജീവിതം പറയുകയാണ്. ഒരു സഹയാത്രികയുടെ ജീവിതം. മുഴുവന്‍ കേട്ടപ്പോള്‍ ജീവിതത്തിന്റെ സമസ്യാപൂരണങ്ങളിലേക്കുള്ള വഴികളില്‍ എന്തെല്ലാം നാം കാണാതെ പോകുന്നു കേള്‍ക്കാതെ പോകുന്നുവെന്ന് തോന്നി. തീരെ ഹൃസ്വമായ ജീവിതം കൃത്യമായി ആടിത്തീര്‍ത്ത് സംതൃപ്തിയോടെ തിരികെ പോകുന്നവരുടെ ജന്മം തന്നെയാണ് സുകൃതജന്മം. 

സുധാകരന്‍ മാഷ് ഇപ്പോള്‍ ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനിലാണ്. കോഴിക്കോട്ടേക്കുള്ള മടക്കയാത്രയാണ്. തീവണ്ടി കോട്ടയത്ത് എത്തിയപ്പോള്‍ ഒരു യുവതിയും അവരുടെ മൂന്നുവയസ് പ്രായമുള്ള മകളും മാഷുടെ കമ്പാര്‍ട്ട്‌മെന്റില്‍ കയറുന്നു. മാഷുടെ തൊട്ടടുത്ത സീറ്റില്‍ അവര്‍ ഇരിക്കുന്നത് നമുക്കിപ്പോള്‍ കാണാം. തീവണ്ടി നീങ്ങുകയാണ്. യുവതി പുറത്തേക്ക് നോക്കി എന്തോ ചിന്തിച്ചിരിക്കുന്നു. കുട്ടിക്ക് അതിവേഗം ഓടി മറയുന്ന എല്ലാ കാഴ്ചകളും കൗതുകമയമെന്ന് അവളുടെ കണ്ണുകള്‍ തെളിവ്. 

തീവണ്ടി തൃശൂര്‍ സ്റ്റേഷനിലാണ് ഇപ്പോള്‍. മാഷ് കൈയില്‍ കരുതിയിരുന്ന ദോശയുടെ പൊതിയഴിക്കുന്നു. സ്‌നേഹത്തോടെ മാഷ് സഹയാത്രികയോട് ചോദിക്കുന്നു. കുട്ടിക്ക് വിശക്കില്ലെ? ചോറ് കൊടുത്തൊ? ബിസ്‌കറ്റ് കൊടുത്തെന്നായിരുന്നു യുവതിയുടെ മറുപടി. നിങ്ങള്‍ക്കും എന്തെങ്കിലും കഴിച്ചു കൂടെയെന്ന മാഷുടെ ചോദ്യത്തിനുള്ള യുവതിയുടെ മറുപടിയില്‍ നിന്നാണ് ഈ കഥ യഥാര്‍ഥത്തില്‍ തുടങ്ങുന്നത്. അവള്‍ പറയുകയാണ്, ദൂരെ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍  ഭര്‍ത്താവിന്റെ ഉമ്മ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്നുണ്ടാകും. അവരുടെ വിശപ്പ് എന്റെ വിശപ്പാണ്. എന്റേത് അവരുടേതും. അതുകൊണ്ട് തന്നെ അവരോടൊപ്പം ഭക്ഷണം കഴിച്ചാലെ വിശപ്പു മാറൂ. സ്വന്തം ഉമ്മമാരോടും അമ്മമാരോടും പോലും മക്കള്‍ ഇതുപോലെ സ്‌നേഹം കാണിക്കാത്ത കാലമാണിതല്ലൊ എന്ന് മാഷ് ഒരു നിമിഷം ഓര്‍മിക്കുന്നു. 

എന്താണ് മോളുടെ പേരെന്ന് മാഷ്. അവള്‍ പേരു പറയുന്നു. ക്രിസ്തീയ സമുദായാംഗമാണ്. മുസ്‌ലിംയുവാവുമായി പ്രണയവിവാഹം. ഇരുപതാം വയസില്‍ വിവാഹമോചിതയായ ഒരു സ്ത്രീയുടെ ഏക മകനാണ് ഭര്‍ത്താവ്. മകനെ വളര്‍ത്താന്‍ വേണ്ടി പുനര്‍വിവാഹം പോലും കഴിക്കാതെ സ്വന്തം തരളിത യൗവ്വനം മറന്നു കളഞ്ഞവളാണ് ആ ഉമ്മ. മകന്‍ സ്വന്തം സമുദായത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നത് ഒരു പക്ഷെ അവര്‍ സ്വപ്നം കണ്ടിരിക്കും. മകന്‍ ക്രിസ്തിയ സമുദായത്തിലെ കോട്ടയംകാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ ആ ഉമ്മ പക്ഷെ എതിര്‍ത്തില്ല. അവള്‍ ഇസ്‌ലാം മതം സ്വീകരിക്കുക മാത്രമല്ല അബുദാബിയില്‍ ഉണ്ടായിരുന്ന ജോലിയും രാജിവെച്ചു. ഭര്‍ത്താവിന്റെ ഉമ്മ തിരൂരിലെ വീട്ടില്‍ ഒറ്റക്ക് കഴിയുമ്പോള്‍ ആ ഉമ്മയോടൊപ്പം ഉണ്ടും ഉറങ്ങിയും അവരുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേര്‍ന്ന് ജീവിക്കലാണ് തന്റെ ധര്‍മമെന്നും അതാണ് ഉത്തമ കര്‍മമെന്നും ആ യുവതി തിരിച്ചറിഞ്ഞു. (മറ്റൊരു പരിപ്രേക്ഷ്യത്തില്‍ ഇതേ തിരിച്ചറിവില്‍ ജീവിച്ച ലിമ എന്ന അധ്യാപികയെ ഞാന്‍ ഈ അടുത്ത കാലത്ത് ജിസാനില്‍ കണ്ടിരുന്നു. സുഹൃത്ത് താഹയുടെ ഭാര്യയാണ് ജിസാന്‍ സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന ലിമ)

 

ഭര്‍ത്താവ് പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട്. യു.എ.ഇ ഡ്രൈവിങ് ലൈസന്‍സുണ്ട്. ദുബായിയില്‍ ചെറിയജോലിയുണ്ട്. വാടക വീട്ടിലാണ് താമസം. മാഷ്‌ക്ക് പരിചയക്കാരുണ്ടെങ്കില്‍ ദുബായില്‍ തന്റെ ഭര്‍ത്താവിന് മെച്ചപ്പെട്ട ഒരു ജോലി തരപ്പെടുത്തി കൊടുക്കാന്‍ ശ്രമിക്കണമെന്ന് അവളുടെ അപേക്ഷ. അത്രയും പറയുന്നതിനിടെ തീവണ്ടി തിരൂരിലെത്തി. മാഷിപ്പോള്‍ ആ പെണ്‍കുട്ടിയുടെ ദുബായിലുള്ള ഭര്‍ത്താവിന് മെച്ചപ്പെട്ട ജോലി സംഘടിപ്പിക്കാനുള്ള അന്വേഷണത്തിലാണ്. പരിചയക്കാരോടും അവിടെയുള്ള ശിഷ്യന്‍മാരോടും നാട്ടുകാരനും പ്രവാസി വ്യവസായിയുമായ ഷെയിഖ് റഫീഖിനോടും മാത്രമല്ല കാണുന്നവരോടെല്ലാം മാഷിത് പറയുകയാണ്. ഒരു മാലാഖയെ പോലെ കുറച്ചു മണിക്കൂറുകള്‍ മാത്രം കൂടെയുണ്ടായിരുന്ന സഹയാത്രിക മാഷുടെ മുന്നില്‍ തുറന്നിട്ടത് മാനവികതയുടെ ദീപ്തമനോഹര ജാലകങ്ങളാണ്. ആ ജാലകളിലൂടെ സുധാകരന്‍ മാഷ് പ്രതീക്ഷയോടെ നോക്കുകയാണ്. തീര്‍ച്ചയായും മാഷ് ഇനിയും ഇതുപോലുള്ള ത്യാഗോജ്വല ജന്മങ്ങളെ കാണും, കാണാതിരിക്കില്ല. 

content highlights: Kannum Kaathum