നാലു പതിറ്റാണ്ടിനു ശേഷം ഒരിക്കല്‍കൂടി കഴിഞ്ഞ ദിവസം വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ കണ്ടു. പ്രവാസിക്കും അയാളുടെ കുടുംബത്തിനും എക്കാലത്തും കാണാവുന്ന പ്രമേയപരമായി പുതുമ നശിക്കാത്ത സിനിമ. എം.ടി വാസുദേവന്‍നായര്‍ എഴുതി ആസാദ് സംവിധാനം ചെയ്ത സുകുമാരന്‍ നായകനായ മനോഹര ചിത്രം. ബഹദൂര്‍ക്കയിലെ നടനെ ക്രിയാത്മകമായി ഉപയോഗിച്ചിട്ടുള്ള സിനിമ കൂടിയാണ് വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍. മമ്മുട്ടിയുടെ ആദ്യകാല ചിത്രം. മാധവന്‍കുട്ടിയെന്നാണ് മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ പേര്. സുധീറും മികച്ച അഭിനയമാണ് ഈ സിനിമയില്‍ കാഴ്ച വെച്ചിരിക്കുന്നത്. നെല്ലിക്കോട് ഭാസ്‌കരനും കുഞ്ഞാണ്ടിയും ശ്രീവിദ്യയും ശ്രീലതയും ജലജയും ഉള്‍പ്പടെ വന്‍ താര നിര. മമ്മുട്ടിയേക്കാള്‍ കൂടുതല്‍ സീനുകളില്‍ ശ്രീനിവാസന്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമ. ജോലി ചെയ്യുന്ന കമ്പനിയുടെ ചെയര്‍മാന്‍ ഷെയിഖ് റഫീഖ് ഇടക്കിടെ കാണുന്ന സിനിമ. പുതു വര്‍ഷ തലേന്ന് അദ്ദേഹത്തിന്റെ മൊബൈലില്‍ വീണ്ടും വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍. ഇത് എത്ര കണ്ടാലും മതി വരില്ലെന്ന് റഫീഖ് ഭായി പറയുന്നു. ഈ സിനിമ നിരന്തരം കണ്ടിരുന്ന മറ്റൊരാളുണ്ട്. ഡോ.മുഹമ്മദലിയെന്ന സുഹൃത്ത്. അദ്ദേഹമിപ്പോള്‍ നാട്ടിലാണ്.
ഖൊര്‍ഫുക്കാന്‍ കടല്‍തീരത്തേക്ക് നീന്തി കയറി പ്രവാസത്തിന്റെ ആദ്യ കൊടി നാട്ടിയ അജ്ഞാതനായ പ്രവാസിയെ ഓര്‍മിച്ചു കൊണ്ടു വേണം ഈ സിനിമ കാണാന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ഭാര്യാ സഹോദരന്‍ റഷീദിനൊപ്പം ( റഷീദ് ഹൃദയാഘാതത്തെ തുടര്‍ന്ന ഫുജൈറയില്‍ വെച്ചു മരണപ്പെട്ടു) ഞാന്‍ ഖൊര്‍ഫുക്കാന്‍ കടല്‍ തീരത്ത് പോയിരുന്നു. ഒരു വര്‍ഷം മുമ്പ് ഒരു സംഘം യുവാക്കളോടൊപ്പം വീണ്ടും ഖൊര്‍ഫുക്കാന്‍ യാത്ര. ഖൊര്‍ഫുക്കാനില്‍ എത്തുമ്പോഴെല്ലാം വെല്ലുവിളിച്ച കടല്‍ തിരമാലകളെ അതിജീവനത്തിന്റെ കരുത്തില്‍ തോല്‍പിച്ച ആദ്യ പ്രവാസിയുടെ നനഞ്ഞ വിരലുകള്‍ എന്റെ ശിരസില്‍ തലോടുന്നതു പോലെ തോന്നാറുണ്ട്. ആ തണുപ്പ് പിന്നെ സിരകളിലാകെ അങ്ങനെ പടരും. ആ പ്രവാസി ആരാണ് ? ചാവക്കാട്ടുകാരനോ കാസര്‍കോട്ടുകാരനോ ? അതുമല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്തു നിന്നുള്ള ഒരാള്‍. തീര്‍ച്ചയായും അങ്ങനെ ഒരാളുണ്ട്. അര നൂറ്റാണ്ടിലധികമായി തുടരുന്ന മലയാളിയുടെ പ്രവാസത്തിന്റെ തുടക്കക്കാരന്‍. ചരിത്രത്തില്‍ നിന്ന് പ്രവാസം നീക്കിയാല്‍ പിന്നെ ചരിത്രം ബാക്കി കാണില്ലെന്ന് ബാബു ഭരദ്വാജ് പ്രവാസിയുടെ കുറിപ്പുകളില്‍ പറഞ്ഞതെത്ര ശരി. പ്രവാസികളാണ് ചരിത്ര രചയിതാക്കളെന്നും ബാബു ഭരദ്വാജ് പറയുന്നു. കേരളത്തെ അരനൂറ്റാണ്ടില്‍ അധികമായി ഡ്രാഫ്റ്റയച്ചു നിലനിര്‍ത്തുന്ന പ്രവാസിയെ മാറ്റി നിര്‍ത്തി എന്തു നവോത്ഥാന ചരിത്രമാണ് മലയാളി രചിക്കുക ? കേരളിയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രവാസിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രവാസ സാഹിത്യവും സിനിമയും ഇനിയും പലതും പറയാനുണ്ട്. ബാബു ഭരദ്വജിന്റെ പ്രവാസിയുടെ കുറിപ്പുകളോളം മലയാളിയെ ആഴത്തില്‍ സ്പര്‍ശിച്ച പ്രവാസ നൊമ്പരമില്ല. ടി.വി.കൊച്ചുബാവയും ഇ.എം.ഹാഷിമും മുസാഫിറും എന്‍.ടി.ബാലചന്ദ്രനും കരുണാകരനും ശത്രഘ്നനും ബെന്യാമിനും ഖദീജാ മുംതാസും മുസഫര്‍ അഹമ്മദും ജോയ് മാത്യുവും കൃഷ്ണ ദാസും ജുനൈദ് അബൂബക്കറും അബു ഇരിങ്ങാട്ടിരിയും സത്യന്‍ മാടാക്കരയും സുറാബും സാദിഖ് കാവിലും സാദിഖ് മുന്നുരും ( മുഹമ്മദ് സാദിഖ്) കെ.എ.അബ്ബാസും മുരളി മംഗലത്തും രമേഷ് പെരിമ്പിലാവും ഇസ്മയില്‍ മേലടിയും സബീന എം സാലിയും ഹണി ഭാസ്‌കരനും ഉള്‍പ്പടെയുള്ളവര്‍ ( സ്ഥല പരിമിതി കാരണം ഇവിടെ പേരു പരാമര്‍ശിക്കാത്ത പലരുമുണ്ട്) കഥയിലും കവിതയിലും നോവലിലും പ്രവാസത്തെ വിവിധ പരിപ്രേക്ഷ്യങ്ങളില്‍ അടയാളപ്പെടുത്തിയവരാണ്. ഭാവിയില്‍ ഇനിയും പുതിയ കാലത്തിന്റെ ഭൂമികയില്‍ നിന്നു കൊണ്ട് പ്രവാസത്തെ രേഖപ്പെടുത്തുന്നവര്‍ ഉണ്ടാകും. സമീപ ഭാവിയില്‍ കരുത്തുള്ള പ്രവാസ രചനകളും മലയാളിയെ തേടിയെത്തുമെന്ന ശുഭാപ്തി വിശ്വാസക്കാരനാണ് ഞാന്‍.
പ്രവാസത്തിന്റെ വിഹ്വലതകളും വെട്ടി പിടിക്കാന്‍ വെമ്പുന്ന മനസും കുടുംബ ബന്ധങ്ങളും പ്രണയവും പ്രണയ നിരാസവും പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന ഒരു ദൃശ്യവായനയാണ് വ്ില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍. പിന്നീട് വന്ന നിരവധി പ്രവാസി സിനിമകളുണ്ട്. 1983 ല്‍ പുറത്തിറങ്ങിയ മമ്മുട്ടിയും മോഹന്‍ലാലുമൊക്കെ അഭിനയിച്ച ബാലു കിരിയത്തിന്റെ വിസ ഈ ഗണത്തില്‍ പെട്ട നല്ല ചിത്രമായിരുന്നു. 1999 ല്‍ ഇറങ്ങിയ ഗര്‍ഷോം,2015 ലെ പത്തേമാരി, 1984 ലെ അക്കരെ, 2011 ലെ ഗദ്ദാമ, അറബിക്കഥ തുടങ്ങി ഏതാനും ചിത്രങ്ങള്‍ പ്രവാസത്തിന്റെ വേറിട്ട മുഖങ്ങള്‍ അവതരിപ്പിച്ച സിനിമകളാണ്. 2001 ല്‍ അധോലോക കഥ പറഞ്ഞ ദുബായ് എന്ന സിനിമയും വന്നു. അങ്ങനെ പല സിനിമകള്‍. പ്രതീക്ഷയോടെ മലയാളി കാത്തിരിക്കുന്നു ബെന്യാമിന്‍ ബ്ലസി ടീമിന്റെ ആടു ജീവിതം. ഒരു പക്ഷെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ മലയാളി മനസു കൊണ്ട് സ്വീകരിച്ചു വായിച്ച പ്രവാസം പറഞ്ഞ നോവലായിരുന്നു ആടുജീവിതം. കൊറോണക്കാലത്തിനു തൊട്ടു മുമ്പ് ജോര്‍ദാനില്‍ വെച്ച് ചിത്രീകരണം ഏറെക്കുറെ പൂര്‍ത്തിയാക്കിയ ഈ സിനിമ ഉടനെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹവും പൊതു സമൂഹവും. പ്രവാസിയെ കോമാളിയാക്കിയ കുറെ മലയാള സിനിമകളും ഇതിനിടയില്‍ കടന്നു വന്നു. ആര്‍ഭാടങ്ങളുടെ പര്യയമായി പ്രവാസിയെ അവതരിപ്പിച്ച സിനിമകള്‍. പ്രവാസ സിനിമകളുടെ കൂട്ടത്തില്‍ അക്കരെ നിന്നൊരു മാരനും ഇടം പിടിച്ചിട്ടുണ്ട്. ഇതില്‍ ഗള്‍ഫ് കാണിക്കുന്നില്ലെങ്കിലും ഗള്‍ഫ് തിളക്കമാര്‍ന്ന അദൃശ്യ കാഴ്ചയാണ്. 2015 ല്‍ ബഹ്റൈനില്‍ വെച്ച് ചിത്രീകരിച്ച മോഹവലയം എന്ന സിനിമയും പ്രവാസത്തെ ഗൗരവത്തോടെ സമീപിച്ച സിനിമയാണ്. പ്രവാസ ലോകത്തെ പുരുഷ കാമനകളുടെ നേര്‍ ചിത്രം കൂടിയായ ഈ സിനിമക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയോ എന്നു സംശയം. ജേക്കബിന്റെ സ്വര്‍ഗരാജ്യമാണ് മറ്റൊരു ശ്രദ്ധേയ സിനിമ. 2016 ലെ ഭാഷാപോഷിണി വാര്‍ഷിക പതിപ്പില്‍ വെള്ളിത്തിരയില്‍ മരുപച്ചയുടെ അടയാളമെന്ന സുദീര്‍ഘമായ പഠനമുണ്ട്. എന്‍.പി. സജീഷിന്റെ നിരീക്ഷണങ്ങളാണ് അതീവ ഗൗരവത്തോടെ വായിക്കേണ്ട ഈ ലേഖനം. പതിനാലു സിനിമകളാണ് ഇതില്‍ പഠന വിധേയമാക്കിയിട്ടുള്ളത്. ആദ്യ സിനിമ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ തന്നെ. 1980 ല്‍ അങ്ങനെയാരു പ്രമേയം സിനിമയായതു തന്നെ അദ്ഭുതം. പ്രവാസ ജീവിതാനുഭവം ഇല്ലാത്ത മലയാള കഥയുടെ രാജ ശില്‍പിയായ എം.ടി വാസുദേവന്‍ നായരുടെ സെല്ലുലോയിഡിലെ പ്രവാസ ദൃശ്യങ്ങള്‍. ആസാദിന്റെ സംവിധാനം. എം.ബി ശ്രീനിവാസന്റെ സംഗീതം. സംഗീതത്തെ പ്രവാസ സിനിമയില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന് ഗവേഷണത്തിന് ഉപകാരപ്പെടുന്ന സിനിമയാണ് വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍.
ഇതെല്ലാം പറയുമ്പോള്‍ തന്നെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന വലിയ പെണ്‍ പ്രവാസി സമൂഹമായ നഴ്സുമാരുടെ ജീവിതത്തെ ചലച്ചിത്രകാരന്‍മാര്‍ ഗൗരവത്തോടെ സമീപിച്ചു കണ്ടിട്ടില്ല. നഴ്സുമാരില്‍ പലരും കടുത്ത വിരഹത്തിലൂടെ കടന്നു പോകുന്നവരാണ്. അത് പ്രിയപ്പെട്ടവനെ പിരിഞ്ഞതിലുള്ള നൊമ്പരം മാത്രമല്ല. മുലകുടി മാറാത്ത കുഞ്ഞുങ്ങളെ അമ്മമാരെയും ചാച്ചന്‍മാരെയും ഏല്‍പിച്ച കടല്‍ കടന്ന് ഡ്യൂട്ടിക്ക് എത്തുന്നവരാണ് പ്രവാസികളായ നഴ്സുമാരില്‍ ഭൂരിപക്ഷവും. വലിയ ഒരു സമൂഹം. മുലപ്പാല്‍ വിങ്ങി പൊട്ടുന്ന മാറിടം വാഷ്ബെയിസിനില്‍ പിഴിഞ്ഞു കളയുന്ന നഴ്സുമാരായ അമ്മമാരെ കുറിച്ച് നാരങ്ങാമിഠായികളെന്ന അനുഭവ കുറിപ്പുകളില്‍ മുഹമ്മദ് സാദിഖ് എഴുതിയിട്ടുണ്ട്. വാഷ്ബെയിസിനില്‍ തൂകി തെറിക്കുന്ന മുലപ്പാലില്‍ കണ്ണീരു കലര്‍ന്ന് അതങ്ങനെ ജന്‍മാന്തരങ്ങളുടെ നോവായി ഒഴുകി പോവുകയാണ്. അതുപോലെ ഭര്‍ത്താവിനോടൊപ്പം പ്രവാസ ജീവിതം നയിച്ചു വരുന്നതിനിടയില്‍ പെട്ടെന്ന് നാട്ടിലേക്ക് പറിച്ചു മാറ്റപ്പെടുന്ന സ്ത്രീകളെ കുറിച്ചും സിനിമ രേഖപ്പെടുത്തിയിട്ടില്ല. ജോലി നഷ്ടപ്പെടല്‍, സാമ്പത്തിക ബാധ്യത, കച്ചവടം തകരല്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് വര്‍ഷങ്ങളോളം കൂടെ നിര്‍ത്തിയ കുടുംബത്തെ അപ്രതീതിക്ഷിത നിമിഷത്തില്‍ നാട്ടിലേക്ക് കയറ്റി വിടുന്നവരുണ്ട്. ഇവരുടെ കുടുംബത്തിന്റെ നാട്ടി്ലെ ജീവിതം പ്രമേയമാക്കേണ്ടതാണ്. പെണ്‍ പ്രവാസത്തെ കുറിച്ച് പറയുമ്പോള്‍ കാത്തിരിക്കുന്ന ഭാര്യമാരുടെ വിരഹാര്‍ദ്രമായ ജീവിതം മാത്രമല്ല കാണേണ്ടത്. അവരുടെ പൊരുതല്‍ കൂടിയുണ്ട്. ശരിക്കും പ്രതികൂല പരിസ്ഥിതികളോട് അങ്കം വെട്ടിയാണ് അവര്‍ മക്കളെ വളര്‍ത്തുന്നത്. വര്‍ഷത്തിലൊരിക്കല്‍ വരുന്ന ഭര്‍ത്താവ് ദിവസവും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ശാരീരിക സാന്നിധ്യം അവിടെയില്ല. അത്യന്തം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതും മലയാള സിനിമ രേഖപ്പെടുത്തേണ്ടതുമാണ് ഈ ജീവിതം. പ്രവാസത്തിന്റെ മറുപുറത്തെ ജീവിതങ്ങളെ കുറിച്ചും പറയണം. രണ്ടും മൂന്നും പതിറ്റാണ്ട് പ്രവാസ ജീവിതം നയിച്ച് തിരിച്ചു വന്ന് നാട്ടില്‍ വേരു പടര്‍ത്താന്‍ ശ്രമിക്കുന്നവരുടെ കഥകള്‍. അറ്റ് പോയ വേരുകള്‍ നട്ടു നനച്ചു വളര്‍ത്തിയെടുക്കാനും ആഴത്തില്‍ സമൂഹത്തിലേക്ക് പടരാനും കൊതിക്കുന്നവര്‍ അനുഭവിക്കുന്ന നിരാസത്തിന്റെ നൊമ്പരങ്ങളുണ്ട്. ആരും കാണാത്ത നൊമ്പരങ്ങള്‍. സത്യന്‍ അന്തിക്കാടിന്റെ വരവേല്‍പിന് അപ്പുറത്തേക്ക് ഈ വിഷയം പ്രമേയമായിട്ടില്ല.