ഇത് ഈ കോളത്തിന്റെ അമ്പതാം ലക്കം. ഓരോ ആഴ്ചയും വിഷയം കണ്ടെത്തുന്നത് അടുത്ത സുഹൃത്തുക്കളുടെ കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ്. പല ലക്കങ്ങള്‍ക്കും വിഷയം കണ്ടെത്തി പ്രചോദനം പകര്‍ന്നത് സഹോദര തുല്യനും പ്രവാസി വ്യവസായിയുമായ ഷെയിഖ് റഫീഖാണ്. വിവിധ ജി.സി.സി രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെയുള്ള സ്ഥിരം വായനക്കാരും പലപ്പോഴും വിഷയങ്ങള്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. എല്ലാവര്ക്കും നന്ദി . ഈ ലക്കത്തില്‍ ചില സ്മരണകള്‍ മാത്രം.
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു
അപ്പോള്‍ താഴെ ഞാന്‍ നീന്തി ചെന്ന് പൂവ് പൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടു വന്നപ്പോള്‍
പെണ്ണെ നിന് കവിളില്‍ കണ്ടു മറ്റൊരു താമരക്കാട് ''
-(പി.ഭാസ്കരന് മാസ്റ്റര്‍)
സുഗതകുമാരി ടീച്ചറെ പോലെ അപൂര്‍വം ചിലര്‍ പരിസ്ഥിതിയെ കുറിച്ച് വേവലാതിപ്പെട്ടിരുന്ന കാലത്ത് കൊടുങ്ങല്ലൂരിലെ മേത്തല പഞ്ചായത്തില്‍ ഒരു താമരക്കുളമുണ്ടായിരുന്നു. നിറയെ പൂക്കളുണ്ടായിരുന്ന ഈ കുളത്തിന് അരാകുളമെന്നും പേരുണ്ടായിരുന്നു. ഇത് വലിയ ജലസ്രോതസായിരുന്നു. നട്ടുച്ചയ്ക്ക് പോലും നല്ല തണുപ്പുള്ള വെള്ളത്തില്‍ നീന്തി താമര പറിച്ചു കൊണ്ടുവരുന്നത് മുല്ലപ്പിള്ളിയിലെ രാജനെയും മധുവിനെയും പോലെ ധീരന്മാരായ കുട്ടികള്‍. അല്ലാത്തവര്‍ കരക്ക് നില്ക്കും. ധീരന്മാര് പിന്നെയും ആഴത്തില്‍ മുങ്ങി താമര കിഴങ്ങും കൊണ്ടു വരും. അങ്ങനെയിരിക്കെ ഒരു നാള് അവിടെ വികസനത്തിന്റെ ജെ.സി.ബി യും ടിപ്പര്‍ ലോറികളും ഇരമ്പിയെത്തി. കിഴക്കന്‍ മലകളില്‍ നിന്ന് ചെമ്മണ്ണ് വന്നു. കുളം നികത്തിയ സ്ഥലത്ത് കെ.എസ്.ആര്.ടി സി സ്റ്റാന്‍ഡ് ഉയര്‍ന്നു. അങ്ങനെ ഒരു ജലസ്രോതസ് വിങ്ങലോടെ ഭൂമിയിലേക്ക് അമര്‍ന്നുപോയി.
താമരക്കുളത്തിന് വിളിപ്പാടകലെ പുത്തന്കോവിലകത്തിന്റെ ഭാഗമായിരുന്ന കൊട്ടാരത്തിന് വളരെ മുമ്പ് തന്നെ രൂപമാറ്റം വന്നിരുന്നു. മറ്റൊരു കൊട്ടാരം വൈദ്യുതി വകുപ്പിന്റെ ഓഫീസായും മാറിയിരുന്നു. കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ പോലുള്ള മഹാപ്രതിഭകള്‍ ജീവിച്ച കൊട്ടാരങ്ങള്‍ക്ക് വന്ന മാറ്റങ്ങളെ കുറിച്ച് പലപ്പോഴും വേദനയോടെ പറഞ്ഞിരുന്നവര്‍ ചിറക്കല്‍ കോവിലകത്തും പുത്തന്കോവിലകത്തും ധാരാളം ഉണ്ടായിരുന്നു. പലപ്പോഴും ഇക്കാര്യം ഉച്ചത്തില്‍ പറഞ്ഞിരുന്ന ഒരാളായിരുന്നു അണ്ണാമലയെന്ന് വിളിച്ചിരുന്ന ഒരു തമ്പുരാന്. ഒറ്റമുണ്ടുടുത്ത് തോര്‍ത്തും തോളിലിട്ട് കക്ഷത്തില്‍ ഇംഗ്ലീഷ് പത്രവുമായി മാത്രം കണ്ടിരുന്ന ഒരാള്‍. സര്‍വവിജ്ഞാന കോശമായിരുന്നു ഈ മനുഷ്യന്. കൊടുങ്ങല്ലൂര്ക്കാര് മാത്രമല്ല ഈ ലോകം തന്നെ അദ്ദേഹത്തെ ശരിക്കും മനസിലാക്കിയില്ലെന്ന് തോന്നാറുണ്ട്.
ബോയ്സ് ഹൈസ്കൂളിന് കിഴക്ക് വശത്ത് പുത്തന്‍ കോവിലകവും പടിഞ്ഞാറ് ചിറക്കല്‍ കോവിലകവുമാണ്. കേരളത്തിലെ മറ്റ് സ്വരൂപങ്ങളില്‍ പലതും നാട്ടുയുദ്ധങ്ങളാല് രക്തപങ്കിലമായപ്പോള് കൊടുങ്ങല്ലൂര്‍ കോവിലകം കലയ്ക്കും സാഹിത്യത്തിനും വേണ്ടി അക്ഷരാര്‍ഥത്തില്‍ എരിയുകയായിരുന്നു. വിജ്ഞാനമാണ് സര്‍വപ്രധാനം എന്ന ആശയത്തിലൂടെയായിരുന്നു കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാക്കന്മാരുടെ യാത്ര. കേരളത്തെ കമ്യൂണിസം ചുവപ്പിച്ച അമ്പതുകളില്‍ കൊടുങ്ങല്ലൂര്‍, പന്തളം കോവിലകങ്ങളിലെ തമ്പുരാക്കന്മാരില് പലരും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി. അയിത്തത്തിന് എതിരെ പന്തിഭോജനം ഉള്‍പ്പടെയുള്ള പല വിപ്ലവകരമായ പ്രവര്‍ത്തനങ്ങളും കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാട്ടിമാരും നടത്തിയിട്ടുണ്ട്. കേരളീയ നവോത്ഥാന ചരിത്രത്തില്‍ കൊടുങ്ങല്ലൂര്‍ കോവിലകങ്ങള്‍ക്ക് നിര്‍ണായകസ്ഥാനമുണ്ട്.
എണ്‍പതുകളില്‍ മാതൃഭൂമി വാരികക്കു വേണ്ടി (വി.ആര്.ഗോവിന്ദനുണ്ണി എഡിറ്റര്‍) കേരളത്തിലെ കോവിലകങ്ങളെ കുറിച്ച് എഴുതാന്‍ നടത്തിയ യാത്രകള്‍ മറക്കാനാവില്ല. കിരീടവും ചെങ്കോലും നഷ്ടപ്പെട്ടവര്‍ (കവര്‍ സ്റ്റോറിയുടെ ശീര്‍ഷകം) കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, വൈജ്ഞാനിക ,രാഷ്ട്രീയ മേഖലകള്‍ക്ക് നല്കിയ സംഭാവനകളെ കുറിച്ച് അദ്ഭുതത്തോടെയും ആദരവോടെയും കേട്ടറിഞ്ഞ നാളുകള്‍. കൊടുങ്ങല്ലൂര്‍ ചിറക്കല്‍ കോവിലകത്തെ കുഞ്ഞികുട്ടി തമ്പുരാട്ടിയാണ് (സഹപാഠിയായിരുന്ന പ്രദീപിന്റെ അമ്മ ) പല കോവിലകങ്ങളിലേക്കും കത്തു തന്നത്. അതോടൊപ്പം രണ്ട് രാമവര്മമാരും ചരിത്രം പറഞ്ഞു തന്നു. കൂട്ടത്തില്‍ ജപ്പാന് മാഷെന്ന തമ്പുരാനും. അദ്ദേഹവും വര്‍മയായിരുന്നു. അപൂര്‍വവ്യക്തിത്വത്തിന് ഉടമയായിരുന്നു ജപ്പാന് മാഷ്.
ഒരാള്‍ നാടകകൃത്തും നടനും ചിത്രകാരനുമായിരുന്ന കൊടുങ്ങല്ലൂര്‍ രാമവര്‍മ. രണ്ടാമത്തെയാള്‍ പന്തളമെന്നും ജനയുഗം തമ്പുരാനെന്നും അറിയപ്പെട്ടിരുന്ന രാമവര്‍മ. ഇദ്ദേഹത്തിന്റെ മകന് സലീല്‍ വര്‍മ ഇപ്പോള്‍ നൈജീരിയയിലാണ്. പ്രായം കൊണ്ട് ഒരുപാട് വ്യത്യാസം ഉണ്ടായിരുന്നെങ്കിലും സമപ്രായക്കാരെ പോലെയാണ് അന്ന് എന്നെ ഉള്‍പ്പെടെ എല്ലാ യുവസുഹൃത്തുക്കളെയും ഇരുവരും കണ്ടിരുന്നത്. നാടകകൃത്തായിരുന്ന രാമവര്മയുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പം. പന്തളത്തെ ചില സംശയങ്ങള്‍ ചോദിക്കാനായിരുന്നു സമീപിച്ചിരുന്നത്. അതുപോലെ വൈദ്യശാല നടത്തിയിരുന്ന ടി.വി.നാരായണന് നമ്പൂതിരിയും (സുനിലിന്റെ അച്ഛന്) നിറയെ കഥകള്‍ പറഞ്ഞു തന്ന മനുഷ്യസ്നേഹിയായിരുന്നു. ഇവരെല്ലാം അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി ഒളിവു ജീവിതവും അറസ്റ്റും വരിച്ചവരായിരുന്നു. പ്രത്യേകിച്ച് ജനയുഗം രാമവര്‍മ.
കൊടുങ്ങല്ലൂര്‍ രാമവര്‍മ, കേരള കലാവേദിയിലൂടെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെ സേവിച്ചത്. നിര്മാല്യമായിരുന്നു ആദ്യ നാടകം. വേദി തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ സി.പി.എം പിന്തുണയോടെ പല നാടകങ്ങളും അരങ്ങേറി. നിര്‍മാല്യം തേജോവധം എന്ന് പേരു മാറ്റി അവതരിപ്പിച്ചു. പിന്നീട് എത്രയോ നാടകങ്ങള്‍. കഥകള്‍. ചിത്രങ്ങള്‍. നര്‍മദയില്‍ ഉള്‍പ്പടെ കാര്ട്ടൂണുകള്. പി.എ.സെയ്തുമുഹമ്മദ്, പി.പി.ഇസ്മായില്‍, പി.ഭാസ്കരന്, വി.ടി.നന്ദകുമാര്‍, എം.എസ്, പ്രേംജി തുടങ്ങി നിരവധി പ്രതിഭകളുമായി അടുത്ത സൗഹൃദം. കൊടുങ്ങല്ലൂര്‍ രാമവര്‍മ കുറച്ചു കാലം സഖാവ് ഇ.എം.എസി ന്റെ സെക്രട്ടറിയായും ജോലി ചെയ്തിരുന്നു.
കൊടുങ്ങല്ലൂര്‍ രാമവര്‍മയുടെ വീടിന് അടുത്തുവരെയായിരുന്നു പലപ്പോഴും ഞങ്ങള്‍ ഒരുമിച്ചുള്ള പോക്ക്. എനിക്ക് അന്ന് ഒരു ലാംപി സ്കൂട്ടറുണ്ടായിരുന്നു. തമ്പുരാനെ വീടിന് അടുത്ത് ഇറക്കി തിരിച്ചുപോരും. മക്കളായ ജയശ്രീ വര്‍മയെയും ലതാ വര്‍മയെയും സത്യജിതിനെയും നേരിട്ട് അറിയാമായിരുന്നു. ജയശ്രീ വിദ്വത്പീഠത്തിലെ ട്യൂഷന് സെന്ററില്‍ എന്റെ സഹപാഠിയായിരുന്നു. അവിടെ കോവിലകത്തെ മേദിനി ടീച്ചറും മായ ടീച്ചറും പിന്നെ തൈവാലത്തെ രാജീവേട്ടന്റെ ഭാര്യ ലീന ടീച്ചറും ഇടക്കിടെ കുഞ്ഞികുട്ടി തമ്പുരാട്ടിയും ക്ലാസെടുത്തിരുന്നു. സംസ്കൃത വിദ്വത്പീഠത്തില് നേരത്തെ മാടമ്പ് കുഞ്ഞികുട്ടനും അധ്യാപകനായിരുന്നു.
രാരിച്ചന്‍ എന്ന പൗരനിലെ നായികയായിരുന്ന വിലാസിനിയായിരുന്നു കൊടുങ്ങല്ലൂര്‍ രാമവര്‍മയുടെ ഭാര്യ. നല്ല നടിയും നര്‍ത്തകിയുമായിരുന്നു. വേണമെങ്കില്‍ ഒരു അഭിമുഖം തരപ്പെടുത്താമെന്ന് തമ്പുരാന് തന്നെയാണ് ഒരു ദിവസം പറഞ്ഞത്. അങ്ങനെ ഞാന്‍ അവരെ ഒരു സായാഹ്നത്തില്‍ അടുത്തു കാണുന്നു. ദീര്‍ഘ നേരം സംസാരിക്കുന്നു. 1956 ലാണ് ഉറൂബിന്റെ തിരക്കഥയെ ആസ്പദമാക്കി പി.ഭാസ്കരന് മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത രാരിച്ചന്‍ എന്ന പൗരന് പുറത്തിറങ്ങുന്നത്. ടി.കെ പരീക്കുട്ടി നിര്‍മാതാവ്. ഈ ചിത്രത്തിലെ നാഴിയൂരി പാലു കൊണ്ട് നാടാകെ കല്യാണം എന്ന പാട്ട് ഇന്നും ഹിറ്റാണ്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും കൃഷ്ണന്‍നായരുടെയും ശിഷ്യയായിരുന്നു. വിഖ്യാത നര്ത്തകന് അനന്തശിവറാമിന്റെ നൃത്ത സംഘത്തില്‍ അംഗമായിരുന്നു. നൃത്തവും നാടകവുമായിരുന്നു അവരുടെ ലോകം. വിവാഹത്തിനു ശേഷം 1960 ല്‍ നീലി സാലി എന്ന ചിത്രത്തില്‍ കൂടി നായികയായി അഭിനയിച്ചു . ഉണ്ണിയാര്ച്ചയില് നായികയാകാന്‍ ക്ഷണം ലഭിച്ചെങ്കിലും നിരസിച്ചു. ഈ കഥകളെല്ലാം അക്കാലത്ത് മാതൃഭൂമിയില്‍ എഴുതിയിട്ടുണ്ട്. സൗമ്യനും ശാന്തശീലനുമായിരുന്ന രാമവര്മയും വിലാസിനിയും ജനയുഗം തമ്പുരാനും ടി.വി മാഷും കുഞ്ഞികുട്ടി തമ്പുരാട്ടിയും കഥയും ചരിത്രവും പറഞ്ഞു തരാന്‍ ജീവിച്ചിരിപ്പില്ല. അങ്ങനെയെത്ര സാര്‍ഥക ജന്മങ്ങള് അരങ്ങൊഴിഞ്ഞു. ജനിച്ച നാട്ടില്‍ ഞാന്‍ തന്നെ പോയിട്ട് വര്‍ഷങ്ങളായില്ലെ? മനസില്‍ നിന്ന് ഉയരുന്ന ഈ ചോദ്യം എന്റെ നെഞ്ചകം പൊള്ളിക്കുമ്പോള്‍ എല്ലാ വിളക്കുകളും അണച്ച് ഇരുട്ടില്‍ തേങ്ങുന്നു. ചാര്‍ളി ചാപ്ലിന് പറഞ്ഞതു പോലെ മഴയത്തു നടക്കുമ്പോള്‍ കരയാം. ആരും അറിയില്ല; ഇരുട്ടിനും ഈ ഗുണമുണ്ട്.
content highlights: Kannum Kaathum