ശീര്‍ഷകം ആശയ കുഴപ്പം സൃഷ്ടിക്കുന്നുണ്ടാകും. സാരമില്ല. വഴിയെ കൃത്യമായ ദിശയിലെത്തും. ആദ്യം ആന്ത്രാഡിയെന്ന പേരു കേട്ടപ്പോള്‍ എനിക്കും തോന്നി ഇങ്ങനെയൊരു പേരുണ്ടോ ? ഈ നാട്ടു പേരിനുടമ കോഴിക്കോട് ജില്ലയിലെ എരവണ്ണൂര്‍ ഗ്രാമത്തിന്റെ മുത്തശ്ശനാണ്. ഭാര്യ കണ്ണായി മുത്തശ്ശിയും. കണ്ണായി നീ എന്‍ കരം പിടിച്ചാല്‍ ഈ ലോകം മുഴുവന്‍ ഞാന്‍ നടന്നു പോകുമെന്ന് ആഗോള മലയാളി സമൂഹത്തോട് ഉറക്കെ വിളിച്ചു പറയാന്‍ യോഗ്യരായ ദമ്പതികള്‍. ഏഴു പതിറ്റാണ്ട് പിന്നിട്ട സമ്മോഹനവും മധുരവുമായ ദാമ്പത്യം. അവരുടെ സ്‌നേഹത്തിന് അതിരുകളില്ല. അളന്ന് തിട്ടപ്പെടുത്താനും കഴിയില്ല. കേരളത്തിലെ ചില ഗ്രാമങ്ങളിലെങ്കിലും ഇതു പോലുള്ള വേറെയും അപൂര്‍വ ദാമ്പത്യങ്ങള്‍ കഥ പറയുന്നുണ്ടാകും. 

വിഖ്യാതമായ ഒരു പ്രണയത്തിന്റെ പേരില്‍ മുക്കം അറിയപ്പെടുന്നതിനു എത്രയോ മുമ്പാണ് മുക്കത്ത് നിന്ന് കണ്ണായി ആന്ത്രാഡിയുടെ കൈ പിടിച്ച് കുന്ദമംഗലം പടനിലം നരിക്കുനി വഴി എരവണ്ണൂരിലെത്തിയത്. അതത്രയും അവര്‍ക്ക് പ്രണയ വഴികളായിരുന്നു.  പണ്ട് പണ്ട് ചെറുപ്പകാലത്ത് മുക്കത്ത് ജോലിക്ക് പോയപ്പോഴാണ് കണ്ണായിയുടെ സ്‌നേഹാര്‍ദ്രമായ ആദ്യ പുഞ്ചിരി ആന്ത്രാഡിയുടെ ഹൃദയത്തില്‍ മഴവില്ലായി വിരിഞ്ഞത്. ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും ആ മഴവില്ലിന് ഏഴഴകാണ്. സപ്ത വര്‍ണങ്ങളില്‍ അവര്‍ മാനവികതയുടെ പ്രപഞ്ചം ദര്‍ശിക്കുന്നു.

 മക്കളെ സ്‌നേഹിച്ചും ലാളിച്ചും ശാസിച്ചും വളര്‍ത്തുമ്പോള്‍ മക്കളെല്ലാവരും ഇവരുടെ സ്‌നേഹത്തിന്റെ സുതാര്യത കണ്ടറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ  ആന്ത്രാഡിയെയും കണ്ണായിയെയും മക്കള്‍ പൊന്നിന്റെ മേനിയില്‍ തന്നെ സ്‌നേഹത്തോടെ ചേര്‍ത്തു പിടിച്ചിരിക്കുന്നു. ഇന്നിപ്പോള്‍ നാലാം തലമുറയുടെ അമരക്കാരാണ് ആന്ത്രാഡിയും കണ്ണായിയും. മലയുടെ താഴ് വരയില്‍ നിന്ന് ആന്ത്രാഡി മുത്തശ്ശന്‍ കണ്ണായി കൂയ് എന്ന് നീട്ടി വിളിച്ചാല്‍ കണ്‍വെട്ടത്ത് എന്തോ എന്ന മറുപടിയുമായി കണ്ണായി ഓടിയെത്തിയിരുന്നു. ഇന്നും എന്നും ഒരുമിച്ചെ രണ്ടു പേരെയും എരവണ്ണൂരുകാര് കാണാറുള്ളു. 


ആന്ത്രാഡി മുത്തശ്ശന് നൂറു വയസു കഴിഞ്ഞു. മുത്തശ്ശിക്ക് വയസ് 85 ആയെന്ന് തെളിയിക്കുന്ന ചില രേഖകളുണ്ടെന്ന് ദുബായിയില്‍ ജോലി ചെയ്യുന്ന എരവണ്ണൂരുകാരനും ആന്ത്രാഡിയുടെ മക്കളില്‍ ഒരാളുടെ സുഹൃത്തുമായ പ്രകാശന്‍ പുത്തിലത്ത് സാക്ഷ്യപ്പെടുത്തുന്നു. പ്രകാശന്‍ തന്നെയാണ് ഇവരുടെ കഥ നിരവധി ചെറു എപ്പിസോഡുകളായി പറഞ്ഞു തന്ന് എന്നെ അദ്ഭുതപ്പെടുത്തിയത്. പ്രകാശനെ നേരത്തെ റിയാദില്‍ ജോലി ചെയ്തിരുന്ന കാലത്ത് തന്നെ അറിയാമായിരുന്നു. ഇടതുപക്ഷ സഹയാത്രികനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രകാശന്‍ കുറെ നാള്‍ നാട്ടിലായിരുന്നു. പ്രകാശന് എത്ര പറഞ്ഞാലും മതിയാകില്ല ആന്ത്രായി കണ്ണായി പ്രണയ പര്‍വം. 

മൂത്ത മകന്‍ വേലായുധന്റെ പ്രായം അറുപത്തിയഞ്ച്. ഇളയ മകന്‍ രമേശന്റെ കൂടെയാണ് താമസം. മക്കളൊക്കെ അടുത്തടുത്താണ് താമസം. അഞ്ച് വര്‍ഷം മുമ്പ് വരെ തെങ്ങിലും കവുങ്ങിലും ആന്ത്രാഡി അത്യാവശ്യമെങ്കില്‍ തളപ്പിട്ട് കയറുമായിരുന്നു. അധ്വാനിച്ച് മാത്രം ശീലമുള്ള ഈ നാടന്‍ മനുഷ്യന് അടങ്ങിയിരിക്കാന്‍ സാധിക്കില്ലായിരുന്നു. ഇപ്പോഴും ഇരുവര്‍ക്കും നല്ല ആരോഗ്യമാണ്. വയലിലായാലും തൊടിയിലായാലും ഇരുവരും ഒരുമിച്ചെ ജോലിക്ക് പോകുമായിരുന്നുള്ളു. ആന്ത്രാഡി മണ്ണ് കിളക്കുമ്പോള്‍ കണ്ണായി കാട് വെട്ടി തെളിയിച്ചു കൊടുക്കും. കണ്ണായി കൊയ്‌തെടുക്കുന്ന ഞാറുകള്‍ കറ്റയായി കെട്ടി എടുത്തു കൊണ്ടു പോകാന്‍ ആന്ത്രാഡിയുണ്ടാകും. ഇങ്ങനെ പരസ്പര സഹകരണത്തോടെ ജോലിയെടുത്ത് ജീവിച്ച കാലത്തിനോട് ഇരുവര്‍ക്കും നന്ദിയുണ്ട്. നല്ല കാലമെന്നെ ഇരുവരും പറയു. ഇരുവരെയും ഒരമിച്ചെ എരവണ്ണൂരുകാരും പരിസര പ്രദേശത്തുള്ളവരും ജോലിക്ക് വിളിച്ചിരുന്നുള്ളു. ഒരാളെ തനിച്ച് വിളിച്ചാല്‍ വരില്ലെന്ന് വിളിക്കുന്നവര്‍ക്ക് നന്നായിട്ട് അറിയാം. 

ആദ്യ പ്രസവങ്ങള്‍ വീട്ടിലായിരുന്നെങ്കിലും പിന്നെ കണ്ണായിയുടെ പല പ്രസവങ്ങളും ആശുപത്രിയിലായിരുന്നു. ലേബര്‍ റൂമിലേക്ക് കണ്ണായിയെ കയറ്റിയാല്‍ കരക്ക് പിടിച്ചിട്ട മീന്‍ പോലെ ആന്ത്രാഡി ലേബര്‍ റൂമിന്റെ അടച്ചിട്ട വാതിലിനു മുന്നില്‍ ആകെ പരവശനായി നില്‍ക്കുന്ന കാഴ്ച ചില എരവണ്ണൂരുകാര്‍ക്കെങ്കിലും ഓര്‍മയുണ്ട്. ആന്ത്രാഡിക്ക് പനിച്ചാല്‍ കണ്ണായിക്കും പനിക്കും. ജല ദോഷം വന്നാല്‍ ഇരുവര്‍ക്കും വരും. അതായിരുന്നു സ്ഥിതി. ഒരു ചെറു മുണ്ടുടുത്ത് ആരോടും പരിഭവമില്ലാതെ നടന്നു പോകുന്ന ആന്ത്രാഡിയുടെ പഴയകാല ചിത്രത്തിനും ഇന്നും അതേ തിളക്കുമുണ്ട്. അരയില്‍ അന്നും ഇന്നും മുറുക്കാന്‍ പൊതിയും ചെറിയ പേന കത്തിയുണ്ടാകും. ഇതേ കത്തി തന്നെയാണ് പണ്ട് വാഴ ഇല മുറിക്കാന്‍ ഉപയോഗിച്ചിരുന്നത്. താളും വയലിലെ മീനും നാടന്‍ പച്ചക്കറികളുമൊക്കെയായിരുന്നു ഭക്ഷണം. ഇവരുടെ ചെറുപ്പ കാലത്ത് മായം കലര്‍ന്ന ഭക്ഷണമെന്ന കോര്‍പറേറ്റ് തട്ടിപ്പ് ഉണ്ടായിരുന്നില്ല. ഉള്ളതെല്ലാം ജൈവ കൃഷിയായിരുന്നു. ഇന്ന് ജൈവ കൃഷിയും ഫാഷനായി. ഇതൊന്നും ആന്ത്രാഡി അറിയുന്നില്ലെന്ന് ധരിക്കരുത്. എല്ലാറ്റിനെ കുറിച്ചും നല്ല ബോധ്യമുണ്ട്. സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ ആരുടെയും സഹായം ഈ പ്രായത്തിലും ആവശ്യമില്ല.

ഉറക്കെ പറഞ്ഞാല്‍ ഉടഞ്ഞു പോകുന്ന പുതു കാല ദാമ്പത്യങ്ങളുടെ മുന്നിലൂടെ ചെറു ചിരിയുമായി നടന്നു പോകുന്നു ആന്ത്രാഡിയും കണ്ണായിയും. വിവാഹ മോചന വര്‍ത്തകളുടെ പെരുമഴയാണ് ലോകത്തെമ്പാടും. അതിന് ജാതി മത വ്യത്യാസമില്ല. ഈഗോ ക്ലാഷാണ് കാരണമെന്ന് കൗണ്‍സിലിംഗ് നടത്തുന്നവര്‍ പറയുന്നു. വിവാഹമോചന നിരക്ക് കേരളത്തിലും കുറവല്ലെന്ന് മാത്രം നമ്മള്‍ സാധാരണക്കാര്‍ക്ക് അറിയാം. ഏതായാലും ആന്ത്രാഡി മുത്തശ്ശനും കണ്ണായി മുത്തശ്ശിയും ഇതൊന്നും കേട്ടിട്ടില്ല. മാത്രവുമല്ല അവര്‍ ഇതിന്റെയെല്ലാം മറു കരയില്‍ മാതൃകയായി പ്രകാശിക്കുകയാണ്. അലിയാത്ത ചില ആത്മബന്ധങ്ങളുടെയും പൊട്ടാത്ത ദാമ്പത്യ പൊരുത്തത്തിന്റെയും ശിരോ ലിഖിതങ്ങള്‍ തെളിഞ്ഞു കാണുന്നില്ലെ നിങ്ങളിപ്പോള്‍ ? അതാണ് തുടക്കത്തില്‍ തന്നെ പറഞ്ഞത് ആശയകുഴപ്പം വേണ്ട ദിശ തെളിയുമെന്ന്.