ടിയന്തരാവസ്ഥ കഴിഞ്ഞ് അധികം നാളുകളായിട്ടില്ല. പ്രീഡിഗ്രിക്ക് പടിഞ്ഞാറെ വെമ്പല്ലൂര്‍ അസ്മാബി കോളേജിലേക്ക്. ചെറുപ്പം മുതല്‍ ഒരുമിച്ച് പഠിച്ചിരുന്ന അയല്‍ക്കാര്‍ കൂടിയായ നന്ദകുമാര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റിലും അജിത്കുമാര്‍ പുല്ലൂറ്റ് കെ.കെ.ടി.എം കോളേജിലും ഞാന്‍ അസ്മാബിയിലുമായി അങ്ങനെ ചിതറി.  അസ്മാബി അന്ന് ജൂനിയര്‍ കോളേജാണ്. പ്രീ ഡിഗ്രിയുടെ മൂന്ന് ഗ്രൂപ്പുകള്‍ മാത്രം. പരിസരം മനോഹരം. അതിരിട്ടിരിക്കുന്നത് ചൂള മരങ്ങള്‍. കാറ്റാടി മരങ്ങളെന്നും പറയും. കടല്‍ വളരെ അടുത്ത്. ക്ലാസിലിരുന്നാല്‍ ചൂള മരത്തില്‍ കാറ്റടിക്കുന്നതിന്റെ നേര്‍ത്ത ഇരമ്പലും കടലിന്റെ അല്‍പം കൂടി ശബ്ദത്തിലുള്ള ഇരമ്പലും  കേള്‍ക്കാം. കടലും കാറ്റാടിയും എന്ന പ്രയോഗം പ്രതീകാത്മകമായി  അവിടെ ഉണ്ടായിരുന്നു. സൗമ്യരായ വിദ്യാര്‍ഥികള്‍ കാറ്റാടികളും ചെറു പുലികള്‍ കടലുമായിരുന്നു. പലരെയും ഓര്‍മയില്ല. കാലം കടന്നു പോകുമ്പോള്‍ മറവി കടലാഴം പോലെയാണ്. 

സഹപാഠികളില്‍ ഒരാള്‍ എക്കാലത്തും നമ്മുടെ ഹൃദയം തൊട്ടു കൂടെയുണ്ടാകും. സെക്കന്റ് ഗ്രൂപ്പുകാരനായിരുന്ന എന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ഒരേ ബെഞ്ചില്‍ ഇരുന്ന് പഠിച്ചിരുന്ന തളിക്കുളത്തുകാരന്‍ കമറുദ്ദീന്‍ അതായിരുന്നു.  ഹൃദയമര്‍മരങ്ങള്‍  കോര്‍ത്തെടുത്ത  സൗഹൃദം. പടിയത്തെ അബ്ദുല്ല (സംവിധായകന്‍ കമലിന്റെ ഭാര്യാ സഹോദരന്‍) നാസര്‍, റഷീദ്, മുഹമ്മദ് ഇഖ്ബാല്‍ കാക്കശേരി, ജോസഫ് ആന്റണി, ജോസഫ് കനേഷ്യസ് ഡി അല്‍മേഡ, നസറുദ്ദീന്‍, നിസാര്‍ ( സൗദി ഹോളണ്ടി ബാങ്ക് ജീവനക്കാരന്‍ ) ടൈറ്റസ് , ഫാത്തിമയും സീനത്തും (ഇരട്ട സഹോദരിമാരില്‍ ഫാത്തിമ ദീര്‍ഘകാലമായി ഭര്‍ത്താവ്  താഹയോടൊപ്പം മക്കയില്‍ താമസം)  സോണിയ, ജമീലു,ജിഷ, ഉമൈബാന്‍, റംലത്ത് ,നസീമ ,റസിയ ( റസിയയും കുടുംബത്തോടൊപ്പം ജിദ്ദയില്‍ ഉണ്ടായിരുന്നു. ) തുടങ്ങി അഴീക്കോട് എറിയാട് ഭാഗത്ത് നിന്ന് നിരവധി കുട്ടികള്‍ അവിടെ പഠിച്ചിരുന്നു.  

നന്നായി പാട്ടു പാടിയിരുന്ന സുന്ദരനും കലാകാരനുമായിരുന്ന കമറുവിന്റെ സഹോദരനാണ് ഇന്നത്തെ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അക്കു അക്ബര്‍. കമലിന്റെ സംവിധാന സഹായിയായി കൗമാരത്തില്‍ തന്നെ സിനിമ പഠിച്ചവന്‍ അക്കു. കമറുവിന് സിനിമയും സംഗീതവുമൊക്കെ ഹരമായിരുന്നു. അവന്റെ കണ്ണുകള്‍ക്ക് വല്ലാത്ത വശ്യതയും തിളക്കവും ഉണ്ടായിരുന്നു. തികഞ്ഞ ആര്‍ദ്ര ഹൃദയന്‍. പ്രണയാര്‍ദ്രന്‍. ആരുമായും പിണങ്ങില്ല. അഥവാ അവനോട് പിണങ്ങാന്‍ തോന്നില്ലെന്നതാണ് വാസ്തവം. ആരെങ്കിലും ഇനി ദേഷ്യപെട്ടെന്നിരിക്കട്ടെ, കമറു അവന്റെ വിഖ്യാതമായ ചിരി ചിരിക്കും. അങ്ങനെ ചിരിക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ തിളങ്ങും. അതോടെ എതിര്‍ കക്ഷി ഫ്‌ളാറ്റാകും. അല്‍പ സ്വല്‍പം റൊമാന്‍സുണ്ടായിരുന്നു അവന്. ചരിത്രം തന്നെ പറയുന്നത് കണ്ണുകളാണ് ആഗോള കാമുകന്‍മാരുടെ വലിയ മുതല്‍കൂട്ടെന്നാണ്.  

എനിക്കാകട്ടെ ഇടം വലം തിരിയാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു. അടുത്ത ബന്ധുവായ ജമീലു ക്ലാസിലുണ്ട്. ഉഴപ്പിയാല്‍ റിപ്പോര്‍ട്ട് കൊടുത്താലൊ എന്ന സംശയം. എന്റെ ഉമ്മയുടെ ഇളയ സഹോദരന്‍, ഞങ്ങള്‍ കുഞ്ഞാമയെന്ന് വിളിക്കുന്ന ഇസ്മായില്‍ ആ കോളേജില്‍ കുറച്ചു കാലം അധ്യാപകനായിരുന്നു. അതു കൊണ്ട് തന്നെ പല അധ്യാപകര്‍ക്കും എന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞാമ പിന്നെ മലപ്പുറത്തേക്ക് കൂടു മാറി മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ ദീര്‍ഘകാലം ഇംഗ്ലീഷ്് പ്രൊഫസറായി റിട്ടയര്‍ ചെയ്തു. ന്യായീകരിക്കാനാവാത്ത എന്റെ  പ്രവര്‍ത്തി ദോഷം കൊണ്ട് മാത്രം ഞാനുമായി ഇപ്പോള്‍ സുഖത്തിലല്ല. അതേ സമയം എന്റെ കുടുംബത്തെ അദ്ദേഹം സ്‌നേഹം കൊണ്ട്  ആശിര്‍വദിക്കുന്നുണ്ട്.  കുഞ്ഞാമയുടെ സുഹൃത്തുക്കളായിരുന്നു അന്ന് അസ്മാബിയിലെ ഭൂരിപക്ഷം അധ്യാപകരും. പോരാത്തതിന് ബാപ്പയുടെ ബന്ധുവായ ബീക്കുഞ്ഞിത്ത അവിടെ ക്ലാര്‍ക്കായിരുന്നു. ( ഈ അടുത്ത കാലത്ത് മരണപ്പെട്ട നിര്‍മാതാവും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമായിരുന്ന ഷഫീര്‍ സേഠിന്റെ ഉമ്മ)  

സെക്കന്റ് ഗ്രൂപ്പ്  എന്നെ സംബന്ധിച്ചിടത്തോളം  ചവര്‍പ്പുള്ള കഷായമായിരുന്നു. എന്റെ തുടര്‍ വിദ്യാഭ്യാസം ഇഴഞ്ഞു നീങ്ങിയത് ഈ സെക്കന്റ് ഗ്രൂപ്പ് കാരണമാണ്. ഫിസിക്‌സും കെമിസ്ട്രിയും ബോട്ടണിയും സുവോളജിയും ഈ ജന്‍മത്തില്‍ വഴങ്ങില്ലെന്ന് അറിയാമായിരുന്നിട്ടും ബാപ്പാടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് സെക്കന്റ് ഗ്രൂപ്പെടുത്തത്. അദ്ദേഹത്തിന് എന്നെ ഡോക്ടറായി കാണാനായിരുന്നു ആഗ്രഹം. ഞാന്‍ അതു സാധിച്ചു കൊടുത്തില്ലെങ്കിലും എന്റെ രണ്ട് സഹോദരന്‍മാരും ഡോക്ടര്‍മാരായി.( ഡോ.കുഞ്ഞി മൊയ്തീനും ഡോ.ഷഫിയും. ) കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടി സഹോദരി ഷാലിനി. കെമിസ്ട്രിയില്‍ തന്നെ ബിരുദമെടുത്തു രണ്ടാമത്തെ സഹോദരി ഷമി. അങ്ങനെ മറ്റ് മക്കളിലൂടെ ആഗ്രഹിച്ചത് നടന്ന  സംതൃപ്തിയോടെയാണ് പഴയ ഇന്റര്‍മീഡിയറ്റുകാരനും പോസ്റ്റ് മാസ്റ്ററുമായിരുന്നു എന്റെ ബാപ്പ കിണറ്റിങ്ങല്‍ ഉമ്മര്‍കുട്ടി മാഷ് മരിച്ചത്. 

റിക്കാഡ് ബുക്കായിരുന്നു  വലിയ തലവേദന. ചിത്രം വര എനിക്ക് തീരെ വശമില്ല. കമറുവിന് അത് പൂ പറിക്കുന്നതു പോലെ എളുപ്പം. അവന്റെ വസ്ത്രധാരണം മുതല്‍ നടത്തം വരെ സകലതിനും ഒരു പ്രത്യേകതയുണ്ടായിരുന്നു. നീറ്റ് ആന്റ്  ക്ലീന്‍ സ്റ്റൈലിഷ് ലുക്ക് എന്നൊക്കെ പറയാം. എന്റെ റിക്കാഡ് ബുക്കില്‍ ചിത്രങ്ങള്‍ വരച്ചു തന്നിരുന്നത് കൊടുങ്ങല്ലൂരില്‍ ദര്‍ശന സ്റ്റുഡിയൊ നടത്തിയിരുന്ന ജോയി ചേട്ടനായിരുന്നു. കൊടുങ്ങല്ലൂര്‍ക്കാരുടെ സ്വന്തം ജോണ്‍ വൈദ്യരുടെ മകന്‍. തേര്‍ഡ് ഗ്രൂപ്പുകാരോടായിരുന്നു എനിക്ക് അടുപ്പം . ജോസഫ് ആന്റണിയും മുഹമ്മദ് ഇഖ്ബാല്‍ കാക്കശേരിയുമൊക്കെ തേര്‍ഡ് ഗ്രൂപ്പിലെ ഉഗ്ര മൂര്‍ത്തികളായിരുന്നു. തേര്‍ഡ് ഗ്രൂപ്പില്‍ മാത്രമായിരുന്നു അധ്യാപികമാര്‍. ആരിഫ ടീച്ചറും നഫീസ ടീച്ചറും.  മലയാളം എടുത്തിരുന്നത് കഥകളി ഗവേഷകന്‍ കൂടിയായിരുന്ന പ്രൊഫ.അപ്പുക്കുട്ടന്‍. ഇംഗ്ലീഷ് ആര്‍.പി മേനോന്‍ സാര്‍. അദ്ദേഹവുമായി പില്‍ക്കാലത്തും അടുപ്പമുണ്ടായിരുന്നു. അബ്ദുല്‍ഖാദര്‍ സാറായിരുന്നു പ്രിന്‍സിപ്പല്‍. 

പഠനം  കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും കമറുവിനെ കാണുന്നത് അഷറഫ്ക്കാടെ ആസ്പിന്‍ ട്രാവല്‍സില്‍ ജീവനക്കാരനായിട്ടാണ്. അഷറഫ്ക്കയാകട്ടെ എന്നെ ശാസിക്കാനും ശിക്ഷിക്കാനുമൊക്കെ ഞാന്‍ അധികാരം ചാര്‍ത്തി കൊടുത്തിട്ടുള്ള രണ്ട് പേരില്‍ ഒരാളാണ്. എനിക്ക് അവിടെ സ്വാതന്ത്ര്യമുണ്ട്. രാത്രി എട്ടു മണിയോടെ അന്നാളുകളില്‍ കമറു അവന്റെ ചുമന്ന നിറമുള്ള ത്രീ സ്പീഡ് സൈക്കിളില്‍ നഗരത്തിലിറങ്ങും. മിക്ക ദിവസവും കണ്ടു മുട്ടും. അവന്‍ പാടും .കൊടുങ്ങല്ലൂര്‍ കൃഷ്ണന്‍കുട്ടിയും പാടും. ഞാന്‍ കേട്ടിരിക്കും. എനിക്ക് പ്രിയപ്പെട്ട ചില പാട്ടുകള്‍ ഇരുവരെ കൊണ്ടും പാടിക്കുന്നത് ഒരു ഹരമായിരുന്നു.  പിന്നീട് എപ്പോഴൊ ഒരു ചെറു ചിരിയോടെ മൂളിപാട്ടും പാടി ചുമന്ന നിറമുള്ള സൈക്കിളില്‍ അവന്‍ ശലഭം പോലെ പറന്നു പോകുന്നത് ഞാന്‍ കാണുന്നു. അള്ളാഹുവിന്റെ ലിഖിതത്തില്‍  അവനെ കാത്തിരുന്നത് റോഡപകടം. എന്നെന്നേക്കുമായി   അടഞ്ഞു പോയ  അവന്റെ കണ്ണുകള്‍ ഒന്ന് തുറന്നു കാണാന്‍ സാധിക്കുമൊ എന്ന് ഞാന്‍ സ്വയം ചോദിക്കുന്നു , ഒരിക്കല്‍ കൂടി. പരസ്പരം കാണാന്‍ ഒരൊറ്റ നോട്ടം മാത്രം.