മൂടല്‍മഞ്ഞിന് അപ്പുറത്ത് മനസില്‍ സൗഹൃദം നിറച്ച് അയാള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. കാലം മൂടല്‍ മഞ്ഞായി കാഴ്കള്‍ മറച്ചതിനാല്‍ കണ്ടുമുട്ടിയില്ല. ശബ്ദം പോലും കേള്‍ക്കാനായില്ല. പോയ വാരത്തില്‍ മൂന്നര പതിറ്റാണ്ടിനു ശേഷം അങ്ങനെ ഒരു സൗഹൃദം ശബ്ദ സന്ദേശമായി തേടിയെത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. ഓര്‍മകളിലൂടെ അയാള്‍ കൃത്യമായി സഞ്ചരിക്കുകയായിരുന്നു. സ്ഥലം, കാലം ,സന്ദര്‍ഭം, വിഷയം എല്ലാം അയാള്‍ ഓര്‍മിക്കുന്നു. ഇത്രകാലവും അയാള്‍ ആ സൗഹൃദം നെഞ്ചേറ്റി കൊണ്ടു തന്നെ എന്നെ കാണുന്നുണ്ടായിരുന്നു. എന്നാല്‍ നേരിട്ട് ബന്ധപ്പെട്ടില്ല. ഇപ്പോള്‍ ഒരു വാട്സ്ആപ്പ ഗ്രൂപ്പില്‍ (നാടകസ്മ്ൃതി) ഇരുവരും അംഗങ്ങളായി വന്നപ്പോള്‍ അയാള്‍ക്ക് നിശബ്ദനായിരിക്കാന്‍ സാധിച്ചില്ല. ഹൃദയത്തിലേക്ക് നേരിട്ട് കടന്നു ചെല്ലുന്ന ശബ്ദമാണ് അയാളുടേത്. ആരെയും പിടിച്ചു നിര്‍ത്തുന്ന ശബ്ദം. ആകാരവും മോശമല്ല. മധ്യ വയസിന്റെ ഗൗരവം കലര്‍ന്ന പുരുഷ സൗന്ദര്യം. കഷണ്ടിയും കണ്ണടയും. തോളില്‍ തൂങ്ങുന്ന വില കൂടിയ ക്യാമറ. 1982 ല്‍ ആദ്യം കണ്ടു മുട്ടുമ്പോള്‍ അയാള്‍ തീരെ ചെറുപ്പമായിരുന്നു.
കൗമാരത്തിന്റെ പ്രസരിപ്പുമായി എന്റെ കൂടെ ഫോട്ടോ എടുക്കാന്‍ ആവേശത്തോടെ വന്ന വള്ളിവട്ടത്തുകാരന്‍ കമാല്‍ കൊതുവില്‍. കമാല്‍ ഇപ്പോള്‍ യു.എ.ഇ ഒമാന്‍ അതിര്‍ത്തിയിലെ ബുറൈമിയില്‍ സ്റ്റുഡിയോ നടത്തുകയാണ്. ഫോട്ടോഗ്രാഫി തന്നെയാണ് അയാളുടെ ജീവനും ജീവിതവും. 1982 ജൂണിലാണ് എന്റെ ആദ്യ ഫീച്ചര്‍ മാതൃഭൂമി വാരാന്തപതിപ്പില്‍ അച്ചടിച്ചു വരുന്നത്. ഒരു മഴക്കാലത്ത്. ഇരുമ്പുരുക്കുന്ന കൈകള്‍ എന്നായിരുന്നു ശീര്‍ഷകം. മനോഹരമായ ഡിസ്പ്ലെയില്‍ വന്ന ആ ഫീച്ചറിനോടൊപ്പം കൊടുത്തിരുന്ന മൂന്ന് ഫോട്ടോകള്‍ കമാല്‍ എടുത്തതായിരുന്നു. ഞാന്‍ മറന്നു പോയെങ്കിലും കമാല്‍ അത് ഓര്‍മിക്കുന്നു. ഒരു പത്രത്തില്‍ കമാലിന്റെ ഫോട്ടോ അച്ചടിച്ചു വരുന്നതും എന്റെ എഴുത്ത് അച്ചടി മഷി പുരണ്ട് മാതൃഭൂമി വാരാന്തപതിപ്പില്‍ വരുന്നതും അതാദ്യം.
ആ ഫീച്ചര്‍ തയാറാക്കുന്നതിന്റെ ഭാഗമായി ഒരു ഫോട്ടോഗ്രാഫറെ തേടി കൊടുങ്ങല്ലൂര്‍ നാഷണല്‍ സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് സ്റ്റുഡിയോ ഉടമയും സുഹൃത്തുമായ ബജാജ് ചേതക് സ്‌കൂട്ടറുളള ( അന്ന് ചേതക് സ്‌കൂട്ടറിന് വലിയ മതിപ്പാണ്) ഇഖ്ബാല്‍ കമാലെന്ന ട്രെയിനിയെ പറഞ്ഞു വിടുന്നത്. സംഗതി സൗജന്യ സേവനമാണ്. അതുകൊണ്ടു തന്നെ ഇഖ്ബാല്‍ തന്നെ കൂടെ വരണമെന്നൊന്നും പറയാനാവില്ല. ഇഖ്ബാല്‍ അന്ന് കൊടുങ്ങല്ലൂരിലെ ഏറ്റവും തിരക്കുള്ള ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായിരുന്നു.
ദര്‍ശന സ്റ്റുഡിയോയിലെ കെ.ജെ ജോയിയായിരുന്നു തിരക്കുള്ള മറ്റൊരാള്‍. രണ്ടു പേരും അന്നത്തെ യുവ സുന്ദരന്‍മാരായ ഫോട്ടോഗ്രാഫര്‍മാരായിരുന്നു. കലാ സ്റ്റുഡിയോ മനോഹരനും ഇക്കാലത്തു ശ്രദ്ധേയനായിരുന്നു. മനോഹരനും ചേതക് സ്‌കൂട്ടറുണ്ടായിരുന്നു. അധികം സംസാരിക്കാത്ത ഒരു ഫോട്ടോഗ്രാഫര്‍ കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്നു. കൃഷ്ണ കുമാര്‍. കൃഷ്ണകുമാറിന്റെ ഫോര്‍ട് സ്റ്റുഡിയോ ബുദ്ധിജീവികളുടെ സംഗമ കേന്ദ്രം കൂടിയായിരുന്നു. എഴുത്തുകാരും കവികളും പുരോഗമന ചിന്താധാരയുടെ വക്താക്കളുമൊക്കെ ഏതാണ്ട് സ്ഥിരമായി അവിടെ വരുമായിരുന്നു.
ഫോര്‍ടില്‍ ജോലി ചെയ്തിരുന്ന ജെയിംസും എനിക്കു വേണ്ടി ഫോട്ടോയെടുത്തിട്ടുണ്ട്. വേറിട്ട പാതയിലൂടെ സഞ്ചരിച്ച പ്രതിഭാശാലികളായ ഫോട്ടോഗ്രാഫര്‍മാരായിരുന്നു കൃഷ്ണകുമാറും വിന്‍സന്റും. കൃഷ്ണകുമാര്‍ എടുത്ത മനോഹരമായ ഒരു ചിത്രം ബാല്യത്തിന്റെ കഴുമരങ്ങള്‍ എന്ന പേരില്‍ അക്കാലത്ത് മാതൃഭൂമിയില്‍ എഴുതിയ ഫീച്ചറിനോടൊപ്പം കൊടുത്തിരുന്നു. രാജന്‍ പൊതുവാളിനൊക്കെ കൃഷ്ണകുമാറിനെ അടുത്തറിയാമായിരുന്നു. നിരവധി ഫോട്ടോഗ്രാഫി എക്സിബിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട് കൃഷ്ണകുമാര്‍. നല്ല ചിത്രകാരനും വായനക്കാരനുമായിരുന്ന കൃഷ്ണകുമാര്‍ കൊടുങ്ങല്ലൂര്‍ ഭരണി നാളുകളില്‍ അശ്വതി സന്ധ്യയിലെ കാവുതീണ്ടലിന്റെ അവിസ്മരണിയ ചിത്രങ്ങളെടുത്തിട്ടുണ്ട് . ഇപ്പോള്‍ ജവിച്ചിരിപ്പില്ല.
ജെല്ലിക്കെട്ടിനെ ചിത്രങ്ങളിലൂടെ മലയാളിക്ക് പരിചയപ്പെടുത്തിയ ഫോട്ടോഗ്രാഫര്‍മാരില്‍ ശ്രദ്ധേയനായിരുന്ന കൊടുങ്ങല്ലൂരിന്റെ സ്വന്തം വിന്‍സന്റിന് വലിയ ശിക്ഷ്യവലയം ഉണ്ടായിരുന്നു. ഇക്കാലത്തു തന്നെ എറിയാടു നിന്ന് കൊടുങ്ങല്ലൂരിലെത്തിയ ഹാഷിം ഹാറൂണ്‍ പില്‍ക്കാലത്ത് പ്രശസ്തനായ ഫോട്ടോഗ്രാഫറായി മാറി. ഹാഷിമിന്റെ ഫോട്ടോഗ്രാഫി മേഖലയിലെ സംഭാവനകളുടെ വലിയ കളക്ഷന്‍സ് തന്നെയുണ്ട്. കെ.ജെ. ജോയി കൊടുങ്ങല്ലൂര്‍ വിട്ട് മൂവാറ്റുപുഴയിലേക്ക് പോയി. കൊടുങ്ങല്ലൂരിന്റെ പ്രിയപ്പെട്ട ജോണ്‍ വൈദ്യരുടെ മകനാണ് ജോയി. അദ്ദേഹത്തിന്റെ മൂത്ത സഹോദരനും സംസ്ഥാന അത്ലറ്റിക് കോച്ചുമായിരുന്ന കെ.ജെ. പ്രിന്‍സ് ( പ്രിന്‍സേട്ടന്‍) ഇടക്കിടെ ഇപ്പോഴും ബന്ധപ്പെടാറുണ്ട്. മനോഹരനെ കണ്ടിട്ട് രണ്ടര പതിറ്റാണ്ടായി. എവിടെയാണെന്ന് അറിയില്ല. എന്റെ വിവാഹത്തിനു ഫോട്ടോയും വീഡിയോയും എല്ലാം ചെയ്തത് മനോഹരനായിരുന്നു. നാഷണല്‍ സ്റ്റുഡിയോ ഇഖ്ബാലിനെ മൂന്ന് പതിറ്റാണ്ടിനു ശേഷം കഴിഞ്ഞ ദിവസം കമാല്‍ തന്ന നമ്പറില്‍ ബന്ധപ്പെട്ടു. ഇഖ്ബാലിന്റെ സഹോദരന്‍ അക്ബറിനെ ഞാന്‍ ഇടക്ക് കണ്ടിരുന്നു.
1982 ലെ ആ സായാഹ്നത്തില്‍ അങ്ങനെ കമാലും ഞാനും കുറെ ദൂരം നടന്ന് കാവില്‍കടവ് ഭാഗത്ത് ഇരുമ്പു പണിക്കാരുടെ ആലകള്‍ തേടി നടന്നതാണ് 1982 റീ ലോഡഡ് ആകുന്ന യഥാര്‍ഥ കഥ. ആചാരപരമായ കാരണങ്ങളാല്‍ പലരും തൊഴില്‍ ചെയ്യുന്ന ഫോട്ടെയുക്കാന്‍ സമ്മതിച്ചില്ല. സെല്‍ഫികളുടെ ഇക്കാലത്ത് ഇതു പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല. മണിക്കൂറുകള്‍ക്ക് ശേഷം ഒടുവില്‍ ഒരു ആലയിലെ പണിക്കാര്‍ സമ്മതം തന്നു. കറുപ്പിലും വെളുപ്പിലും മനോഹര ചിത്രങ്ങള്‍. നാലു ക്ലിക്ക് മാത്രം. ഇന്നത്തെ പോലെ ഡിജിറ്റല്‍ യുഗമല്ല. നൂറു കണക്കിന് ക്ലിക്ക് ചെയ്യാനാവില്ല. പുറപ്പെടുമ്പോള്‍ തന്നെ ഇഖ്ബാല്‍ പറഞ്ഞിരുന്നു., മൂന്നെണ്ണം. അത് ശ്രദ്ധിച്ച് എടുത്തോ. കമാല്‍ തല കുലുക്കി. പോകുന്ന വഴിക്ക് പറഞ്ഞു, മൂന്നിനു പകരം നാലെടുക്കാം. ഒരു വ്യത്യസ്ത പോസ് മനസിലുണ്ട്.
തീരെ ചെറിയ പയ്യനാണ് കമാല്‍. അന്നേ നാടകവുമായി കമാലിനു ബന്ധമുണ്ട്. അമേച്വര്‍ നാടകങ്ങളിലൊക്കെ അഭിനയിക്കും. കലാകാരനാവുക. നല്ല നടനാവുക. നല്ല ഫോട്ടോഗ്രാഫറാവുക. ഇതെക്കൊയെയായിരുന്നു മോഹങ്ങള്‍. പോകുമ്പോഴും തിരികെ വരുമ്പോഴും കമാല്‍ അയാളുടെ ആഗ്രഹങ്ങള്‍ പറഞ്ഞു. എഴുതാന്‍ പോകുന്ന ഫീച്ചറിനെ കുറിച്ച ആലോചിച്ചു നടന്നതു കൊണ്ട് അയാളുടെ വര്‍ത്തമാനം പകുതിയും കേട്ടില്ലെന്ന് പറയുന്നതാവും ശരി. അന്നു കണ്ട് പിരിഞ്ഞതാണ് കമാലിനെ. പിന്നീട് ഫീച്ചറുകള്‍ക്ക് വേണ്ടി ചിത്രങ്ങളെടുത്തിട്ടുള്ളത് ഇഖ്ബാലിന്റെ സഹോദരന്‍ അക്ബറും ഹാഷിം ഹാറൂണുമാണ്. പക്ഷെ ആദ്യ ഫീച്ചറിനു ഫോട്ടെയുടുത്തയാളെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തേണ്ടതായിരുന്നു. അന്വേഷിച്ചില്ല. അതു കൊണ്ട് തന്നെ കണ്ടെത്തിയില്ല. കമാലാകട്ടെ കൊടുങ്ങല്ലൂര്‍ വിട്ട് മതിലകത്ത് കുറച്ചു കാലം സിയോണ്‍ സ്റ്റുഡിയോ നടത്തി.
അതിനു ശേഷം ശരാശരി മലയാളിയുടെ അനിവാര്യ നിയോഗം പോലെ പ്രവാസം വരിച്ച് സൗദിയിലെ ദമാമിലെത്തി. ദമാമില്‍ നിന്ന് യു.എ.ഇ യിലേക്ക്. പിന്നെ അതു വഴി മസ്‌കറ്റിലേക്ക്. 1979 ല്‍ ശ്രീനാരയണപുരത്തെ ചിത്രാ സ്റ്റുഡിയോയില്‍ നിന്ന് തുടങ്ങിയ ക്യാമറയുമായുള്ള ചങ്ങാത്തം പ്രവാസത്തിന്റെ യാത്രയിലുടനീളം കമാലിനോടൊപ്പം ഉണ്ടായിരുന്നു. ഇപ്പോഴും കമാല്‍ സ്റ്റുഡിയോ നടത്തുന്നു. അതോടൊപ്പം ബുറൈമ സര്‍വകലാശാലക്ക് വേണ്ടി വര്‍ഷങ്ങളായി ചിത്രങ്ങളെടുക്കുന്നു. സര്‍വകലാശാലയുടെ ഒേtuദ്യാഗിക ഫോട്ടോഗ്രാഫറാണ് കമാല്‍. അയാളുടെ ചുമലില്‍ എക്കാലത്തും ക്യാമറയുണ്ടായിരുന്നു. കാഴ്ചകളിലെല്ലാം അയാള്‍ വ്യത്യസ്ത ആംഗിളുകള്‍ കണ്ടു. പലതും പകര്‍ത്തി. അദ്ഭുതങ്ങള്‍ കാത്തു വെച്ചിരിക്കുന്ന മരുഭൂമിയും മരുഭൂമിയിലെ കൃഷിയിടങ്ങളും മാത്രമല്ല നാട്ടിലെത്തിയാലും അയാള്‍ ക്യാമറയുമായി നടന്നു. ഭാര്യ താഹിറ. മക്കള്‍ സിയാന യാസിര്‍, മുഹമ്മദ് റോഷന്‍, റിസ്വാന. എണ്ണിയാല്‍ തീരാത്ത ചിത്രങ്ങള്‍ പതിഞ്ഞ മനസുമായി കമാല്‍ യാത്ര തുടരുകയാണ്