നടന്നും ഓടിയും ആകാശ യാനത്തില്‍ പറന്നും നടത്തുന്ന  എല്ലാ  യാത്രകളും ഒടുവില്‍ ചെന്നെത്തുന്നത് മരണത്തിലാണ്. അതാകട്ടെ അനിവാര്യതയുടെ കാര്‍ക്കശ്യവും. എല്ലാ മനുഷ്യരും ജീവിക്കുന്നു. മരിക്കുന്നു.  കര്‍മ പഥങ്ങളുടെ വഴിത്താരകളിലെ അടയാളപ്പെടുത്തലുകളിലൂടെയാണ് മരാണാനന്തരം ഒരാള്‍ ഓര്‍മിക്കപ്പെടുകയെന്ന് സാമാന്യാര്‍ഥത്തില്‍ പറയാം. അങ്ങനെ പറയല്‍ എളുപ്പവുമാണ്. തെറ്റിപോകുന്ന വഴികളും അതിജീവനത്തിന്റെ പോരാട്ടങ്ങളും ജീവനത്തിന്റെ ആയാസങ്ങളും ഓരോ ജന്‍മങ്ങളെയും പിന്തുടരുന്നുണ്ട്. അത് പല രീതിയിലാണെന്ന് മാത്രം. മതിലകം പുതിയകാവിലെ കാക്കശേരി അഹമ്മദ് കബീറിനെ പോലെ ചിലര്‍ തങ്ങളുടെ ജീവിതത്തെ സഹജീവികളുടെ ജീവിതവുമായി ഇഴയടുപ്പിച്ച് നിര്‍ത്തും.

 സ്നേഹവും കാരുണ്യവും ഇഛാശക്തിയും ഇടകലരുന്ന ജീവകാരുണ്യ മന്ത്രങ്ങളുമായി അവര്‍  ജീവിതം ധന്യമാക്കും. മരണാനന്തരം അവര്‍ക്കുള്ള സ്മരണാജ്ഞലിയാണ് അയാളെ കുറിച്ച് നല്ലതെ പറയാനുള്ളുവെന്ന ജീവിച്ചിരിക്കുന്നവരുടെ വാക്ക്. ഈ വാക്കാകട്ടെ ജീവിച്ചിരിക്കുന്നവര്‍ക്ക് പ്രചോദനവുമാണ്. കബീറിന്റെ മരണത്തിന് ദാര്‍ശനികമായ ഒരു തലമുണ്ട്. പുതിയകാവ് മസ്ജിദ് ഖബര്‍സ്ഥാനിലെ പുല്ലും ചെടികളും കാടും വെട്ടി തെളിക്കാന്‍ സുഹൃത്തുക്കളോടൊപ്പം പുലര്‍ച്ചെ ഇറങ്ങിയതായിരുന്നു കബീറെന്ന നാട്ടുകാരുടെ കെബിക്ക. 

അവിടെ ജോലികള്‍ പുരോഗമിക്കുന്നതിനിടെ കബീറിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നു. സുഹൃത്തുക്കള്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു. വഴിയില്‍ വെച്ചു തന്നെ മരണം സംഭവിക്കുന്നു. ആശുപത്രിയിലേക്ക് പോകണ്ട. വീട്ടിലെത്തിയാല്‍ മതിയെന്ന് കബീര്‍ സുഹൃത്തുക്കളോട് പറഞ്ഞത് മരണത്തിന്റെ വിളി കേട്ടിരുന്നതു കൊണ്ടാണോ ? എവിടേക്കാണോ അന്ത്യ വിശ്രമത്തിനായി ചെന്നെത്തേണ്ടതെന്ന്  അറിയാവുന്ന ഇടം വൃത്തിയാക്കി വെക്കാനും മണിക്കൂറുകള്‍ക്കം താന്‍ ഇവിടെ എത്താനുള്ളതാണെന്നും അന്നു പുലര്‍ച്ചെ കബീറിനു തോന്നിയിരിക്കുമോ ?  അതു കൊണ്ടായിരിക്കുമോ മഹല്ല് കമ്മിറ്റി പ്രസിഡന്റ് വി.എച്ച് സെയ്ദുമുഹമ്മദ് ആവശ്യപ്പെട്ട ഉടനെ പല തിരക്കുകള്‍ മാറ്റി വെച്ച് കബീര്‍ അങ്ങനെയാരു സേവന പ്രവര്‍ത്തനത്തിനായി ഇറങ്ങി തിരിച്ചത് ? ആരോടും യാത്ര മൊഴി പറയാതെയുള്ളൊരു തിരിച്ചു പോക്ക്. മനുഷ്യന് അജ്ഞാതമായ കാര്യ കാരണങ്ങളുടെ ഒരു അധ്യായമാണ് അത്. വായിച്ചു തീരാത്ത ഒരു അധ്യായം. സഹോദരന്‍ ഇഖ്ബാല്‍ കാക്കശേരി എന്റെ അടുത്ത സുഹൃത്താണെങ്കിലും കബീറിനെ ഒന്നോ രണ്ടോ തണയെ കണ്ടിട്ടുള്ളു. 

എപ്പോഴും കബീര്‍ തിരക്കിലായിരുന്നു. കബീറിനെ ആദ്യം പരിചയപ്പെടുത്തിയത് പി.പി.ഇസ്മായില്‍ മാഷുടെ മകന്‍ നജീബാണെന്നാണ് ഓര്‍മ. പിന്നീട് ഒരിക്കല്‍ കൂടി കണ്ടു. അതും വര്‍ഷങ്ങള്‍ക്ക് മുമ്പ്. അറിയാതെ പോയ ഒരു ജീവിതത്തെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും സഹ പ്രവര്‍ത്തകരുടെയും സഹോദരന്‍മാരുടെയും മറ്റ് ബന്ധുക്കളുടെയും കുറിപ്പുകളിലൂടെ വായിച്ചെടുക്കുപ്പോള്‍ ഒരു സുകൃത ജന്‍മം ഞാന്‍ അറിയുന്നു.  സി.കെ വളവിലെ സൗഹൃദ റോഡ് ഇനി മുതല്‍ അഹമ്മദ് കബീര്‍ റോഡ് എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന വിവരം ഇഖ്ബാല്‍ അറിയിച്ചിട്ടുണ്ട്. സി.കെ വളവ് പൗരാവലി ഉടനെ പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ (ഓര്‍മകളില്‍ കെബി) കാര്യം കബീറിന്റെ ദുബായിലുള്ള  അടുത്ത ബന്ധു യൂസഫ് സഖീറും പറഞ്ഞു. 1995 മുതല്‍ കബീറുമായുള്ള സൗഹൃദ ബന്ധത്തെ കുറിച്ച് പുതിയകാവ് വെസ്റ്റ് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.അന്‍സാര്‍ എഴുതിയ കുറിപ്പില്‍ കബീറിന്റെ പൊതു പ്രവര്‍ത്തനം വിവരിച്ചിട്ടുണ്ട്. 

വ്യവസ്ഥാപിത വിദ്യഭ്യാസം കാര്യമായി ഇല്ലാതിരുന്ന കബീര്‍ അനുഭവങ്ങളുടെ സര്‍വകാലാശയില്‍ നിന്ന് ബിരുദമെടുത്തയാളാണ്. ഇടതുപക്ഷ സഹയാത്രികനായിരുന്നു. രാപകല്‍ നാട്ടുകാര്‍ക്കു വേണ്ടി ജീവിച്ച ഒരു മനുഷ്യന്‍. കൊടുങ്ങല്ലൂരിനടുത്ത് മതിലകം പുതിയകാവിലെ കാക്കശേരി കബീറെന്ന കെബിക്കയുടെ സ്നേഹം തൊട്ടറിയാത്തവര്‍ ഈ പ്രദേശത്തുണ്ടാവില്ല. പഞ്ചായത്തു മെമ്പറായിരുന്നപ്പോഴും അല്ലാത്തപ്പോഴും നാട്ടുകാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിസ്വാര്‍ഥമായി അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍. സര്‍ക്കാര്‍ ആനുകൂല്യങ്ങളെ കുറിച്ച് അധികമൊന്നും ധാരണയില്ലാത്ത സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ ബോധവല്‍ക്കരിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു കബീര്‍. 

അവര്‍ക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നേടി കൊടുക്കാന്‍ കബീര്‍ അവരോടൊപ്പം അധികാര കേന്ദ്രങ്ങളില്‍ കയറി ഇറങ്ങി. പൊതു പ്രവര്‍ത്തനം ഉപരിപ്ലവമായി നടത്തേണ്ട ഒന്നല്ലെന്നും അതിന് ചില ധര്‍മങ്ങളുണ്ടെന്നും ഈ സാമൂഹ്യ പ്രവര്‍ത്തകന്‍ തിരിച്ചറിഞ്ഞിരുന്നു. അതു കൊണ്ട് തന്നെയാണ് കബീര്‍ ജനകിയനായത്.  റോഡിനും സ്‌കൂളിനും ലൈബ്രറിക്കും മറ്റ് പൊതു വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി അധികാരമുള്ളവന്റെ പടിവാതില്‍ക്കല്‍ നിരന്തരം കാത്തു നിന്ന് കാര്യം സാധിച്ചിരുന്ന കബീര്‍ ഏറ്റെടുക്കുന്ന കാര്യം പൂര്‍ത്തിയാക്കാതെ വിശ്രമിച്ചിരുന്നില്ല. മൂന്ന് പതിറ്റാണ്ട് മുമ്പ് മുസ്ലിം ക്ഷേമ നിധി എന്ന പേരില്‍ തുടങ്ങിയ ജീവകാരുണ്യ സംഘടനയുടെ അമരക്കാരനായാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 2005 ലാണ് നാലാം വാര്‍ഡ് മെംബറാകുന്നത്. പിന്നീട് 2015 ല്‍ ഒരു ടേമില്‍ കൂടി മെംബറായി. രണ്ട് ഘട്ടങ്ങളിലും കബീറിയന്‍ പ്രവര്‍ത്തന ശൈലി ജനം തൊട്ടറിഞ്ഞു. വിശക്കുന്നവനെ തേടി ഭക്ഷണ പാക്കറ്റുകളുമായി പോകുന്ന കബീറിനെയും പുതിയകാവുകാര്‍ക്ക് അറിയാം. വിവാഹ വീടുകളില്‍ നേരത്തെ തന്നെ കൂടുതല്‍ ഭക്ഷണമുണ്ടാക്കാന്‍ കബീര്‍ ആവശ്യപ്പെടും. സന്തോഷപൂര്‍വം ഈ ആവശ്യം അവര്‍ നിറവേറ്റി കൊടുക്കും. മിക്കതും വിവാഹ തലേന്നായിരിക്കും ഇത്. കബീര്‍ തന്നെ നേരിട്ട് ഭക്ഷണം പാത്രങ്ങളിലാക്കി വിദൂര പ്രദേശങ്ങളിലേക്ക് പോകും. കൊടുങ്ങല്ലൂരിന്റെ തീര ദേശങ്ങളില്‍ എത്ര പാതിരയായാലും കബീര്‍ ഭക്ഷണം എത്തിച്ചു കൊടുത്തിരുന്നു. രാത്രി വൈകി ചെല്ലുന്ന കബീര്‍ വിശക്കുന്നവനെ ഉണര്‍ത്തി ഭക്ഷണം നല്‍കിയിരുന്നു. കലാ, കായിക രംഗങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക മാത്രമല്ല എല്ലാ വേദികളിലും സജീവമായിരുന്നു. പരിസരത്തെ സ്‌കൂളുകളില്‍ നടക്കുന്ന കലോത്സവങ്ങളുടെ നടത്തിപ്പിന് സഹായവുമായി കബീര്‍ എത്തുമായിരുന്നു. 

എം.എല്‍.എ ഫണ്ടില്‍ നിന്നായാലും ജില്ലാ പഞ്ചായത്തില്‍ നിന്നായാലും വാര്‍ഡിലെ വികസനത്തിന് ഫണ്ട് ആവശ്യം വന്നാല്‍ കബീര്‍ അത് നേടിയെടുക്കും. പുതിയകാവ് മതിലകം ഭാഗത്തെ എല്ലാ വഴികളും കബീര്‍ അക്ഷരാര്‍ഥത്തില്‍ നടന്നു തീര്‍ത്തിട്ടുണ്ട്.  സൈക്കിള്‍ പോലും ഉപയോഗിച്ചിരുന്നില്ല. അവിടെ താമസിക്കുന്നവരെയെല്ലാം കബീറിന് നേരിട്ട് അറിയാമായിരുന്നു. പഞ്ചായത്ത് മെമ്പറായിരുന്ന കാലത്ത് കേരളത്തില്‍ ഒരു തദ്ദേശ ജനപ്രതിനിധിക്കും സാധിക്കാത്ത കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് കബീര്‍. അസൂയാര്‍ഹമായ നേട്ടങ്ങള്‍. കബീറിന്റെ  പ്രവര്‍ത്തനങ്ങള്‍ പിന്തുടരാന്‍ മറ്റ് മെംബര്‍മാരും നിര്‍ബന്ധിതരാകുന്ന അവസ്ഥ കബീര്‍ സൃഷ്ടിച്ചു. 

വെറും ഒരു പഞ്ചായത്തു മെംബറായിരുന്നില്ല കബീര്‍. വേറിട്ട പഞ്ചായത്തു മെമ്പറായിരുന്നു .  പഞ്ചായത്ത് മെമ്പര്‍മാരുടെ ജീവ ചരിത്ര കുറിപ്പില്‍ തിളക്കമാര്‍ന്ന ഒരു അടയാളപ്പെടുത്തല്‍. ആ മനസില്‍ ദേഷ്യമോ പകയോ ഉണ്ടായിരുന്നില്ല. നിഷ്‌കളങ്കനായ ഒരാള്‍ക്ക് ഏതു സഹ ജീവിയോടും എങ്ങനെയുള്ള സന്ദര്‍ഭങ്ങളിലും ഉള്ളു തുറന്നു സംസാരിക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയുണ്ട്. സ്വാഭാവികമായും മനുഷ്യന്‍ എന്ന നിലയില്‍ കബീറിനും സ്വകാര്യ വേദനകള്‍ ഉണ്ടായിരുന്നുവെന്ന് അടുത്തറിയുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. അത് പക്ഷെ അദ്ദേഹം മറി കടന്നിരുന്നു. സമഭാവനയോടെ മനുഷ്യനെയും അവന്റെ പ്രശ്നങ്ങളെയും സമീപിക്കാന്‍ കബീറിന് സാധിച്ചിരുന്നുവെന്നതിന്റെ തെളിവാണ് മരണാനന്തരം നാടിന്റെ മുക്കിലും മൂലയിലും നടന്ന അനുശോചന യോഗങ്ങള്‍. ഈ അടുത്ത കാലത്തൊന്നും പുതിയകാവ് മതിലകം പരിസരങ്ങളില്‍ , പൊതുവെ മണപ്പുറം ഭാഗത്ത് ഇത്രയധികം അനുശോചന യോഗങ്ങള്‍ നടന്ന മരണമില്ല. പൊതു പ്രവര്‍ത്തനത്തിന്റെ ഭാഗമായല്ലാതെ തന്നെ കബീര്‍ പലരെയും വ്യക്തിപരമായും സ്പോണ്‍സര്‍ഷിപ്പ് നേടി കൊടുത്തും പഠനത്തിനും മറ്റും സഹായിച്ചിരുന്ന കാര്യം മരണശേഷമാണ് പുറംലോകം അറിയുന്നത്. തന്റെ പ്രവര്‍ത്തനങ്ങള്‍ വിളംബരപ്പെടുത്തുന്ന ചെറിയവനായിരുന്നില്ല കബീര്‍.  മനസിന്റെ വലുപ്പം കൊണ്ട് സഹജീവികളെ തന്നിലേക്ക് അടുപ്പിച്ച ഒരാളായിരുന്നു കബീര്‍. അതു കൊണ്ട് തന്നെ ഭൗതികമായി കബീര്‍ വിട പറഞ്ഞെങ്കിലും ഒരു പ്രദേശത്തിന്റെ ഓര്‍മകളില്‍ നിന്ന് കബീര്‍ മാഞ്ഞു പോകില്ല.