അസമിലെ ഹരിതാഭമായ തേയില തോട്ടങ്ങളില്‍ നിന്ന് ഓസ്‌കാര്‍ വേദിയിലേക്ക് ( അക്കാദമി അവാര്‍ഡ്) എത്ര ദൂരമെന്ന് ചോദിച്ചാല്‍ അധികമാര്‍ക്കും അറിയാത്ത ഒരു ഉത്തരം ലഭിക്കും. അതാണ് ജൂലി ഫ്രാന്‍സിസ് ക്രിസ്റ്റി. ഏഷ്യയിലെ ആദ്യത്തെ തേയില മരം നട്ട അസമിലെ ചബുവയില്‍ ഫ്രാങ്ക് സെന്റ് ജോണ്‍ ക്രിസ്റ്റിയുടെയും റോസ് മേരിയുടെയും മകളായി  1940 ല്‍ ജനിച്ച ജൂലി ക്രിസ്റ്റിയുടെ ജന്‍മ ദേശം ബ്രിട്ടീഷ് ഇന്ത്യയിലെ അസമാണെന്ന് ചലച്ചിത്ര പ്രണയികളില്‍ ഭൂരിപക്ഷത്തിനും അറിയില്ലെങ്കിലും ജൂലി ക്രിസ്റ്റിയെന്ന നടി അവര്‍ക്ക് ഏറെ പ്രിയംങ്കരിയാണ്.  ബ്രിട്ടീഷ് ഇന്ത്യയിലെ പ്ലാന്ററായിരുന്നു പിതാവ്. ജൂലിയുടെ കുട്ടിക്കാലത്ത് തന്നെ പിതാവും മാതാവും വേര്‍ പിരിഞ്ഞിരുന്നു. ഇംഗ്ലണ്ടിലും ഫ്രാന്‍സിലുമായി വിദ്യഭ്യാസം . മാതാവിന്റെ കൂടെയായിരുന്നു താമസം. 

അറുപതുകളിലും എഴുപതുകളിലും ഹോളിവുഡിലും അമേരിക്കന്‍ സിനിമയിലും നിറഞ്ഞു നിന്ന താര സുന്ദരി. ബ്രിട്ടീഷ് നടിയായാണ് അറിയപ്പെടുന്നത്.  പിതാവിന് തേയില തോട്ടത്തില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ സ്ത്രീയില്‍ പിറന്ന ഒരു പെണ്‍കുട്ടി കൂടിയുണ്ടായിരുന്നു. ജൂണ്‍ എന്നായിരുന്നു അവരുടെ പേര്. 2005 ല്‍ മരണപ്പെടുന്നതു വരെ തന്റെ പ്രശസ്തയായ സഹോദരിയെ കുറിച്ച് ജൂണ്‍ അധികമാരോടും വെളിപ്പെടുത്തിയിരുന്നില്ല. ഇവരുടെ മരണ ശേഷം ബ്രിട്ടീഷ് പത്രങ്ങളാണ് ഇക്കാര്യം പുറത്തു വിട്ടത്. ജൂലിയുടെ മതാവായിരുന്ന റോസ് മേരിയെ വിവാഹം കഴിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യന്‍ പ്രണയ ബന്ധത്തില്‍ ജൂണ്‍ ജനിച്ചിരുന്നു. ജൂലി ക്രിസ്റ്റിക്ക് ഒരു സഹോദരനുണ്ട്. ജൂണ്‍ അര്‍ധ സഹോദരിയാണ്. ജൂലി ക്രിസ്റ്റി ദീര്‍ഘകാലമായി യു.കെ വിട്ട് യു.എസ്.എയിലാണ് താമസം.  

അസമില്‍ ദേശിയ പൗരത്വ രജിസ്റ്ററും പൗരത്വം തെളിയിക്കാനുള്ള മനുഷ്യരുടെ നെട്ടോട്ടവും തുടരുന്നതിനിടെ ജൂലി ക്രിസ്റ്റിയെന്ന വിഖ്യാത നടിയുടെ ജന്‍മദേശം ശ്രദ്ധയില്‍ പെട്ടപ്പോള്‍ കൗതുകം തോന്നി. ഇന്ന് 79 വയസുള്ള ജൂലി ക്രിസ്റ്റിയെന്ന എക്കലത്തെയും മികച്ച നടികളില്‍ ഒരാളും അസമിലെ പൗരത്വ വിഷയങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടാകുമെന്ന് ഒരു തോന്നല്‍. 

 മനുഷ്യന്‍ രേഖകളില്‍ മാത്രം ജീവിക്കുന്ന വല്ലാത്ത ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. പലായനം ചെയ്യുന്ന കോടിക്കണക്കിന് മനുഷ്യരുടെ ലോകം. ഉഗാണ്ടയില്‍ മാത്രം ഇരുപതു ലക്ഷം അനാഥ കുഞ്ഞുങ്ങള്‍. ഫലസ്തീനില്‍ നിന്നും സിറിയയില്‍ നിന്നും യെമനില്‍ നിന്നും നിരന്തരം നടക്കുന്ന പലായനങ്ങള്‍. ജൂലി ക്രിസ്റ്റി ഫലസ്തീന്‍ വിഷയത്തില്‍ സജീവമായി ഇടപെടുന്ന പ്രമുഖ വനിതയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. നിരവധി സന്നദ്ധ സംഘടനകളില്‍ ഈ 79 ാം വയസിലും സജീവ സാന്നിധ്യം. 

അഭിനയത്തിന്റെ നാള്‍ വഴികളില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള 1965 ലെ അക്കാദമി അവാര്‍ഡ് ജേതാവാണ് ജൂലി ക്രസ്റ്റി.  ഡോക്ടര്‍ ഷിവാഗോയിലെ ലാറ ആന്റിപോവയെന്ന കാമുകി. ഒമര്‍ ഷരീഫിനോടൊപ്പം മത്സരിച്ച് അഭിനയിച്ച താരം. വെറുതെ  ഒരു അലങ്കാരത്തിന് താര പരിവേഷം ചാര്‍ത്തി കൊടുത്തതല്ല ഹോളിവുഡ് ജൂലി ക്രിസ്റ്റിക്ക്.  അവര്‍ അത് അര്‍ഹിച്ചിരുന്നു.  ഇരുപതാം നൂറ്റാണ്ടിലെ മികച്ച നൂറു ഹോളിവുഡ് ചിത്രങ്ങളില്‍ ജൂലി ക്രിസ്റ്റി അഭിനയിച്ച ആറു ചിത്രങ്ങളുണ്ടെന്ന് മനസിലാക്കുമ്പോഴാണ് ഈ നടിയുടെ നടന വൈഭവം നമ്മെ വിസ്മയിപ്പിക്കുന്നത്.

ലേഡി സൂപ്പര്‍ സ്റ്റാറെന്നൊക്കെയുള്ള വാക്കുകള്‍ മലയാളത്തിലെ ചില നായിക നടിമാരുടെ കാര്യത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നവര്‍ ഡോക്ടര്‍ ഷിവാഗൊയെങ്കിലും ഒരു പ്രാവശ്യം കാണണം. നൈസര്‍ഗികമായ അഭിനയം കാണുമ്പോള്‍ ലഭിക്കുന്ന സുഖ ശീതളമായ ഒരു അനുഭവമുണ്ട്. പ്രേക്ഷക മനസില്‍ വീണ്ടും വീണ്ടും കുളിര്‍ നിറക്കുന്ന അനിര്‍വചനിയ അനുഭവം. അതാണ് നടനം. ഇത് ജൂലി ക്രിസ്റ്റിയില്‍ മാത്രമല്ല ലോക സിനിമയില്‍ മറ്റ് പലരിലും നാം കണ്ടിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലും നല്ല നടിമാരുടെ എണ്ണം കുറവല്ല. തെരഞ്ഞെടുക്കുമ്പോള്‍ പക്ഷെ അഭിനയം മാത്രം മാനദണ്ഡമാക്കണമെന്ന് മാത്രം.  

1965 ല്‍ ഓസ്‌കര്‍ നേടുമ്പോള്‍ ജൂലി ക്രിസ്റ്റിയുടെ പ്രായം 25 വയസ്. ആ വര്‍ഷം ജൂലി ക്രിസ്റ്റിയെ പുരസാകരത്തിന് അര്‍ഹയാക്കിയ ചിത്രം ഡാര്‍ലിംഗ് ആയിരുന്നു. ഡയന സ്‌കോട്ട് കഥാപാത്രത്തിന്റെ പേര്. ഈ ചിത്രം ആ വര്‍ഷം മികച്ച  തിരക്കഥക്കുള്ള ഓസ്‌കറും കരസ്ഥമാക്കിയിരുന്നു. ജോണ്‍ ഷെല്‍സിംഗര്‍ സംവിധാനം ചെയ്ത ഈ സിനിമയുടെ തിരക്കഥ ഫ്രെഡറിക് റാഫേലിന്റേതായിരുന്നു. അതേ വര്‍ഷം തന്നെയാണ് ഡേവിഡ് ലീനിന്റെ ഡോ.ഷിവാഗൊയും പുറത്തിറങ്ങിയത്. ഡോ.ഷിവാഗോയായി ലോകോത്തര നടന്‍മാരില്‍ ഒരാളായ ഒമര്‍ ഷരീഫ്. കാമുകിയായി ജൂലി ക്രിസ്റ്റി. രണ്ട് ചിത്രങ്ങളും മത്സര രംഗത്തുണ്ടായിരുന്നെങ്കിലും ഡാര്‍ലിംഗിലെ അഭിനയത്തിനാണ് ജൂലി ക്രിസ്റ്റിക്ക് ലോകത്തെ എല്ലാ നടിമാരും ആഗ്രഹിക്കുന്ന അക്കാദമി പുരസ്‌കാരം ലഭിച്ചത്. 1971 ല്‍ മാക്‌ബെ ആന്റ് മിസിസ് മില്ലര്‍ക്കും അക്കാദമി നോമിനേഷന്‍ ലഭിച്ചു. 1997 ലും നോമിനേഷന്‍. പ്രായം തളര്‍ത്താത്ത അഭിനയ പ്രതിഭയെ തേടി എണ്ണമറ്റ പുരസ്‌കാരങ്ങള്‍. നാലോളം അക്കാദമി നോമിനേഷന്‍. നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ജൂറി അംഗം. ഇടക്കാലത്ത് സിനിമാ രംഗത്ത് നിന്ന് മാറി നിന്നു. പിന്നീട് ഗംഭീര തിരിച്ചു വരവ്. 

1960 മുതല്‍ തന്നെ പ്രണയങ്ങളുടെ പേരില്‍ പ്രസിദ്ധയാണ് ഈ പ്രതിഭ. ടെറന്‍സ് സ്റ്റാമ്പുമായി ദീര്‍ഘകാല പ്രണയം. വാറന്‍ ബെറ്റിയുമായും പ്രണയം. ഒടുവില്‍ 1979 മുതല്‍ ഗാര്‍ഡിനിലെ മാധ്യമ പ്രവര്‍ത്തകനായ ഡന്‍കന്‍ കാംബലുമൊത്ത് ജീവിതം. വിവാഹിതാരാണൊ എന്ന് ചോദിച്ചാല്‍ അതെയെന്നും അല്ലെന്നും ഉത്തരം. 2008 ജനുവരിയില്‍ നടന്ന എണ്‍പതാമത് ഓസ്‌കാര്‍ അവാര്‍ഡ് പുരസ്‌കാര പ്രഖ്യാപന വേളയില്‍ നോമിനേഷന്‍ ലഭിച്ചിരുന്ന ജൂലി ക്രിസ്റ്റി വേദിയില്‍ പ്രത്യക്ഷപ്പെട്ടത് കുപ്രസിദ്ധമായ ഗ്വണ്ടനാമൊ തടവറയിലെ തടവുകാരുടെ വസ്ത്രത്തിലായിരുന്നു. ഏറെ വിവാദം സൃഷ്ടിച്ച ഈ വസ്ത്ര ധാരണം തടവുകാരോടുള്ള ഐക്യ ദാര്‍ഢ്യമായിരുന്നില്ല. മറിച്ച് മനുഷ്യാവകാശ ലംഘനങ്ങളോടുള്ള പ്രതിഷേധമായരുന്നു. അത് ഉറക്കെ പറയാനും അവര്‍ മടിച്ചില്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എതിരെ നിരന്തരം പോരാട്ടം തുടരുന്ന ഈ മഹാ പ്രതിഭയെ കുറിച്ച് നമ്മുടെ താരങ്ങള്‍ അറിയണം.