ജിദ്ദയില്‍ നിന്ന് ജിസാനിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്ന സമയത്ത് അധികവും ബസിനെയും കാറിനെയുമാണ് ആശ്രയിച്ചിരുന്നത്. അപൂര്‍വമായി വിമാനത്തില്‍ പറന്നു. ആകാശ പാതയിലൂടെ ജിദ്ദയില്‍ നിന്ന് ജിസാനിലെത്താന്‍ ഒന്നര മണിക്കൂറില്‍ താഴെ മാത്രം. റോഡ് മാര്‍ഗം കാറിലാണെങ്കില്‍ എട്ടു മണിക്കൂറും ബസിലാണെങ്കില്‍ ഒമ്പത് മണിക്കൂറും. ചിലപ്പോള്‍ ബസ് പത്തു മണിക്കൂറെടുക്കും. യെമന്‍ അതിര്‍ത്തിയോട്  തൊട്ടു കിടക്കുന്ന മലകളാലും മരുഭൂമിയാലും ചുറ്റപ്പെട്ട ജിസാന്‍ പഴയ കാലത്ത് തനി കാര്‍ഷിക മേഖലയായിരുന്നു.  ദൂരെ അബഹയില്‍ ശക്തമായി മഴ പെയ്താല്‍  മല മടക്കുകളിലൂടെ അത് ജിസാനിലെ വാദികളിലെത്തും (താഴ്‌വരകള്‍) . നിരവധി ചെറുതും വലുതുമായ ഡാമുകളുണ്ട് ജിസാനില്‍. നല്ല സ്വാദിഷ്ടമായ മാമ്പഴം സുലഭം. നിറയെ മാവിന്‍ തോട്ടങ്ങള്‍. പുല്‍ കൃഷി. ചില ഭാഗങ്ങളില്‍ ഹരിതാഭയുടെ പ്രസരിപ്പ്. 

ഗ്രീഷ്മം അതിന്റെ തീക്ഷ്ണതയില്‍ നില്‍ക്കുന്ന മാസങ്ങളില്‍ സകല കാഴ്ചകളെയും മായ്ച്ചു കളയുന്ന ശക്തമായ പൊടിക്കാറ്റാണ് ഏതാണ്ട് എല്ലാ ദിവസവും. വെയില്‍ തിളച്ചു മറിയുന്ന ഉച്ചക്ക് പന്ത്രണ്ട് മണിയോടെ തുടങ്ങുന്ന പൊടിക്കാറ്റ് മൂന്ന് മണി വരെ തുടരും. മരുഭൂമിയിലെ വലിയ മണല്‍ കുന്നുകളുടെ എല്ലാ അഹങ്കാരങ്ങളെയും നിമിഷ നേരം കൊണ്ട് കാറ്റ് അടിച്ച് നിരത്തും. ആ മണല്‍ മുഴുനും റോഡുകളിലെത്തും. പത്ത് മീറ്റര്‍ ദൂരം പോലും കാണാനാവില്ല. നാലു മണിയോടെ കാറ്റ് ശാന്തമാകും. കാഴ്ചകള്‍ തെളിയും. കാറ്റ് തന്നെ അടുത്ത ദിവസം അടിച്ചു നിരത്താന്‍ വീണ്ടും മണല്‍ കുന്നുകള്‍ നിര്‍മിക്കും. ഇത് ജിസാന്‍ നിവാസികള്‍ക്ക് ചിര പരിചിതം. ഞാന്‍ ജിസാനില്‍ നിന്ന് 75 കിമീറ്റര്‍ ഇപ്പുറം ബെയിഷില്‍ ഇറങ്ങാറാണ് പതിവ്. 

ബെയിഷ് ഇക്കണോമിക് സിറ്റിയുടെ ഒമ്പതാം നമ്പര്‍ ഗെയിറ്റ് കടന്നാല്‍ വളരെ എളുപ്പത്തില്‍ കമ്പനിയുടെ ഹൈപ്പര്‍ മാര്‍ക്കറ്റിലെത്താം. അതു തന്നെയാണ് എപ്പോഴും ലക്ഷ്യവും. പതിനഞ്ച് കിലോമീറ്റര്‍ നീളത്തിലും ഏഴു കിലോ മീറ്റര്‍ വീതിയിലുമായി കൂറ്റന്‍ പ്രകൃതി വാതക, എണ്ണ ശുദ്ധീകരണ സംഭരണ പദ്ധതിയാണ് ഇവിടെ പൂര്‍ത്തിയാകുന്നത്. സൗദി അരാംകൊ പദ്ധതി അവസാന ഘട്ടത്തിലാണ്. ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി ഘട്ടം ഘട്ടമായി കുറക്കാനാണ് ഉദ്ദേശിക്കുന്നത്. വിഷന്‍ 2030 ന്റെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരവധി പദ്ധതികളാണ് ഇക്കണോമിക് സിറ്റിയില്‍ വരാനിരിക്കുന്നത്. 

കുറെ മുമ്പാണ് ഒരിക്കല്‍ ജിസാനില്‍ നിന്ന്  ബസില്‍ ജിദ്ദയിലേക്ക് മടങ്ങുമ്പോള്‍ സാക്ഷാല്‍ ജഗതി കഥാപാത്രത്തെ കണ്ടു മുട്ടി. പതിമൂന്നംഗ യെമനി കുടുംബം ഉള്‍പ്പടെ ബസില്‍ നിറയെ യാത്രക്കാര്‍. പിറകിലാണ് അന്ന് സീറ്റ് കിട്ടിയത്. തൊട്ടടുത്ത് ബംഗ്ലാദേശുകാരനായ നൂറുല്‍ ഇസ്‌ലാം. ചിറ്റഗോംങ് താഴ്‌വരയില്‍ തുണികളില്‍ ചിത്ര വേലകള്‍ ചെയ്തു ജീവിക്കുന്നതിനിടെ വിസയുടെ ചരടില്‍ തൂങ്ങി ജിസാനില്‍ എത്തിയതാണ്. കുറെ കാലം പണി ചെയ്തു. പൈസയുണ്ടാക്കി. ഇപ്പോള്‍ ജോലിയില്ല.  ഇഖാമ പുതുക്കാന്‍ വഴിയില്ല. ഇഖാമ പുതുക്കാത്തതു കൊണ്ട് സ്‌പോണ്‍സര്‍ പിണക്കത്തിലാണ്. സ്‌പോണ്‍സര്‍ക്ക് നൂറുല്‍ ഇസ്‌ലാം നല്ല പണമുണ്ടാക്കി കൊടുത്തിട്ടുണ്ട്. കുറെ മാസങ്ങളായി കാണാറില്ല. നാട്ടില്‍ പോകണം. അതിന് പിടി കൊടുക്കാനുള്ള യാത്രയാണ്. ബസ് ഓരോ ചെക്ക് പോയന്റുകളില്‍ നിര്‍ത്തുമ്പോഴും പോലീസുകാര്‍ അകത്ത് കയറി ചിലരോട് ഇഖാമ ചോദിക്കും. നൂറുല്‍ ഇസ്‌ലാമിനോട് മാത്രം ചോദിക്കുന്നില്ല. ഇതെന്ത് നാശം. എനിക്ക് പോലീസ് സ്റ്റേഷനിലെത്തണം. പിന്നെ അതുവഴി നാടു കടത്തല്‍ കേന്ദ്രത്തിലും. ഇവന്‍മാര്‍ക്ക് ശരിക്ക് പരിശോധിച്ചാല്‍ എന്താ? അടുത്ത ചെക്ക് പോയന്റില്‍ ഞാന്‍ ബഹളമുണ്ടാക്കും. 

ജൂനിയര്‍ മാന്‍ഡ്രേക്കിലെ ജഗതി കഥാപാത്രമായ ഡ്രൈവര്‍ അപ്പുക്കുട്ടനെ പോലെ നൂറുല്‍ ഇസ്‌ലാം പോലീസ് സ്റ്റേഷനില്‍ എത്തിയെ അടങ്ങുവെന്ന വാശിയിലാണ്. ജിദ്ദയില്‍ എത്തും വരെ നിന്നെ പിടിക്കില്ലെന്ന് ഞാന്‍ പറഞ്ഞത് അവന് ഇഷ്ടപ്പെട്ടില്ല. കുറെ നേരം നിശബ്ദനായിരുന്ന അവന്‍ പറഞ്ഞു, ഭായി, പിടിച്ചില്ലെങ്കില്‍ ഞാന്‍ ജിദ്ദയില്‍ നിന്ന് ദമാമിലേക്ക് യാത്ര ചെയ്യും. അല്ലെങ്കില്‍ റിയാദിലേക്ക് യാത്ര ചെയ്യും. അവിടെ വഴിയില്‍ നല്ല ചെക്ക് പോയന്റുകളുണ്ട്. ഇതു പോലെയാകില്ല. ഞാന്‍ പറഞ്ഞു, ജിദ്ദയുടെ പ്രവേശന കവാടത്തില്‍ വലിയ ചെക്ക് പോയന്റുണ്ട്. അവിടെ കര്‍ശന പരിശോധനയാണ്. നിന്നെ പിടിക്കും. നോക്കാം. എന്നെ അവിടെയും പിടിച്ചില്ലെങ്കില്‍ ഞാന്‍ ഭായിയുമായി വഴക്കുണ്ടാക്കട്ടെ? അപ്പോള്‍ പോലീസ് വരും. എന്നെ പിടിക്കും. ഞാന്‍ അവന്റെ കണ്ണുകളില്‍ നോക്കി. അവന്‍ രണ്ടും കല്‍പിച്ച ഭാവത്തിലായിരുന്നു. എനിക്ക് പേടി തോന്നി. ഈ പഹയന്‍ വഴക്കുണ്ടാക്കി അടിച്ചാലൊ? സീറ്റ് മാറാമെന്ന് വെച്ചാല്‍ എല്ലാ സീറ്റിലും ആളാണ്. ഏറ്റവും പിറകിലെ സീറ്റില്‍ ഒരു സുഡാനി നീണ്ടു നിവര്‍ന്ന് കിടക്കുന്നുണ്ട്. അവിടെ ചെക്കേറാന്‍ ഒരു ശ്രമം നടത്തിയെങ്കിലും സുഡാനി തരിമ്പും സ്ഥലം തന്നില്ല. 

ഞാന്‍ നൂറുല്‍ ഇസ്‌ലാമിനെ ദയനിയമായി നോക്കിയിരുന്നു. അവന്‍ നോക്കുന്നു പോലുമില്ല. അതോടെ എനിക്കുറപ്പായി ജിദ്ദാ ചെക്ക് പോയന്റില്‍ വെച്ച് ഇവന്‍ എന്റെ ഷര്‍ട്ടിനെങ്കിലും കുത്തി പിടിക്കും. ഞാന്‍ പതുക്കെ ചോദിച്ചു, നൂര്‍ വഴക്കുണ്ടാക്കണ്ട. ഞാന്‍ നിന്നെ പിടിക്കാന്‍ പ്രാര്‍ഥിക്കാം. അവന്‍ ഒന്നും പറഞ്ഞില്ല. കരുണാനിധിയായ അള്ളാഹുവെ നിന്റെ സൃഷ്ടികളില്‍ ഒരാളായ നൂറുല്‍ ഇസ്‌ലാമെന്ന ഈ ബംഗ്ലാദേശുകാരനെ അടുത്ത ചെക്ക് പോയന്റില്‍ വെച്ച് പോലീസ് പിടിക്കണെ. അങ്ങനെ അവന്‍ നാട്ടിലെത്തണെ. അര മണിക്കൂറിനുള്ളില്‍ ബസ് ചെക്ക് പോയന്റിലെത്തിയതോടെ നൂര്‍ ഉഷാറായി. ബാഗ് ശരിയാക്കി കാലാവധി തീര്‍ന്ന ഇഖാമയും പാസ്‌പോര്‍ട്ടും പോക്കി പിടിച്ച് നിന്നു. ഈ ഐഡിയ ഞാനാണ് പറഞ്ഞു കോടുത്തത്. ഇഖാമയും പാസ്‌പോര്‍ട്ടുമായി ഒരാള്‍ നില്‍ക്കുന്നത് കണ്ടാല്‍ തീര്‍ച്ചയായും ബസില്‍ കയറുന്ന പോലീസുകാരന്‍ അടുത്തു വരുമെന്ന് ഉറപ്പാണ്. ബസ് ചെക്ക് പോയന്റില്‍ പത്ത് മിനിറ്റോളം നിര്‍ത്തിയിട്ടു. ഒരു പോലീസുകാരനും അകത്തു കയറിയില്ല. പുറത്ത് നിന്ന് മാനിഫെസ്റ്റൊ നോക്കി പൊയ്‌കൊള്ളാന്‍ ആംഗ്യം കാണിച്ചതോടെ നൂര്‍ തളര്‍ന്നു. ഭായി ഇനി ഞാന്‍ എന്തു ചെയ്യും. ജിദ്ദയില്‍ എത്തട്ടെ ഞാന്‍ കാണിച്ചു തരാം. 

ജിദ്ദാ സീ പോര്‍ട്ടിനു സമീപത്തെ പാലത്തിനു മുകളില്‍ ബാബ് മക്കയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ഒരു സൗദി പൗരന് ഇറങ്ങാന്‍ ബസ് നിര്‍ത്തി. ഈ അവസരം മുതലാക്കി ഞാനും അവിടെ ഇറങ്ങി. ബസ് സ്റ്റാന്റിലേക്ക് പിന്നെയും പത്തു മിനിറ്റ് ദൂരമുണ്ടായിരുന്നു. സ്റ്റാന്റില്‍ പോയി ഇറങ്ങാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. നൂറുല്‍ ഇസ്‌ലാം അവിടെ വെച്ച് എന്നോട് ബഹളം വെക്കുമെന്നും പിടിച്ചു തള്ളുമെന്നും ആളെ കൂട്ടുമെന്നും എനിക്ക് ഒരു തോന്നല്‍. ജഗതിയുടെ ഡ്രൈവര്‍ അപ്പുക്കുട്ടനായിരുന്നു എന്റെ മനസില്‍. നടു റോഡില്‍ പായ വിരിച്ചു കിടന്ന് ട്രാഫിക് ബ്ലോക്കുണ്ടാക്കി പോലീസിനെ വരുത്തിയ അപ്പുക്കുട്ടന്‍. 

Content Highlights: journey with a bangladeshi with expired Iqama