സ്വയം വിശ്വസിക്കാനാവുന്നില്ല. നൂറു ലക്കങ്ങള്‍. നൂറ് തിങ്കളാഴ്ചകള്‍. മുടക്കം കൂടാതെ മുന്നോട്ടു പോയ കോളം. . ഏതു തിരക്കിനിടയിലും ഇത് എഴുതാന്‍ സര്‍വശക്തനായ തമ്പുരാന്‍ കാരുണ്യപൂര്‍വം സമയം അനുവദിച്ചു തന്നു. പ്രപഞ്ചനാഥന് നന്ദി. കോളത്തിന് എല്ലാ ആഴ്ചയും വിഷയം കണ്ടെത്തല്‍ ശ്രമകരമാണ്. ജോലി ചെയ്യുന്ന കമ്പനിയുടെ ചെയര്‍മാനും സഹൃദയനുമായ ഷെയിഖ് റഫീഖ്, എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ മുസാഫിര്‍, സി.കെ.ഹസന്‍ കോയ, കമല്‍, അബു ഇരിങ്ങാട്ടിരി, ജുനൈദ് അബൂബക്കര്‍, ശശി പരവൂര്‍, രാഹുല്‍ രാധാകൃഷ്ണന്‍, പി.സി ജോസി, നടന്‍ ജോയ് മാത്യു,  ഷീബാ അമീര്‍, ഹാഫിസ് മുഹമ്മദ്, ചെലവൂര്‍ വേണു, ശ്രീകുമാര്‍ നിയതി, വീക്ഷണം ശ്രീകുമാര്‍, സലീല്‍ രാമവര്‍മ, ലത്തീഫ്ക്ക, ആസ്പിന്‍ അഷറഫ്ക്ക, ഹംസ കാക്കശേരി, ഇഖ്ബാല്‍ കാക്കശേരി, അബ്ദുല്ലാ പടിയത്ത്, സിദ്ധിഖ് ഷമീര്‍ ,അഴീക്കോട്ടെ മൊയ്തീന്‍,  ആര്‍.ഷഹന, മോളി, കവി ഷിഹാബ് ,എന്റെ മക്കളായ നഈം ,അഹമ്മദ് അസദ്, ദല്‍ഹിയിലെ രാജു ,സഹപാഠികളായ നന്ദകുമാറും അജിയും , മാധ്യമ പ്രവര്‍ത്തകനായ പി.എം.മായന്‍കുട്ടി, നാട്ടുകാരനായ ശ്രീവല്‍സന്‍ ,ജിസാനിലെ താഹ, ഡോ.മുബാറക് സാനി, ഡോ.നജീബ്, ഡോ.അബ്ദുല്‍ അസീസ്, ഡോ.മുഹമ്മദ് സഈദ് , ഡോ.കെ.യു.കുഞ്ഞിമൊയ്തീന്‍ ,ഡോ.കെ.യു.ഷഫി ,ഡോ.ഇസ്മായില്‍ മരുതേരി, ഡോ.ജിനന്‍, ഡോ.സുന്ദര്‍ ,ഖാലിദ് ഇരുമ്പുഴി ,ഷബീര്‍ , മാഹിയിലെ രാജേന്ദ്രന്‍, മാതൃഭൂമി മുന്‍ എഡിററര്‍ രാജേന്ദ്രന്‍ പുതിയേടത്ത് , മാതൃഭൂമി ചാനലിലെ രവി മേനോന്‍, അസ്മാബിയന്‍സ്, ബി.സി.എ ഫ്രണ്ട്സ് വാട്സ്ആപ്പ് കൂട്ടായ്മയിലെ  അംഗങ്ങള്‍ ,എരവണ്ണൂരിലെ സുധാകരന്‍ മാസ്റ്റര്‍  തുടങ്ങി നിരവധി പേര്‍ പലപ്പോഴായി വിഷയ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്.  വിഷയങ്ങള്‍ വ്യക്തി കേന്ദ്രീകൃതമായ സന്ദര്‍ഭങ്ങളില്‍ ഭാര്യ റസീന രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. 

ഓരോ ലക്കവും വായിക്കുകയും സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്യുന്ന ചില വായനക്കാരുണ്ട്. അംബാസഡര്‍ ടി.പി.ശ്രീനിവാസന്‍, മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വി.വി.നാരായണന്‍, കഥാകൃത്ത് നജീം കൊച്ചുകലുങ്ക്, നൗഷാദ് കോര്‍മോത്ത്, എം.സി.സെബാസ്റ്റ്യന്‍ സാര്‍, വെല്യാമ സെയ്ദു മുഹമ്മദ് മാസ്റ്റര്‍, ജയശ്രീ വര്‍മ,  റിയാദിലെ ചാന്ദ്നി , ഫാത്തിമ സലിം, സഹോദരിമാരായ ഷാലിനിയും ഷമിയും , കസിന്‍ സിസ്റ്റര്‍ പി.ഐ.റസിയാബി , പി.ഐ.നസീര്‍, ഷാനിബ യൂസഫ്, ഷഹനാ ഷാഹു, ഡോ.സക്കീന തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. കോളം സ്ഥിരമായി വായിച്ചിരുന്ന രണ്ടു പേര്‍ ഇതിനിടയില്‍ മരണപ്പെട്ടു. വല്ലാതെ വേദനിപ്പിച്ച മരണങ്ങള്‍. ഒന്ന് എര്‍ണാകുളത്തെ പ്രിയപ്പെട്ട അബ്ദുല്ലകുട്ടി മാമ, മറ്റൊരാള്‍ വി.ആര്‍.ഗോവിന്ദനുണ്ണി . ഈ കോളം കൊണ്ടു വന്ന ചില പുതിയ സൗഹൃദങ്ങളുണ്ട്. സംവിധായകന്‍ ബാലചന്ദ്രമേനോനും ഒരു കാലത്ത് കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ഹരമായിരുന്ന നജുമുദ്ദീന്‍ സാറും സഹപാഠിയായിരുന്ന അസഫലിയും ജുനൈദും സംവിധായിക വിധു വിന്‍സന്റും ഇതില്‍ പ്രധാനപ്പെട്ടവര്‍. നജുമുദ്ദീന്‍ സാറിന്റെ മകളും ഗായികയുമായ സോഫിയാ സുനിലും സംഗീതവുമായി ബന്ധപ്പെട്ട ഒരു ലക്കത്തിന് നിമിത്തമായിട്ടുണ്ട്. സംഗീത സംവിധായകന്‍ മുബാറക് മങ്കടയെയും കമലിന്റെ സംഹസംവിധായകന്‍ ജയരാജിനെയും മീഡിയാ സിറ്റി നൗഷാദിനെയും മറക്കാനാവില്ല. മാതൃഭൂമി ഓണ്‍ലൈന്‍ ഡെസ്‌കിലെ അജ്മല്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും നന്ദി. ഇനി എത്ര ലക്കം തുടരാനാവുമെന്ന് അറിയില്ല. തുടരുമോ എന്നു പോലും നിശ്ചയമില്ല. ആയിരക്കണക്കിന് നേരിട്ട് അറിയാത്ത വായനക്കാരുണ്ട്. ലോകം മുഴവന്‍ പടര്ന്നു കിടക്കുന്ന ആ വായനാ സമൂഹത്തിന് സ്നേഹം. അവര്‍ക്ക് എന്നെയും എനിക്ക് അവരെയും അറിയില്ല.

നൂറു ലക്കത്തിലെ എഴുത്തില്‍ ഞാന്‍ അറിയാതെ കരഞ്ഞു പോയ മൂന്ന് ലക്കങ്ങളുണ്ട്. അതില്‍ ഒന്നാണ്  കമറുദ്ദീന്റെ കണ്ണുകള്‍. കോളേജില്‍ എന്റെ സഹപാഠിയായിരുന്നു കമറുദ്ദീന്‍. നല്ല ഗായകന്‍. കഥ പറയുന്ന കണ്ണുകളുള്ള സുന്ദരന്‍. നാലു പതിററാണ്ടിനു ശേഷം ഞങ്ങള്‍ അസ്മാബിയന്‍സ് എന്ന പേരില്‍ വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കുമ്പോഴാണ് കമറുദ്ദീന്റെ മരണം പലരും അറിയുന്നത്. എന്റെ കണ്‍മുന്നില്‍ നിന്നാണ് അവന്‍ മരത്തിലേക്ക് ഇളം ചുവപ്പു നിറമുളള ത്രീ സ്പീഡ് സൈക്കിള്‍ ഓടിച്ചു പോയത്. വര്‍ഷങ്ങള്‍ക്കിപ്പുറം കമറുവിന്റെ സഹോദരനും സ,ംവിധായകനുമായ അക്കുഅക്ബറുമായി സംസാരിക്കുന്നതിനിടെ കമറുവിനെ കുറിച്ച് എഴുതണമെന്ന് തോന്നി. അക്കു കമറുവിന്റെ ഒരു ഫോട്ടോ അയച്ചു തന്നു. ആ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ പറഞ്ഞ കഥകള്‍ മാത്രമാണ് എഴുതിയത്.  പതിവു പോലെ മാതൃഭൂമിക്ക് അയച്ചു കഴിഞ്ഞപ്പോള്‍ കരയണമെന്ന് തോന്നി. ഇരുട്ടില്‍ ആരും കാണാതെ തേങ്ങി. കമറുദ്ദീന്റെ കണ്ണുകള്‍ അച്ചടിച്ചു വന്നപ്പോള്‍ എന്റെ അമ്മായിയുടെയും  ഒരു കാലത്ത് മലയാളത്തിലെ പ്രമുഖ കഥാകൃത്തായിരുന്ന പി.പി.ഇസ്മയിലിന്റെയും മകള്‍ റസിയാബി എനിക്ക് അയച്ച ശബ്ദസന്ദേശം വീണ്ടും എന്നെ കരയിച്ചു. 

കമറുവിനെ റസിയാബി കണ്ടിട്ടില്ല. പരിചയമില്ല. പക്ഷെ മരിച്ചു പോയ കമറു അക്ഷരങ്ങളിലൂടെ റസിയാബിയുടെ സ്വന്തം സഹോദരനായി മാറുകയായിരുന്നു. അത്രക്ക് തീവ്രവും ആര്‍ദ്രവുമായിരുന്നു ആ ശബ്ദ സന്ദേശം.  തിരക്കിനിടയില്‍ ഒരുപക്ഷെ അധ്യാപികയായിരുന്ന റസിയാബി ആ ശബ്ദസന്ദേശം തന്നെ മറന്നു പോയിരിക്കണം. അതുപോലെ അയര്‍ലണ്ടില്‍ നിന്നും നോവലിസ്റ്റ് ജുനൈദ് അബൂബക്കര്‍ ( സഹറാവിയത്തിന്റെ എഴുത്തുകാരന്‍) എനിക്ക് അയച്ച സന്ദേശം. ഓരോ വരിയിലും ഓരോ തുള്ളി കണ്ണീരായിരുന്നു. അക്കു അക്ബര്‍ ആ ദിവസങ്ങളില്‍ നിരന്തരം വിളിച്ചു കൊണ്ടിരുന്നു.  ആ എഴുത്തില്‍ കമറുവിന്റെ പ്രിയ സുഹൃത്തായിരുന്ന മതിലകം പുതിയകാവിലെ നജീബിനെ ( നജീബ് ഇപ്പോള്‍ വ്യവസായിയാണ്) ഞാന്‍ വിട്ടു പോയിരുന്നു. ഇതു ചൂണ്ടികാട്ടിയത് ആസ്പിന്‍ അഷറഫ്ക്കയാണ്. മരിക്കുന്നതിനു മുമ്പ് കമറു ജോലി ചെയ്തിരുന്നത് ആസ്പിന്‍ ട്രാവല്‍സിലായിരുന്നു.  ഞാന്‍ ഇതിന് നജീബിനോട് ക്ഷമ പറഞ്ഞു. നജീബിന്റെ മനസിലെ നൊമ്പരം എനിക്ക് മനസിലാകുമായിരുന്നു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം അസ്മാബിയന്‍സ് വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചപ്പോള്‍ ഞാന്‍ ആ പഴയ. ലക്കം കോളേജില്‍ കമറുവിന്റെ സഹഗായകനായിരുന്ന ഇപ്പോള്‍ ദുബായിയില്‍ ജോലി ചെയ്യുന്ന ശരത്തിന് അയച്ചു കൊടുത്തു. അയാള്‍ കണ്ണീരണിഞ്ഞ മനസുമായി ഒരു പാട്ടുപാടി അയച്ചു, കാറ്ററിയില്ല, കടലറിയില്ല അലയും തിരയുടെ വേദന ,അലയും തിരയുടെ വേദന .

എര്‍ണാകുളത്തെ അബ്ദുല്ലകുട്ടി മാമ മരിച്ചപ്പോഴും എഴുതാതിരിക്കാനായില്ല. അത് അറുപത്തിനാലാം ലക്കമായിരുന്നു. ഫെബ്രുവരിയുടെ നഷ്ടങ്ങളെന്ന പേരില്‍ എഴുതിയ ആ ലക്കം എന്നെ വല്ലാതെ വേദനിപ്പിച്ചു. എപ്പോഴും എന്നെ ചേര്‍ത്തു പിടിച്ചിരുന്ന കരുതലിന്റെ കരുത്തായിരുന്നു അബ്ദുല്ലകുട്ടിമാമ. അദ്ദേഹം എന്റെ മാതൃ സഹോദരനായിരുന്നില്ല. എന്റെ ഭാര്യ റസീനയുടെ മാതൃസഹോദരനായിരുന്നു അബ്ദുല്ലകുട്ടി മാമ. നല്ല കലാകാരനായിരുന്നു. ലോകം കണ്ടവനായിരുന്നു. മനുഷ്യനെ മനസിലാക്കാന്‍ കഴിവുളള വ്യക്തിത്വം. ദീര്‍ഘകാലം പ്രവാസി. പിന്നെ സ്വസ്ഥ ജീവിതത്തിനിടയില്‍ മരണം. എല്ലാ അവധിക്കാലത്തും മാമയുടെ അടുത്ത് മണിക്കൂറുകളോളം ചെലവഴിച്ചിരുന്നവനാണ് ഞാന്‍. ഗദ്ദാമയുടെ പ്രിവ്യു കാണാന്‍ ഞാന്‍ നേരിട്ട് ക്ഷണിച്ച അപൂര്‍വം പേരില്‍ ഒരാള്‍. 

മറ്റൊരാള്‍ എന്റെ മാതൃസഹോദരനായ പ്രൊഫ.ഇസ്മയില്‍. നടക്കാന്‍ വിഷമം ഉണ്ടായിരുന്നിട്ടും അബ്ദുല്ലകുട്ടി മാമ വന്നു. മലപ്പുറത്തു നിന്ന് ദീര്‍ഘദൂരം യാത്ര ചെയ്ത് ഇ്സമായില്‍ മാമയും. അതൊക്കെ സ്നേഹപാശം കൊണ്ട് നെയ്തെടുത്ത ദൂരങ്ങള്‍ പിന്നിട്ടാണ് അവര്‍ എത്തിയത്. അതുപോലെ അന്ന് കോഴിക്കോട്ടു നിന്ന് പ്രേംചന്ദും ദീദിയും വന്നിരുന്നു.  അബ്ദുല്ലക്കുട്ടി മാമാനെ ഞാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കണ്ടിരുന്നില്ല. അതേ സമയം ഇടക്കിടെ ഫോണില്‍ ദീര്‍ഘ നേരം സംസാരിക്കുമായിരുന്നു. പൊടുന്നനെ ആ ശബ്ദം നിലക്കുന്നു. സ്നേഹകടലില്‍ ഒരു തോണി ഒറ്റപ്പെടുന്നു. കാത്തിരിക്കാന്‍ ഞാന്‍ പറഞ്ഞിരുന്നതാണ്. പക്ഷെ മരണം വന്നു വിളിച്ചാല്‍ പോകണം. എ.അയ്യപ്പന്റെ കവിതയില്‍ പറയുന്നതു പോലെ മരണത്തിന് ഒരു വാക്ക് മാത്രം, വരൂ പോകാം. എം.പി.വീരേന്ദ്രകുമാറിന്റെ മരണവും വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹത്തിന്റെ റിയാദ് സന്ദര്‍ശനത്തെ കുറിച്ച് ആ ലക്കം എഴുതി. പ്രിയപ്പെട്ട വി.ആര്‍.ഗോവിന്ദനുണ്ണിയും ഹരികുമാറും വിട പറഞ്ഞു. 

എഴുപത്തിയൊന്നാം ലക്കം മറക്കാനാവില്ല. എന്നെ കാത്തിരുന്നു കാത്തിരുന്ന കാണാതെ മരിച്ചു പോയ എന്റെ ഉമ്മാനെ കുറിച്ചായിരുന്നു ആ ലക്കം. പ്രാര്‍ഥനയുടെ കണ്ണീരില്‍ സ്ഫുടം ചെയ്തെടുത്ത മെലിഞ്ഞ് വെളുത്ത ആ ഉമ്മയുടെ ആത്മാവ് കൂടൊഴിഞ്ഞത് ഒരു റമദാനില്‍. കഴിഞ്ഞ റമദാനില്‍ ഉമ്മയെയും ബാപ്പയെയും കുറിച്ച് എഴുതി. ആ ലക്കത്തിന് നല്ല വായനക്കാരുണ്ടായിരുന്നു. ഒരു സമര്‍പ്പണമായിരുന്നു ആ ലക്കം. ഉമ്മ മരിക്കുമ്പോഴും ബാപ്പ മരിക്കുമ്പോഴും ഞാന്‍ അടുത്തുണ്ടായിരുന്നില്ല. എന്റെ ജിദ്ദയിലുള്ള സഹോദരിക്കും ആ ഭാഗ്യം ലഭിച്ചില്ല. അതു കൊണ്ടു തന്നെ ഇരു മരണങ്ങളും ഇന്നും ഉള്‍കൊള്ളാനാവുന്നില്ല. ഇന്നും എല്ലാ ദിവസവും പുലര്‍ച്ചെ വിളിക്കില്ലെന്നറിഞ്ഞിട്ടും ഉമ്മ വിളിച്ചോ എന്നറിയാന്‍ ഞാന്‍ മൊബൈല്‍ നോക്കുന്നു. അത് ഒരു ശീലമായിരിക്കുന്നു. തോരാത്ത കണ്ണീരുമായി ആ രണ്ട് കണ്ണുകള്‍ എന്നെ നോക്കുന്നുണ്ട്.

 അങ്ങനെ ചില ലക്കങ്ങള്‍ ഈ നൂറു ലക്കത്തിനിടില്‍ കടന്നു പോയിരിക്കുന്നു. നടന്‍ ഒമര്‍ഷരീഫിനെ കുറിച്ചുള്ള ലക്കവും മറക്കാനാവില്ല. റഷ്യയില്‍ നിന്നു വന്ന രാജ്കപൂറിന്റെ നായികയെ കുറിച്ചുള്ള ലക്കവും വായനക്കാര്‍ നന്നായി സ്വീകരിച്ചു. പനേഷ്യ എന്ന കൊടുങ്ങല്ലൂരിലെ പഴയ സംഗമ കേന്ദ്രത്തെ കുറിച്ചും മട്ടിമരച്ചോടിനെ കുറിച്ചും കരിക്കുളം ആശുപത്രിയെ കുറിച്ചും മൊയ്തു പടിയത്തിനെ കുറിച്ചും ഹമീദ്കാക്കശേരിയെ കുറിച്ചും അഷറഫ് പടിയത്തിനെ കുറിച്ചും ഡോ.മുഹമ്മദലിയെ കുറിച്ചും എഴുതിയ ലക്കങ്ങള്‍ക്ക് പ്രതിക്ഷക്ക് അപ്പുറം വായനക്കാരുണ്ടായിരുന്നു. അതേ സമയം ഏറെ പ്രതീക്ഷയോടെ സമയമെടുത്ത് എഴുതിയ ചില ലക്കങ്ങള്‍ സ്വീകരിക്കപ്പെട്ടില്ല. ഒരു ലക്കം ഒഴിച്ചു നിര്‍ത്തിയാല്‍ പറയത്തക്ക വിവാദങ്ങളില്ലാതെയാണ് നൂറു ലക്കങ്ങളുടെ സൈബര്‍ യാത്ര. ഐസിസ് വധുക്കളെ കുറിച്ചെഴുതിയ ലക്കം വന്‍ വിവാദം സൃഷ്ടിച്ചു. കമന്റ് ബോക്സ് നിറഞ്ഞു. വായനക്കാരുടെ ലൈക്കിലും അതു മുന്നിട്ടു നിന്നു. അങ്ങനെ നൂറു ലക്കങ്ങള്‍ക്കിടയില്‍ വൈവിധ്യമാര്‍ന്ന നിരവധി അനുഭവങ്ങള്‍. വലിയ മടുപ്പു കൂടാതെ വായിച്ചു പോകാവുന്ന രീതിയില്‍ ലളിതമായ ശൈലിയിലാണ് ഈ കോളം എഴുതുന്നതെന്നാണ് എന്റെ വിശ്വാസം.  തീര്‍ച്ചയായും ഭാഷ  മെച്ചപ്പെടുത്താന്‍ നൂറു ആഴ്ചകളിലെ ഈ എഴുത്ത് ഏറെ സഹായിച്ചിട്ടുണ്ട്. ഞാന്‍ ജീവിച്ചിരിക്കുന്നുവെന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താന്‍ കണ്ണുംകാതും  എന്ന ഈ കോളം വഹിച്ച പങ്ക് എത്ര വലുതാണെന്ന് തിരിച്ചറിയുമ്പോഴാണ് മാതൃഭൂമിയോടും വായനക്കാരോടുമുള്ള എന്റെ സ്നേഹം നിറഞ്ഞ കടപ്പാട് ആകാശത്തോളം എത്തുന്നത്.