ന്ത്യയിലെ ആരോഗ്യ പരിപാലന രംഗത്ത് ഇപ്പോഴും പൊതുമേഖലയ്ക്ക് ഗണ്യമായ സ്വാധീനം ഉള്ളത് എത്രമാത്രം ഗുണം ചെയ്‌തെ് മനസിലാക്കാന്‍  ഈ കൊറോണക്കാലം ധാരാളം. രാജ്യത്ത് പൊതുമേഖലയോട് സ്വകാര്യ മേഖലകള്‍ക്കും പലപ്പോഴും കൈകോര്‍ക്കേണ്ടി വരുന്നു. ആരോഗ്യരംഗത്ത് പൊതു- സ്വകാര്യ മേഖലകള്‍ അടിയന്തര ഘട്ടങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇത് നമ്മുടെ സംവിധാനങ്ങളുടെ മികവാണ്. 

ആരു രാജ്യം ഭരിച്ചാലും ഇന്ത്യക്ക് ഒരു ഭരണ സംവിധാനമുണ്ട്. ജനാധിപത്യം നിലനില്‍ക്കുന്നതു കൊണ്ട്  ഭരണഘടനയ്ക്ക് പുറത്ത് ഏകാധിപത്യം കളിക്കുമ്പോള്‍ സ്വാഭാവികമായും ശക്തമായ എതിര്‍പ്പ് ഉയരും. ഇന്ത്യയുടെ ചരിത്രം അതാണ്. അതു കൊണ്ട് തന്നെ ഏകാധിപത്യത്തിന്റെ രഥചക്രങ്ങള്‍ ഇന്ത്യന്‍ മണ്ണിലൂടെ അധികദൂരം സഞ്ചരിക്കില്ല. നമ്മുടെ ഭരണഘടനയില്‍ മൗലികാവകാശത്തെ കുറിച്ച്  കൃത്യമായ പറയുന്നുണ്ട്. കോടതികളില്‍ നമുക്ക് ഇപ്പോഴും വിശ്വാസമുണ്ട്. 

നമ്മുടെ സൈന്യവും അതിര്‍ത്തി രക്ഷാസേനയും  പോലീസും ജാഗ്രതയിലാണെന്ന് നമുക്ക് ഉറപ്പുണ്ട്. നമുക്ക് ഏത് രാജ്യത്തോടും കിടപിടിക്കാവുന്ന ഡോക്ടര്‍മാരുണ്ട്. പാരാമെഡിക്കല്‍ സ്റ്റാഫുണ്ട്.  ആരോഗ്യ പ്രവര്‍ത്തകരുടെ നിസ്വാര്‍ഥ സേവനം തന്നെ തേടിയെത്തുമെന്ന് ഓരോ ഇന്ത്യക്കാരനും അറിയാം. ഇത്തരം വിശ്വാസങ്ങളുടെ പുറത്താണ് നാം വീടുകളില്‍ സമാധാനത്തോടെ ഉറങ്ങുന്നത്.  

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ദാരിദ്ര്യമുണ്ട്. കാര്‍ഷികമേഖലയിലെ തകര്‍ച്ചയും നമ്മുടെ ജനസംഖ്യയും കണക്കിലെടുക്കണം. അഴിമതിയും ചികിത്സാരംഗത്തെ ചൂഷണങ്ങളും മറ്റ് മേഖലകളിലെ ചില വിവേചനങ്ങളും സ്വജനപക്ഷപാതവും നമ്മുടെ പ്രധാന പോരായ്മകളാണ്. സഹായധനങ്ങള്‍ ആദിവാസികളില്‍ എത്തുന്നില്ല. ജാതി വിവേചന ഭൂതങ്ങള്‍ അലയുന്നുണ്ട്. 

ഇതെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ നാം പ്രതിസന്ധികളെ അതിജീവിക്കുവരാണ്. ആധുനിക സൗകര്യങ്ങള്‍ മാത്രം പോര, അത് വേണ്ട സമയത്ത് ഉപയോഗിക്കാന്‍ കൂടി അറിയണം. അതിസമ്പന്ന രാജ്യങ്ങള്‍ പരാജയപ്പെട്ട കൊറോണ പ്രതിരോധ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടം ചെറുതല്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍, പ്രത്യേകിച്ച് കേരളം എന്താണ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റെും അത് എങ്ങനെയായിരിക്കണമെന്നും ലോകത്തിനു കാണിച്ചു കൊടുത്തു.

മിസൈലുകള്‍ അയക്കാനും യുദ്ധം ചെയ്യാനും അമേരിക്കയ്ക്ക് സാധിക്കും. ബ്രിട്ടന് സാധിക്കും. ഇറ്റലിയും ഫ്രാന്‍സുമൊന്നും മോശമല്ല. യുദ്ധം പ്രതിരോധം തീര്‍ക്കലിനപ്പുറം വെട്ടിപ്പിടിക്കലിന്റേതും കല്ലുവെച്ച നുണകളുടേതും കൂടിയാണ്. മാനവരാശിയെ അറിഞ്ഞു കൊണ്ട് കുരുതി കൊടുക്കലാണ് യുദ്ധം. മഹാമാരിക്ക് എതിരെയുള്ള പടയൊരുക്കം മാനവരാശിയെ മരണത്തില്‍ നിന്ന് രക്ഷിക്കാനാണ്. ഇതാണ് യുദ്ധവും ഡിസാസ്റ്റര്‍ മാനേജ്‌മെന്റും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യസം.

രാജ്യം മുഴുവന്‍ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുത്തവര്‍ക്ക് ഇതു മനസിലാകില്ല. അതു കൊണ്ടാണ് ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കുമ്പോള്‍ എതിര്‍പ്പ് ഉയരുന്നത്. മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന സമരങ്ങള്‍ നടക്കുന്നത്. ട്രേഡ് യൂണിയനുകളെ  നോക്കുകൂലിയുടെ പേരില്‍ ഇല്ലായ്മ ചെയ്യാന്‍ ജനം മെനക്കെടാത്തത് യൂണിയന്‍ ഇടപെടലുകള്‍ പലപ്പോഴും പൊതുരംഗത്ത് ആവശ്യമായി വരുന്നതു കൊണ്ടാണ്. നോക്കു, ഇന്ത്യയുടെ നാഡി ഞരമ്പുകളെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യന്‍ റെയില്‍വെ സ്വകാര്യവല്‍ക്കരിച്ചാല്‍ സ്ഥിതിയെന്താകും? പൊതു ഗതാഗതം സ്വകാര്യ മേഖലയില്‍ മാത്രം ഒതുങ്ങിയാല്‍ ജനങ്ങള്‍ വലയയില്ലേ? ഇതിനേക്കാള്‍ ഗൗരവമുണ്ട് ആരോഗ്യ മേഖലയ്ക്ക്. ഇന്ത്യ ഈ യാഥാര്‍ഥ്യം മനസിലാക്കുന്നുണ്ട്. പൂര്‍ണമായും മൂലധ അടിസ്ഥാന ഇക്കോണമിയിലേക്ക് കൂപ്പുകുത്തുന്നതു വരെയെങ്കിലും ഇന്ത്യയില്‍ പൊതുമേഖലയുണ്ടാകുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. 

അമേരിക്കയില്‍ സാധാരണക്കാരനായ ഒരു പൗരന് നല്ല ചികിത്സ ലഭ്യമാകാനിടയില്ല. ഇന്‍ഷുറന്‍സ്, കോര്‍പറേറ്റ് സംവിധാനങ്ങളാണ് അവിടെ ചികിത്സ നിയന്ത്രിക്കുന്നത്. ബ്രിട്ടനിലും ഫ്രാന്‍സിലും ഇറ്റലിയിലും സ്ഥിതി ഏറെക്കുറെ സമാനമാണ്.  ഇന്ത്യയില്‍ അതങ്ങനെയല്ല. ഇപ്പോഴും നമ്മുടെ ആരോഗ്യ രംഗത്ത് പൊതു മേഖല നിര്‍ണായക പങ്കു വഹിക്കുന്നു. പ്രൈമറി ഹെല്‍ത്ത് സെന്ററുകളും ജനറല്‍ ആശുപത്രികളും ജില്ലാ ആശുപത്രികളും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും അടങ്ങുന്ന ത്രീ ടയര്‍ സംവിധാനമാണ് ആരോഗ്യരംഗത്ത് നമുക്കുള്ളത്. 

ഇന്ത്യയിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നമുക്ക് ജില്ലാ ആശുപത്രികളുണ്ട്. താലൂക്കുകളില്‍ താലൂക്ക് ആശുപത്രികളും വില്ലേജുകളില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളുമുണ്ട് (പി.എച്ച്.സി).കോവിഡ് മരണം വിതച്ച രാജ്യങ്ങളിലും ഇപ്പോഴും മരണ സംഖ്യ ഉയരുന്ന രാജ്യങ്ങളിലും പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ അഭാവം ലോകാരോഗ്യ സംഘടന തന്നെ ചൂണ്ടികാട്ടിയിട്ടുണ്ട്. അതു കൊണ്ട് തന്നെ രോഗ സ്ഥിരീകരണത്തിന് വലിയ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ കാത്തു നില്‍ക്കണം. സാധാരണ ജനങ്ങള്‍ക്ക് ഇത് അപ്രാപ്യമാണ്. 

നമ്മുടെ ജനറല്‍ ആശുപത്രികളെ പണ്ട് ജനം വിളിച്ചിരുന്നത് ധര്‍മാശുപത്രികളെന്നാണ്. സൗജന്യചികിത്സ ലഭിക്കുന്ന ആശുപത്രി എന്ന അര്‍ഥത്തിലാണ് ധര്‍മാശുപത്രിയെന്ന് വിളിച്ചിരുത്. ഈ ധര്‍മാശുപത്രികളില്‍ പിന്നീട് പേ വാര്‍ഡുകള്‍ വന്നപ്പോഴും നല്ലൊരു ശതമാനം സ്ഥലം സൗജന്യ കിടത്തി ചികിത്സക്ക് മാറ്റി വെച്ചിരുന്നു. ഏറ്റവും മികച്ച സര്‍ജന്‍മാരും രോഗനിര്‍ണയത്തില്‍ മിടുക്കന്‍മാരുമായ ഡോക്ടര്‍മാര്‍ പൊതുമേഖലയിലെ ആരോഗ്യരംഗത്തുണ്ട്. അതു പോലെ തന്നെ നഴ്‌സുമാര്‍. മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍. എന്നിട്ടും നമ്മുടെ ആരോഗ്യരംഗത്ത് നിരവധി പ്രശ്‌നങ്ങളുണ്ട്. ഇപ്പോഴും മൂന്നുലക്ഷത്തോളം പേര്‍ ടി.ബി. ബാധിച്ച് പ്രതിവര്‍ഷം മരിക്കുന്നു. മലേറിയ ബാധിച്ചും ലക്ഷങ്ങള്‍ മരിച്ചു വീഴുന്നു. ഈ രണ്ട് പകര്‍ച്ച വ്യാധികളോടും നാം സന്ധിയില്ലാ സമരം നടത്തുന്നതു കൊണ്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ മരണ സംഖ്യ കുറക്കാന്‍ സാധിച്ചിട്ടുണ്ട്. ഏയ്ഡ്‌സ് മറ്റൊരു ഭീഷണിയാണ്. പോഷാകാഹാര കുറവും നിത്യ തലവേദനയാണ്. 

ജനസംഖ്യാനുപാതവും അത് അവലംബിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ കണക്കും പ്രകാരം ഇന്ത്യയിലെ പൊതുമേഖല ആരോഗ്യരംഗത്ത് ആറു ലക്ഷം ഡോക്ടര്‍മാരുടെ കുറവുണ്ട്. ഇരുപതു ലക്ഷത്തോളം നഴ്‌സുമാരും. ഇത് കഴിഞ്ഞ വര്‍ഷത്തെ കണക്കാണ്. ഈ കണക്ക് വന്‍ പ്രാധാന്യത്തോടെയാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. കൂട്ടത്തില്‍ ഇന്ത്യയിലെ ദാരിദ്ര്യവും രോഗവും മൂലമുള്ള മരണങ്ങളുടെ ഊതിപ്പെരുപ്പിച്ച കണക്കുകളും പ്രസിദ്ധീകരിച്ചിരുന്നു. 

ഇപ്പോള്‍ സ്വന്തം രാജ്യത്തെ കോവിഡ് 19 മരണത്തിന്റെ കണക്ക് നിരത്താന്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് സ്ഥലം പോര. കാലത്തിന്റെ ദയാരഹിതമായ ഇടപെടലുകള്‍ ചിലപ്പോള്‍ അങ്ങനെയാണ്. നമുക്ക് ഗണിച്ചെടുക്കാന്‍ സാധിക്കില്ല. എല്ലാ പ്രവാഹങ്ങള്‍ക്കും അവസാനമുണ്ട്.  അഹങ്കാരങ്ങളുടെ കൊടുമുടികള്‍ ഇടിഞ്ഞു വീഴുത് കാണുന്നില്ലെ? മഹാമാരിയുടെ പേരിലായാലും യുദ്ധത്തിന്റെയും വംശിയ കലാപത്തിന്റെയും പേരിലായാലും  ലോകത്ത് എവിടെ മനുഷ്യര്‍ മരിച്ചാലും അത് മനുഷ്യരാണ്. വിവേചനത്തോടെ അതിനെ കാണരുതെന്ന മാനവികതയുടെ ഒന്നാം പാഠം വളരെ പ്രധാനപ്പെട്ടതാണ്. 

content highlights: how public health facilities in india helped to fight against corona