പരിചിത വലയത്തില്‍ സ്നേഹം കൊണ്ട് കൂടാരം തീര്‍ത്ത നിരവധി ഡോക്ടര്‍മാരുണ്ട്. പിതാവിനെ പോലെ ഞാന്‍ ബഹുമാനിക്കുന്ന ഡോ.കെ.എ സീതിയും വി.യു.സീതിയും മുതല്‍ ഡോ.ബി.ഇഖ്ബാലും ഡോ.ആസാദ് മൂപ്പനും ഡോ.കാസിമും വരെ എത്രയോ ഡോക്ടര്‍മാര്‍. റിയാദില്‍ എം.ഒ.എച്ചില്‍ ഡോ.അസീസുണ്ട്. ഡോ.സുരേഷും ഭാര്യ ഡോ. റീനയുമുണ്ട്. ജിദ്ദയില്‍ ഡോ.നജീബും കഥാപ്രസംഗ കലയിലെ കുലപതിയായിരുന്ന വി.സാംബശിവന്റെ മകന്‍ ഡോ.ജിനരാജും ഡോ.ഇന്ദുവുമുണ്ട്. ഡോ.മുബാറക് സാനി ജിസാനിലുണ്ട്. ഡോ.അഭിജിത് ദമാമിലുണ്ട്. ദുബായില്‍ ഡോ.മുരളിയും കൊച്ചിയില്‍ ഡോ.നീരജുമുണ്ട് . കൊടുങ്ങല്ലൂരില്‍ ഡോ. അജന്‍ വര്‍മയുമുണ്ട്. കോഴിക്കോട് ഡോ.അശ്വതിയും ഡോ.ഖദീജാ മുംതാസും ഡോ.ടി.പി നാസറും ഡോ.റംലാ നാസറുമുണ്ട്. പിന്നെ എന്റെ സഹോദരന്‍മാരായ ഡോ.കുഞ്ഞിമൊയ്തീന്റെയും ഡോ.ഷഫിയുടെയും കൂടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പഠിച്ചിട്ടുള്ളവരുണ്ട്. അവരില്‍ ചിലര്‍ യു.കെയിലും യു.എസിലുമാണ്. ഇവരെല്ലാം ജീവിത യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ പരിചയപ്പെട്ടവരും പിന്നീട് നല്ല സുഹൃത്തുക്കളായി മാറിയവരുമാണ്.
ജിദ്ദാ തുറുമുഖത്തെ പ്രവാസ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ പരിചയപ്പെട്ട ഒരു ഡോക്ടറുണ്ട്. കൊടുങ്ങല്ലൂരിലെ പ്രശസ്ത മുസ്ലിം തറവാടുകളില്‍ ഒന്നായ കറുകപാടത്ത് ഡോ.മുഹമ്മദലി. ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു ഡോക്ടര്‍. ഒരു പക്ഷെ ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുന്ന സഹൃദയനായ ഡോക്ടര്‍. സംഗീതത്തെ കുറിച്ചും സിനിമയെ കുറിച്ചും നല്ല ധാരണയുണ്ടായിരുന്ന സൗമ്യ വ്യക്തിത്വം. നല്ല വായനക്കാരന്‍. മലയാളി കണ്ട നടന വിസ്മയമായ പി.ജെ ആന്റണിയെ ഡോക്ടര്‍ കാണാന്‍ പോയ ഒരു കഥയുണ്ട്. നിര്‍മാല്യത്തിലെ അഭിനയം കണ്ട് പി.ജെ ആന്റണിയെ കാണണമെന്നും നേരിട്ട് അഭിനന്ദിക്കണമെന്നും ആഗ്രഹം. ഡോക്ടര്‍ അന്ന് സൗദി അറാംകോയിലാണ് ജോലി ചെയ്തിരുന്നതെന്നാണ് എന്റെ ഓര്‍മ. പിന്നീടാണ് ഞങ്ങള്‍ ജോലി ചെയ്തിരുന്ന ബി.സി.എ (ബാര്‍ജ് കമ്പനി ഓഫ് അറേബ്യ ലിമിറ്റഡ്) യില്‍ എത്തുന്നത്.
അന്ന് അവിടെ തമിഴ്നാട്ടുകാരനായ ഒരു ഡോ.ഇഖ്ബാലും ജോലി ചെയ്തിരുന്നു. കംപൗണ്ടര്‍ ഗോവക്കാരനായിരുന്നു. ഒരവധിക്കാലത്ത് ഡോ.മുഹമ്മദലി പി.ജെ ആന്റണിയെ തേടി പോകുന്നു. നേരില്‍ കാണുന്നു. കൈയില്‍ കരുതിയിരുന്ന പാരിതോഷികം കൊടുക്കുന്നു. ഇതെന്തിനെന്ന് ചോദ്യം. കുളിച്ചു കയറിയിട്ടുള്ള ആ ചിരിയുണ്ടല്ലൊ ആ ചിരിക്കാണ് ഈ സ്നേഹ സമ്മാനമെന്ന് ഡോക്ടര്‍. അങ്ങനെയെങ്കില്‍ രണ്ട് പാരിതോഷികം വേണമെന്ന് പി.ജെ ആന്റണി. വളരെ ഗൗരവത്തിലാണ് ആന്റണി അത് പറയുന്നത്. അടുത്ത തവണ അവധിക്ക് വരുമ്പോള്‍ രണ്ടല്ല പത്ത് പാരിതോഷികങ്ങള്‍ കൊണ്ടു വരാമെന്ന് ഡോക്ടര്‍. പി.ജെ.ആന്റണി ചിരിക്കുന്നു. മഹാ നടനോട് ഡോക്ടര്‍ ചോദിക്കുന്നു, രണ്ട് പാരിതോഷികം വേണ മെന്ന് പറഞ്ഞതിന്റെ പൊരുളെന്ത് ? പി.ജെ ആന്റണി കുറച്ചു നേരം കണ്ണടച്ച് ധ്യാനത്തിലാകുന്നു. വെളിച്ചപ്പാടിന്റെ അരുളപാട് കേള്‍ക്കാന്‍ ഡോക്ടര്‍ മുഹമ്മദലി ആകാംക്ഷയോടെ കാത്തിരിക്കുന്നു. അപ്പോള്‍ പി.ജെ ആന്റണി പറയുന്നു, കുളിച്ച സീനെടുത്തത് ഒരു ദിവസവും ചിരിയെടുത്തത് പിന്നീട് ഒരു ദിവസവുമാണ്. ഡോക്ടര്‍ ആ കൈ പിടിച്ച് കുറച്ചു നേരം നിശബ്ദനായി ഇരിക്കുന്നു. അതാണ് നടനം. സംവിധായകന്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരായിരുന്നു.
ദിവസങ്ങളുടെ വ്യത്യാസത്തിലെടുത്ത കണ്ടിന്യൂവിറ്റി ഷോടുകള്‍ രണ്ടും ഗംഭീരം. യാത്ര പറഞ്ഞ് ഇറങ്ങാന്‍ നേരത്ത് പി.ജെ ആന്റണി ഡോക്ടറെ ചേര്‍ത്ത് പിടിക്കുന്നു. താങ്കള്‍ എന്നെ തേടി വന്നതില്‍ സന്തോഷം .അതും ഈ ഒരു സീനിന്റെ ഗരിമ പറയാന്‍. ഞാന്‍ സന്തോഷവാനാണ്. ആ സന്തോഷം തന്നെയാണ് പാരിതോഷികം. ഇനിയും വരണം. എഴുത്തുകാരുമായും സിനിമാക്കാരുമായുമായും ബന്ധപ്പെട്ട നിരവധി അനുഭവങ്ങള്‍ ഡോക്ടര്‍ പലപ്പോഴായി പങ്കു വെച്ചിട്ടുണ്ട്. എം.ടി യുടെ ബന്ധനം എന്ന സിനിമ ഞാന്‍ ആദ്യം കാണുന്നത് ഡോക്ടര്‍ കാസറ്റ് തന്നപ്പോഴാണ്. അതു പോലെ നിരവധി പുസ്തകങ്ങള്‍. സിനിമകള്‍. മനോഹരമായ കൈയക്ഷരം. എന്റെ ബാപ്പ ഉമ്മര്‍മാഷുടെ കൈയക്ഷരമായിരുന്നു അതുവരെ ഞാന്‍ കണ്ട ഭംഗിയുള്ള കൈയക്ഷരം. അതിനെ മറി കടക്കുമായിരുന്നു ഡോക്ടറുടെ കൈയക്ഷരം. ഇക്കാര്യം ഞാന്‍ ബാപ്പാക്ക് അക്കാലത്ത് എഴുതിയ ഒരു കത്തില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്നു ഡോക്ടര്‍. മുടിയൊക്കെ ചീകിയൊതുക്കി വളരെ ശ്രദ്ധയോടെ നടന്നിരുന്ന ഒരാള്‍. പലതു കൊണ്ടും മറക്കാനാവില്ല ആദ്യ പ്രവാസത്തിന്റെ ആ മൂന്ന് വര്‍ഷം.
ജിദ്ദയിലെ ലേബര്‍ ക്യാമ്പിലെ ഭക്ഷണം മടുപ്പിക്കുന്നതായിരുന്നു. ഇപ്പോള്‍ ബി.സി.എ വാട്സ്ആപ്പ് കൂട്ടായ്മിലെ അംഗങ്ങള്‍ നാലു പതിറ്റാണ്ടിനു ശേഷം ക്യാമ്പ് മെസിലെ ഭക്ഷണത്തെ കുറിച്ച് പല ഓര്‍മകളും പങ്കു വെക്കുന്നു. കൂട്ടത്തില്‍ ദിവസത്തിലെ അധിക സമയവും മെസുകളുടെ പുറത്ത് വലിയ ഫല്‍സ്‌കില്‍ നിറച്ചു വെച്ചിരുന്ന ചായ. ആ ചായയില്‍ കടുക്കയിട്ടിരുന്നുവെന്ന് ഗോപിയുടെ കണ്ടെത്തല്‍. ഉണ്ടായിരുന്നോ ? അതിനു സാധ്യതയില്ലെന്ന് സന്തോഷും കെല്‍മനും നൗഷാദും പറയുന്നു. ഗോപി ഇടക്കിടെ ചായ കുടിക്കുന്നതു ശ്രദ്ധയില്‍ പെട്ട ആരോ ഒരു വിരുതന്‍ പടച്ചു വിട്ട കഥയാണത്രെ ഇത്. മനോഹറും ഉണ്ണിത്താനും അജയനും (ഇടപള്ളി) നാസറും ഷാഹുല്‍ ഹമീദും ജ്യേതിയും സിദ്ധിഖും ജുനൈദുമൊക്കെ ഇക്കാര്യം ആവര്‍ത്തിക്കുമ്പോഴും ഇപ്പോള്‍ പട്ടാമ്പിയിലുള്ള ഗോപി സമ്മതിക്കുന്നില്ല. അതെന്തായാലും ആ മെസുകളിലെ ഭക്ഷണം ഒരു സംഭവമായിരുന്നു. ഒരു തരം മണമുള്ള ആട്ടിറച്ചിയും ബീഫും. വല്ലപ്പോഴും ഫ്രൈ ചെയ്ത മീന്‍ കറി വെച്ചത്. എല്ലാ കറികള്‍ക്കും ഒരേ സ്വാദ്. പരിപ്പ് കറിക്ക് ഒഴികെ എല്ലാ കറികള്‍ക്കും ഒരേ നിറം.
ബ്രെയിക്ക് ഫാസ്റ്റിന് സേമിയ പായസം . ഇടക്ക് വല്ലപ്പോഴും ഓലലെറ്റ്. മുറികളില്‍ ഭക്ഷണം പാകം ചെയ്താല്‍ പിടിക്കും. എന്നിട്ടും എല്ലാ നിയമങ്ങളും മറി കടന്ന് മുറികളില്‍ പാചകം ചെയ്തിരുന്നു. ടൂണ കറികള്‍. ചെറിയ സ്റ്റീല്‍ കപ്പുകളില്‍ കറി വെച്ചിരുന്ന സാഹസികതയെ കുറിച്ച് ഈ അടുത്ത ദിവസം രാജേന്ദ്രനും പുഷ്പരാജനും ഒരു വോയ്സിട്ടിരുന്നു. പിന്നെ ശരണം തൈരായിരുന്നു. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വന്ന നിരവധി പകലുകളില്‍ ഉച്ച ഭക്ഷണം കഴിക്കാതെ വൈകുന്നേരം നാലു വരെ ഉറങ്ങിയിട്ടുണ്ട്. അഥവാ ഉറക്കം കിട്ടിയില്ലെങ്കി്ല്‍ അടുത്ത മുറികളില്‍ ഉറങ്ങുന്നവരെയെല്ലാം ഉച്ച ഭക്ഷണത്തിന് വിളിച്ചുണര്‍ത്തും. ഈ കഥ പറഞ്ഞത് മനോഹരനും അനിലും. മരിച്ചു പോയ കലാമിക്ക ഇതിനു പലപ്പോഴും ചീത്ത പറഞ്ഞിട്ടുണ്ട്. കണ്ണുരുട്ടി ഉച്ചത്തിലാണ് ചീത്ത പറച്ചില്‍. അതോടെ ആ മുറിയിലെന്നല്ല 76 ാം നമ്പര്‍ ബ്ലോക്കിലെ സകല മുറികളിലും ഉള്ളവര്‍ ഉണരും.
ഡോക്ടറുടെ വീട്ടില്‍ നിന്ന് ഒരു വൈകുന്നേരം പത്തിരിയും ഇറച്ചിയും കഴിച്ചപ്പോഴാണ് സൗദിയില്‍ മണമില്ലാത്ത നല്ല രുചികരമായ മട്ടണ്‍ കിട്ടുമെന്ന് മനസിലായത്. അന്നത്തെ ആ വൈകുന്നേരം മുസാഫിറും ഹസന്‍ ചേളാരിയും ഉസ്മാന്‍ ഇരുമ്പുഴിയും ഹരി മായന്നൂരും കൂടെയുണ്ടായിരുന്നു. ജിദ്ദയില്‍ നിന്ന് മനോരമക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തിരുന്ന മുസാഫിര്‍ ഭാഷ കൊണ്ട് എന്നെ എക്കാലത്തും വിസ്മയിപ്പിച്ചിട്ടുള്ള എഴുത്തുകാരനാണ്. പുറത്ത് നല്ല ജോലി ചെയ്തിരുന്ന മുസാഫിറാണ് എന്നെ ഡോക്ടര്‍ക്ക് പരിചയപ്പെടുത്തിയത്. റുവൈസില്‍ ഹാപ്പി ഫാമിലി സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തായിരുന്നു ഡോക്ടറുടെ ഫല്‍റ്റ്. മുസാഫിറും അന്ന് റുവൈസിലാണ് താമസിച്ചിരുന്നത്. അന്ന് മുസഫിറിന്റെ സുഹൃത്തായ ഒരു ഷാഹുല്‍ ഹമീദ് ഉണ്ടായിരുന്നു. പ്രവാസത്തില്‍ നിന്ന് സന്യാസത്തിലേക്കും പിന്നീട് പ്രകൃതിയുടെ തലോടലിലേക്കും മടങ്ങിയ ഷാഹുല്‍ ഹമീദ്. നല്ല കഥകള്‍ എഴുതിയിരുന്ന ഹരി മായന്നൂര്‍ പിന്നീട് നിശബ്ദനായി. ഡോക്ടറുടെ ഭാര്യ സഫൂറ ( ഇത്ത) അന്ന് ഉണ്ടാക്കി തന്ന പത്തിരിയുടെ സ്വാദ് ഇപ്പോഴും നാവിലുണ്ട്. ആര്‍ത്തിയോടെയാണ് ഭക്ഷണം കഴിച്ചത്. ഡോക്ടറുടെ മക്കളായ സിമിയും സമീറും അന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ഇപ്പോള്‍ ഡോ.സമീര്‍ സിദ്ധിഖ് യു.എസി ലും സിമി അന്‍വര്‍ ദുബായിലുമാണ്.
ക്യാമ്പ് ഭക്ഷണത്തിന്റെ മടുപ്പില്‍ നിന്ന് പലപ്പോഴും ഡോക്ടര്‍ രക്ഷിച്ചിട്ടുണ്ട്. ഇടക്ക് ഓഫ് ദിനങ്ങളില്‍ രാത്രികളില്‍ ഞങ്ങള്‍ മുസാഫിറിനെ തേടി പോകുമായിരുന്നു.ചെങ്കടല്‍ തീരത്ത് ഇരുന്ന് രാവേറെ ചെല്ലും വരെ വര്‍ത്തമാനം. മെഡിക്കല്‍ ലീവില്‍ നിന്നാണ് ഞങ്ങളുടെ സൗഹൃദത്തിന്റെ തുടക്കം. അന്നാളുകളില്‍ അടുപ്പിച്ച് മൂന്ന് ഫീച്ചറുകള്‍ ഞാന്‍ മാതൃഭൂമി വാരികയില്‍ എഴുതിയിരുന്നു. മദിനയും മായാത്ത ചരിത്രവും , ഗള്‍ഫില്‍ നിന്ന് മടങ്ങുന്നവര്‍ (രണ്ടും കവര്‍ സ്റ്റോറികള്‍) ഹിറാഗുഹയിലേക്ക് ഒരു യാത്ര. ഇതില്‍ മദിന യാത്രയില്‍ സലിമും (സലിമിക്ക എന്റെ റൂം മെയിറ്റ്) ഹിറാഗുഹ യാത്രയില്‍ ജുനൈദുമായിരുന്നു കൂടെയുണ്ടായിരുന്നത്. ഗള്‍ഫില്‍ നിന്ന് മടങ്ങുന്നവരില്‍ ഡോക്ടറെ കുറിച്ച് പരോക്ഷ പരാമര്‍ശമുണ്ടായിരുന്നു. അത് അദ്ദേഹം കണ്ടു പിടിക്കുകയും ചെയ്തു. അക്കാലത്ത് ഒരു ദിവസമാണ് എനിക്ക് ശരിക്കും പനി പിടിച്ചത്. ശരിക്കും പനിയെന്ന് എടുത്തു പറഞ്ഞത് കൃത്രിമ പനിയുമായി പലരും ഡോക്ടറെ സമീപിച്ചിരുന്നതു കൊണ്ടാണ്. ഞാനും അങ്ങനെ പിന്നീട് ചെയ്തിട്ടുണ്ട്. ടെംമ്പറേച്ചര്‍ കൂടുതലായി കാണാന്‍ പല വിദ്യകളും ഉപയോഗിച്ചിരുന്നു. ഗോപിയും ആന്റണിയും ജോസും നാസറും സന്തോഷുമൊക്കെ പറയുമ്പോഴാണ് ആ ഓര്‍മകള്‍ തിരിച്ചെത്തുന്നത്. ചുടു ചായ കുടിക്കല്‍, കക്ഷത്തില്‍ സവാള വെക്കല്‍, പുഷപ്പ് എടുത്ത ഉടനെ ക്ലിനിക്കില്‍ എത്തല്‍ തുടങ്ങി പല വിദ്യകള്‍. ഛര്‍ദില്‍ വരുത്താനും വയറിളക്കത്തിനും വെവ്വെറെ വിദ്യകള്‍.
ഒരാഴ്ച പകലും ഒരാഴ്ച രാത്രിയുമാണ് ഡ്യൂട്ടി. ഇതില്‍ നൈറ്റ് ഷിഫ്റ്റ് വരുമ്പോഴാണ് മടി പിടിക്കുന്നത്. ഡ്യൂട്ടിയില്‍ നിന്ന് ശമ്പളം കട്ടാകാതെ മാറി നില്‍ക്കാന്‍ എളുപ്പ വഴി മെഡിക്കല്‍ ലീവാണ്. അതിന് ഡോ.മുഹമ്മദലി കനിയണം. ആ സ്നേഹ തീരമാണ് ആശ്രയം. ടെംമ്പറേച്ചര്‍ രേഖപ്പെടുത്തി ഡോക്ടര്‍ പലര്‍ക്കും മെഡിക്കല്‍ ലീവ് കൊടുത്തിട്ടുണ്ട്. അദ്ദേഹം അക്കാര്യത്തില്‍ തെറ്റുകാരനല്ല. ആരും തെറ്റുകാരല്ല. അത്രക്ക് കഠിനമായിരുന്നു പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ഡ്യൂട്ടി. ബി.സി.എ കാലത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ ഡോക്ടര്‍ കഉറെക്കാലം മെഡിക്കല്‍ ട്രസ്റ്റില്‍ ജോലി ചെയ്തിരുന്നു. വീണ്ടും പ്രവാസിയായി അദ്ദേഹം മക്കയിലെ ഒരു ക്ലിനിക്കിലെത്തി. അന്നാളുകളില്‍ അധികവും സംസാരം ഫോണിലൂടെയായി. മക്കത്തു വെച്ച് ഒരിക്കല്‍ കണ്ടപ്പോള്‍ പഴയകാലത്തെ കുറിച്ചായി സംസാരം. അതങ്ങനെ മെഡിക്കല്‍ ലീവില്‍ ചെന്നെത്തി. ഡോക്ടര്‍ പറഞ്ഞു, നീ വിചാരിക്കുന്നുണ്ടോ എനിക്ക് ആ തട്ടിപ്പുകള്‍ അറിയില്ലായിരുന്നെന്ന്. സവാള വെക്കലും ചായ കുടിക്കലും ടെട്രാ പാക്കില്‍ ചീടുവെള്ളം നിറച്ച് ജൂസ് പോലെ കുടിക്കലും തുടങ്ങി സകല വിദ്യകളും അറിയാമായിരുന്നു. എന്നിട്ടും ഞാന്‍ മെഡിക്കല്‍ ലീവ് കൊടുത്തു. അതെന്തിന് ? പലരുടെയും കൗമാരവും യൗവ്വനവും വാടാതെ കാത്തു സൂക്ഷിക്കാന്‍ അത് അനിവാര്യമായിരുന്നു. നമിച്ചു പോയി ആ മനസിനെ. പ്രിയപ്പെട്ട ഡോക്ടര്‍ ആര്‍ദ്രമായ ഓര്‍മകളുടെ ആ കാലത്തിനു പകരം വെക്കാന്‍ പ്രവാസത്തില്‍ ഇനി ഒരിടമില്ല. എന്റെ മനസിന്റെ ജാലക വിരികളിലും മറവിയുടെ മാറാല പടരുകയാണ്