2018 മെയ് മാസത്തില്‍ അയാള്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തളര്‍ന്നു വീഴുകയായിരുന്നു. അതോടെ മൂന്നര പതിറ്റാണ്ടു നീണ്ട സുദീര്‍ഘമായ പ്രവാസ ജീവിതത്തിന് വിരാമം. മാസങ്ങള്‍ക്ക് ശേഷം ഒരാഴ്ച മുമ്പ് അയാളുടെ മൃതദേഹം സൗദിയിലെ ജിസാനില്‍ സംസ്‌കരിച്ചു.  മൂന്നര പതിറ്റാണ്ടിനിടയില്‍ അയാള്‍ ഒരിക്കല്‍ പോലും നാട്ടില്‍ പോയിരുന്നില്ല. ബന്ധുക്കളും മറ്റ് വേണ്ടപ്പെട്ടവരും അയാളെ തിരസ്‌കരിച്ചതാണൊ അതൊ അയാള്‍ തിരസ്‌കാരം സ്വയം സ്വീകരിച്ച് എല്ലാവരില്‍ നിന്നും അകന്ന് ജീവിച്ചതാണൊ ? ജീവിച്ചിരുന്ന കാലത്ത് അയാളെ വളരെ പ്രയാസപ്പെട്ട് തേടി പിടിച്ച ജിസാനിലെ സാമൂഹ്യ പ്രവര്‍ത്തകരായ താഹയും ഡോ.മുബാറക് സാനിയും അയാളോട് ഈ ചോദ്യം പലവട്ടം ചോദിച്ചിരുന്നു. മറുപടി അവധൂതന്റെ ചിരിയായിരുന്നു. 

പോണം നാട്ടില്‍ പോകണം. നാടു കാണണം എന്ന് ചിലപ്പോഴെങ്കിലും പറഞ്ഞിരുന്നു. മൂന്നര പതിറ്റാണ്ടിനിടയില്‍ പലപ്പോഴും അയാളുടെ താമസ രേഖകള്‍ ശരിയായിരുന്നില്ല. പാസ്‌പോര്‍ട്ട് പത്തു വര്‍ഷമായി പുതുക്കിയിരുന്നില്ല. ഇഖാമയും പുതുക്കിയിരുന്നില്ല. സ്‌പോണ്‍സര്‍ താമസ സൗകര്യം നല്‍കിയിരുന്നു. സ്‌പോണ്‍സറുടെ ചില കച്ചവടങ്ങള്‍ നോക്കി നടത്തിയിരുന്ന അയാള്‍ക്ക് സ്‌പോണ്‍സര്‍ ശമ്പളം നല്‍കിയിരുന്നോ എന്നു പോലും വ്യക്തമല്ല. താന്‍ സൗദി അറേബ്യയിലാണെന്നല്ലാതെ സൗദിയില്‍ എവിടെയെന്ന് പോലും അയാള്‍ മറന്നിരിക്കണം. 

കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിസാനു സമീപം അയാള്‍ ജീവിച്ചിരുന്ന ഉള്‍നാടന്‍ പ്രദേശത്തെ മലയാളികളുമായി ബന്ധമുണ്ടായിരുന്നു. പിന്നീട് അയാള്‍ അവരെയും കാണാതായി. തികച്ചും ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ആ തെക്കന്‍ തിരുവിതാംകൂറുകാരന്റെ ദുരൂഹതകള്‍ നിറഞ്ഞ  ജീവിതം അവസാനിച്ച സ്ഥിതിക്ക് ഇനി അത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. 

ജീവിച്ചിരുന്ന കാലത്ത് അയാള്‍ ഇതു കൂടി പറഞ്ഞിരുന്നു, എന്നെ കുറിച്ച് എഴുതരുത്. എഴുതി എഴുതി എന്നെ ശല്യപ്പെടുത്തരുത്. താഹയും ഡോക്ടര്‍ മുബാറക്കും മറ്റ് സാമൂഹ്യ പ്രവര്‍ത്തകരും അയാള്‍ക്ക് വാക്കു കൊടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ അവര്‍ അത് പത്രത്തിലും ടി.വി യിലുമൊന്നും കൊടുത്ത് വലിയ വലിയ കഥകള്‍ പറഞ്ഞില്ല. ഒ

രു കഥാകൃത്തായിരുന്നിട്ടു കൂടി താഹ ആ കഥ എഴുതിയില്ല. എന്നിട്ടും ചില സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ ഭാവനകള്‍ ചമച്ചു. അത് അയാളും അറിഞ്ഞിരുന്നു. അയാള്‍ അറിയാതെ എടുത്ത ചില ചിത്രങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ കൈവശം ഉണ്ടെങ്കിലും  ഉപയോഗിക്കുന്നത് ശരിയല്ല. ഈ കഥയുടെ ബാക്കി ഭാഗത്ത് ബോധപൂര്‍വം പേരു മാറ്റി ഉപയോഗിക്കുന്നതു പോലും ഒരു പക്ഷെ നീതി കേടായിരിക്കും. പക്ഷെ മരണാനന്തരം അയാള്‍  ഒരു കടംങ്കഥ അവശേഷിപ്പിച്ചു പോയതിനെ കുറിച്ച് പറയാതിരിക്കാനാവില്ല. കഥകളുടെ ഏതു ചതുരത്തിലാണ് ഇത് പെടുത്തുകയെന്ന് അറിയില്ല. ഒരു മിസ്റ്റിക് ജീവിതത്തെ സമീപിക്കുമ്പോള്‍ കഥ പറയുന്നവര്‍ ആശയ കുഴപ്പത്തിലാകും. സമസ്ത ഭാവനകളെയും അതിശയിപ്പിക്കുന്ന ജീവിതങ്ങളുണ്ട്. അതാകട്ടെ മരുഭൂമി കാത്തു വെച്ചിരിക്കുന്ന അദ്ഭുതങ്ങള്‍ക്കും അപ്പുറത്താണ്. മരുഭൂമിയില്‍ നാം അറിയാതെ പോകുന്ന ഇതു പോലെ എത്രയോ മനുഷ്യ ജീവിതങ്ങളുണ്ട്. 

മരണാനന്തരം അയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ രേഖകള്‍ ആവശ്യമായിരുന്നു. ആ രേഖകള്‍ക്കു വേണ്ടി താഹ നടത്തിയ അന്വേഷണങ്ങള്‍ താഹയെ പോലും ഞെട്ടിപ്പിച്ചു. ആദ്യമാദ്യം ഒരു രേഖയും കിട്ടിയില്ല. ഏറെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ സ്‌പോണ്‍സറെ കണ്ടെത്തിയപ്പോള്‍ സ്‌പോണ്‍സര്‍ അയാളുടെ പഴയ പാസ്‌പോര്‍ട്ടുകള്‍ ( പലപ്പോഴായി പുതുക്കിയത്) കൊടുത്തു. വീട്ടുകാരെ അയാള്‍ ജീവിച്ചിരുന്ന കാലത്തു തന്നെ താഹയും മറ്റ് ചില സാമൂഹ്യ പ്രവര്‍ത്തകരും ബന്ധപ്പെട്ടിരുന്നതു കൊണ്ട് മൃതദേഹം ഇവിടെ സംസ്‌കരിക്കാനുള്ള സമ്മതപത്രം ലഭിച്ചു. പത്തു വര്‍ഷം മുമ്പാണ് അവസാനം പാസ്‌പോര്‍ട്ട് പുതുക്കിയിരുന്നത്. 

സമ്മതപത്രവും പുതുക്കാത്ത ആ പാസ്‌പോര്‍ട്ടുമായി എംബസിയെ സമീപിച്ചപ്പോഴാണ് കഥയാകെ മാറുന്നത്. പാസ്‌പോര്‍ട്ടില്‍ ഭാര്യയുടെ പേരിന്റെ സ്ഥാനത്ത് കനകാംബരം എന്നൊരു പേര്. ആരാണ് കനകാംബരം ? നാട്ടില്‍ നിന്ന് എടുത്ത പാസ്‌പോര്‍ട്ടിലും അതിനു ശേഷം പുതുക്കിയ പാസ്‌പോര്‍ട്ടുകളിലും ഒന്നും ആ പേരില്ല. യുവാവായിരിക്കുമ്പോള്‍ നാടു വിട്ട അയാള്‍ നാട്ടില്‍ വെച്ച് വിവാഹിതനായിരുന്നില്ല. പിന്നീട് അയാള്‍ നാട്ടില്‍ പോയിട്ടുമില്ല. പാസ്‌പോര്‍ട്ടില്‍ ഭാര്യയുടെ പേരുള്ള സ്ഥിതിക്ക് ആ സ്ത്രീയുടെ സമ്മതപത്രം മൃതദേഹം സംസ്‌കരിക്കാന്‍ നിര്‍ബന്ധമാണ്. ഇതോടെ നടപടികള്‍ വീണ്ടും തടസപ്പെട്ടു. ആരാണ് അവര്‍. ഇവിടെ ഒരു ഭാര്യ ഉണ്ടായിരുന്ന കാര്യം അയാളെ അടുത്ത് അറിയുമായിരുന്ന ആദ്യ കാല പ്രവാസികള്‍ക്ക് ആര്‍ക്കും നിശ്ചയമില്ല. പിന്നെ അവര്‍ ആരാണ് ? എവിടെയാണ് ? 

അന്വേഷണത്തിനൊടുവില്‍ അയാള്‍ താമസിച്ചിരുന്ന ഉള്‍നാട്ടിലെ ഒരാള്‍ ഒരു കഥ പറഞ്ഞു. നാട്ടില്‍ നിന്ന് ആ ഗ്രാമത്തില്‍ ജോലിക്ക് വന്ന സ്ത്രീയെ കുറിച്ചാണ് അയാള്‍ പറഞ്ഞത്. അവര്‍ നാട്ടില്‍ നിന്ന് വരുമ്പോഴെ ഗര്‍ഭിണിയായിരുന്നു. കാമുകനാല്‍ ഉപേക്ഷിക്കപ്പെട്ടവള്‍. അവര്‍ അവിടെ പ്രവസവിച്ചു. നവജാത ശിശുവിന് പാസ്‌പോര്‍ട്ട് എടുക്കാന്‍ ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ടും സത്യവാങ്മൂലവും നിര്‍ബന്ധമാണ്. ആ സ്ത്രീയെ സങ്കീര്‍ണമായ നിയമ കുരുക്കില്‍ നിന്ന് രക്ഷിക്കാന്‍ അയാള്‍ ചെയ്ത ഒരു ത്യാഗം മാത്രമാണ് പാസ്‌പോര്‍ട്ടിലെ ആ പേരെന്നായിരുന്നു കഥ.

 അയാളുമായി ആ സ്ത്രീക്ക് ഒരു അടുപ്പവും ഇല്ലായിരുന്നെന്നും കഥ പറഞ്ഞയാള്‍ സാക്ഷ്യപ്പെടുത്തി. ആ സ്ത്രീ അക്കാലത്തു തന്നെ കുട്ടിയുമായി നാട്ടിലേക്ക് മടങ്ങിയിരുന്നു. എംബസിയെ ഇക്കാര്യം ധരിപ്പിച്ച് നാട്ടില്‍ നിന്ന് അയാള്‍ ഒരിക്കലും വിവാഹിതനായിരുന്നില്ലെന്ന കാര്യം കൂടി ഉള്‍പ്പെടുത്തി പുതിയ സമ്മതപത്രം വരുത്തി. അപ്പോഴേക്കും 2019 പിറന്നിരുന്നു. ഈ കഥയില്‍ വാസ്തവമുണ്ടോ ? അതൊ തന്റെ മനസിലെ ആഗ്രഹ സഫലീകരണത്തിന് ഒരു പേര് അയാള്‍ വെറുതെ എഴുതി ചേര്‍ത്തതാണൊ ? ഒരു മനോഹര സ്വപ്നത്തിന്റെ സാക്ഷ്‌കാരം പോലെ ഒരു പേര്. അതിലൂടെ ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ച സ്വന്തം അസ്തിത്വം.