ഏകാന്തതയെ ഒരാള്‍ വ്യാഖ്യാനിക്കുന്നതും ഉള്‍കൊള്ളുന്നതും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ്. ചിലപ്പോള്‍ ഏകാന്തത ഭയാനകമാണ്. മറ്റ് ചിലപ്പോള്‍ അത് സാന്ത്വനവുമാണ്. സാഹചര്യത്തിന് അനുസരിച്ച് മനസാണ് ഈ അവസ്ഥയിലെത്തുന്നത്. പെട്ടെന്ന് ഒരു നിമിഷം ഒറ്റപ്പെട്ടു പോകുമ്പോള്‍ വലയം ചെയ്യപ്പെടുന്ന ഏകാന്തത മുറിച്ചു കടന്നു പോരല്‍ ശ്രമകരമാണ്. അത്തരം ഒരവസ്ഥയില്‍ വിയറ്റ്‌നാമിലെ കൊടും വനത്തിനുള്ളില്‍ പെട്ടു പോയ 31 കാരി അനുഭവിച്ചത് ഏകാന്തതയുടെ എട്ട് ദിന രാത്രങ്ങള്‍. 

 കൊടും കാടിനോട് ചേര്‍ന്നുള്ള മലഞ്ചെരിവില്‍ തകര്‍ന്നു വീണ വിമാനത്തില്‍ നിന്ന് തെറിച്ചു പോയതു കൊണ്ട് മാത്രം ജീവിതത്തിന്റെ പ്രസരിപ്പുകള്‍ വീണ്ടെടുക്കാന്‍ സാധിച്ച അനാറ്റെ ഹെര്‍ഫ്ക്കന്‍സ് എന്ന ഡച്ചുകാരിയുടെ  ടെര്‍ബുലന്‍സ് എ ട്രൂ സ്റ്റോറി ഓഫ് സര്‍വൈവല്‍ എന്ന പുസ്തകം അന്നാളുകളിലെ അവരുടെ അനുഭവങ്ങളുടെ സാക്ഷിപത്രമാണ്. മനുഷ്യ ജീവിതത്തിന്റെ അങ്ങേയറ്റത്തെ നിസാരതയും ദൈവത്തിന്റെ അദൃശ്യ കരങ്ങളുടെ തലോടലും പ്രതീക്ഷകളുടെ കാത്തിരിപ്പും നിസാഹായതയുടെ കണ്ണീരും ആകാംക്ഷയോടെ മാത്രം വായിക്കാന്‍ സാധിക്കുന്ന ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. ഒരായുസിന്റെ മുഴുവന്‍ മാനസിക സംഘര്‍ഷവും 192 മണിക്കൂറുകള്‍ക്കുള്ളില്‍ അതി തീക്ഷ്ണതയോടെ അനുഭവിച്ചു തീര്‍ക്കുമ്പോള്‍ അനാറ്റെ ഫെര്‍ക്കന്‍സിന് 31 വയസ് പ്രായം. 

വിയറ്റ്‌നാം എയര്‍ലൈന്‍സിന്റെ ഒരു ചെറു വിമാനത്തിലെ യാത്രക്കാരായിരുന്നു അനാറ്റെയും അവരുടെ പ്രതിശ്രുത വരനും. 1992 നവംബര്‍ 14 ന് ഹോചിമിന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് അധികം കഴിയുന്നതിനു മുമ്പ് വിമാനം വിയറ്റ്‌നാമിലെ കാട്ടില്‍ തകര്‍ന്ന് വീഴുകയായിരുന്നു. അപകടത്തില്‍ അനാറ്റെ ഒഴികെ എല്ലാവരും കൊല്ലപ്പെട്ടു. ദൈവത്തിന്റെ കൈകള്‍ അനാറ്റെയെ രക്ഷപ്പെടുത്തുമ്പോള്‍ തൊട്ടടുത്ത് പ്രതിശ്രുത വരന്‍ മരിച്ച് കിടക്കുകയായിരുന്നു. 

ആ മുഖത്ത് അപ്പോഴും അവസാനമായി അവര്‍ പങ്കു വെച്ച തമാശ അവശേഷിപ്പിച്ച നേര്‍ത്ത ചിരിയുണ്ടായിരുന്നെന്ന് അനാറ്റെ എഴുതുന്നു. വര്‍ഷങ്ങളോളം അവരെ പിന്തുടര്‍ന്ന സൗമ്യമായ ആ മുഖത്തെ നേര്‍ത്ത പുഞ്ചിരി. ആകെ 29 യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്‍. വിമാനം തകര്‍ന്ന് വീണ ഉടനെ പലര്‍ക്കും ജീവനുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നു പോയാണ് പലരും മരിച്ചത്. അതില്‍ ഒരാള്‍ തന്റെ മരണത്തിന് തൊട്ടു മുമ്പ് അനാറ്റെയെ അരികില്‍ വിളിച്ച് കാട്ടില്‍ ഉപയോഗിക്കാന്‍ ഒരു ട്രൗസര്‍ നല്‍കി .കണ്ണീരോടെ അത് സ്വീകരിക്കുന്നതിനിടെ അയാള്‍ മരണത്തിലേക്ക് വീണു പോയിരുന്നു. മരണം ഉറപ്പാണെന്ന് അറിഞ്ഞ നിമിഷത്തെ സഹജീവി സ്‌നേഹത്തിന്റെ ഉദാത്തത കൊണ്ട് സ്ഫുടം ചെയ്യുകയായിരുന്നിരിക്കണം ആ മനുഷ്യന്‍.

അങ്ങനെ ജീവന്‍ അവശേഷിച്ചിരുന്നവര്‍ ഓരോരുത്തരായി വേര്‍ പിരിഞ്ഞു. അതിനിടെ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ ഹെലികോപ്റ്ററും തകര്‍ന്നു വീണു. അതലുണ്ടായിരുന്ന എട്ട് സൈനികര്‍ മരിച്ചു. ദുരന്തം ഒന്നിനു മേലെ ഒന്നായി പെയ്തിറങ്ങുന്നതിനിടെ ദാഹ ജലത്തിനായി അനാറ്റെ കാട്ടില്‍ കരഞ്ഞു കൊണ്ട് ഓടി നടന്നു. ഇലകളിലും മറ്റും തങ്ങി നിന്നിരുന്ന മഴ വെള്ളം മാത്രമായിരുന്നു ആശ്രയം. പകലും രാത്രിയും ഒരു പോലെ ഭയന്ന് വിറച്ചും വിശന്നും കഴിച്ചു കൂട്ടിയ അനാറ്റെ മണിക്കൂറുകള്‍ കഴിയും തോറും അവശയായി കൊണ്ടിരുന്നു. 

ഭയാനകമായ എട്ടു ദിന രാത്രങ്ങള്‍ക്ക് ശേഷം കാട്ടില്‍ പട്രോളിംഗിന് ഇറങ്ങിയ പോലീസുകാരില്‍ ഒരാള്‍ അനാറ്റെയെ കാണുന്നു. വനാന്തരത്തിന്റെ വിജനതയില്‍ തൂവെള്ള നിറമുള്ള യവതിയെ കണ്ട പോലീസുകാരന് ആദ്യം തോന്നിയത് യക്ഷി കാട്ടിലിറങ്ങിയെന്നാണ്. അത് ഒരു മനുഷ്യ സ്ത്രീയാണെന്ന് വിശ്വസിക്കാന്‍ അയാള്‍ക്ക് ഏറെ നേരം വേണ്ടി വന്നു. തന്റെ സഹ പ്രവര്‍ത്തകരെ വിളിച്ചു വരുത്തിയ ശേഷമാണ് അയാള്‍ അനാറ്റെയെ കേള്‍ക്കാന്‍ തയാറായത്. തകര്‍ന്ന വിമാനത്തിന്റെ കഥ അറിയാമായിരുന്ന വനപാലകന്‍ വളരെ പെട്ടെന്ന് ആ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരേ ഒരാളെ കാട്ടിനു പുറത്തെത്തിച്ചു. അപ്പോഴേക്കും അനാറ്റെ അവശയായിരുന്നു. സംസാരിക്കാനുള്ള ശേഷി പോലും ഇല്ലായിരുന്നു. പിന്നീട് അനാറ്റെയെ സിംഗപ്പൂരിലെ ആശുപത്രിയിലെത്തിച്ചു. ആഴ്ചകളുടെ ചികിത്സക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത അനാറ്റെ തന്റെ ബാങ്ക് ജോലിയിലേക്ക് മടങ്ങി. 

വര്‍ഷങ്ങള്‍ക്ക് ശേഷം 55 ാം വയസില്‍ അവര്‍ വീണ്ടും വിയറ്റ്‌നാമിലെ കാട്ടിലെത്തുന്നുണ്ട്. തന്നെ രക്ഷിച്ച പോലീസുകാരനെ തേടി പിടിച്ച് പ്രിയപ്പെട്ടവന്റെ അടക്കം 28 മൃത ശരീരങ്ങള്‍ക്കിടയില്‍ താന്‍ ഒറ്റപ്പെട്ടു പോയ സ്ഥലത്ത് പോകുന്നുണ്ട്. നടുക്കുന്ന ഓര്‍മകളിലൂടെ ഒരിക്കല്‍ കൂടി അവര്‍ സഞ്ചരിക്കുന്നു. അവിടെ തന്റെ പ്രതിശ്രുത വരനായിരുന്ന വില്യം പാന്‍ഡര്‍ പാസിനെ അവര്‍ അറിയാതെ തിരഞ്ഞു പോകുന്നു. വില്യം വില്യം എന്ന അവരുടെ വിളികള്‍ കാടായ കാടൊക്കെ കാറ്റായി അലയുന്നു. 

വെനിസ്വലയില്‍ ജനിച്ച  ഡച്ച് വംശജയായ അനാറ്റെ വളര്‍ന്നത് നെതര്‍ലാന്റിലാണ്. അവിടെ ലെയിഡന്‍ സര്‍വകലാകാലയില്‍ നിയമ പഠനം. ചിലിയിലെ സാന്റിയാഗോയില്‍ ഇന്റേണ്‍ഷിപ്പ്. പിന്നീട് ഐ.എന്‍.ജി ബാങ്കിലെ മാനേജ്‌മെന്റ് ട്രെയിനി. ഒരു ഡച്ച് ബാങ്ക് വിദേശത്തേക്ക് അയക്കുന്ന ആദ്യത്തെ വനിതാ എക്‌സിക്യൂട്ടീവ്. ന്യൂയോര്‍ക്കിലും ലണ്ടനിലും മാഡ്രിഡിലും ഉന്നത പദവികളില്‍ ജോലി. 1992 ലെ വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിനു ശേഷം തിരിച്ചെത്തിയ അനാറ്റെക്ക് ബാങ്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കി മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. 1996 മുതല്‍ സന്‍ഡാന്റര്‍ ബാങ്കിലെ ന്യൂയോര്‍ക്ക് സിറ്റി ഓഫീസില്‍ ജോലി. നഷ്ടങ്ങളെ കുറിച്ചല്ല ദൈവം തരുന്ന നേട്ടങ്ങളെ കുറിച്ച് മാത്രം ചിന്തിക്കാനും നിരാശയുടെ ഇരുട്ടിലേക്കല്ല പ്രത്യാശയുടെ വെളിച്ചത്തിലേക്ക് നോക്കാനും അനാറ്റെ ലോകത്തോട് വിളിച്ചു പറയുന്നു. 2014 ല്‍ പുറത്തിറങ്ങിയ അനാറ്റെയുടെ  ടര്‍ബുലന്‍സ് എ ട്രൂ സ്റ്റോറി ഓഫ് സര്‍വൈവര്‍ ഇന്നും വായനക്കാരെ ആകര്‍ഷിക്കുന്നു. അവിശ്വസനിയമെന്ന് തോന്നാവുന്ന സംഭവ കഥയുടെ വിവരണമാണ് വിഖ്യാതമായ ഈ പുസ്തകം.