ബാല്യത്തില്‍ അറിയാവുന്ന ഒരേ ഒരു ഡോക്ടര്‍ മുകുന്ദ മേനോന്‍ ഡോക്ടറായിരുന്നു. കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്‌കൂളിന് പടിഞ്ഞാറു വശത്ത് ഡോക്ടറുടെ ബാബു ക്ലിനിക്. അവിടെ ഭാസ്‌കരനും രാധാകൃഷ്ണനും കംപൗണ്ടര്‍മാര്‍. കൂടെ രണ്ട് സ്ത്രീ ജീവനക്കാരും. ഇതില്‍ ഒരാള്‍ രാധാകൃഷ്ണന്റെ ഭാര്യയായിരുന്നു.  അഴീക്കോട് ഭാഗത്ത് ഡോ.സിദ്ധിഖും ഡോ.സഖീറും ഉണ്ടായിരുന്നു. അവര്‍ക്ക് അവിടെ കരിക്കുളം ഹോസ്പിറ്റലും. അഞ്ചപ്പാലം ഭാഗത്ത് മഞ്ഞപിത്ത ചികിത്സക്ക് പുകഴ്പെറ്റ കാര്‍ത്തിക മേനോനും ഉണ്ടായിരുന്നു. കാര്‍ത്ത്യമേനോന്റെ അടുത്തേക്ക് കൊണ്ടു പോയ്ക്കോളു കുട്ടി രക്ഷപ്പെടുമെന്നൊക്കെ മഞ്ഞപിത്തം ബാധിച്ച കുട്ടികളുള്ളവരോട് മുതിര്‍ന്നവര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മകള്‍ ഡോക്ടര്‍ ഗിരിജ. മുകുന്ദമേനോന്റെ ക്ലിനിക്കില്‍ മഞ്ഞ നിറത്തിലുള്ള ഒരു വെള്ളമായിരുന്നു ഔഷധമായി നല്‍കിയിരുന്നത്. കൂടെ കുറെ ഗുളികകളും. നല്ല കൈപുണ്യമായിരുന്നു അദ്ദേഹത്തിന് .അദ്ദേഹത്തെ കാണുന്നത് തന്നെ സന്തോഷവും ആശ്വാസവുമായിരുന്നു.  മക്കളില്‍ കൃഷ്ണകുമാറിനെയും രവിയെയും ഞാനറിയും. ഡോ.മുകുന്ദ മേനോന്‍ അംബാസഡര്‍ ഡ്രൈവ് ചെയ്തു പോകുന്നത് ഇപ്പോഴും മനസിലുണ്ട്.   

എന്റെ ബന്ധത്തില്‍പെട്ട  ആദ്യ ഡോക്ടര്‍ ഡോ.സുബൈദയാണ്.  അവര്‍ എന്റെ മുത്തശ്ശിയുടെ (വെല്ലിമ്മ) സഹോദരിയുടെ മകളായിരുന്നു. അവരുടെ പിതാവ് എന്റെ ബാപ്പയുടെ ഫസ്റ്റ് കസിനും.  സുബൈദയെ ചുരുക്കി സു ആക്കി സുക്കുഞ്ഞുമ്മ ( ഡോ.സുബൈദ ഇസ്മയില്‍ )  എന്നാണ്  വിളിക്കുന്നത്.  കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ കുടുംബത്തില്‍ നിന്ന് സഹോദരന്‍മാര്‍ രണ്ടു പേര്‍ ഡോക്ടര്‍മാരായി. ഡോ.കെ.യു.കുഞ്ഞിമൊയ്തീനും ഡോ.കെ.യു.ഷെഫിയും. ഇരുവരും തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പഠിച്ചവര്‍. സുക്കുഞ്ഞുമ്മയുടെ മകളും ഡോക്ടറാണ്.  രണ്ട് വര്‍ഷം മുമ്പ് നീറ്റ് പരീക്ഷയെഴുതി എന്റെ മൂത്ത മകന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിനു ചേരാന്‍ അര്‍ഹത നേടി. രണ്ടാമത്തെ മകന്‍  എന്‍ജിനിയറിംഗും മെഡിസിനും  തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ് ദല്‍ഹി യൂനിവേഴ്സിറ്റിയില്‍ ബിരുദ വിദ്യാര്‍ഥി. സഹോദരന്‍ ഡോ.കുഞ്ഞിമൊയ്തീന്റെ മകളും എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ്. സര്‍ക്കാര്‍ സംവിധാനം പ്രയോജനപ്പെടുത്തി പരിമിതമായ ഫീസില്‍  പഠിച്ച്  പുറത്തിറങ്ങുമ്പോള്‍  സമൂഹത്തിനു പ്രയോജനപ്പെടുന്നവരായി മക്കള്‍ മാറട്ടെയെന്ന് പ്രാര്‍ഥന. 

സമൂഹം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എക്കാലത്തും അര്‍ഹിക്കുന്ന പരിഗണനയും ആദരവും കൊടുക്കുന്നുണ്ട്.  ആദരവ് ചോദിച്ചു വാങ്ങാനാവില്ല. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലണം. അങ്ങനെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന ഡോക്ടര്‍ ഗോവിന്ദന്‍ വെറും ഒരു ഡോക്ടറല്ല.  വളരെ യാദൃശ്ചികമായാണ് ഞാന്‍ നൗഫിയ സുലൈമാന്‍ ഡോക്ടര്‍ ഗോവിന്ദനെ കുറിച്ച് എഴുതിയത് വായിക്കുന്നത്. സുഹൃത്തും സഹപാഠിയും ജൈവ കര്‍ഷകനുമായ കരിം കോട്ടപ്പുറമാണ് പിന്നീട് ഗോവിന്ദന്‍ ഡോക്ടറുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചു തന്നത്. ഉടനെ ബന്ധപ്പെട്ടെങ്കിലും ഫോണെടുത്തില്ല. പ്രായമായ ആളാണ്. വിശ്രമിക്കുന്ന സമയത്തൊ മറ്റൊ വിളിച്ചൊ ? അല്‍പം കഴിഞ്ഞ് ഗോവിന്ദന്‍ ഡോക്ടര്‍ തിരിച്ചു വിളിച്ചു. ആദരവോടെ വിവരം പറഞ്ഞു. അദ്ദേഹം പറഞ്ഞു, എന്താണ് അറിയേണ്ടതെന്ന് വെച്ചാല്‍ ചോദിച്ചോളു. വോയിസ് മെസേജ് ആയി ഉത്തരം തരാം. പിന്നെ എന്നെ കുറിച്ച് എന്തെഴുതുമ്പോഴും പക്കറിനെയും പരാമര്‍ശിക്കണം. അതാരാണ് ? കോഴിക്കോട്ടെ ഡോ.പക്കര്‍ കോയ. പക്കര്‍ എനിക്ക് വെറും സുഹൃത്തല്ല. എന്റെ ജീവിതം പരുവപ്പെടുത്താന്‍ ദൈവം നിയോഗിച്ച മനുഷ്യനാണ്. ഞാന്‍ പിന്നീട് ഡോക്ടര്‍ പക്കര്‍ കോയയെയും ബന്ധപ്പെടുന്നു. ഇരുവരും പറഞ്ഞ കഥയില്‍ മാനവികത എന്ന പൊതുവായ ഒരു അന്തര്‍ധാരയുണ്ട്.  ഈ കോവിഡ് കാലത്ത് ഇവരെ കുറിച്ച് എഴുതിയില്ലെങ്കില്‍ പിന്നീട് എപ്പോഴാണ് എഴുതുക ? 

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിച്ചവരാണ് ഡോ.ഗോവിന്ദനും ഡോ.പക്കര്‍ കോയയും. ആത്മ മിത്രങ്ങള്‍. പക്കര്‍ കോയയുടെ നിര്‍ബന്ധമാണ് ഇല്ലായാമയുടെ വറുതിയിലായിരുന്ന  ഗോവിന്ദനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പക്കറിന്റെ വിരലില്‍ തൂങ്ങി  ജീവിതത്തിന്റെ  കല്‍പടവുകളിലൂടെ താന്‍ അങ്ങനെ നടന്നുവെന്നെ  ഗോവിന്ദന്‍ ഡോക്ടര്‍ പറയു. മഞ്ചേരിയിലെ ഇരുവേറ്റി ഗ്രാമത്തിലെ ആദ്യത്തെ പത്താം ക്ലാസുകാരനാണ് ഡോ. ഗോവിന്ദന്‍. ചാലിയാറിലെ വെള്ളം കുടിച്ച് അധിക ദിവസവും വിശപ്പു മാറ്റി കിലോമീറ്ററുകളോളം  നടന്നു പോയി സ്‌കൂളില്‍ പഠിച്ച ബാല്യം. അന്ന് ചാലിയാര്‍ മലിനപ്പെട്ടിരുന്നില്ലെന്നും അതു ഭാഗ്യമായെന്നും ഗോവിന്ദന്‍ ഡോക്ടര്‍.  അപൂര്‍വമായി അന്നാട്ടിലെ അലവിക്കാടെ കടയില്‍ നിന്ന് ഒരു വടയും ചായയും. അതിന് ഒരണ വേണം. ആ സ്വാദ് ഇപ്പോഴും രസമുകുളങ്ങളിലുണ്ട്. ഏഴാം ക്ലാസ് കഴിഞ്ഞപ്പോള്‍ പഠനം നില്‍ക്കേണ്ടതായിരുന്നു. ദൈവ ദൂതനെ പോലെ ഒരു മാഷ് വന്നു. മഞ്ചേരി സ്‌കൂളില്‍ തുടര്‍ പഠനം. നടത്തം 7 കി.മീറ്ററില്‍ നിന്ന് 17 കി.മീറ്ററായി. ഇതു തുടരാന്‍ ബുദ്ധിമുട്ടായതു കൊണ്ട് അമ്മാവന്റെ സുഹൃത്തായ വക്കീല്‍ ഗുമസ്തന്റെ വീട്ടില്‍ നിന്നായി പഠിത്തം. ആഴ്ചയില്‍ ഒരിക്കല്‍ 17 കി.മീറ്റര്‍ നടന്ന് വീട്ടിലെത്തും. തിരിച്ചും നടക്കും. ആറു രൂപ ഫീസ് കൊടുക്കാന്‍  സ്‌റ്റൈപെന്റിന്റെ രൂപത്തില്‍ വഴി കാണിച്ചത് ദൈവം.  പത്താം ക്ലാസില്‍ ഉന്നത വിജയം. അതോടെ തീര്‍ന്നെന്ന് കരുതിയതാണ്. കൃഷി പണിക്ക് കൂടാന്‍ അമ്മാവന്‍ പറയുകയും ചെയ്തു.  വീണ്ടും മാഷ് അവതരിച്ചു.  ഗുരുവായൂരപ്പന്‍ കോളേജില്‍ പ്രീ യൂനിവേഴ്സിറ്റി.  അങ്ങനെ നഗര കൗതുകങ്ങളുടെ നിരവധി കാഴ്ചകള്‍ മനസില്‍ പകര്‍ത്തി സാമൂതിരി കോവിലകത്തു താമസിച്ച് പഠനം. അതിന് കാരണക്കാരനായത് അവിടെ കാര്യസ്ഥനായിരുന്ന കൃഷ്ണന്‍കുട്ടി അമ്മാവന്‍. പണ്ട് സ്‌കൂളിലേക്ക് കുട്ടിക്കാലത്തു നടന്നിരുന്നതു പോലെ കോവിലകത്തു നിന്ന് കോളേജിലേക്ക് ഏഴു കി.മീറ്റര്‍ നടത്തം. അവിടെ വെച്ചാണ് ദൈവ നിയോഗത്തിലെ സുകൃതമായി പക്കര്‍കോയ ഗോവിന്ദന്റെ ജീവിതത്തെ ചേര്‍ത്തു പിടിക്കുന്നത്.  ആ സൗഹൃദമാണ് ഗോവിന്ദനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പിടിച്ച പിടിയാല്‍ ഗോവിന്ദനെ കൂട്ടി കൊണ്ടു പോയി അപേക്ഷ കൊടുപ്പിച്ച പക്കര്‍ കോയയും ഡോക്ടറായി. 1965 ലാണ് ഇരുവരും പഠനം പൂര്‍ത്തിയാക്കുന്നത്. ഡോ.കെ.എന്‍.പിഷാരടിയെയും ഡോ. മാധവന്‍കുട്ടിയെയും മനസാല്‍ നമിക്കുന്നു ഗോവിന്ദന്‍ ഡോക്ടര്‍. ഇരുവരും ഗോവിന്ദനെന്ന വിദ്യാര്‍ഥിയെ അറിഞ്ഞവരും സഹായിച്ചവരുമാണ്. 

1965 ല്‍ തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടി. ഹെല്‍ത്ത് സെന്ററില്‍ നിന്നായിരുന്നു തുടക്കം. ഇതിനിടയില്‍ നിര്‍ബന്ധിത പാട്ടാള സേവനത്തിനായി ലഖ്നൗവിലേക്കുള്ള യാത്രയും. അസുഖ ബാധിതനായതിനാല്‍ പട്ടാള സര്‍വീസില്‍ നില്‍ക്കേണ്ടി വന്നില്ല. മടങ്ങിയെത്തി ചികിത്സക്ക് ശേഷം ചേര്‍ത്തല തൈക്കാട്ടുശേരി ആശുപത്രിയില്‍. പിന്നീട് മലബാറില്‍ പല സ്ഥലങ്ങളില്‍ . അധിക കാലവും വളാഞ്ചേരിയില്‍. ഗ്രാമീണ മേഖലകളിലെ സേവനവും ജീവകാരുണ്യ മനസും വെറും എം.ബി.ബി.എസുകാരനായ ഡോക്ടര്‍ ഗോവിന്ദനെ ജനകിയനാക്കി. സൗജന്യമായാണ് വീട്ടില്‍ പലരെയും ചികിത്സിച്ചത്. കാടും മലയും കയറി നിരവധി പ്രസവ കേസുകള്‍ നടത്തി. ഇതിലൊന്നും സ്പെഷ്യലൈസ് ചെയ്തിട്ടല്ല. ഒരു ധൈര്യം. ഇഛാശക്തി. ആരുമില്ലാത്തവരെ സഹായിക്കണമെന്ന ചിന്ത. ചികിത്സക്ക് പ്രതിഫലമായി ഗ്രാമീണര്‍ പലരും കോഴിയും ചക്കയും മാങ്ങയും കുമ്പളങ്ങയും മത്തങ്ങയുമൊക്കെ സന്തോഷത്തിനു നല്‍കും. കത്തിച്ചു പിടിച്ച ചൂട്ടിന്റെ വെളിച്ചത്തില്‍ എത്രയോ രാത്രികളില്‍ പുതു ജന്‍മങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ഡോക്ടര്‍ ഗോവിന്ദന്‍ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്തിരിക്കുന്നു. ഇത്തരം യാത്രകളില്‍ പലപ്പോഴും വഴിയില്‍ താന്‍ മുമ്പ് ചികിത്സിച്ചിട്ടുള്ളവരെ കണ്ടു മുട്ടും . അവര്‍ ഡോക്ടറെ അനുഗമിക്കും. പ്രസവം എടുക്കേണ്ട വീട്ടിലെത്തുമ്പോഴേക്കും അത് ഒരു വലിയ സംഘമായിട്ടുണ്ടാകും. എത്ര വൈകിയാലും അവര്‍ അവിടെ കാത്തു നില്‍ക്കും. പ്രിയപ്പെട്ട ഒരാള്‍ക്ക് വേണ്ടിയുള്ള നിസ്വാര്‍ഥമായ കാത്തു നില്‍പ്പ് . ഡോക്ടറുടെ ഭാര്യയെ മദ്രാസില്‍ ചികിത്സിക്കാന്‍ കൊണ്ടു പോയപ്പോഴും  കൈ നിറയെ സ്നേഹവും കരുതലുമായി ഈ ഗ്രാമീണര്‍ കൂടെ പോയി. അവര്‍ അവിടെ താമസിച്ചു. 
 
വെറും 430 രൂപ മാസ ശമ്പളത്തിന് സര്‍ക്കാര്‍ ജോലി ചെയ്യുന്ന കാലത്ത് ഡോക്ടര്‍ ഗോവിന്ദന്‍ തന്റെ വീടിന്റെ ഗെയിറ്റ് അടക്കാറില്ല. ഏതു രോഗിക്കും ഏതു സമയത്തും കടന്നു വരാം. ഒന്നും കൊടുക്കണ്ട. അത്യാവശ്യക്കാരെ ഡോക്ടര്‍ അങ്ങോട്ടു സഹായിക്കും. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വേദനയോടെയാണ് ഇറങ്ങി പോന്നത്. വളാഞ്ചേരിയില്‍ ജോലി ചെയ്യുന്ന കാലത്ത് ഈ ജനകീയ ഡോക്ടറെ ഒരു  രാഷ്ട്രിയക്കാരന്‍ പാര വെച്ചു. കേസു കൊടുത്തു. പിന്നെ വടക്കു നിന്ന് തെക്കോട്ട് ട്രാന്‍സ്ഫര്‍. ഭാര്യ ഹൃദ്രോഗിയാണ്. അവരെ വിട്ടു പോകാന്‍ വയ്യാത്ത അവസ്ഥയാണ്.  നോക്കാന്‍ ലീവെടുത്തു. ലീവ് അധിക കാലം നീട്ടി കൊടുക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചില്ലെന്ന് മാത്രമല്ല നാട്ടില്‍ തന്നെ അപ്പോയ്മെന്റ് നല്‍കാനും വിസമ്മതിച്ചു. 1985 മാര്‍ച്ചില്‍ ജോലി രാജി വെച്ചു. പതിനെട്ട് വര്‍ഷവും എട്ടു മാസവും ഒമ്പതു ദിവസവും നീണ്ട സര്‍ക്കാര്‍ സര്‍വീസ് അങ്ങനെ അവസാനിച്ചു. പെന്‍ഷനില്ല. പെന്‍ഷന്‍ യോഗ്യതക്ക് ഒന്നര വര്‍ഷം കൂടി തികയണമായിരുന്നു. 1986 മുതല്‍ ആഴ്ചയില്‍ ഒരു ദിവസം സൗജന്യ ചികിത്സക്കായി മാറ്റി വെച്ചിരുന്ന ഗോവിന്ദന്‍ ഡോക്ടര്‍ ഈയടുത്ത കാലത്തായി എല്ലാ ദിവസവും ഏതാണ്ട് സൗജന്യമായാണ് പരിശോധിക്കുന്നത്. രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങളും സ്വന്തം നിലയില്‍ ചെയ്യും. 2003 ല്‍ സര്‍ക്കാരിന്റെ എല്‍ഡര്‍ലി പുരസ്‌കാരം. 2009 ല്‍ ദേശീയ പുരസ്‌കാരം. മൂന്നര പതിറ്റാണ്ട് മുമ്പ്  ഒരു സര്‍ക്കാര്‍ ഡോക്ടറെ മാനസികമായി പീഡിപ്പിച്ച ഉദ്യോഗസ്ഥ , രാഷ്ട്രീയ കൂട്ടുകെട്ടിനോട് നമ്മള്‍ സാധാരണ ജനം എന്തു ചോദിക്കും ? എന്തു പറയും ? ഒന്നും ചോദിക്കേണ്ടെന്ന് ഗോവിന്ദന്‍ ഡോക്ടര്‍. അല്ലെങ്കില്‍ തന്നെ ഈ എണ്‍പത്തിയൊന്നാം വയസില്‍ ഇനി ചോദിച്ചിട്ടെന്താ ? കര്‍മം തുടരുകയാണ്. അത് തന്നെയാണ് സായൂജ്യവും. സര്‍ഥക ജന്‍മങ്ങള്‍ ഭൂമിയിലെത്തുന്ന നക്ഷത്രങ്ങളാണെന്ന് മിര്‍സാ ഖലിബ് എഴുതിയത് ഗോവിന്ദന്‍ ഡോക്ടര്‍ ഓര്‍മിപ്പിക്കുന്നു.