ഇന്നലെ രാവിലെ എന്റെ വാട്സ്ആപ്പില്‍ വന്ന സന്ദേശങ്ങളില്‍ ഒന്ന് രാജുവിന്റെ മരണ വാര്‍ത്തയായിരുന്നു. കോവിഡ് ബാധിച്ചായിരുന്നു മരണം. അവന്റെ ഭാര്യയും പതിനാലു വയസുള്ള മകനും എത്ര പെട്ടെന്നാണ് അനാഥരായത്. കൊടുങ്ങല്ലൂരിലെ ശ്രംഗപുരത്ത് ഓട്ടോറിക്ഷ ഓടിച്ചു ജീവിച്ചിരുന്ന രാജു എനിക്ക് സഹോദര തുല്യനായിരുന്നു. എന്റെ ഉമ്മ ജീവിച്ചിരുന്ന കാലത്ത് മാസത്തില്‍ ഒരു തവണയെങ്കിലും കൊടുങ്ങല്ലൂരിലെ തറവാട്ടു വീട്ടില്‍ പോകുമായിരുന്നു. വീട് തുറന്ന് വൃത്തിയാക്കും. ഉമ്മ പെരിന്തല്‍മണ്ണയില്‍ നിന്ന് വരുന്നത് കാത്ത് രാജു ഗെയിറ്റിനടുത്തുണ്ടാകും. രാജു മാത്രമല്ല തത്തയും തത്തയുടെ ഭര്‍ത്താവും പിന്നെ ഉമ്മയുടെ കുറെ സില്‍ബന്തികളും കാത്തു നില്‍ക്കുന്നുണ്ടാകും. ഉമ്മ തിരിച്ച് പെരിന്തല്‍മണ്ണയിലെ എന്റെ സഹോദരന്‍  ഡോ. കെ.യു. കുഞ്ഞിമൊയ്തീന്റെ വീട്ടിലേക്ക് പോകുന്നതു വരെ ഈ സംഘം അവിടെ തന്നെയുണ്ടാകും. 

ആത്മബന്ധത്തില്‍ ഇഴ നെയ്തെടുത്ത സുതാര്യമായ ഒരു ചിത്രമായിുരുന്നു അത്. ആ ദിവസങ്ങളിലൊന്നും രാജു പുറത്തെ ഓട്ടങ്ങള്‍ക്ക് പോകില്ല. കാര്‍ പോര്‍ച്ചില്‍ രാജുവിന്റെ ഓട്ടോയും അങ്ങനെ കിടക്കും. ഉമ്മാക്ക് പുറത്തു നിന്ന് സാധനങ്ങള്‍ വാങ്ങി കൊടുക്കുക, ഡ്രൈവര്‍ വിനോദന്‍ വരാത്ത ദിവസം പെരിന്തല്‍ മണ്ണയില്‍ നിന്ന് ഉമ്മ വന്ന കാറിന്റെ ഡ്രൈവറാവുക തുടങ്ങി ഒരു കൈയാളായി രാജു  ഉണ്ടാകും. ഉമ്മ മരണപ്പെട്ടപ്പോള്‍ ഇക്കാ എനിക്ക് ഇനി ആരുമില്ലെന്ന് പറഞ്ഞാണ് അവന്‍ എന്നെ വിളിച്ച് കരഞ്ഞത്. വളരെ മുമ്പ് എന്റെ വീടിന്റെ അടുത്താണ് രാജുവും സഹോദരങ്ങളും താമസിച്ചിരുന്നത്. രാജുവിന്റെ സഹോദരന്‍ കാര്‍ത്തികേയന്‍ എന്റെ സുഹൃത്തായിരുന്നു. പിന്നീട് രാജു അവിടെ നിന്ന് മാറി അഞ്ചപ്പാലം ഭാഗത്തേക്ക് പോയി. എന്നാലും എക്കാലത്തും വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദൂരത്ത് അവനുണ്ടായിരുന്നു.

 എന്റെ മക്കളായ നഈമും അസദും കുട്ടിക്കാലത്ത് ഗള്‍ഫില്‍ നിന്ന് അവധിക്ക് എത്തിയാല്‍ രാജു അവരെ ഓട്ടോറിക്ഷയില്‍ കയറ്റി കോട്ടപ്പുറം പാലം വരെ പോകും. കുട്ടികള്‍ക്ക് അത് പ്രിയപ്പെട്ട വിനോദമായിരുന്നു. മുതിര്‍ന്നപ്പോള്‍ അവര്‍ രാജുവിനെ രാജുവേട്ടന്‍ എന്നു വിളിച്ചു. രണ്ടു ദിവസം മുമ്പ് സുഹൃത്തും കഥാകൃത്തുമായ വി.ബി.ജ്യേതിരാജിന്റെ മരണം. പട്ടാമ്പിയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എ യുമായ സി.പി.മുഹമ്മദിന്റെ സഹോദരന്‍ സി.പി സക്കീര്‍ ഹുസൈന്റെ മരണം. റിയാദില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന കാലത്ത് ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു സക്കീര്‍ ഹുസൈന്‍. നന്നായി വായിക്കുന്ന എഴുതുന്ന കഥ പറയുന്ന സുഹൃത്ത്. ഷക്കീബ് കൊളക്കാടനോടൊപ്പം ഇടക്കിടെ മലയാളം ന്യൂസിന്റെ ബ്യൂറോയില്‍ വന്നിരുന്ന ചെറുപ്പക്കാരന്‍. നാല്‍പത്തിയെട്ടാം വയസില്‍  മരണം. 

രാജുവിനെ ആരാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയതെന്ന് അറിയില്ല. തീര്‍ച്ചയായും അത് സാമൂഹ്യ പ്രവര്‍ത്തകര്‍ ആരെങ്കിലും ആയിരിക്കും. അല്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍. മഹാമാരികള്‍ പടര്‍ന്നു പിടിക്കുകയും മനുഷ്യര്‍ പിടഞ്ഞു മരിക്കുകയും ചെയ്യുമ്പോള്‍ കൈയെത്തും ദൂരത്തുള്ള സാന്ത്വനത്തിന് വലിയ അര്‍ഥമുണ്ട്. കോവിഡിന്റെ രൗദ്രതാളത്തില്‍ അടി തെറ്റി നില്‍ക്കുന്ന മനുഷ്യരെ സഹായിക്കാന്‍ സ്വന്തം സുരക്ഷിതത്വം പോലും നോക്കാതെ ഇറങ്ങി തിരിച്ചിരിക്കുന്നവരാണ് സാമൂഹ്യ പ്രവര്‍ത്തകര്‍. 

സന്നദ്ധ പ്രവര്‍ത്തകരെന്നും അവരെ പറയും.നമ്മള്‍ പട്ടാളക്കാരെ കുറിച്ച് പറയാറില്ലെ. മഞ്ഞും മഴയും വെയിലും വക വെക്കാതെ തികച്ചും പ്രതികൂല സാഹചര്യങ്ങളോട് പൊരുതി അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍. അവര്‍ ഉറങ്ങാതെ രാജ്യതിര്‍ത്തിക്ക് കാവല്‍ നില്‍ക്കുന്നതു കൊണ്ടാണ് നമ്മള്‍ വീടുകള്‍ കിടന്ന് സുഖമായി ഉറങ്ങുന്ന്ത്. അരാഷ്ട്രിയവാദം പറയുന്നവരോട് ചിന്തിക്കുന്നവര്‍ പറയാറില്ലെ, രാഷ്ട്രിയക്കാര്‍ ഉള്ളതു കൊണ്ടാണ് നമ്മുടെ ശബ്ദം നിയമ നിര്‍മാണ സഭകളില്‍ എത്തുന്നതെന്ന്. നിയമ വാഴ്ചക്ക് വെല്ലുവിളി നേരിടുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കാവലായി നമുക്ക് കോടതികളുണ്ട്. നമ്മുടെ ഇത്തരം സംവിധാനങ്ങളുടെ സുദൃഢ സ്വഭാവം കൊണ്ടാണ് ഫാസിസത്തിന് വേഗത്തില്‍ പിടിമുറുക്കാന്‍ സാധിക്കാത്തത്. അതു കൊണ്ടാണ് ധ്രൂവീകരണമെന്ന തന്ത്രത്തിനു മേല്‍ ഫാസിസം അതിന്റെ അടിത്തറ പണിയാന്‍ ശ്രമിക്കുന്നത്. കോവിഡ് മഹാമാരി തുടരുന്നതിനിടയിലും രാജ്യത്തെ ജനങ്ങളുടെ മനസില്‍ വിഭജനം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നു. ഇതു തിരിച്ചറിയാനും പ്രതികരിക്കാനും പക്ഷെ ഇന്ത്യന്‍ ജനതയില്‍ ഭൂരിപക്ഷത്തിനും നാളിതുവരെ സാധിച്ചിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസകരം. 

ഇത്തരം പ്രതിസന്ധികളും കാപട്യങ്ങളും നില നില്‍ക്കുന്നിടത്താണ് സാമൂഹ്യ പ്രവര്‍ത്തകര്‍ അവരുടെ ദൗത്യം നിറവേറ്റുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തും ഇപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ തേടി സാമൂഹ്യ പ്രവര്‍ത്തകരെത്തുന്നു. അവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നു. പ്രളയ കാലത്തും നാം ഇതു കണ്ടതാണ്. മനുഷ്യന്‍ മനുഷ്യനെ ചേര്‍ത്തു പിടിക്കുന്ന സഹജീവി സ്നേഹത്തെയാണ് മാനവികതയെന്നു വിളിക്കുന്നത്. എഴുത്തിലും പ്രസംഗത്തിലും  മാനവികതയെ കുറിച്ച് നിരന്തരം പറയുമ്പോള്‍ മാനവികത രൂപപ്പെടുന്നില്ല. അതിനു മനുഷ്യനെ അവന്റെ ദുരന്തകാലത്ത് സഹജീവികള്‍ നെഞ്ചോടു ചേര്‍ക്കണം. പകര്‍ച്ച വ്യാധിയുടെ മഹാ വ്യഥകളില്‍ പെട്ട് നിസഹായരായി നില്‍ക്കുന്ന മനുഷ്യരെയാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ ആശുപത്രികളിലെത്തിക്കുന്നത്. ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത്. ഓക്സിജന്‍ സംഘടിപ്പിച്ചു കൊടുക്കുന്നത്. ചില സ്വകാര്യ ആശുപത്രികളുടെ ദാര്‍ഷ്ട്യത്തിനെതിരെ പോരാടുന്നത്. സ്വന്തം ബൈക്കില്‍ ഇരുത്തി കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ച ആലപ്പുഴയിലെ യുവാവും യുവതിയും മാനവികതയുടെ മഹത്തായ പ്രതീകമാകുന്നത് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ വഴിയിലൂടെയാണ്. പ്രവാസ ലോകത്ത് ഇതു പോലുള്ള ധാരാളം സാമൂഹ്യ പ്രവര്‍ത്തകരെ കണ്ടിട്ടുണ്ട്.

ഷിഹാബ് കൊട്ടുകാടും നാസ് വക്കവും മുതല്‍ അഷറഫ് താമരശേരി വരെയുള്ള വ്യക്തികള്‍. പലപ്പോഴും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുള്ളവരാണ് ഗള്‍ഫിലെ സാമൂഹ്യ പ്രവര്‍ത്തകര്‍. കോവിഡ് ഗള്‍ഫില്‍ രൂക്ഷമായിരുന്ന കാലത്ത് ഈ സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രവാസി സമൂഹത്തെ എങ്ങനെ സാന്ത്വനിപ്പിക്കുകയും സഹായിക്കുകയും ചെയ്തുവെന്നത് രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ്. ലോകത്ത് എല്ലായിടത്തും ആദ്യ കോവിഡ് വ്യാപന കാലത്ത് എന്‍.ജി.ഓ സ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. യു.എസിലും യു.കെ യിലുമൊക്കെ ഇത്തരം സംഘനകള്‍ കാര്യക്ഷമമാമയി പ്രവര്‍ത്തിച്ചു. ഇറ്റലിയിലാണ് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ തിളക്കം ശരിക്കും അക്കാലത്തു കണ്ടത്. 

അതിനൊക്കെ സമാനമായുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഇനിയും ഏറെ ജീവിക്കാനുള്ള ചെറുപ്പക്കാരാണ് മാരക പ്രഹര ശേഷിയുള്ള വൈറസുമായി പോരുതുന്നത്. അവരുടെ ഏറ്റവും വലിയ പി.പി.ഇ കിറ്റെന്ന് പറയുന്നത് മനസു നിറഞ്ഞു നില്‍ക്കുന്ന സഹജീവി സ്നേഹമാണ്. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ ലോകത്തിനു തന്നെ മാതൃകയാകുന്നത് ഇഛാശക്തി കൊണ്ടാണ്. പ്രതിസന്ധിയില്‍ പതറാതെ മുന്നോട്ടു പോകാനുള്ള കരുത്ത് അവര്‍ക്കുണ്ട്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാ ഭൂരിപക്ഷം നേടിയ ശൈലജ ടീച്ചറെന്ന ആരോഗ്യ മന്ത്രിയെ  വില കുറച്ചു കാണുന്നത് തെറ്റാണ്. വെറും തെറ്റല്ല അങ്ങേയറ്റത്തെ തെറ്റെന്ന് തന്നെ പറയാം. അറുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ടീച്ചറെ നിയമസഭയില്‍ എത്തിച്ച ജനത്തെ ഇടതുപക്ഷ അനുഭാവികളുടെയോ  പ്രവര്‍ത്തകരുടെയോ സഹ യാത്രികരുടെയോ മാത്രം ചതുരത്തില്‍ തളച്ചിടുന്നതും ശരിയല്ല. അത് ജനമാണ്, ജനം മാത്രമാണ്. അവരുടെ മുന്നില്‍ വോട്ടിംഗ് സമയത്ത് മറ്റാരുമില്ലായിരുന്നുവെന്ന് വേണം പറയാന്‍. മരണ പെയ്ത്ത് പെയ്യുന്ന മഹാമാരിയുടെ കാലത്ത് കൂടെ നടക്കാന്‍ അവര്‍ക്ക് ഒരാള്‍ വേണമായിരുന്നു. 

ഇതേ മനോഭാവത്തോടെയാണ് ജനം ഏറെ സ്നേഹത്തോടെ സാമൂഹ്യ പ്രവര്‍ത്തകരെ നോക്കുന്നത്. അവര്‍ മഹാമാരി വക വെക്കാതെ രോഗാതുരരായ മനുഷ്യരെ തോളോട് ചേര്‍ത്ത് നടക്കുകയാണ്. അവരില്‍ ഒരാളായി പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ പോകുന്നതില്‍ മനസു കൊണ്ട് വിഷമിക്കുന്നവര്‍ ഏറെയുണ്ടെന്ന കാര്യവും മറക്കരുത്. ' ഒരുപാടു പേര്‍ മരിച്ചു വീഴുമ്പോള്‍ ആരും ആരെ കുറിച്ചും ഓര്‍ത്തും കരയാതെയാകും. മരിച്ചു കിടക്കുമ്പോഴും കനത്ത ശോക ഭാരം ചിലരുടെ മുഖത്തു കാണും. ജീവിതം ജീവിച്ചു തീര്‍ത്തിട്ടില്ലാത്തതിന്റെ അസംതൃപ്തി അസ്ഥികളിലും ദ്രവിക്കാത്തവണ്ണം ചിലരുടെ ശവക്കുഴികളില്‍ പൂക്കുന്നുണ്ടാകും ' ( ഈ അടുത്ത ദിവസം മരണപ്പെട്ട വി.ബി.ജ്യോതിരാജിന്റെ ഏതോ ഒരാള്‍ എന്ന കഥയില്‍ നിന്ന്) .അതെ, മഹാമാരി കവര്‍ന്നെടുക്കുന്ന മനുഷ്യരുടെ എണ്ണം കൂടുകയാണ്. മരണത്തിനു വിലയില്ലാതാകുന്ന അവസ്ഥകള്‍ നാം ഇറ്റലിയിലും അമേരിക്കയിലുമൊക്കെ കണ്ടതാണ്. അത്തരം കാഴ്കള്‍ ഇല്ലാതിരിക്കാന്‍ നാം ആരോഗ്യ പ്രവര്‍ത്തകരോടും സാമൂഹ്യ പ്രവര്‍ത്തകരോടും പോലീസിനോടും സര്‍ക്കാരിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക. നിങ്ങള്‍ വീടിനകത്തിരിക്കുമ്പോള്‍ അവര്‍ മരണവുമായി മല്ലിടുന്നവരുടെ കൂടെ തന്നെ നടക്കുകയാണെന്ന കാര്യം വിസ്മരിക്കരുത്. അടച്ചിരിപ്പ് ജീവിക്കാന്‍ വേണ്ടിയാണ്. ജീവന്‍ നില നിര്‍ത്താന്‍ വേണ്ടിയാണ്.