ദിനസരികളില്‍ കോവിഡ് കലര്‍ന്ന കെട്ട കാലത്തിലൂടെയാണ് ഇന്ത്യക്കാരന്‍ കടന്നു പോകുന്നത്. ആശുപത്രികളില്‍ അത്യാസന്ന നിലയില്‍ എത്തുന്ന രോഗികള്‍ക്ക് കൊടുക്കാന്‍ ആവശ്യത്തിന് ഓക്സിജന്‍ പോലുമില്ലാത്ത ദയനീയാവസ്ഥ. കേരളം ഭേദമാണ്. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരുടെ കര്‍മശേഷിയില്‍ പൂര്‍ണ വിശ്വാസവുമുണ്ട് മലയാളിക്ക്. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി അതല്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വേദനിപ്പിക്കുന്ന കാഴ്ചകള്‍ സൈബര്‍ ലോകത്തു കൂടി എത്തുന്നു. വിലാപങ്ങള്‍ മനസില്‍ സങ്കടമായി നിറയുന്നു. ഡല്‍ഹിയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും ഗുരുതരമായ സ്ഥിതി. ഓക്സിജന്‍ ക്ഷാമം ഉടനെ പരിഹരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. അതിനു തടസം നില്‍ക്കുന്നവരെ തൂക്കി കൊല്ലണമെന്ന് കൂടി കോടതി പറയുന്നു. സുപ്രീം കോടതിയും വിഷയത്തില്‍ ഇടപെടുന്നു. 

ഇതിനിടയില്‍ സുപ്രീ കോടതി ചീഫ് ജസ്റ്റിസ് എസ.എ ബോബ്ഡെ വിരമിച്ചു. ആന്ധ്ര സ്വദേശി എന്‍.വി.രമണ ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ ചീഫ് ജസ്റ്റിസായി. സുപ്രീം കോടതിയിലെ 48-ാ മത്തെ ചീഫ് ജസ്റ്റിസാണ് എന്‍.വി.രമണ. അദ്ദേഹം കൂടുതല്‍ കാര്‍ക്കശ്യത്തോടെ കോവിഡ് വിഷയത്തില്‍ ഇടപെടാനാണ് സാധ്യത. അദ്ദേഹത്തിന്റെ മുന്‍കാല ഇടപെടലുകള്‍ തന്നെ ഈ പ്രതീക്ഷക്ക് കാരണം. കോടതി ഇടപെടുന്നതു വരെ പൗരന്റെ ജീവിതത്തെ കുറിച്ച് ഭരണകൂടം ബോധവാന്‍മാരാകുന്നില്ലെങ്കില്‍ അത് നെറികേടാണ്. ജനാധിപത്യത്തില്‍ പരമ പ്രധാനമായ സ്ഥാനം ജനത്തിനു തന്നെയാണ്. വോട്ടു ചെയ്തവനും വോട്ട് ചെയ്യാത്തവനും ദരിദ്രനും സമ്പന്നനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനും ഉള്‍പ്പെടുന്ന ജനമാണ് രാജ്യത്തിന്റെ കരുത്ത്. രാജ്യത്ത് ജനങ്ങള്‍ പ്രസരിപ്പാര്‍ന്ന ജീവിതത്തിന്റെ താളുകള്‍ മറിച്ചു നോക്കാനില്ലെങ്കില്‍ പിന്നെ എന്തു ഭരണം ? നിറയുന്ന ശ്മശാനങ്ങളും ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളും ശുഭ ലക്ഷണമല്ല. പകര്‍ച്ച വ്യാധിയെ പിടിച്ചു കെട്ടുകയെന്ന വാക്കാണ് ഭരണാധികാരികള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പിടിച്ചു കെട്ടാന്‍ കരുത്തില്ല താനും. അതിനുള്ള അടിസ്ഥാന സൗകര്യങ്ങളും കുറവ്. കോവിഡിന്റെ രണ്ടാം വ്യാപനത്തെ കുറിച്ച് എല്ലാ രാജ്യങ്ങള്‍ക്കും ലോകാര്യോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. കോവിഡ് പ്രതിരോധ വാക്സിന്‍ പുറത്തു വന്നതിനു ശേഷം വീണ്ടും മുന്നറിയിപ്പുണ്ടായി. കോവിഡ് വാക്സിന്‍ നിര്‍മാണത്തില്‍ ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി മാറിയ ഇന്ത്യ പല രാജ്യങ്ങള്‍ക്കും മാനവികതയുടെ പേരില്‍ വാക്സിന്‍ നല്‍കി. ഈ മാനവികത പക്ഷെ സ്വന്തം ജനതയുടെ കാര്യത്തിലുണ്ടായില്ല. 

കോവിഡിന്റെ രണ്ടാം വ്യാപനത്തിനു മുമ്പ് വേണ്ടത്ര സമയം ലഭിച്ചിട്ടും അത് ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍  സര്‍ക്കാര്‍ പരാജയപ്പെട്ടു. ഈ പരാജയം ചൂണ്ടികാണിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം കാണുന്നതെന്തിനെന്ന് മനസിലാകുന്നില്ല. ഇന്ത്യയിലെ കോടതികള്‍ പോലും ഇതു തുറന്നു പറയുന്നു. അതായത് കേവലം വിദ്വേഷ രാഷ്ട്രിയത്തിന്റെ പ്ലാറ്റ്ഫോമില്‍ നിന്നു കൊണ്ടല്ല രാജ്യത്തെ സാധരണ ജനങ്ങള്‍ ഇതു പറയുന്നതെന്നര്‍ഥം. ഒരു മഹാമാരി പ്രളയം പോലെ വരുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളി പോയാല്‍ പിന്നെ തട കെട്ടി നിര്‍ത്താനാവില്ല. അമേരിക്കയിലും യു.കെ യിലും ഇറ്റലിയിലുമൊക്കെ ഇതു കണ്ടതാണ്. ഏറെ ശ്രമപ്പെട്ടാണ് കോവിഡിന്റെ ആദ്യ ഘട്ടത്തെ പല വികസിത രാജ്യങ്ങളും നിയന്ത്രിച്ചത്. അത്രയൊന്നും ശ്രമപ്പെടേണ്ടി വന്നില്ല ഇന്ത്യക്ക് ആദ്യ ഘട്ടം നിയന്ത്രണ വിധേയമാക്കാന്‍. രണ്ടാം ഘട്ടം ഉണ്ടാകുമെന്നും അത് അതി ഭീകരമായിരിക്കുമെന്നും രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം പറഞ്ഞിട്ടും ഭരണകൂടം അത് ചെവി കൊണ്ടില്ല. ഡല്‍ഹി മുഖ്യമന്ത്രിക്ക് തന്റെ സംസ്ഥാനത്തെ അത്യാസന്ന കോവിഡ് രോഗികള്‍ക്ക് ഓക്സിജനു വേണ്ടി കൈകൂപ്പി നിലവിളിക്കേണ്ടി വന്നു. എത്ര ദയനീയമാണ് അവസ്ഥ. രണ്ടാം വരവില്‍ കേരളവും പതറിയെങ്കിലും ആവശ്യത്തിന് ഓക്സിജനും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ സാധിച്ചു. സംസ്ഥാനത്തെ പെതു മേഖല ആരോഗ്യ സ്ഥാപനങ്ങള്‍ മികച്ചതാണ്. സ്വകാര്യ ആരോഗ്യ മേഖലക്കും കരുത്തുണ്ട്. പരിചയ സമ്പന്നരും ഇഛാശക്തിയുള്ളവരുമായ ആരോഗ്യ പ്രവര്‍ത്തകരുണ്ട് കേരളത്തില്‍. സൗജന്യ വാക്സിന്‍ എല്ലാവര്‍ക്കും എത്തിക്കുമെന്ന് സംസ്ഥാന ഭരണകൂടം പറയുന്നു. അതിനായി ധനം ശേഖരിക്കുന്നു. എല്ലാ രാഷ്ട്രീയവും അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ജനം ഈ ധന ശേഖരണ ദൗത്യത്തില്‍ പങ്കാളികളാകുന്നു. 

എന്നാല്‍ ഈ അവസ്ഥയല്ല മഹാരാഷ്ട്രയില്‍. ഈ അവസ്ഥയല്ല ഗുജറാത്തിലും ഡല്‍ഹിയിലും. പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ നിസഹായരായി നില്‍ക്കുകയാണ് പല സംസ്ഥാനങ്ങളിലെയും ആരോഗ്യ പ്രവര്‍ത്തകര്‍. ആശുപത്രികളിലെ സ്ഥല പരിമിതിയും ഓക്സിജന്റെ ദൗര്‍ലഭ്യവും ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളെ പിടിച്ചുലക്കുന്നു. ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചു വീഴുന്നു. ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ല. രോഗികളെ അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രികളിലെത്തിക്കാന്‍ മതിയായ ആംബുലന്‍സുകളില്ല. വളരെ പഴയ ആംബുലന്‍സുകളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്നു. എന്തു കൊണ്ടാണ് നമ്മുടെ പോാതുമേഖല ആരോഗ്യ സംവിധാനം ഇങ്ങനെ ചിന്നഭിന്നമായി പോയത് ? ലോകത്തിനു തന്നെ മാതൃകയായ പൊതുമേഖല ആരോഗ്യ സംവിധാനം ഇന്ത്യക്ക് ഉണ്ടായിരുന്നു. പൊതുമേഖലയായിരുന്നു കോവിഡിന്റെ ഒന്നാം ഘട്ടത്തില്‍ ഇന്ത്യയെ രക്ഷിച്ചത്. 2006 മുതല്‍ 2016 വരെയുള്ള ഒരു പതിറ്റാണ്ടില്‍ നമ്മുടെ പൊതു മേഖല ആരോഗ്യ സംവിധാനം മികച്ച രീതിയിലേക്ക് ഉയര്‍ന്നിരുന്നു. ഈ കാലയളവില്‍ തന്നെയാണ് ഇന്ത്യ ലോകത്തിനു മാതൃകയായി ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്തും തിളങ്ങിയത്. പിന്നീട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്ന് പരിശോധിക്കണം. എവിടെയാണ് ഇന്ത്യക്ക് പാളി പോയത്. നയരൂപീകരണത്തിലും സാമ്പത്തിക രംഗത്തും കാര്യമായ പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. 

അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ കോവിഡ് രോഗികള്‍ കൂട്ടത്തോടെ മരിച്ചു വീണത് പലപ്പോഴും സ്വകാര്യ മേഖലയിലെ  ചികിത്സാ ചെലവ് താങ്ങാനാവാത്തതു കൊണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ അത്തരം അവസ്ഥ ഉണ്ടായില്ല. രണ്ടാം വരവിനു മുമ്പുള്ള ഇടവേളയില്‍ ഈ പൊതുമേഖല സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു പകരം രാജ്യം കോവിഡ് മുക്തമായെന്ന തരത്തിലുള്ള പ്രചാരണത്തിനാണ് ഭരണകൂടം മുന്നിട്ടിറങ്ങിയത്. അതോടൊപ്പം രാജ്യത്തെ പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. കോവിഡ് കാല നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു. മാതൃക കാണിക്കേണ്ട രാഷ്ട്രീയ നേതാക്കള്‍ വന്‍ ജനകൂട്ടങ്ങള്‍ക്ക് മധ്യത്തില്‍ ധീരന്‍മാരായി തിളങ്ങി. തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു. ഒരു സാമൂഹ്യകലവും പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല മാസ്‌ക് വെച്ചവരെ പരിഹസിക്കുകയും ചെയ്തു. അല്ലെങ്കിലും താടിയിലാണ് പലരും മാസ്‌ക് ധരിച്ചിരുന്നത്. മാസ്‌ക ഒരു അലങ്കാരമല്ല, മറിച്ച് പ്രതിരോധത്തിന്റെ കവചമാണെന്ന തിരിച്ചറിവു പോലുമില്ലാതെയാണ് പലരും പെരുമാറിയത്. പ്രവാസികള്‍ ഈ പോക്കു കണ്ടപ്പോള്‍ കണക്കു കൂട്ടിയിരുന്നു ഇന്ത്യയില്‍ രണ്ടാം വ്യാപനം രൂക്ഷമാകുമെന്ന്. ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ജി.സി.സി രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്നും അടക്കം പറഞ്ഞിരുന്നു. ഇപ്പോഴത് യാഥാര്‍ഥ്യമായി. ഏതായാലും ഒരു കാര്യത്തില്‍ പ്രവാസിക്ക് ആശ്വസിക്കാം. രണ്ടാം വ്യാപനത്തില്‍ പ്രവാസിയെ ആരും കുറ്റം പറയുന്നില്ല. സാമൂഹ്യ അകലത്തിനു പകരം പ്രവാസിയെ ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള സാമൂഹ്യ ധ്രുവീകരണം നടന്നത് പ്രവാസികള്‍ മറന്നിട്ടില്ല. അത് നെഞ്ചില്‍ തറച്ച കൂരമ്പായിരുന്നു. പ്രവാസിക്ക് പക്ഷെ ഇന്നത്തെ വേദനിപ്പിക്കുന്ന കാഴ്ചകള്‍ കാണുമ്പോള്‍ സങ്കടപ്പെടാതിരിക്കാനാവുന്നില്ല. വാക്സിന്‍ വിതരണ ധനശേഖരണത്തില്‍ പ്രവാസികള്‍ നല്ല മനസോടെയും പ്രാര്‍ഥനകളോടെയും പങ്കാളികളാകുന്നത് അതു കൊണ്ടാണ്. നാടിനും നാട്ടുകാര്‍ക്കും വേദനിക്കുമ്പോള്‍ പ്രവാസിക്ക് മാത്രമായി ഒരു തെളിഞ്ഞ ലോകമില്ലെന്ന് അവര്‍ക്ക് നന്നായി അറിയാം