ലോകത്ത് ഏതെങ്കിലും ഒരു രാജ്യത്ത് ഇന്ത്യയെ പോലെ ഇപ്പോഴും കോവിഡ് വ്യാപനം ഉണ്ടോ എന്നു സംശയം. അവബോധം തീരെയില്ലാത്ത ജനതയായി ഇന്ത്യന്‍ ജനത മാറുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ത്യയില്‍ തന്നെ കേരളത്തിലാണ് കോവിഡ് വ്യാപനം കൂടുതല്‍. കോവിഡിന്റെ ആദ്യ വരവില്‍ കേരളം കരുത്തുറ്റ പ്രതിരോധമാണ് തീര്‍ത്തത്. വൈറസിന്റെ കളി കേരളത്തില്‍ വേണ്ടെന്ന തരത്തില്‍ ശക്തമായ ബോധവല്‍ക്കരണം തന്നെ നടത്തി. അടച്ചിട്ടു. തെരഞ്ഞെടുപ്പിനു ശേഷം രണ്ടാം തരംഗത്തില്‍ കേരളത്തിന് അടി തെറ്റുന്ന കാഴ്ചയാണ് കണ്ടത്. 

ഇപ്പോഴും രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയാല്‍ മാധ്യമങ്ങളുടെ മുന്നില്‍ വന്ന് പൊതു ജനം പരാതി പറയും. അല്‍പം കര്‍ശനമാക്കാന്‍ പറഞ്ഞാല്‍ ജനത്തിന്റെ നെഞ്ചത്തു കയറുന്ന ഉദ്യോഗസ്ഥ കൂട്ടത്തെ തുറന്നു കാട്ടേണ്ടത് തന്നെ. പക്ഷെ അത് അവരുടെ ആത്മവീര്യത്തെ തകര്‍ക്കുന്ന വിധത്തില്‍ അതിരുവിട്ടാല്‍ പിന്നീട് ഈ ഉദ്യോഗസ്ഥര്‍ ഒരു ഇടപെടലും നടത്തില്ല. എന്തിനു വെറുതെ പഴി കേള്‍ക്കണമെന്ന ചിന്തയിലേക്ക് കാര്യങ്ങള്‍ നീങ്ങും. സത്യത്തില്‍ കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത് ഇതാണ്. 

പുറംരാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇതു കൃത്യമായി മനസിലാകും. ജി.സി.സി രാജ്യങ്ങളില്‍ മാസ്‌ക് ധരിക്കാതെ ഒരു ചെറിയ ഗ്രോസറി കടയില്‍ പോലും കയറാനാവില്ല. കടയില്‍ ടെംബറേച്ചര്‍ റീഡര്‍ നിര്‍ബന്ധം. സൗദിയില്‍ തവക്കല്‍ന ആപ്പിലെ വ്യക്തിഗത വിവരങ്ങള്‍ കാണിക്കാതെ 90 ശതമാനം സ്ഥാപനങ്ങളിലും പ്രവേശിക്കാനാവില്ല. മറ്റ് ജി.സി.സി രാജ്യങ്ങളിലും സമാനമായ നിയന്ത്രണങ്ങളുണ്ട്. നിയമം അനുസരിക്കുകയാണ് സ്വദേശി, വിദേശി പൗരന്‍മാര്‍. കേരളത്തില്‍  ശക്തമായ വിമര്‍ശനം നേരിടേണ്ടിവരുമ്പോള്‍ അയവുകള്‍ പ്രഖ്യാപിക്കേണ്ടിവരുന്നു.

ഇതെത്രകാലം കൊണ്ടുനടക്കും? നമുക്ക് കോവിഡ് മുക്ത കേരളം വേണ്ടേ? ഉത്സവങ്ങളും ആഘോഷങ്ങളും വേണം. സാംസ്‌കാരികവും മാനസികവുമായ ഉന്നമനത്തിന് അത് അനിവാര്യം. പക്ഷെ ജീവനുള്ള മനുഷ്യര്‍ വേണം ഇതിലൊക്കെ പങ്കെടുക്കാന്‍. മനുഷ്യന്‍ മുമ്പെ നടക്കുന്നു. ചരിത്രം വരുന്നത് പിറകെയാണ്. ആഗോള മലയാളിയായ ശശി തരൂര്‍ തന്റെ തറവാട്ടില്‍ ഓണം ആഘോഷിക്കുന്നതിനിടയില്‍ കൊടുത്ത അഭിമുഖത്തില്‍ ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്. മനുഷ്യര്‍ ജീവനോടെയുള്ളപ്പോള്‍ മാത്രമെ ആഘോഷങ്ങള്‍ക്ക് പ്രസക്തിയുള്ളു. കോവിഡ് വിതച്ച ദുരിതകാല ജീവിതത്തിന്റെ നാള്‍വഴികള്‍ തീരുന്നില്ല. എത്ര പേരാണ് മരിച്ചുപോയത്. പ്രിയപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ സാധിക്കാതെ ദൂരെനിന്ന് വിതുമ്പിയവരെത്ര? ആശുപത്രിയിലേക്ക് അത്യാസന്ന നിലയില്‍ കൊണ്ടുപോയവരില്‍ പലരും തിരിച്ചുവന്നില്ല. അന്ത്യയാത്രക്ക് മുമ്പ് യാത്രാമൊഴി പോലുമില്ല. നിശ്ചലം, നിശബ്ദം. 

കേരളത്തില്‍ മരണനിരക്ക് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നുവെന്നു വേണം പറയാന്‍ . മരണം സമയമെത്തുമ്പോള്‍ സംഭവിക്കും. എവിടെ പോയൊളിച്ചാലും മരണം പിറകേ വരും. പക്ഷെ മരണത്തെ വിലകൊടുത്ത് വാങ്ങുന്ന പ്രവണത ശരിയല്ല. 

സ്ഥിതിവിവര കണക്കുകളുടെ പിന്‍ബലത്തില്‍ പരിഹരിക്കാവുന്ന ഒരു വിഷയമല്ല ഇത്. ദുരിതത്തിലാണ് ജനങ്ങള്‍. ജീവിക്കാന്‍ പലരും ബുദ്ധിമുട്ടുന്നു. നമ്മുടെ കാര്‍ഷിക മേഖലയും നിര്‍മാണ  വിനോദ മേഖലകളും തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. മനുഷ്യര്‍ ഉപജീവനത്തിനായി നെട്ടോട്ടമോടുന്നു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കി നിര്‍ത്തിയിരുന്ന ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിരിക്കുന്നു. പല ജി.സി.സി രാജ്യങ്ങളിലും സ്വദേശിവത്കരണം ശക്തിപ്പെടുകയാണ്. പ്രവാസികളുടെ ജീവിതചെലവും വര്‍ധിച്ചിരിക്കുന്നു. പ്രവാസിയുടെ അതിജീവനത്തിന്റെ പോരാട്ടങ്ങള്‍ കാലത്തിനനുസരിച്ച് മാറുകയാണ്. കിട്ടുന്ന ശമ്പളം മുഴുവനായും നാട്ടില്‍ അയച്ചിരുന്നവരുണ്ട്. ഇപ്പോള്‍ അവര്‍ക്ക് അതിനു സാധിക്കുന്നില്ല. ചെലവാണ് കാരണം. ഈ അവസ്ഥയില്‍ കേരളത്തിലേക്കുള്ള പ്രവാസി പണത്തിന്റെ വരവ് സ്വാഭാവികമായും കുറയും. അതിന് ആനുപാതികമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അടക്കം സമസ്തമേഖലകളിലും നിശ്ചലാവസ്ഥ വരും. കച്ചവടങ്ങള്‍ നടക്കുന്നില്ല. പുതിയ വീടുകള്‍ നിര്‍മിക്കപ്പെടുന്നില്ല. തൊഴിലാളികളുടെ ഉപജീവനമാര്‍ഗം കൊട്ടിയടക്കപ്പെട്ടിരിക്കുന്നു.  

ഇതിനിടയിലാണ് പൊതുജനത്തെ വഴിതെറ്റിക്കുന്ന വാട്സ്ആപ്പ് രോഗ പ്രതിരോധ വിദഗ്ധരുടെ അര്‍മാദിക്കല്‍. കോഴി ഇറച്ചി കഴിച്ചാല്‍ പതിനഞ്ചു ദിവസം കഴിഞ്ഞേ വാക്സിനെടുക്കാവൂ എന്ന സന്ദേശം കേട്ടു. ഇതു ശരിയാണെങ്കില്‍ സൗദിയിലും മറ്റും ആര്‍ക്കും വാക്സിനെടുക്കാന്‍ സാധിക്കില്ലായിരുന്നു. ദശലക്ഷക്കണക്കിന് കോഴികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ദിവസവും ഭക്ഷണമാകുന്നത്. അല്‍ഫഹമായും ഷവര്‍മയായും കബാബായും ഷവായയായും മദ്ഹൂദായും കോഴി വിഭവങ്ങള്‍ എണ്ണിയാല്‍ തീരില്ല. കോഴി മാംസ വിരോധികള്‍ കുറവാണ്. ജി.സി.സി യിലെ പൊതു സ്ഥിതിയാണ് ഇത്. ഇനി കേരളത്തിലെ ജനങ്ങള്‍ കഴിക്കുന്ന കോഴിക്ക് കോവിഡ് വാക്സിനുമായി എന്തെങ്കിലും വിരോധമുണ്ടോ എന്നറിയില്ല. ഒരു ഉദാഹരണം പറഞ്ഞെന്ന് മാത്രം. കോവിഡുമായി ബന്ധപ്പെട്ട് അതിന്റെ തുടക്ക കാലങ്ങളില്‍ പ്രചരിച്ചിരുന്ന സന്ദേശങ്ങള്‍ ഇപ്പോള്‍ ഇല്ലെന്നത് ആശ്വാസകരമായ കാര്യമാണ്. വാട്സ്ആപ്പ് സന്ദേശങ്ങള്‍ തീര്‍ക്കുന്ന ആശയക്കുഴപ്പങ്ങള്‍ ചെറുതല്ല. 

തെറ്റായ സന്ദേശങ്ങളും വിവരങ്ങളുമാണ് പലപ്പോഴും പ്രചരിപ്പിക്കുന്നത്. ഫെയ്ക്ക് കണ്ടെത്താന്‍ ഇപ്പോള്‍ സൗകര്യമുണ്ടെങ്കിലും ആരെങ്കിലും അതിന് തുനിയുന്നതിനു മുമ്പെ ആയിരണക്കിന് വ്യാജ സന്ദേശങ്ങള്‍ സൈബര്‍ പാതയിലൂടെ പറന്നു പോയിരിക്കും. കോവിഡിന്റെ കാര്യത്തില്‍ മാത്രമല്ല പൊതുജീവിത പരിസരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ഇത് ബാധകമാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ എന്തും എഴുതാം. പ്രചരിപ്പിക്കാം. എഡിറ്റിങ് ബാധകമല്ല. മുഖ്യധാരാ മാധ്യമങ്ങള്‍ക്കും മുഖ്യധാരയില്‍ പെടാത്ത അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ക്കും ന്യൂസ് എഡിറ്റര്‍ ഉണ്ടാകും. പേജ് എഡിറ്റര്‍മാരുണ്ടാകും. പേജ് റിവിഷന്‍ നടക്കുന്നുണ്ട്. കൃത്യമായ എഡിറ്റിങ്ങുണ്ട്. എന്നാല്‍ സമാന്തര മാധ്യമങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ല. മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്ന ചില സാമൂഹ്യ പ്രാധാന്യമുള്ള കാര്യങ്ങള്‍ സമാന്തര മാധ്യമങ്ങളില്‍ വരുന്നുണ്ട്. എന്നാല്‍ ഇത് തീരെ ചെറിയ ശതമാനം മാത്രം. സോഷ്യല്‍ പ്ലാറ്റ്ഫോം നല്ല നിലയില്‍ ഉപയോഗിച്ചാല്‍ സമൂഹത്തിന് ഗുണകരമാണ്. പലര്‍ക്കും പല താല്‍പര്യങ്ങളാണ്. പൊതുസമൂഹത്തിന് ഗുണംചെയ്യുന്ന താല്‍പര്യങ്ങളേക്കാള്‍ വഴിതെറ്റിക്കുന്ന താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ മലയാളി കടുത്ത ആശയകുഴപ്പത്തിലേക്ക് കൂപ്പു കുത്തുന്നു.  

വാട്സ്ആപ്പ് ചികിത്സാ വിദഗ്ധരെങ്കിലും മാറി നില്‍ക്കണം. കോവിഡിനെ അതിജീവിക്കാന്‍ മലയാളിക്ക് ശക്തി പകരുന്നതിനു പകരം അവനെ വിഷമാവസ്ഥയിലേക്ക് തള്ളി വിടുന്നത് ശരിയല്ല. കോവിഡുമായി ബന്ധപ്പെട്ട എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും നാം നമുക്ക് തന്നെ നല്‍കുന്ന നിര്‍ദേശങ്ങളാണെന്ന തിരിച്ചറിവുണ്ടാകണം. രാത്രികാല കര്‍ഫ്യൂവിലൂടെയെങ്കിലും കോവിഡിന് ശമനം കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ഏതു കര്‍ഫ്യൂവിനേക്കാളും വലുതാണ് അവബോധം. അതുണ്ടായേ മതിയാകൂ. ഇതിന് ശക്തമായ ബോധവത്കരണം അനിവാര്യമാണ്.