ലയാളിയുടെ പുതുകാല ഭാഷാ വിനിമയ സാധ്യതകള്‍ ആകാശത്തോളം വളരുകയാണ്.  എന്തെല്ലാം പ്രയോഗങ്ങളാണ് വന്നിരിക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ മലയാളത്തിനു ലഭിച്ച പുതിയ വാക്കാണ് കുഴിമന്തിയെന്ന് പ്രിയ സുഹൃത്ത് ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞത് ഓര്‍മ വരുന്നു. റിയാദില്‍ ചില്ലയുടെ ഉദ്ഘാടത്തിനു പങ്കെടുക്കാന്‍ അതിഥിയായി എത്തിയതായിരുന്നു ഷിഹാബ്. ചിന്തയും ചിരിയും സമ്മേളിച്ച ആ പ്രസംഗത്തില്‍ നിന്ന് ഭാഷക്ക് ലഭിച്ച പുതു സംഭാവന മാത്രം അടര്‍ത്തി മാറ്റിയാണ് പിറ്റേ ദിവസം വാര്‍ത്ത ഉണ്ടാക്കിയത്. പിന്നീടും പല വേദികളില്‍ ഷിഹാബും ആലങ്കോട് ലീലാകൃഷ്ണനും സന്തോഷ് എച്ചിക്കാനവും ആര്‍.ഉണ്ണിയുമൊക്കെ ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ചൊറിയല്‍, സെറ്റാക്കാം ,അടിച്ചു പൊളിക്കാം, മിന്നിക്കാം, മുത്ത്  തുടങ്ങി പലതരം പ്രയോഗങ്ങള്‍. ഇതൊന്നുമല്ല എന്നെ ആകര്‍ഷിച്ചിട്ടുള്ളത്. അത് ചങ്ക് എന്ന പ്രയോഗമാണ്. അതിനോളം വരില്ല മറ്റൊന്നും. എറെ പ്രിയപ്പെട്ടവനെ അല്ലെങ്കില്‍ പ്രിയപ്പെട്ടവളെ അതുമല്ലെങ്കില്‍ അടുത്ത സുഹൃത്തിനെ വര്‍ത്തമാനകാലത്ത് സംബോധന ചെയ്യുന്നത് ചങ്കെന്നാണ്. എന്തൊരു അര്‍ഥവത്തായ പ്രയോഗം. സോള്‍മെയിറ്റ് എന്ന ഇംഗ്ലീഷ് പ്രയോഗത്തേക്കാള്‍ എത്രയോ മടങ്ങ് ശക്തിയുണ്ട് നമ്മുടെ ഈ ചങ്കിന്. ഈ അടുത്ത ദിവസം ഒരു ചങ്ക് എന്നെയും തേടിയെത്തി. തണുത്തു വിറച്ചു നില്‍ക്കുന്ന തായിഫില്‍ നിന്ന് ചുരമിറങ്ങി ജിദ്ദയിലാണ് ആ ചങ്ക് എത്തിയത്. എത്തുമ്പോഴും മടങ്ങുമ്പോഴും സ്നേഹ തുള്ളികള്‍ നിറഞ്ഞ ആ ചങ്ക് പിടക്കുന്നുണ്ടായിരുന്നു. നാലു പതിറ്റാണ്ടിനു ശേഷമാണ് ആ ചങ്ക് എന്നെ തേടിയെത്തുന്നത്. 

ഈ സമാഗമത്തിന് വഴിയൊരുക്കിയത് അസ്മാബിയന്‍സ് 76 -78 എന്ന ഞങ്ങളുടെ കോളേജ് വാട്സ്ആപ്പ് ഗ്രൂപ്പും. അതില്‍ നിറയെ ചങ്കുകളാണ്. ആണ്‍ ചങ്കുകളും പെണ്‍ ചങ്കുകളും. മഴവില്ല് വിരിയുന്ന സ്നേഹാര്‍ദ്ര മാനസങ്ങള്‍. അങ്ങേയറ്റത്തെ നിഷ്‌കളങ്ക ഭാഷണങ്ങള്‍. സ്ഥിരം കേള്‍ക്കുന്നവരുടെ ശബ്ദ സന്ദേശങ്ങള്‍ ഇല്ലാതായാല്‍ അന്വേഷണം. ഒരാള്‍ക്ക് അസുഖമെന്നറിഞ്ഞാല്‍ പ്രാര്‍ഥനകളായി എത്തുന്ന സാന്ത്വനം. പറയുന്നത് അത്ര വലിയ കാര്യങ്ങളൊന്നുമല്ല. സാധാരണ  വീട്ടു കാര്യങ്ങള്‍. കറിവെച്ചതും കറി വെക്കാന്‍ ഉദ്ദേശിക്കുന്നതും കൃഷിയും ഗതകാല സ്മരണകളുടെ മധുരാക്ഷരങ്ങളും പങ്കു വെച്ച് ഒരു യാത്ര.  ചങ്കുകളെ തേടിയുള്ള യാത്ര. വര്‍ഷങ്ങളായി കണ്ടു മുട്ടാത്തവര്‍. ഇനിയൊരിക്കലും കാണില്ലെന്ന് ഉറപ്പിച്ചവര്‍. ചിലപ്പോള്‍ ഓര്‍മകളുടെ വിദൂര ദൃശ്യങ്ങളില്‍ നിഴലായി ഒരുവന്‍. ഒരു പട്ടുപാവാടക്കാരി. ഒരു ധാവണിക്കാരി. ബെല്‍ബോട്ടം പാന്റിട്ട ഒരു കൗമാരക്കാരന്‍. കടലും കാറ്റും കൊണ്ടു വരുന്ന ഒരു പാട്ട്. കലാലയ സ്മരണകള്‍ ഇരമ്പുന്ന മനസുകളുമായി നിനച്ചിരിക്കാത്ത കൂടി ചേരലിന് ഇടയാക്കിയ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത് നജീബും അബ്ദുല്ലയും റഷീദും ഇഖ്ബാല്‍ കാക്കശേരിയും ടൈറ്റസുമൊക്കെ ചേര്‍ന്നാണ്. ഇപ്പോള്‍ ഇവരെ കൂടാതെ മൂന്നു പേര്‍ കൂടി അഡ്മിന്‍ പാനലിലുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലാണ് പലരും. പക്ഷെ എന്നും ശബ്ദങ്ങളിലൂടെ അവര്‍ ഏറ്റവും അടുത്തിരിക്കുന്നു. 

അങ്ങനെ ചുരമിറങ്ങി വന്ന ചങ്കിനു  ജിദ്ദയില്‍ ഞാന്‍ താമസിക്കുന്ന വില്ലയുടെ വാതില്‍ തുറന്നു കൊടുക്കുന്നു. അവന്‍ അന്‍സാരി. ആമിനക്കുട്ടിയുടെ പൊന്നാര അനുജന്‍. ആസ്പിന്‍ അഷറഫ്ക്കായുടെ അയല്‍വാസി. കൊടുങ്ങല്ലൂര്‍ മതിലകം പുതിയകാവിലെ അന്‍സാരി. നാല്‍പതു വര്‍ഷം മുമ്പുള്ള അന്‍സാരിയെ ഞാനറിയും. മറ്റ് പലരെയും എന്ന പോലെ പിന്നീട് അന്‍സാരിയെയും കണ്ടിട്ടില്ല. കാണുമെന്ന സ്വപ്നത്തില്‍ പോലും നിനച്ചിട്ടില്ല. അവന്‍ 175 കി.മീറ്റര്‍ അകലെയുണ്ടായിരുന്നു. അതും പതിറ്റാണ്ടുകളായി അവിടെയുണ്ട്. മൂടല്‍ മഞ്ഞിന് അപ്പുറത്തു നിന്ന് നടന്നു നടന്നു വരുന്നയാളെ വളരെ അടുത്തെത്തുമ്പോള്‍ മാത്രം തിരിച്ചറിയുന്ന വിഖ്യാതമായ ഒരു കഥയുണ്ട്. ആ കഥയില്‍ മൂടല്‍ മഞ്ഞിലൂടെ നടന്നു വന്നത് സ്വന്തം സഹോദരനായിരുന്നു. ഇവിടെ മൂടല്‍ മഞ്ഞ് വകഞ്ഞു മാറ്റി പുതുവര്‍ഷത്തിലെ തണുത്ത പ്രഭാതത്തില്‍ അന്‍സാരി എന്റെ മുന്നില്‍. ഉച്ച ഭക്ഷണം കഴിച്ച് അല്‍പം വിശ്രമിച്ച് ജിദ്ദയിലുള്ള ഞങ്ങളുടെ സഹപാഠികളെ കാണാന്‍ പുറത്തിറങ്ങി. അതിനു മ്ുമ്പ് സെല്‍ഫിയെടുത്തും അല്ലാതെയും നിരവധി ഫോട്ടോകള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. തായിഫില്‍ നിന്ന് അന്‍സാരി പുറപ്പെട്ട വിവരം ഗ്രൂപ്പില്‍ പങ്കു വെച്ചപ്പോള്‍ മുതല്‍ അന്‍സാരിയെത്തിയോ എന്ന അന്വേഷണം ഫോട്ടോ കണ്ടതോടെ നിന്നു. ആശ്വസം അന്‍സാരി കെ.യു.ഇഖ്ബാലിന്റെ അടുത്തെത്തി. 

ഏറെയൊന്നും ദൂരത്തല്ലാതെ ഞങ്ങളുടെ രണ്ടു സഹപാഠികള്‍ ജിദ്ദയിലുണ്ട്. ജിദ്ദ മുസരിസ് കൂട്ടായ്മയുടെ അമരക്കാരനായ താഹ മരക്കാരുടെ ഭാര്യ ഫാത്തിമയും സ്വകാര്യ ബാങ്ക് ജീവനക്കാരനായ എറിയാട്ടെ നിസാറും. അടുത്തായിട്ടും ഇരുവരെയും ഞാന്‍ കണ്ടിട്ട് മൂന്ന് വര്‍ഷമായി. ചുരമിറങ്ങി വന്ന ചങ്കിനെയും കൂട്ടി ആദ്യം പോയത് ഫാത്തിമയുടെ ഫല്‍റ്റില്‍. മനോഹരമായ ഇന്റീരിയര്‍ ഫര്‍ണിഷിംഗോടു കൂടിയ റൗദയിലെ ഫല്‍റ്റ്. എന്റെ സഹോദരി ഷമി താമസിക്കുന്നത് തൊട്ടടുത്താണ്. അവളെ കണ്ടിട്ടും കുറെ നാളായെങ്കിലും ചങ്കിനു തിരക്കുള്ളതിനാല്‍ ആ സന്ദര്‍ശനം ഒഴിവാക്കി. ഫാത്തിമ സ്നേഹം ചാലിച്ച പായസം വിളമ്പി. കാപ്പിയും സമൂസയും ബ്രെഡ് ടോസ്റ്റും. ആയിരത്തി ഒന്ന് രാവിലും പറഞ്ഞാല്‍ തീരാത്ത കലാലയ കഥകള്‍. പഴയ കാല ഓര്‍മകള്‍. ബന്ധം പറച്ചിലുകള്‍. ഞങ്ങള്‍ കൊടുങ്ങല്ലൂര്‍ എറിയാട് അഴീക്കോട് മതിലകം ഭാഗത്തുള്ളവര്‍ ഏതെങ്കിലും തരത്തില്‍ കുടുംബ ബന്ധമുള്ളവരായിരിക്കും. പ്രത്യേകിച്ച മുസ്ലിം കുടുംബങ്ങള്‍. എന്റെ ചെറിയമ്മാവന്‍ വിവാഹം ചെയ്തരിക്കുന്നത് എന്റെ വെല്ലിമ്മാടെ സഹോദരിയുടെ മകളെയാണ്. അവര്‍ എന്റെ ബാപ്പാടെ കസിന്റെ മകള്‍ കൂടിയാണ്. ഇങ്ങനെ ഇഴപിരിഞ്ഞു കിടക്കുന്ന വേര്‍പെടുത്താനാവാത്ത ബന്ധങ്ങളുടെ പുരാവൃത്തങ്ങളിലൂടെയാണ് കൊടുങ്ങല്ലൂര്‍ അഴിക്കോട് ഭാഗത്തുള്ളവരുടെ ജീവിത കഥ വികാസം പ്രാപിക്കുന്നത്. എന്തെങ്കിലും ഒരു ബന്ധം പറയാന്‍ കാണും. അതുപോലെ മതിലകത്തുകാര്‍ക്കും ഇതുപോലെ ബന്ധങ്ങളുണ്ട്. എങ്ങനെയെങ്കിലുമൊക്കെ അത് കൂട്ടി മുട്ടും. എന്തോ ഒരു ബന്ധം അന്‍സാരി ഫാത്തിമയുടെ ഫല്‍റ്റില്‍ വെച്ച് പറഞ്ഞപ്പോള്‍ ഞാനും അതില്‍ ഒരു ചെറു കണ്ണിയാണെന്ന് മനസിലായി. എനിക്കാകട്ടെ ബന്ധങ്ങളൊന്നും കാര്യമായിട്ടറിയില്ല. എന്റെ സഹോദരന്‍ ഡോ.കുഞ്ഞിമൊയതീന് ഞങ്ങളുടെ തറവാട്ടു ബന്ധങ്ങളൊക്കെ ഏറെക്കുറെ അറിയാം. എങ്ങനെയും സമയമുണ്ടാക്കി വല്ലപ്പോഴുമൊക്കെ അവന്‍ ബന്ധുക്കളെ സന്ദര്‍ശിക്കും. എന്റെ ഭാര്യയുടെ വീട്ടുകാര്‍ ഇക്കാര്യത്തില്‍ മിടുക്കന്‍മാരാണ്. അവരുടെ എല്ലാ ബന്ധുക്കളെയും എന്റെ ഭാര്യക്ക് നന്നായിട്ടറിയാം. ഇത് ഒരു മികച്ച ഗുണമാണ്. കോവിഡ് കാലം തീരെ വിട പറഞ്ഞിട്ടില്ലാത്തിനാല്‍ ഫാത്തിമയുടെ ഫല്‍റ്റില്‍ നിന്ന് പുറത്തിറങ്ങും മുമ്പെ ഫാത്തിമ സാനിറ്റൈസര്‍ തന്നു. മാസ്‌ക ധരിച്ച് പുറത്തേക്ക്. 

ബാങ്ക് ജീവനക്കാരനായ നിസാറിന് വൈകീട്ട് ആറു മണി വരെ ജോലിയുണ്ട്.  അതു കഴിഞ്ഞ് പുറത്തിറങ്ങി നില്‍ക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ജിദ്ദയിലെ മലിക് റോഡില്‍ കോര്‍ണിഷിലേക്ക് മുഖാമുഖം നില്‍ക്കുന്ന വലിയ കെട്ടിടത്തിലാണ് നിസാര്‍ ജോലി ചെയ്യുന്ന ബാങ്ക്. പള്ളി മിനാരങ്ങളില്‍ മഗ്രിബ് ബാങ്ക് ഉയരുന്നതിനു തൊട്ടു മുമ്പ് ഞാനും അന്‍സാരിയും  കെട്ടിടത്തിനു താഴെയെത്തി. മിനിറ്റുകള്‍ക്കുള്ളില്‍ നിസാര്‍ ഇറങ്ങി വന്നു. നിസാര്‍ ഒരു വര്‍ഷം മാത്രമെ അസ്മാബിയില്‍ പഠിച്ചിട്ടുള്ളു. പിന്നെ അലിഗഢിലേക്ക് പോയി. അവിടെയായിരുന്നു തുടര്‍ പഠനം. അങ്ങനെ പോയ മറ്റ് രണ്ടു പേരാണ് ബഹദൂറിന്റെ ബന്ധു മൊയ്തീനും പിന്നെ നസറുദ്ദീനും. അവരെയൊക്കെ കണ്ടിട്ട് വര്‍ഷം നാല്‍പതാകുന്നു. നിസാറിനോട് യാത്ര പറഞ്ഞ് വീണ്ടും വില്ലയില്‍. അന്‍സാരി മടങ്ങുന്നു.  വലിയ ഒരു ദൗത്യം അന്‍സാരിക്ക് ജിദ്ദയില്‍ ഇനിയും  നിര്‍വഹിക്കാനുണ്ട്. അന്‍സാരിയുടെ അടുത്ത ബന്ധു മാസങ്ങളായി അപകടം പറ്റി ജിദ്ദയിലുണ്ട്. ആ മനുഷ്യനെ സന്ദര്‍ശിക്കണം. ആശ്വസിപ്പിക്കണം. എന്നെ തേടി വന്ന ചങ്കിന്റെ യാത്ര സഫലമാകണമെങ്കില്‍ ആ സന്ദര്‍ശനം അനിവാര്യം. രാത്രി ഏറെ വൈകി ജിദ്ദയില്‍ നിന്ന് മടങ്ങുമ്പോള്‍ അന്‍സാരി വിളിച്ചു, ഞാന്‍ ബന്ധുവിനെ കണ്ടു. സാന്ത്വനിപ്പിച്ചു. എത്രയും  പെട്ടെന്ന് അദ്ദേഹത്തെ നമുക്ക് നാട്ടില്‍ എത്തിക്കണം. നാട്ടിലെത്തിയാല്‍ അദ്ദേഹം ജീവിതത്തിന്റെ പ്രസരിപ്പുകള്‍ വീണ്ടെടുക്കും. അതെ, അവിടെ അയാളുടെ ചങ്കുകള്‍ കാത്തിരിക്കുന്നുണ്ട്.