ഴുത്തുകാരന്‍ ജീവിച്ചിരിപ്പില്ല. സംവിധായകനും നിര്‍മാതാവും പ്രധാന നടനും മറ്റ് പല നടന്‍മാരും നടിമാരും ഓര്‍മയായി. പക്ഷെ കാലാതിവര്‍ത്തിയായ ഇതിഹാസം പോലെ ആ മനോഹര സിനിമ ഇന്നും മലയാളി ആവേശത്തോടെ കാണുന്നു. ചെമ്പന്‍കുഞ്ഞും പരീക്കുട്ടിയും കറുത്തമ്മയും മാനസ മൈനയുടെ ചിറകേറി മലയാളിയുടെ ദൃശ്യബോധത്തിലൂടെ അവിരാമം സഞ്ചരിക്കുന്നു. കടലിന്റെ സൗന്ദര്യം ഇതുപോലെ  മലയാളത്തിലെ മറ്റൊരു സിനിമയിലും കണ്ടിട്ടില്ല. 

അമരം ചിത്രീകരിക്കുമ്പോള്‍ ആ സിനിമയുടെ ഛായാഗ്രാഹകനായിരുന്ന മധു അമ്പാട്ടിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി ചെമ്മീനിലെ ദൃശ്യങ്ങളായിരുന്നു. കടലിന്റെയും കടല്‍ക്കരയുടെയും ചലനങ്ങളെ അത്രമാത്രം മനോഹാരിതയോടെ മാര്‍ക്സ് ബര്‍ട്ലി ക്യാമറയിലാക്കിയിരുന്നു. ചെമ്മീനിലെ ചില സീനുകള്‍ യു.രാജഗോപാലും ചിത്രീകരിച്ചിട്ടുണ്ട്.  ഞണ്ടുകളുടെ കരയിലൂടെയുള്ള സഞ്ചാരമടക്കമുള്ള അവിസ്മരണിയ സീനുകള്‍ ചെമ്മീനിലുണ്ട്. 

അറുപതുകളില്‍ മലയാളിയുടെ പ്രണയകാമനകളെ ഉദ്ദീപിപ്പിച്ച ചെമ്മീന്‍ ഒരേ സമയം പ്രണയവും കാമവും ജീവിതവിശുദ്ധിയുടെ പാഠങ്ങളും പറഞ്ഞു വെച്ച സിനിമയായിരുന്നു. ദിലീപ് കുമാര്‍ സിനിമക്കു വേണ്ടി മാര്‍ക്സ് ബര്‍ട്ലിക്ക് പോകേണ്ടി വന്നപ്പോഴാണ് രാജഗോപാല്‍ ക്യാമറക്ക് പിറകിലെത്തിയത്. അന്നത്തെ ചിത്രീകരണം തന്നെ ഏറെ ബുദ്ധിമുട്ട് പിടിച്ചതായിരുന്നു. റീ ടേക്കുകള്‍ വേണ്ടി വരുന്ന അവസ്ഥ നിര്‍മാതാക്കളെയും സംവിധായകരെയും ഒരു പോലെ വിഷമിപ്പിച്ചിരുന്നു. 

ഇന്ന് ഡിജിറ്റല്‍ യുഗത്തില്‍ അത്യാധുനിക ക്യാമറകള്‍ ഉപയോഗിച്ചാണ് ചിത്രീകരണം. റീ ടേക്കുകള്‍ എത്ര വേണമെങ്കിലും എടുക്കാം.  എടുക്കുന്ന സീനുകള്‍ മോണിറ്ററില്‍ അപ്പോള്‍ തന്നെ കാണാം. സംവിധായകന്റെ മനസിലെ സിനിമാ ദൃശ്യങ്ങള്‍ ചിത്രീകരണ സമയത്തു തന്നെ കാണാനും തിരുത്തപ്പെടാനും ഇന്ന് സാധിക്കും. ഫിലിം പ്രോസസിങ് കഴിയും വരെ നെഞ്ചിടിച്ചിരുന്ന കാലം കഴിഞ്ഞു. 

അമ്പലപ്പുഴയില്‍ വക്കീലായി പ്രാക്ടിസ് ചെയ്യുന്ന കാലത്തെ പുറക്കാട് കടപ്പുറത്തു കൂടിയുള്ള സായാഹ്ന സവാരിയില്‍ മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍ തകഴി ശിവശങ്കരപിള്ള കണ്ടെത്തിയ കഥയും കഥാപാത്രങ്ങളുമാണ് ചെമ്മീന്‍ എന്ന നോവല്‍. കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മനുഷ്യരുടെ ഇടയിലെ ശക്തമായ ഒരു മിത്താണ് ഈ നോവലിന്റെ പ്രമേയത്തെ ഏറെ വ്യത്യസ്തമാക്കുന്നത്.

അതാകട്ടെ ജീവിതവിശുദ്ധിയുടെ പാഠം കൂടിയാണ്. പ്രണയത്തിന്റെ തീക്ഷ്ണത മാത്രമല്ല ചെമ്മീന്‍ അനുഭവിപ്പിക്കുന്നത്. അതില്‍ കാത്തിരിപ്പും കാമനകളും ഇഴ ചേരുന്നു. വൈവാഹിക ബന്ധത്തിലെ ചാരിത്യ വിശുദ്ധി കടലമ്മയെന്ന് സങ്കല്‍പത്തില്‍ ലയിച്ചു നില്‍ക്കുന്നത് കാണാം. കടലില്‍ പോകുന്ന പുരുഷന്റെ കാവല്‍ കരയില്‍ കാത്തിരിക്കുന്ന അവന്റെ പെണ്ണാണെന്ന സന്ദേശം. അവള്‍ പിഴച്ചു പോയാല്‍ കടലമ്മ കോപിക്കും. ആ കോപാഗ്‌നിയെ ആഴക്കടലിനും കെടുത്താനാവില്ല. (അരയന്‍ തോണിയില്‍ പോയാലെ, അവന് കാവല് നീയാണെ) ചെമ്മീന്‍ പ്രസിദ്ധീകരിച്ച കാലത്തു തന്നെ മത്സ്യത്തൊഴിലാളികളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. 

1957-ല്‍ കേരള സാഹിത്യ അക്കാദമിയുടെ ആദ്യ നോവല്‍ പുരസ്‌കാരം നേടിയ കൃതിയാണ് ചെമ്മീന്‍.  അന്‍പതോളം ലോക ഭാഷകളില്‍ വിവര്‍ത്തനം. അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ട നോവല്‍. കോട്ടയത്തെ ഒരു ലോഡ്ജ് മുറിയില്‍ ഇരുന്ന് വളരെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് തകഴി എഴുതി തീര്‍ത്ത നോവലിന്റെ ആദ്യ വായനക്കാരന്‍ സി.ജെ തോമസായിരുന്നു. നോവല്‍ മലയാളിയുടെ വായനാ ചക്രവാളത്തെ ദീപ്തമാക്കി. പിന്നീട് രാമുകര്യാട്ട് അത് സിനിമയാക്കി. 

1962-ല്‍ കര്യാട്ടും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഈ സിനിമ നിര്‍മിക്കാന്‍ കേരള ഫൈനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്ന് വായ്പയായി ധന സഹായം ആവശ്യപ്പെട്ടു. നിര്‍മാണ തുകയുടെ 75 ശതമാനമായിരുന്നു വായ്പയായി ചോദിച്ചത്. അതു കൊണ്ടോന്നും എവിടെയും എത്തില്ലെന്ന് വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞ കര്യാട്ടിനു മുന്നില്‍ ചെമ്മീന്‍ തീര്‍ക്കാനുള്ള നിയോഗവുമായി ബാബു സേഠ് എത്തി. പില്‍ക്കാലത്ത് കണ്‍മണി ബാബുവെന്ന് അറിയപ്പെട്ട ബാബു സേഠ്. (ബാബു സേഠിന്റെ മരണത്തിനു മുമ്പ് ഏതാനും ആഴ്ചകള്‍ അദ്ദേഹത്തെ സ്ഥിരമായി കണ്ടിരുന്നു. അന്ന് ബാബു സേഠ് പറഞ്ഞ കഥകള്‍ എഴുതിയെടുത്തില്ല. ആ കഥകള്‍ കേട്ട ഒരാള്‍ കൂടി ഉണ്ടായിരുന്നു മതിലകത്തുകാരന്‍ സി.കെ ഹുസൈന്‍. അദ്ദേഹവും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല). 

ചെമ്മീന്റെ ചിത്രീകരണത്തിന് ആദ്യം തെരഞ്ഞെടുത്ത ലൊക്കേഷന്‍ പുറക്കാട് കടപ്പുറം തന്നെയായിരുന്നു. തകഴിയും തിരക്കഥാകൃത്ത് എസ്.എല്‍. പുരവും അവിടെ ചിത്രീകരിച്ചാല്‍ മതിയെന്ന അഭിപ്രായമാണ് ആദ്യം മുന്നോട്ടു വെച്ചത്. എന്നാല്‍ പുറക്കാട് കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ ചില ഡിമാന്റുകള്‍ വെച്ചതോടെ കര്യാട്ട് തന്റെ നാടായ നാട്ടികയിലെ കടപ്പുറത്ത് ചെമ്മീന്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിര്‍മാതാവായ ബാബു സേഠിനും കൊടുങ്ങല്ലൂര്‍ അഴീക്കോട് നാട്ടിക ദേശങ്ങളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. 

സത്യന് അന്നു നല്‍കിയ പ്രതിഫലം പിന്നീട് രാമു കര്യാട്ട് വെളിപ്പെടുത്തിയിരുന്നു. 12,000 രൂപയായിരുന്നു സത്യന്റെ പ്രതിഫലം. മധുവിന് 2000 രൂപയും. എട്ടു ലക്ഷം രൂപ അന്നത്തെ കാലത്ത് (ഇന്നത്തെ എട്ടു കോടിയെന്ന് പറയാം) നിര്‍മാണ ചെലവു വന്ന ക്ലാസിക് സിനിമ. മാര്‍ക്സ് ബര്‍ട്ലിയെയും സലീല്‍ ചൗധരിയെയും മന്നാഡെയെയും മലയാള സിനിമയില്‍ എത്തിച്ച കര്യാട്ട് വലിയ പരീക്ഷണത്തിനാണ് മുതിര്‍ന്നത്. 

ബാബു സേഠിനെ പോലെ ഒരു നിര്‍മാതാവല്ലായിരുന്നെങ്കില്‍ കര്യാട്ടിന്റെ പരീക്ഷണങ്ങള്‍ നടക്കില്ലായിരുന്നു. ഒരു സാധാരണ സിനിമയായി ചെമ്മീന്‍ മാറുമായിരുന്നു. പ്രമേയം കൊണ്ട് മാത്രം വ്യത്യസ്തമാകുമായിരുന്ന ഒരു സിനിമയെ സമഗ്രാര്‍ഥത്തില്‍ അതീവ സുന്ദരമായ ദൃശ്യവിരുന്നാക്കി മാറ്റി കര്യാട്ട്. ഈ ദൃശ്യങ്ങളെ ചടുലമാക്കിയതില്‍ എഡിറ്റിങ് നിര്‍വഹിച്ച ഋഷികേശ് മുഖര്‍ജി വഹിച്ച പങ്ക് ചെറുതല്ല. പല ദൃശ്യങ്ങളുടെയും സന്നിവേശം സ്‌ക്രിപ്റ്റിനു പുറത്തേക്ക് പോലും കടന്നു പോയി. എഡിറ്റിങ് ടേബിളില്‍ മുഖര്‍ജി പുതു കാഴ്ചകളുടെ സന്നിവേശം സംവിധായകന്‍ പോലും പ്രതീക്ഷിക്കാത്ത വിധം മനോഹരമാക്കിയെന്നാണ് ചരിത്രം. ഇന്ത്യയിലെ എക്കാലത്തെയും മികച്ച എഡിറ്റര്‍മാരില്‍ ഒരാളാണ് മുഖര്‍ജി. യേശുദാസും പി. ലീലയും കെ.പി. ഉദയഭാനുവും ശാന്ത പി. നായരുമായിരുന്നു മന്നാഡെക്ക് പുറമെയുള്ള ഗായകര്‍. ചെമ്മീനിലെ എല്ലാ പാട്ടുകളും ഇന്നും മലയാളിക്ക് പ്രിയങ്കരം. വയലാറിന്റെ വരികള്‍ക്ക് സലീല്‍ ചൗധരിയുടെ സംഗീതം. 

നോവലിന് എന്ന പോലെ സിനിമക്ക് എതിരെയും മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ചില കേസുകള്‍ വരെ ഫയല്‍ ചെയ്യപ്പെട്ടു. സെന്‍സര്‍ ബോര്‍ഡും കര്‍ശന നിലപാടെടുത്തു. ഈ വഴികളെല്ലാം പിന്നിട്ടു കൊണ്ടാണ് ചെമ്മീന്‍ തിയേറ്ററുകളില്‍ എത്തിയത്. എട്ടു ലക്ഷം ചെലവു വന്ന സിനിമ ബോക്സ് ഓഫീസ് ഹിറ്റായി മാറി. അന്ന് നാല്‍പതു ലക്ഷത്തോളം വരുമാനം. ബംബര്‍ ഹിറ്റ് സിനിമകളുടെ ചരിത്രത്തില്‍ ഇന്നും ചെമ്മീന് നിര്‍ണായക സ്ഥാനമുണ്ട്. 

1965-ല്‍ ദേശീയ പുരസ്‌കാരം. കാന്‍ ഫിലിം ഫെസ്റ്റിവലിലും ചിക്കാഗോ ഫെസ്റ്റിലും പുരസ്‌കാരങ്ങള്‍. 1967 നവംബര്‍ മാസത്തില്‍ പുറത്തിറങ്ങിയ ചിക്കാഗോയിലെ പത്രങ്ങളില്‍ വന്ന ഫെസ്റ്റിവല്‍ റിപ്പോര്‍ട്ടുകളില്‍ ചെമ്മീനെ കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചിരുന്നു. വിദേശ ഫിലിം ഫെസ്റ്റിവലുകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രമാണ് ചെമ്മീന്‍. 

പുതുമ നശിക്കാത്ത ഈ സിനിമയെ ഏറ്റവും ശ്രദ്ധേയമാക്കുന്ന ഘടകം അതിലെ ദൃശ്യങ്ങള്‍ തന്നെയാണ്. ഷീല എന്ന നടി അവരുടെ കരിയറില്‍ ചെയ്ത മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് കറുത്തമ്മ. മാനസ മൈനെയെന്ന ഗാനം കേട്ട് ഉണരുന്ന കറുത്തമ്മയുടെ മനോവികാരം പകര്‍ന്നാടിയ രംഗം മാത്രം മതി ഷീലയെ ഓര്‍മിക്കാന്‍. സ്ത്രീപക്ഷ സിനിമയല്ലെങ്കിലും ചെമ്മീന്‍ കറുത്തമ്മയുടെ കൂടി സിനിമയാണ്. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ എന്ന അതുല്യ പ്രതിഭയുടെ അഭിനയ മികവിനും ഈ ചിത്രം സാക്ഷി. 

കൊച്ചുമുതലാളിയെന്ന് ഷീലയുടെ വിളി ഇന്നും നമ്മുടെ മിമിക്രിക്കാര്‍ അനുകരിക്കുന്നു. ചെമ്മീനിലെ സത്യനും മധുവും അതു പോലെ തന്നെ മിമിക്രിക്കാര്‍ക്ക് പ്രിയപ്പെട്ടവരാണ്. മലയാളത്തിലെ പല പ്രശസ്ത നോവലുകളും ഒരു കാലത്ത് സിനിമയാക്കപ്പെട്ടിട്ടുണ്ട്. ഉമ്മാച്ചുവും കള്ളിചെല്ലമ്മയും നെല്ലും (നെല്ല് കര്യാട്ട് തന്നെയാണ് സിനിമയാക്കിയത്) തുടങ്ങി എത്രയോ നോവലുകള്‍ സിനിമയാക്കി. എന്നാല്‍ നോവലിനോട് ഇത്രമാത്രം നീതി പുലര്‍ത്തിയ ഒരു സിനിമ ചെമ്മീന്‍ പോലെ വേറെയില്ലെന്ന് പറയാം. എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനും അതിലെ സാങ്കേതിക പ്രവര്‍ത്തകരും ഒരു മനസായി പ്രവര്‍ത്തിച്ച സിനിമയായിരുന്നു ചെമ്മീന്‍. മലയാളിയുടെ മനസില്‍ തെളിയുന്ന പ്രണയ നിലാവിന്റെ നാട്ടില്‍ നിശാഗന്ധി അങ്ങനെ പൂത്ത് നില്‍ക്കുമ്പോള്‍ ചെമ്മീന്‍ കലാതിവര്‍ത്തിയായ ക്ലാസിക് സിനിമയായില്ലെങ്കിലെ അദ്ഭുതമുള്ളു.

content highlights: chemmeen cinema kannum kaathum ku iqbal