കടല്‍ വളരെ അടുത്താണ്. ചൂള മരങ്ങളില്‍ കടല്‍ കാറ്റിന്റെ ശീല്‍ക്കാരങ്ങള്‍ മറ്റൊരു കടലിരമ്പം പോലെ. കാമ്പസിന്റെ എല്ലാ അതിരുകളിലും ഹരിത സമൃദ്ധിയുടെ ചൂള മരങ്ങള്‍. കാറ്റാടിയെന്നും പറയും. കാറ്റാടി മരങ്ങള്‍ ഇപ്പോഴുമുണ്ടോ എന്നറിയില്ല.  മൂന്നര പതിറ്റാണ്ട് മനുഷ്യ ജീവിതത്തിലെ സുപ്രധാന കാലയളവാണ്. ഓര്‍മകളുടെ പുനര്‍ജനികളില്‍ കടലായി,  കാറ്റായി, ചൂള മരമായി, ഹൃദയ മര്‍മരമായി, പ്രണയമായി, വറ്റാത്ത സ്നേഹമായി വീണ്ടും കരുതലോടെ എത്തുന്നവര്‍. അവരാണ് 1976 ലെ ഈ അസ്മാബിയന്‍സ്. 

പോയകാല ഓര്‍മകളിലൂടെ തിരിച്ചു നടക്കാനും കൗമരത്തിന്റെ കല്‍പടവുകളില്‍ ഇരിക്കാനും കഥ പറയാനും കേള്‍ക്കാനും കാതോര്‍ക്കുന്നവര്‍. അന്ന് കൂടെ ഉണ്ടായിരുന്നവര്‍, പരസ്പരം കൈ കോര്‍ത്ത് നടന്നിരുന്നവര്‍, ഹൃദയം കൊണ്ട് അടുത്തിരുന്നവര്‍ പലരും ഇന്നില്ലെന്ന തിരിച്ചറിവ് കണ്ണീര്‍ നൊമ്പരം. എത്ര പേരെയാണ് മരണം കൂട്ടി കൊണ്ടു പോയത്. കമറുദ്ദീന്‍, രണ്ട് നാസര്‍മാര്‍, മണപ്പാട്ടെ ഷമി ,  ടിങ്കു (അബ്ദുല്‍ അസീസ്) അലിയാര്‍, മീന, സുഗുണന്‍, ജബ്ബാര്‍, ബേബി നിസ, അഷറഫ്  തുടങ്ങി എത്ര പേര്‍ കാലത്തിന്റെ മറു കരയിലേക്ക് പോയി. 

 പലരും മക്കളും മരുമക്കളുമായി സന്തോഷത്തോടെ ജീവിക്കുന്നു. ജീവിതത്തിലെ ചില സങ്കടങ്ങള്‍ പങ്കു വെച്ചവരും ഇപ്പോഴും അവിവാഹിതരായി കഴിയുന്നവരും അങ്ങനെ വൈവിദ്ധ്യങ്ങളുടെ ഒരു കൊളാഷ്. ഫോക്കസിലും ഔട്ട് ഫോക്കസിലുമായി അടുത്തും അകന്നും പോകുന്ന ഓര്‍മകളെ അടുക്കും ചിട്ടയോടും കൂടി പറഞ്ഞു തരുന്നു കൊടുങ്ങല്ലൂരില്‍ ജ്വല്ലറി നടത്തുന്ന ടൈറ്റസ്. നാട്ടിലും മറു നാട്ടിലുമായി ചിതറി കിടക്കുന്ന 76 ല്‍ കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എംസ് അസ്മാബി കോളേജില്‍ പഠിച്ചിരുന്ന അസ്മാബിയന്‍സിനെ ഒരു കുടക്കീഴില്‍ വീണ്ടും ഒരുമിപ്പിക്കുയെന്ന ശ്രമകരമായ ദൗത്യമാണ്  റഷീദും ഇക്ബാല്‍ കാക്കശേരിയും നജീബും അബ്ദുല്ലാ പടിയത്തും ടൈറ്റസുമൊക്കെ ചേര്‍ന്ന് നടത്തുന്നത്. 

 പ്രായമാകുമ്പോള്‍ പഴയ സൗഹൃദങ്ങള്‍ക്ക് മാധുര്യമേറും. ഇത് പകരുന്ന ഉൂര്‍ജം ചെറുതല്ല. പരസ്പരം കണ്ണോടു കണ്ണ് നോക്കുമ്പോള്‍  തോന്നും തങ്ങള്‍ ഇപ്പോഴും പഴയ വിദ്യാര്‍ഥികളാണെന്ന്. ശബ്ദം കേള്‍ക്കുമ്പോഴും ഇതേ അനുഭവമാണ്.  ശാരീരികമായ  രൂപ മാറ്റങ്ങളൊക്കെ മാറ്റി വെച്ച് പോയ കാലത്തെ നെഞ്ചോടു ചേര്‍ത്തു വെക്കും.  അങ്ങനെ വളരെ പെട്ടെന്ന് കൗമാരത്തിന്റെ പ്രസരിപ്പിലെത്തും.  നമുക്ക് അതു ചെയ്യണം, ഇതു ചെയ്യണം, വര്‍ഷത്തിലൊരിക്കല്‍ കൂടണം. അങ്ങനെ മോഹങ്ങളുടെ രഥോത്സവം.  താള പെരുക്കം. ആര്‍ദ്ര മനസുകളില്‍ നിറയെ സ്നേഹം. ഒരു കാല പ്രവാഹത്തിനും വിട്ടു കൊടുക്കാതെ  മനുഷ്യന്‍ അവന്റെ ജീവിത യാത്രയോടൊപ്പം കൊണ്ടു പോകുന്ന സവിശേഷാവസ്ഥ.  അക്കാലത്ത് കോളേജിലേക്ക് വിദ്യാര്‍ഥികള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നിരുന്ന എഫ്.എം.എസിന്റെ ചരിത്രം വരെ അലി പറയുന്നു. 

കൊടുങ്ങല്ലൂരിന്റെ , അഴീക്കോടിന്റെ, എറിയാടിന്റെ വികാസ പരിണാമങ്ങളിലൂടെ എഫ്.എം.എസ് എന്ന ബസ് ഓടി തീര്‍ത്ത ദൂരം ചരിത്രമാണ്. മണികണ്‍ഠന്‍ എന്ന ബസും പിന്നീട് സബീനയും വെമ്പല്ലൂര്‍ക്ക് സര്‍വീസ് നടത്തിയിരുന്നു. കട്ടി കണ്ണട വെച്ച മുഹമ്മദിന് ഈ ബസുകാരുമായൊക്കെ നല്ല പരിചയമായിരുന്നു. 

എം.ഇ.എസ് എന്നു പറഞ്ഞാല്‍ കൊടുങ്ങല്ലൂര്‍ക്കാര്‍ക്ക് കരിം ഡോക്ടറായിരുന്നു. എം.ഇ.എസ് സ്ഥാപകന്‍ ഡോ.പി.കെ അബ്ദുല്‍ ഗഫൂറിന്റെ പ്രവര്‍ത്തന മേഖല കോഴിക്കോട് ആയിരുന്നതിനാല്‍ കരിം ഡോക്ടറായിരുന്നു കൊടുങ്ങല്ലൂരില്‍ എം.ഇ.എസിന്റെ മുഖം. നല്ല പ്രാസംഗികന്‍. സംഘാടകന്‍. നര്‍മ ബോധം. കെ.ജെ ഹോസ്പിറ്റലിന്റെ ഉടമസ്ഥന്‍. മകന്‍ ഡോ.നവാസ് നല്ല ഫോട്ടോഗ്രാഫറായിരുന്നു.

ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല.  കരിം ഡോക്ടറുടെ മകള്‍ രഹനയുടെ (കോളേജ് അധ്യാപികയായിരുന്നു)  ഭര്‍ത്താവ് ഡോ.അഷറഫ് .  എം.ഇ.എസിന്റെ ചരിത്രത്തില്‍ കൊടുങ്ങല്ലൂരിന് നിര്‍ണായക സ്ഥാനമുണ്ട്. കരിം ഡോക്ടറുടെ ശുപാര്‍ശയിലാണ് എനിക്ക് അസ്മാബിയില്‍ അഡ്മിഷന്‍ കിട്ടുന്നത്. അഡ്മിഷനു ചെന്ന ആദ്യ ദിവസം തന്നെ ആള്‍മാറാട്ടം നടത്തിയതിന് ഞാന്‍ നോട്ടപുള്ളിയായി. എന്റെ പിതൃ സഹോദര പുത്രന്‍ നേരത്തെ അവിടെ പഠിച്ചിരുന്ന കാലത്ത് ഉഗ്ര മൂര്‍ത്തിയായിരുന്നു. എന്നെയും ആ ഗണത്തില്‍ പെടുത്തിയാണ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ഖാദര്‍ സാര്‍ കണ്ടതെന്ന് തോന്നുന്നു. 

എന്റെ എസ്.എസ്.എല്‍.സി ബുക്കൊക്കെ പ്രിന്‍സിപ്പല്‍ വലിച്ചെറിഞ്ഞു. എന്റെ ബാപ്പാടെ കസിന്‍ സിസ്റ്റര്‍ ബീക്കുഞ്ഞിത്ത ( മരിച്ചു പോയ ചലച്ചിത്ര പ്രവര്‍ത്തകന്‍ ഷഫീര്‍ സെയിട്ടിന്റെ ഉമ്മ)  അവിടെ ജോലി ചെയ്തിരുന്നു. അവരും നൂറുദ്ദീന്‍ സാറുമാണ് രക്ഷിച്ചത്. പിറ്റെ ദിവസം ബാപ്പ നേരിട്ട് വന്ന് പ്രിന്‍സിപ്പലിനെ കണ്ട്  പ്രവേശനം റെഡിയാക്കി.  കരിം ഡോക്ടറുടെ കാറിലാണ് അഡ്മിഷന്‍ ഉറപ്പിക്കാന്‍ ഞാനും ബാപ്പയും കോളേജിലെത്തിയത്. കരിം ഡോക്ടര്‍ എന്നെ പ്രിന്‍സിപ്പലിന്റെ മുന്നില്‍ വെച്ച് ശാസിച്ചു. അന്നത്തെ ആ അഡ്മിഷന്‍ ദിവസം ഇക്ബാല്‍ കാക്കശേരി ഇപ്പോഴും ഓര്‍മിക്കുന്നു. പല കാര്യങ്ങളും  പേരുമൊന്നും ഓര്‍മയില്ലെങ്കിലും ഇക്കുവിന് ഈ ദിവസം നല്ല ഓര്‍മയുണ്ട്. ഭയങ്കരന്‍. ഇഖ്ബാലും നവാസും റഷീദും സലീനയുമൊക്കെ ചേര്‍ന്നാണ് അസ്മാബിയില്‍ എസ്.എഫ്.ഐ യൂനിറ്റിനെ സജീവമാക്കിയത്. യൂനിയന്‍ തെരഞ്ഞെടുപ്പില്‍ പക്ഷെ കെ.എസ്.യു ജയിച്ചു. ഷരീഫായിരുന്നു ഗ്ലാമര്‍ താരം. 

ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ചിരുന്നവരാണ് ഇഖ്ബാല്‍ കാക്കശേരിയും  അബ്ദുല്ലാ പടിയത്തും.    അടിയന്തരാവസ്ഥകാലത്ത് കാമ്പസുകളില്‍ എത്തിയവരാണ് ഞങ്ങള്‍. 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ഞങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു. 1977 ല്‍ 21 മാസങ്ങള്‍ക്ക് ശേഷം അടിയന്തരാവസ്ഥ പിന്‍ വലിക്കുമ്പോള്‍ ഞങ്ങള്‍ കോളേജ് വിദ്യാര്‍ഥികളും . അടിയന്തരാവസ്ഥ കാലത്തെ കാമ്പസുകളില്‍ സമരമുണ്ടായിരുന്നില്ലെങ്കിലും പ്രണയമുണ്ടായിരുന്നു.

 എല്ലാ കരി നിയമങ്ങള്‍ക്കും അപ്പുറത്ത് കാല്‍പനികതയുടെ നൃത്ത ചുവടുകള്‍. പല പ്രണയങ്ങളും വണ്‍ വെ ലൈനിലൂടെ കടന്നു പോവുകയും ചിലത് ഷോക്കടിച്ച് സ്പാര്‍ക്കായി പോവുകയും ചെയ്തപ്പോള്‍ മറ്റ് ചിലത് പിരിച്ചെടുക്കാനാവാത്ത വിധം ഇഴ ചേര്‍ന്നു. അന്നത്തെ ഒരു പ്രണയ ജോഡി വിവാഹിതരായി സുഖമായി ജീവിക്കുന്നുവെന്ന അറിവും അസ്മാബിയന്‍സിലൂടെ പങ്കു വെക്കപ്പെട്ടു. അവര്‍ സക്കീറും  ഫൗസിയയും. ഇനി ആരെങ്കിലും ഇതു പോലെ ഉണ്ടോ എന്ന് കണ്ടെത്താന്‍ ഫാത്തിമക്കും സീനത്തിനും ജമീലക്കും ഉമൈബാനും ദേവുട്ടിക്കും സുജക്കും ടൈറ്റസിനുമൊക്കെ സാധിക്കുമായിരിക്കും. ചൂള മര ചോട്ടില്‍ നിന്ന് നീണ്ടു  പോയ പ്രണയ വഴിത്താരയുടെ അറ്റത്ത് ഇതുപോലെ മറ്റാരെങ്കിലും കണ്ടേക്കാം. 

പ്രശസ്ത നോവലിസ്റ്റ് സിദ്ധിഖ് ഷമീറും അന്നത്തെ അസ്മാബിയന്‍സില്‍ പെടും. മലയാളത്തിന് മറക്കാനാവാത്ത നോവലുകള്‍ സമ്മാനിച്ച മൊയ്തു പടിയത്തിന്റെ മകനാണ് സിദ്ധിഖ് ഷമീര്‍. കമലിന്റെ അസോസിയേറ്റ് ഡയറക്ടറും സ്വതന്ത്ര സംവിധായകനുമായ സലിം പടിയത്ത് ജൂനിയര്‍ കോളേജായിരുന്ന അസ്മാബിയില്‍ ഡിഗ്രി തുടങ്ങിയപ്പോള്‍  എത്തി അസ്മാബിയനായ ആളാണ്. ജിദ്ദയിലെ ഹോളണ്ടി ബാങ്കിലെ (ബാങ്കിന്റെ പേര് ഇപ്പോള്‍ മാറി)  നിസാറും പ്രവാസ ലോകത്തുണ്ട്. ഫാത്തിമ സീനത്തുമാരിലെ ഫാത്തിമ ദീര്‍ഘകാലമായി ഭര്‍ത്താവ് താഹയോടൊപ്പം ജിദ്ദയിലാണ്. റസിയാബിയും ജിദ്ദയിലുണ്ടായിരുന്നു. ഫെഡറല്‍ ബാങ്കില്‍ നിന്ന് കുഞ്ഞിമൊയ്തീന്‍ പിരിഞ്ഞിരിക്കുന്നു. ഷാനവാസും ഷാഹുല്‍ ഹമീദും ബഹദൂര്‍്ക്കയുടെ ബന്ധു മൊയ്തീനുമൊക്കെ  സജീവം. 

 നല്ല ഗായകനുമായിരുന്ന ശരത് അന്നത്തെ പോലെ ഇന്നും  നന്നായി പാടുന്നു. ശരതും നസറുദ്ദീനും അബ്ദുല്‍ അസീസും (എടവനക്കാട്)  മൊയ്തീനും ഞാനുമൊക്കെ ഇപ്പോഴും പ്രവാസികളാണ്. ജമീല ത്രിതല പഞ്ചായത്തിന്റെ രാഷ്ട്രിയ മാനങ്ങളിലൂടെ സഞ്ചരിച്ച് ഇടതുപക്ഷ സഹ യാത്രികയായി ബ്ലോക് പഞ്ചായത്ത് അംഗം വരെയായി.  സെലീനയെ ഇക്കു അന്വേഷിച്ചു കണ്ടെത്തി ഗ്രൂപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ഒരു സി.എ നസീമയെത്തി.  കെ.എസ്.നസീമയെ കാത്തിരിപ്പാണ് അസ്മാബിയന്‍സ്.   ജോസഫ് ആന്റണിയും ജോസഫ് കനേഷ്യസ് ഡി അല്‍മേഡയും എവിടെയാണെന്ന് അറിയില്ല. അസഫലി  കഥ പറഞ്ഞും പാട്ടു പാടിയും കാലത്തെ തിരിച്ചു പിടിക്കുന്നു. നവാസിനും പി.കെ സലീമിനും അലിക്കുമൊന്നും ( അലിയുടെ കൂടെ ഫുട്ബോള്‍ കളിക്കാന്‍ പോയിട്ടുണ്ട്) വലിയ മാറ്റമില്ല. സീനത്തും ഐഷാബിയും ഹാജറയും അധ്യാപികമാരായിരുന്നു. അധ്യാപകരുടെ പൊതു സ്വഭാവമായ സ്നേഹ ശാസനകള്‍ ഇപ്പോഴുമുണ്ട്.  കാലം നമുക്കായി കാത്തു വെച്ച ഈ സൗഹൃദത്തിന്റെ ചൂളമര ചോട്ടിലേക്ക് ഇനിയും പലരും എത്താനുണ്ട്. ലോകത്തിന്റെ ഏതു കോണില്‍ ഇരുന്നാലും അവരെത്തുക തന്നെ ചെയ്യും.   ഓര്‍മകള്‍ അത്രത്തോളം പ്രധാനപ്പെട്ടതാണ്.