പ്രസിദ്ധീകരിക്കാത്ത നിരവധി രചനകള്‍. സംവിധാനം ചെയ്ത ത്രാസത്തിന്റെ പ്രിന്റ് പോലുമില്ല. ബെര്‍ഗ്മാന്റെ ചലച്ചിത്ര ശൈലിയെ മലയാളിക്ക് പരിചയപ്പെടുത്തിയ  ഒരു ചലച്ചിത്രകാരന്‍ നമുക്കിടയില്‍ ജീവിച്ച് ഭൂമിയിലെ വാസം തനിക്ക് മതിയെന്ന് തോന്നിയപ്പോള്‍ വിരാമ ചിഹ്നം തീര്‍ത്ത് തിരിച്ചു പോയിട്ടുണ്ട്. 2009 മെയ് മൂന്നിനായിരുന്നു മരണം.  നിരാസങ്ങളുടെ നീര്‍ചുഴികളിലൂടെ നിശബ്ദം മുങ്ങാംകുഴിയിട്ട ഒരാള്‍.  നടപ്പിലും ഇരിപ്പിലും ശബ്ദത്തിലും ചിന്തകളിലും  വ്യത്യസ്തത പുലര്‍ത്തി.  ഏറെ ബഹുമാനത്തോടെ മമ്മുട്ടിയും ജോണ്‍ എബ്രഹാമും പവിത്രനും കടമ്മനിട്ടയും രാമു കര്യാട്ടും ഉള്‍പ്പടെയുള്ളവര്‍ നോക്കി കണ്ട ധൈഷണിക പ്രതിഭ. സൗഹൃദങ്ങളുടെ തെളിനീരുറവ കൊണ്ട് സ്ഫുടം ചെയ്തെടുത്ത നിരവധി വ്യക്തി ബന്ധങ്ങള്‍ മരണം വരെ സൂക്ഷിച്ചു.  എന്നേക്കാള്‍ പ്രായം കൂടിയവരുമായിട്ടായിരുന്നു കൗമാരത്തിലും യൗവ്വനത്തിലുമൊക്കെ ചങ്ങാത്തം. ആ ചങ്ങാതി കൂട്ടത്തില്‍ അപൂര്‍വമായി ഒരു മിന്നല്‍ പോലെ കടന്നു വന്നിരുന്ന ഒരാളായിരുന്നു അഷറഫ് പടിയന്‍.

ഞാന്‍ പടിയനെന്നും അഷറഫ്ക്കയെന്നുമൊക്കെ വിളിച്ചിരുന്നു.  തനിക്ക് ചേരാത്ത വക്കീല്‍ കോട്ടണിഞ്ഞ് കൊടുങ്ങല്ലൂര്‍ കോടതി പരിസരത്ത് പടിയനെ കാണുമ്പോഴെല്ലാം സങ്കടം വരുമായിരുന്നു. ത്രാസം എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാള സിനിമയില്‍ ധ്രുവ നക്ഷത്രമായി തിളങ്ങിയ സംവിധായകന് വക്കീല്‍ കുപ്പായം തീരെ ചേര്‍ന്നിരുന്നില്ല. ഇക്കാര്യം പടിയന്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതേ സമയം എര്‍ണാകുളം ലോ കോളേജില്‍ പഠിച്ചിരുന്ന കാലത്ത്  ആ മഹാ നഗരത്തെ വിറപ്പിച്ചിട്ടുണ്ട് പടിയന്‍. വൈരൂപ്യ സൗന്ദര്യ റാണി മത്സരവും കോടതി കയറിയ നായ കേസും ഉള്‍പ്പടെ  നിരവധി സറ്റയറിക്കല്‍ വെല്ലുവിളികള്‍ നടത്തിയ പടിയന്  കേരളത്തില്‍ ഉടനീളം  ആരാധകരുണ്ടായിരുന്നു.  ക്രൈസ്റ്റിലും  മഹാരാജാസിലും എര്‍ണാകുളം ലോ കോളേജിലുമായിരുന്നു പടിയന്റെ പഠനം. 

ഒരു മയവും തോന്നാത്ത ശബ്ദമായിരുന്നു പടിയന്റേത്. എല്ലാ വ്യവസ്ഥാപിത സംവിധാനങ്ങളോടും നിരന്തരം കലഹിച്ചിരുന്ന ജോണ്‍ എബ്രഹാം പടിയന്റെ ശബ്ദം കേട്ടാല്‍ നിശ്ബ്ദനാകുമായിരുന്നു. അത്രക്ക് മുഴക്കമുള്ള ശബ്ദമായിരുന്നു പടിയന്റേത്.  എടാ എന്നു വിളിച്ച് സ്നേഹത്തോടെ ഒന്ന് നോക്കിയാല്‍ പടിയനു മുന്നില്‍ എഴുന്നേറ്റ് നിന്ന് എന്തോ എന്നു ചോദിച്ചു പോകാത്തവരുണ്ടായിരുന്നില്ല. ആ കണ്ണുകളില്‍ സ്വപ്നങ്ങളുടെ തേരോട്ടമുണ്ടായിരുന്നു. കഥ പറയുന്ന കണ്ണുകള്‍. ചടുലമായ നടത്തം. കഴുത്തു വെട്ടിച്ച് പാളി നോട്ടം. പടിയന്റെ മാനറിസങ്ങളെ കുറിച്ച് മാത്രം ഒരു ലേഖനം എഴുതാവുന്നതാണ്. എന്നെ കുറിച്ച് എഴുതിയാല്‍ നിന്നെ ഞാന്‍ തട്ടി കളയുമെന്ന് പലവട്ടം പറഞ്ഞിട്ടുള്ളതു കൊണ്ട് പടിയന്‍ ജീവിച്ചിരുന്ന കാലത്ത് ഞാന്‍ ആ സാഹസത്തിനു മുതിര്‍ന്നിട്ടില്ല. സ്ഥിരമായി മാതൃഭൂമി വാരാന്തപതിപ്പില്‍ എഴുതിയിരുന്ന കാലത്ത് പടിയന്റെ സഹോദരി പുത്രനായ കമല്‍ നിര്‍ബന്ധിച്ചിട്ടു പോലും ധൈര്യ കുറവു കൊണ്ട് ഞാനതു ചെയ്തില്ല.

അഷറഫ് പടിയനെ പരിചയപ്പെടുന്നതിനു മുമ്പ് തന്നെ പടിയത്ത് കുടുംബത്തിലെ പലരും എന്റെ സുഹൃത്തുക്കളായിരുന്നു.  അഷറഫ് പടിയന്റെ സഹോദരനും സഹൃദയനുമായിരുന്ന യൂസഫ് പടിയത്തിന്റെ മക്കളായ ഷെല്ലിയും അബ്ദുല്ലാ പടിയത്തും മറ്റോരു ബന്ധുവായ സലിം പടിയത്തും (ഖരാക്ഷരങ്ങളുടെ സംവിധായകന്‍) കാരയിലെ മൊയ്തീന്‍ പടിയത്തും  തുടങ്ങി പല പടിയന്‍മാരും എന്റെ സുഹൃത്തുക്കളാണ്. അന്നും ഇന്നും. പിന്നീട് കമല്‍ വിവാഹം ചെയ്തതും യൂസഫ് പടിയത്തിന്റെ മകള്‍ സബൂറയെയാണ്. സലിമും അബ്ദുല്ലയും മൊയ്തീനും എന്റെ സഹപാഠികളായിരുന്നു.  കമലിനെ വായനയുടെയും നവ സിനിമകളുടെ ലോകത്തേക്കും എത്തിക്കുന്നതില്‍ പടിയന്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. കമലിന്റെ മതിലകത്തെ തറവാട്ടു വീട്ടിലെ  പടിയന്റെ സന്ദര്‍ശനങ്ങളില്‍ പലപ്പോഴും കൈ നിറയെ പുസ്‌കങ്ങളുണ്ടാകുമായിരുന്നു. 

പ്രവാസത്തിന്റെ രണ്ടാമൂഴത്തിനു മുമ്പ് ഒരു ഇടവേള.  അക്കാലത്ത് പടിയനെ ഏതാണ്ടെല്ലാ ദിവസവും കാണുമായിരുന്നു. പടിയന്റെ സംസാരം  കേട്ടിരിക്കുമ്പോള്‍ തൊട്ടടുത്ത്  മേഘനാഥന്‍ വക്കീല്‍. ഇന്ത്യന്‍ ചക്രവാളങ്ങളില്‍ രക്ത താരകങ്ങള്‍ വെളിച്ചം പരത്തുമെന്നും വസന്തത്തിന്റെ ഇടിമുഴക്കത്തിലൂടെ  വ്യവസ്ഥിതികള്‍ പാടെ മാറി മറിയുമെന്നും സ്വപ്നം കണ്ടിരുന്നവരുടെ കൂടെ ഒരു കാലത്ത് സഞ്ചരിച്ചിരുന്ന മേഘനാഥന്‍ വക്കീല്‍ ഞാന്‍ ഇന്നോളം കണ്ടിട്ടുള്ള പുസ്ത പ്രേമികളില്‍ മുന്‍ നിരയിലാണ് .   പടിയന്‍ നല്ല വായനക്കാരനായിരുന്നു.  എഴുതിയതൊന്നും പ്രസിദ്ധീകരണത്തിനു കൊടുക്കാന്‍ താല്‍പര്യപെട്ടിരുന്നില്ല.  ഇന്നായിരുന്നെങ്കില്‍ പടിയന്‍ ബ്ലോഗെഴുതുമായിരുന്നോ ? അതല്ലെങ്കില്‍ മുഖ പുസ്തകത്തില്‍ ?  ഇല്ലെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും.  വ്യവസ്ഥാതിപിതമായ എല്ലാറ്റിനോടും സന്ധിയില്ലാ സമരം നയിച്ച ധീരനായിരുന്നു പടിയന്‍ . തന്റെ സ്വപ്നങ്ങളില്‍ നിന്നും പിന്‍ തിരിഞ്ഞു നടക്കേണ്ടി വന്ന എല്ലാ സന്ദര്‍ഭങ്ങളിലും മനോവ്യഥകളുടെ കൊടും താപത്തില്‍ പടിയന്‍ ഉരുകിയിട്ടുണ്ട്.

കടുത്ത നിരാശയിലേക്ക് കൂപ്പു കുത്തിയ പടിയന്‍ വലിയ തത്വജ്ഞാനി കൂടിയായിരുന്നു. പടിയന്‍ കണ്ട കിനാക്കളും  ആ കിനാക്കളിലെ നടക്കാതെ പോയ സിനിമകളിലെ കഥാപാത്രങ്ങളും എല്ലാം കൂടി കുഴഞ്ഞു ആ മനസില്‍ രൂപപ്പെട്ട ശ്ലഥ ചിത്രങ്ങള്‍ കടലാസില്‍ പകര്‍ത്തിയിട്ടുണ്ടെങ്കിലും അതൊന്നും വായനക്കാരനെ തേടിയെത്തിയിട്ടില്ല. സിനിമാ സ്വപ്നങ്ങളായിരുന്നു പടിയന് ജീവവായുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ റംല സാക്ഷ്യപ്പെടുത്തുമ്പോള്‍ അത്  കൃത്യമായ ഒരു നിരീക്ഷണമായി മാറുന്നു. പടിയന്‍ തുറന്നിട്ട അറിവിന്റെ ജാലകങ്ങളിലൂടെ വിനീതയായാണ് താന്‍ സഞ്ചരിച്ചിട്ടുള്ളതെന്നും പടിയനെ വിലയിരുത്താന്‍ ഈ ജന്‍മം മതിയാകില്ലെന്നും പറയുന്ന റംല പടിയന്റെ സിനിമാ സ്വപ്നങ്ങളോടൊപ്പം സഞ്ചരിച്ചു. അധ്യാപികയായിരുന്നു.  പടിയന്റെ മക്കളുടെ പേരു പോലും ഏറെ പുതുമ നിറഞ്ഞതാണ്. മൂത്ത മകള്‍ ഡോ.മെര്‍ജീന ഫെലാസിന്‍. ഭര്‍ത്താവ് ഡോ.അഹമ്മദ് കബീര്‍. രണ്ടാമത്തെ മകള്‍ ഡോ.നിമീലിയ സെബ്രിന്‍. ഭര്‍ത്താവ് ഡോ.മുഹമ്മദ് ജെംഷിദ്. 

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ കഥയെഴുതി പടിയന്‍ സംവിധാനം ചെയ്ത ഏക ചിത്രമായ ത്രാസം പ്രമേയപരമായി ഏറെ വ്യത്യസ്ത പുലര്‍ത്തിയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായിരുന്നു.  മരണം പ്രധാന കഥാപാത്രമായും സാന്നിധ്യമായും പ്രേക്ഷകനെ തൊട്ടു തൊടാതെ പോകുന്ന മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമ തന്നെയായിരുന്നു ത്രാസം. ഭയം അരിച്ചരിച്ചു നീങ്ങുന്ന അനുഭവം പകര്‍ന്ന സിനിമ. ഓരോ ഫ്രെയിമിലും പടിയന്‍ സ്പര്‍ശം. അന്നോളമുളള മലയാള സിനിമയുടെ ചതുര വടിവുകളെ തകര്‍ത്തെറിഞ്ഞ ചിത്രം. ബാലന്‍ കെ നായരായിരുന്നു നായകന്‍. കൈയെത്തും ദൂരത്ത് ബാലന്‍ കെ നായര്‍ക്ക് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം നഷ്ടമായി.

ത്രാസത്തിലെ ബാലന്‍ കെ നായരുടെ അഭിനയം ഓപ്പോളിലേതിനേക്കാള്‍ മികച്ചതായിരുന്നു . ബാലന്‍ കെ നായര്‍ തന്നെ ഇത് പറഞ്ഞിട്ടുമുണ്ട്. ത്രാസത്തിന് മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഹേമചന്ദ്രനായിരുന്നു ഛായാഗ്രഹണം. ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് ഭാഗത്തില്‍ കിട്ടിയ സ്വത്തുക്കളെല്ലാം വിറ്റിട്ടാണ് ത്രാസം അഷറഫ് പടിയത്ത് പൂര്‍ത്തിയാക്കിയത്. ത്രാസത്തിനു മുമ്പ് ഫണം എന്ന 16 എം.എം സിനിമയും പടിയന്‍ എടുത്തിട്ടുണ്ട്. തൃശൂര്‍ എല്‍സിയായിരുന്നു നായിക. ഫണം 16 എം. എം ബ്ലോഅപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പടിയനോടൊപ്പമായിരുന്നു കമലിന്റെ ആദ്യ മദിരാശി യാത്ര. സാമ്പത്തിക നഷ്ടം വന്ന ആദ്യ സിനിമാ സംരഭം  പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പിന്നീടാണ് ത്രാസം. 

കമല്‍ അക്കാലത്ത് കോളേജ് മാഗസിനില്‍ എഴുതിയ ഒരു കഥയാണ് പടിയന്‍ സിനിമയായി വികസിപ്പിച്ചെടുത്തത്. മതിലകം പള്ളിയിലെ ഖബര്‍ വെട്ടുകാരനെ കുറിച്ചുള്ള ആ കഥ പൊതു ശ്മശാനത്തിലെ കുഴി വെട്ടുകാരനിലേക്ക് സിനിമക്ക് വേണ്ടി മാറ്റിയെഴുതി. ഓഹരി വിറ്റാണ് ആ സിനിമ പൂര്‍ത്തിയാക്കിയത്. അടുത്ത ബന്ധുവായ അബ്ദുല്ലയുടെയും പിന്നീട് റസാഖിന്റെയും സഹായവും ലഭിച്ചു. ത്രാസത്തിന്റെ നിര്‍മാതാക്കളായി ടൈറ്റിലില്‍ പേരുള്ളത് അബ്ദുല്ലയുടെയും റസാഖിന്റെയുമാണ്. ചലന ചിത്രയായിരുന്നു ബാനര്‍.   സഹോദരനായ യൂസഫ് പടിയത്ത് ധാര്‍മിക പിന്തുണ നല്‍കി.  പടിയനിലെ കലാകാരനെയും മനുഷ്യ സ്നേഹിയെയും തിരിച്ചറിഞ്ഞിരുന്നു യൂസഫ് പടിയത്ത്. പടിയന്റെ ആദ്യ സിനിമാ സംരഭമായ ഫണത്തിന്റെ നാളുകളില്‍ തൃശൂര്‍ കലാഭാരതിയില്‍ സിനിമ പഠിച്ചിരുന്ന കമല്‍ 1979 ല്‍ ത്രാസത്തിന്റെ തിരക്കഥാ രചന ആരംഭിക്കുമ്പോള്‍ മലയാള സിനിമയില്‍ സഹ സംവിധായകനാണ്. അയല്‍വാസിയായ നജീബാണ് ( ദീര്‍ഘകാലം ദുബായിയില്‍ എമിറേറ്റിസില്‍ ആയിരുന്നു നജീബ് ) തിരക്കഥ പകര്‍ത്തലിനും മറ്റും സഹായി. ഇടക്ക് കമലും എത്തും. കമലും പടിയനും ചേര്‍ന്നാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്.  എര്‍ണാകുളത്ത് ഒരു ശ്മശാനത്തിലായിരുന്നു ഷൂട്ടിംഗ്.

കുഴിവെട്ടുകാരനായ ശങ്കുണ്ണിയുടെ (ബാലന്‍ കെ നായര്‍)  മനോ നിലകളിലൂടെ വികസിക്കുന്ന കഥ.  അരവിന്ദന്‍, നിലമ്പൂര്‍ ഐഷ, രാജി തുടങ്ങിയവരായിരുന്നു മറ്റ് നടീ നടന്‍മാര്‍. മരണത്തെ അവതരിപ്പിച്ചത് സൂര്യന്‍ കുനിശേരി. സംഗീതം എം.ബി ശ്രീനിവാസന്‍.  ഇന്ത്യന്‍ സിനിമ  അതിനു മുമ്പ് ഈ വിഷയം കൈകാര്യം ചെയ്തിരുന്നില്ല. അതു കൊണ്ട് തന്നെ അങ്ങേയറ്റത്തെ മൗലികതയുണ്ടായിരുന്നു ത്രാസത്തിന്. അമൂര്‍ത്ത കലയും യഥാര്‍ഥ ജീവിത ചിത്രങ്ങളും ഫാന്റസിയുടെ അരികോരങ്ങളിലൂടെ സമര്‍ഥമായി കോര്‍ത്തിണക്കിയ പടിയന് കൃത്യമായ പിന്തുണ ലഭിച്ചില്ല. 1979 ല്‍ സെന്‍സര്‍ ചെയ്ത ചിത്രം 1981 ഓഗസ്റ്റ് 21 നാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ജനശക്തി ഫിലിംസായിരുന്നു വിതരണക്കാര്‍. 1987 ല്‍ ഐതിഹാസികമായ മൊറാഴ സമരത്തെ സെല്ലുലോയിഡില്‍ പകര്‍ത്താനുള്ള സംരഭവുമായ പടിയന്‍ ഏറെ ദൂരം മുന്നോട്ടു പോയിരുന്നെങ്കിലും നടക്കാതെ പോയി. നിര്‍മാതാവ് അവസാന നിമിഷം പിന്‍മാറുകയായിരുന്നു.  മലയാള സിനിമയുടെ ചരിത്രം തിരുത്തുമായിരുന്ന ഒരു ധൈഷണിക പ്രതിഭയാണ് അവഗണിക്കപ്പെട്ടത്. അതേ സമയം പടിയനോളം പ്രതിഭയില്ലാതിരുന്ന പലരും നവ സിനിമകളുടെ പേരില്‍ ആഘോഷിക്കപ്പെടുകയും ചെയ്തു. സമാന്തര സിനിമാകളുടെ അമരത്ത് വരുമായിരുന്ന പടിയന്‍ ഇന്ന് ജീവിച്ചിരിക്കുന്നില്ലെങ്കിലും കനലെരിഞ്ഞ ആ മനസില്‍ നിന്ന് പിറന്ന ത്രാസം എന്ന ഒറ്റ ചിത്രത്തിനും അതുമായി ബന്ധപ്പെട്ട ഓര്‍മകള്‍ക്കും മരണമില്ല. തോല്‍ക്കാന്‍ മനസില്ലാതിരുന്ന ഒരാളെ തോല്‍പിച്ചു കളഞ്ഞ കാലത്തോടും പരിസരങ്ങളോടും പക്ഷെ നാമെന്ത് പറയും ?