ലയാളിക്ക് മറക്കാനാവാത്ത സുന്ദര കഥകള്‍ സമ്മാനിച്ച സി.വി.ശ്രീരാമന്റെ ( നടന്‍ വി.കെ ശ്രീരാമന്റെ ബന്ധു) ഒരു കഥയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സുഹൃത്തിനെ തേടി പോകുന്ന ഒരാളെ കുറിച്ച് പറയുന്നുണ്ട്. സുഹൃത്ത് അപ്പോഴേക്കും മരണപ്പെട്ടിരുന്നു. നിങ്ങള്‍ എന്തേ ഇത്ര വൈകിയെന്നാണ് നാട്ടുകാരുടെ ചോദ്യം. ഇത് ഒരു ആഘാതമാണ്. ചില തിരിച്ചറിവുകളില്‍ നിന്ന് മുഖം തിരിഞ്ഞു പോകുമ്പോള്‍ വിധി നല്‍കുന്ന ആഘാതം. 

കൂട്ടി പിടിക്കേണ്ട സൗഹൃദങ്ങളെ പാടെ വിസ്മരിക്കുമ്പോഴുള്ള അനുഭവം. ലോക ചെറുകഥകളുടെ രാജ ശില്‍പിയായ ഒ.ഹെന്റിയുടെ കഥകളിലെ അപ്രതീക്ഷിത ട്വിസ്റ്റ് പോലെ ചില സംഭവങ്ങള്‍ നിത്യ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. ഇന്ത്യയിലും വിദേശത്തും അറിയപ്പെട്ടിരുന്ന പ്രശസ്ത ചിത്രകാരന്‍ സി.എന്‍.കരുണാകരന്റെ ( അതി പ്രശസ്തനായിരുന്ന ഈ ചിത്രകാരനെ കൊണ്ട് പെയിന്റര്‍ എന്ന പ്രൊഫഷന്‍ പാസ്പോര്‍ട്ടില്‍ കണ്ടതിനെ തുടര്‍ന്ന് ഗള്‍ഫിലെ റോഡില്‍ സീബ്ര ലെയിന്‍ വരപ്പിച്ച കഥയുണ്ട് ) സഹോദരന്‍ സി.എന്‍.ശ്രീധരനെ (ശ്രീധരേട്ടന്‍) തേടി കലൂര്‍ അശോകാ റോഡിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയ ഒരനുഭവമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീധരേട്ടനെ തേടി പോകുന്നത്. ശ്രീധരേട്ടന്റെ സ്തപതീഗ്രാമം അച്ചടി ശാലയുടെ ഓഫീസിലും പിന്നീട് രൂപകല ചലച്ചിത്ര മാഗസിനിലും ഞാന്‍ ജോലി ചെയ്തിട്ടുണ്ട്.

ദിവസങ്ങളോളം അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. ആ താമസത്തിനിടയിലാണ് കാക്കനാടനെയും ടി.പത്മനാഭനെയുമൊക്കെ പരിചയപ്പെടുന്നത്. വിപുലമായ സുഹൃദ്ബന്ധം ഉണ്ടായിരുന്നു ശ്രീധരേട്ടന്. അന്ന് സി.എന്‍.കരുണാകരനും കലൂരിലുണ്ട്. ശ്രീധരേട്ടനെ കാണാനുള്ള യാത്രയില്‍ സുഹൃത്ത് പ്രേമചന്ദ്രനും കൂടെയുണ്ടായിരുന്നു. ഒരു അപരാഹ്നത്തിലാണ് ആ വീട്ടിലെത്തുന്നത്. കോളിംഗ് ബെല്ലമര്‍ത്തി കാത്തു നിന്നു.  ഇപ്പോള്‍ വാതില്‍ തുറന്ന് ശ്രീധരേട്ടനെത്തും. കെട്ടി പിടിക്കണം. ഇത്രയും കാലം വരാതിരുന്നതിന് ക്ഷമ ചോദിക്കണം. ഓരോ അവധിക്കാലത്തും വിചാരിക്കും വരണമെന്ന് സാധിച്ചില്ല ശ്രീധരേട്ടാ എന്നു പറയണം. വാതില്‍ തുറന്നത് ശ്രീധരേട്ടനായിരുന്നില്ല. മകളായിരുന്നു. ശ്രീധരേട്ടനില്ലെ ? ഇല്ല മരിച്ചു പോയി. അറിഞ്ഞില്ലെ ? ആ കുട്ടിയുടെ ശബ്ദം ഇടറി. വീഴാതിരിക്കാന്‍ ഞാന്‍ പ്രേമന്റെ ചുമലില്‍ പിടിച്ചു. എങ്ങനെ മടങ്ങി വീട്ടിലെത്തിയെന്നറിയില്ല. എന്റെ പിതാവ് ഉമ്മര്‍മാഷുടെ മരണ ശേഷം അദ്ദേഹത്തെ കാണാന്‍ ഒരു സുഹൃത്ത് വന്നിരുന്നു. മുമ്പ് എവിടെയോ ഒരുമിച്ച് ജോലി ചെയ്തിരുന്ന ഒരാള്‍. ബാപ്പ മരിച്ചു പോയെന്ന് കേട്ടപ്പോള്‍ ആ മുഖത്ത് പടര്‍ന്ന വേദന ഞാന്‍ വായിച്ചതാണ്. പലര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടാകും. ഇന്നു കാണണമെന്ന് തോന്നുന്ന സുഹൃത്തിനെ , ബന്ധുവിനെ ഇന്നു തന്നെ പോയി കാണണം. നാളെ ഒരു പക്ഷെ അയാള്‍ മരിച്ചു പോകാം. നിങ്ങള്‍ മരിച്ചു പോകാം. തിരക്കില്‍ മറന്നുവെന്നത് ഈ ലോകത്ത് എളുപ്പം പറയാവുന്ന വലിയ നുണയാണ്. ആര്‍ക്കും വലിയ തിരക്കില്ല. ഉള്ള തിരക്കാകട്ടെ ആപേക്ഷികവും. 

ഇനി അക്കൗണ്ട് നമ്പറിലേക്ക് വരാം. ഇത് കഥ പോലെ തോന്നാം. പക്ഷെ കഥയല്ല. ജീവിച്ചിരിക്കുന്നവരുമായി തീര്‍ച്ചയായും ബന്ധമുണ്ട്. ഇല്ലെന്ന് പറഞ്ഞ് ഒരു മുന്‍കൂര്‍ ജാമ്യത്തിനില്ല. ഇതിലെ പ്രധാന കഥാപാത്രം നിസാരക്കാരനല്ല. എഴുത്തുകാരനാണ്. സാമൂഹ്യ പ്രവര്‍ത്തകനാണ്. അല്‍പം രാഷ്ട്രിയമുണ്ട്. സരസനാണ്. പ്രായത്തെ വെല്ലുന്ന ചടുലത വര്‍ത്തമാനത്തിലും നടത്തത്തിലുമുണ്ട്. നന്നായി ഖുര്‍ആന്‍ പാരായണം ചെയ്യും. നിത്യഹരിത മെഗാ സ്റ്റാര്‍ മമ്മുട്ടിയുടെ സഹപാഠിയും അടുത്ത സുഹൃത്തും. ആലുവക്കാരന്‍ ഹംസക്കോയ. ഉന്നത വിദ്യഭ്യാസമുണ്ട്. റഷ്യയിലും ദുബായിലും കിര്‍ഗിസ്ഥാനിലും ഉള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ഷെയിഖ് റഫീഖിന്റെ പി.എ ആയിരുന്നു ദീര്‍ഘകാലം. 

ഇപ്പോഴും അവര്‍ തമ്മില്‍ അടുത്ത സൗഹൃദം. മാസത്തില്‍ ഒരിക്കലെങ്കിലും വിളിക്കും. സുഖ വിവരങ്ങള്‍ തിരക്കും. ഹംസക്കോയയെ എനിക്ക് പരിചയം ഈ വഴിക്കാണ്. നേരത്തെ അറിയില്ലായിരുന്നു. ഇപ്പോള്‍ ഇടക്കിടെ എന്നെയും വിളിക്കും. വാട്സ്ആപ്പ് വോയിസ് മെസേജൊന്നും പോര. ഫോണില്‍ തന്നെ സംസാരിക്കണം. ഈ അടുത്ത കാലത്ത് ഒരു പുസ്തകം ഡി.സി.ബുക്സ് ഇറക്കിയിട്ടുണ്ട്. ഈ പ്രായത്തിലും നല്ല ആവേശത്തിലാണ്. അസുഖങ്ങളൊന്നും കാര്യമാക്കാറില്ല. പ്രസന്നതയാണ് ഹംസക്കോയയുടെ ഏറ്റവും വലിയ ആകര്‍ഷക ഘടകം. ഈ അടുത്ത ദിവസം ഹംസക്കോയക്ക് ഷെയിഖ് റഫീഖ് അല്‍പം പണം അയക്കുന്നു. ദുബായിയില്‍ നിന്ന് ഞങ്ങളുടെ ഒരു പൊതു സുഹൃത്ത് ഷംസു വഴിയാണ് പൈസ ഹംസക്കോയയുടെ അക്കൗണ്ടിലേക്ക് ട്രാന്‍ഫര്‍ ചെയ്തത്. പലപ്പോഴും ഷംസു ഇത്തരം സാങ്കേതിക സഹായങ്ങള്‍ ചെയ്യാറുണ്ട്. നല്ല സുഹൃത്താണ്. മൊബൈല്‍ ഫോണ്‍ പാര്‍ട്സുകളുടെയും മൊബൈല്‍ ഫോണിന്റെയും കച്ചവടമാണ്. ദുബായിലും സൗദിയിലുമൊക്കെ കച്ചവടമുണ്ട്. വലിയ ശരീരവും വലിയ മനസുമുള്ള കണ്ണൂര്‍ക്കാരന്‍. 

ആ ഷംസുവാണ് ഷെയിഖ് റഫീഖ് ആവശ്യപ്പെട്ടതു പ്രകാരം ഹംസക്കോയക്ക് പൈസ അയച്ചത്. പൈസ രണ്ടു ദിവസം കഴിഞ്ഞിട്ടും കിട്ടിയില്ല. ഹംസക്കോയയുടെ മെസേജ് വന്നു. ഇഖ്ബാലെ റഫീഖ് ഭായി ഷംസു വഴി അയച്ച പൈസ കിട്ടിയിട്ടില്ല. ഒന്നു നോക്കണെ. ഷംസു ട്രാന്‍സ്ഫര്‍ സ്ലിപ്പ് അയച്ചു തന്നു. അത് ഹംസക്കോയക്ക് ഫോര്‍വേഡ് ചെയ്തു കൊടുത്തു. തൊട്ടടുത്ത ദിവസവും ഹംസക്കോയയുടെ സന്ദേശം .ഇല്ല എന്റെ അക്കൗണ്ടില്‍ വന്നിട്ടില്ല. ഇതെന്ത് മറി മായം. സ്ലിപ്പുമായി ബാങ്കില്‍ പോകു. നോക്കു. ബാങ്കിലെത്തിയപ്പോഴാണ് ഹംസക്കോയ സ്ലിപ്പ് ശരിക്കും നോക്കുന്നത്. അക്കൗണ്ട് നമ്പറിലെ രണ്ടക്കം മാറി പോയിരിക്കുന്നു. പൈസ ആ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. ഒരു കാര്യത്തിനും വലിയ ടെന്‍ഷനൊന്നും എടുക്കാത്ത ഹംസക്കോയ എന്നെ വിളിച്ചു. അക്കൗണ്ട് നമ്പര്‍ മാറി പോയി. പിന്നെ ചിരി. ആരുടെ അക്കൗണ്ടിലാണ് വന്നിരിക്കുന്നതെന്ന് നോക്കു. എന്നിട്ട് അവരോട് പറയു. പൈസ കിട്ടും. ബാങ്കിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ രണ്ട് ദിവസത്തിനു ശേഷം ഹംസക്കോയ അക്കൗണ്ട് ഹോള്‍ഡറെ കണ്ടെത്തുന്നു. 

ആള്‍ ഹംസക്കോയ നേരത്തെ അറിയുന്ന ആളാണ്. കുറെക്കാലമായി ബന്ധമില്ല. എങ്കിലും വീടെവിടെയെന്ന് ഏകദേശ ധാരണയുണ്ട്. അങ്ങോട്ട് തിരിച്ചു. നേരില്‍ കാര്യം പറയാം. ചെറിയ സംഗതിയാണ്. ഇങ്ങോട്ടു വരേണ്ടത് അങ്ങോട്ടു പോയി. ഹംസക്കോയ ആളെ തിരക്കി വീട്ടിലെത്തി. അവിടെ വല്ലാത്ത മൂകത. അക്കൗണ്ട് ഹോള്‍ഡര്‍ ദിവസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട വാര്‍ത്തയറിഞ്ഞ് ഹംസക്കോയ തളര്‍ന്നു പോയി. പൈസ ആയിരുന്നില്ല വിഷയം. തനിക്ക് അടുത്തറിയാവുന്ന ഒരാളുടെ മരണം അറിയാതെ പോയതിലുള്ള വേദനയായിരുന്നു ഹംസക്കോയ അനുഭവിച്ചത്. മക്കള്‍ പറഞ്ഞു. പരിഹാരമുണ്ടാക്കാം. പിതാവിന്റെ അക്കൗണ്ടിലെത്തിയ പൈസ ഞങ്ങള്‍ തിരിച്ചു എത്തിക്കാം. മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കല്‍ മുതല്‍ നിരവധി നിയമ നടപടകള്‍ പൂര്‍ത്തിയാക്കാനുണ്ട് അക്കൗണ്ട് സംബന്ധമായ കാര്യങ്ങള്‍ തീര്‍ക്കാന്‍. അതിനൊന്നും കാത്തു നില്‍ക്കണ്ട. നാളെ തന്നെ എത്തിച്ചു തരാം. പൈസ വിഷയമല്ലെന്ന് ഹംസക്കോയ. എപ്പോഴെങ്കിലും തന്നോളു. തിരക്കില്ല. സുഹൃത്തായിരുന്ന ഒരാളുടെ മരണം അ റിയാതെ പോയതിലുള്ള വിഷമമായിരുന്നു ഹംസക്കോയക്ക്. മാറി പോയ അക്കൗണ്ട് നമ്പര്‍. ആ അക്കൗണ്ട് ഹോള്‍ഡറുടെ മരണം. ഹംസക്കോയക്ക് ഇത് ഒരു കഥക്ക് വിഷയമായേക്കാം. പോസ്റ്റ് ബോക്സ് മാറിയെത്തിയ കത്ത് വിഷയമാക്കി ജോസഫ് അതിരുങ്കല്‍ ഒരു കഥയെഴുതിയതു പോലെ. കഥകള്‍ക്ക് എല്ലാം വിഷയമാണ്. പക്ഷെ അതില്‍ മനുഷ്യനുണ്ടാകണം. ജീവിതമുണ്ടാകണംഅടുത്ത അഴദിക്കാലത്ത് കാണേണ്ട സ,ുഹൃത്തുക്കളെയും ബന്ധുക്കളുടെയും മുഖം മനസില്‍ തെളിയുന്നു. ആയുസും ആരോഗ്യവും അനുവദിച്ചാല്‍ പ്രിയപ്പെട്ടവരെ തീര്‍ച്ചയായും എത്തിയിരിക്കും.