തൊണ്ണൂറുകളുടെ ആദ്യ പകുതി. തിരുനെല്ലിയിലേക്ക് ഒരു യാത്ര. കോഴിക്കോട് ഒരു രാത്രി തങ്ങി . വിവിധ പത്രങ്ങളില്‍ എഴുത്തും അതില്‍ നിന്നുള്ള ചെറിയ പ്രതിഫലങ്ങളുമാണ് അന്നത്തെ ഏക വരുമാനം. പ്രവാസത്തിന്റെ രണ്ടാമൂഴം കാത്തിരിക്കുന്ന ഇടവേളയാണ്. യാത്രയില്‍ കൂടെ പ്രേമചന്ദ്രനുമുണ്ട്. പ്രേമന്‍ അന്ന് അപ്പോളോ ടയേഴ്സ് ജീവനക്കാരനാണ്. അറിയപ്പെടുന്ന കായിക താരം. അന്നും ഇന്നും ശാരീരിക ക്ഷമത സൂക്ഷിക്കുന്ന നിത്യ വസന്തം. പ്രേം നസീറിന്റെ വലിയ ആരാധകനായിരുന്നു. പ്രേമനും വല്‍സേട്ടനും ജോയിയും ഒക്കെ ചേര്‍ന്നാണ് ഒരു പക്ഷെ കേരളത്തില്‍ ആദ്യമായി  പ്രേം നസീര്‍ ക്ലബ്ബ് രൂപീകരിക്കുന്നതും നസീര്‍ സിനിമകളുടെ റിലീസിംഗിന് തിയേറ്ററുകള്‍ക്ക് മുന്നില്‍ ബാനറുകള്‍ ഉയര്‍ത്തുന്നതും. പ്രേം നസീര്‍ ദി ലജന്റ് എന്നായിരുന്നു ബാനറിന്റെ തല വാചകം. പ്രേമനിപ്പോള്‍ കൊടുങ്ങല്ലൂര്‍ വിട്ടു  വടക്കന്‍ പറവൂരിലാണ് വിശ്രമ ജീവിതം. അന്നത്തെ മിക്ക യാത്രകളിലും പ്രേമനെ കൊണ്ട് നിര്‍ബന്ധിച്ച അവധിയെടുപ്പിച്ച് കൂടെ കൂട്ടാറുണ്ട്. സിവില്‍ സപ്ളൈസില്‍ ജീവനക്കാരനായിരുന്ന അയല്‍വാസി ഓമനകുട്ടനും (ഓമന ചേട്ടന്‍) ഇടക്കിടെ അവധിയെടുക്കും. ഓമനചേട്ടനും കമല്‍ ഏജന്‍സീസ് രാമചന്ദനുമായിരുന്നു അന്നത്തെ എന്റെ പ്രധാന സ്പോണ്‍സര്‍മാര്‍. ഇടക്കിടെ സി.കെ ഉമേഷും ( മുന്‍ കൊടുങ്ങല്ലൂര്‍ എം.എല്‍.എ) ആസ്പിന്‍ അഷറഫ്ക്കയും സ്പോണ്‍സര്‍മരാകും. അതൊരു കാലം. 

രസകരവും അനുഭവ സമ്പന്നവുമായ എത്രയോ യാത്രകള്‍. തിരുനെല്ലി യാത്രയുടെ പ്രധാന ലക്ഷ്യം പി.വല്‍സല ടീച്ചറായിരുന്നു. നെല്ല് നോവലിന്റെ പശ്ചാത്തലം കാണണമെന്ന് കോഴിക്കോട് വെച്ച് ടീച്ചറോട്  ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ താന്‍ തിരുനെല്ലിയിലെ വീട്ടില്‍ താമസിക്കുമ്പോള്‍ വരാന്‍ പറഞ്ഞു. അങ്ങനെ ടീച്ചര്‍ തിരുനെല്ലിയില്‍ ഏതാനും ദിവസങ്ങള്‍ താമസിക്കാന്‍ പുറപ്പെടുന്നതിനു തൊട്ടു മുമ്പ് കത്തെഴുതി. ആ കത്തിന്റെ അടിസ്ഥാനത്തിലാണ് യാത്ര. കുറെ ഫോട്ടോസ് എടുക്കണം. നല്ലൊരു അഭിമുഖവും നടത്തണം. കോഴിക്കോട്ടെ രാപാര്‍ക്കലില്‍ തന്നെ തിരുനെല്ലി യാത്രക്ക് കരുതിയ പൈസ ഏറെക്കുറെ തീര്‍ന്നിരുന്നു. മഹാറാണിയിലായിരുന്നു താമസം. ആ രാത്രിയെ എങ്ങനെ അവിസ്മരണിയമാക്കാമെന്നതു മാത്രമായിരുന്നു ചിന്ത. കോഴിക്കോട്ടെ സുഹൃത്തുക്കള്‍ പലരും മുറിയില്‍ വന്നു. രാവേറെ ചെല്ലും വരെ പാട്ടും വര്‍ത്തമാനവും. നേരം വെളുത്തപ്പോഴാണ് ഇനി തിരുനെല്ലിക്ക് പോകാന്‍ കാശ് സംഘടിപ്പിക്കാതെ വഴിയില്ലെന്ന തിരിച്ചറിവുണ്ടാകുന്നത്. ഭാഗ്യത്തിന് ചിത്രഭൂമിയില്‍ നിന്ന് മൂന്ന് പ്രതിഫല ചെക്കുകള്‍ കിട്ടി. ചൂടാറും മുമ്പെ ചെക്കുകള്‍ നെടുങ്ങാടി ബാങ്കില്‍ നിന്ന് മാറിയെടുത്തു. 

പെരുത്ത് സന്തോഷം. ഉച്ച കഴിഞ്ഞാണ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. ബസ് സ്റ്റാന്റില്‍ ഉച്ചക്ക് മുമ്പ് എത്തിയെങ്കിലും അവിടെ സാക്ഷാല്‍ മാടമ്പ് കുഞ്ഞികുട്ടനെ കണ്ടു മുട്ടി. പിന്നെ സമയം എങ്ങനെ പോയെന്ന് വിശദീകരിക്കേണ്ടതില്ല. ഞങ്ങള്‍ മാനന്തവാടി ബസിലും മാടമ്പ് തൃശൂര്‍ ബസിലും കയറി. അന്നത്തെ രാത്രി മാനന്തവാടിയില്‍. പിറ്റേന്ന് ആദ്യ തിരുനെല്ലി ബസില്‍ തന്നെ പുറപ്പെട്ടു. ചുറ്റും ഹരിതാഭയുടെ ഉത്സവം . എത്ര കണ്ടാലും മതിവരാത്ത കാഴ്ചകള്‍. മലയെല്ലാം മഞ്ഞു പുതച്ചു നില്‍ക്കുന്നു. തിരുനെല്ലിയില്‍ ഇറങ്ങുമ്പോഴും നല്ല തണുപ്പുണ്ടായിരുന്നു. 

പി.വത്സലയെ അവിടെ എല്ലാവര്‍ക്കും അറിയാം. തിരുനെല്ലിയുടെ സ്വന്തം കഥാകാരിയാണ് അവര്‍. ആദ്യം കണ്ട ആദിവാസി യുവാവ് തന്നെ ടീച്ചറുടെ വീട്ടിലെത്തിച്ചു. നല്ല ചൂടുള്ള ചായയും പുട്ടും കടലയും പ്രഭാത ഭക്ഷണം. ടീച്ചര്‍ എന്തു കൊണ്ടോ അന്ന് നല്ല മൂഡിലായിരുന്നില്ല. എന്റെ ചോദ്യങ്ങളും ടീച്ചര്‍ക്ക് ബോധിച്ചില്ല. നീരസം പ്രകടിപ്പിക്കാതിരുന്നത് അവരുടെ വിവേകം. ടീച്ചര്‍ അയല്‍വാസിയായ ഒരു ചെറുപ്പക്കാരനെ വിളിച്ച് തിരുനെല്ലി കാടുകളില്‍ കറങ്ങാനും പാപനാശിനി കാണാനുമൊക്കെ ഏര്‍പ്പാടു ചെയ്തു. ആ അയല്‍വാസിയാണ് നെന്‍മാറക്കാരന്‍ സുകുമാരന്‍ എന്ന സുകു. കര്‍ഷകനാണ്. ഒറ്റക്ക് താമസം. ഉന്നത വിദ്യഭ്യാസമുണ്ട്. കൃഷിയോട് കമ്പം. പ്രകൃതിയുമായി ഇണങ്ങി ഒറ്റക്ക് താമസിക്കാന്‍ ഇഷ്ടം. 

ഞങ്ങള്‍ സുകുവിന്റെ ചെറിയ വീട്ടിലെത്തി. രണ്ട് മുറികളുണ്ട്. മുറിക്ക് അകത്ത് നല്ല തണുപ്പ്. സുകുവിന് തിരുനെല്ലിയില്‍ നില്‍ക്കുമ്പോള്‍ താമസിക്കാന്‍ ഇതു ധാരാളം. സുകു ഞങ്ങളെയും കൂട്ടി പുറത്തിറങ്ങി. കാട്ടിലൂടെയാണ് നടത്തം. എതിരെ വരുന്ന ആദിവാസികളൊക്കെ സുകുവിനെ കണ്ട് ഒതുങ്ങി നിന്നു. തെളിനീര്‍ ഉറവകളും കാടും മനസില്‍ കുളിരായി. തിരുനെല്ലി ക്ഷേത്രവും പാപനാശിനിയും കണ്ടു. ബ്രഹ്മഗിരിയുടെ താഴ്വരയിലൂടെ കരിങ്കല്‍ പാത്തി വഴി വെള്ളം വരുന്നതു കണ്ടു. തിരുനെല്ലി സത്രം കണ്ടു.  വല്ലാത്തൊരു ശന്തത. കിളികളുടെ അപൂര്‍വ രാഗങ്ങള്‍. ദൂരെ ഉള്‍ കാട്ടില്‍ നിന്ന് ആനകളുടെ ചിന്നം വിളി. കുറെ ദൂരം നടന്ന ശേഷം ഉച്ചയോടെ സുകുവിന്റെ താവളത്തിലേക്ക് മടക്കം. സുകുവിന് അവിടെ ഏക്കര്‍ കണക്കിന് ഭൂമിയുണ്ട്. നല്ല കൃഷിയും. കൈയില്‍ പൈസ കുറവ്. അതിഥി സല്‍ക്കാരത്തിന് പണം പോരെന്ന് തോന്നല്‍. ഉടനെ കുറെ വാഴക്കുലകള്‍ വെട്ടി ഒരു കരാറുകാരന് കൊടുത്തു. അയാളില്‍ നിന്ന് പൈസ വാങ്ങി. ഗംഭീര സല്‍ക്കാരമായിരുന്നു പിന്നെ. അന്ന് വൈകീട്ടോടെ മടങ്ങേണ്ട ഞങ്ങള്‍ പിറ്റേന്ന് രാവിലെയാണ് അവിടെ നിന്ന് തിരിച്ചത്. 

രാത്രിയില്‍ കാടിനകത്തും പുറത്തെ പച്ചിലകളിലും മിന്നാമിനുങ്ങകളെ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ വെളിച്ചത്തിന്റെ നുറുങ്ങളുടെ ആ ഇന്ദ്രജാലം കണണം.  കാട്ടിലേക്ക് നോക്കി ഉച്ചത്തില്‍ പ്രപഞ്ചനാഥന് നന്ദി പറയണം. നക്ഷത്രങ്ങള്‍ ആകാശത്തു പൂത്തുലയുന്ന കാഴ്ച ഏറ്റവും മനോഹരമായി  ആസ്വദിക്കണമെങ്കില്‍ മരുഭൂമിയില്‍ രാപാര്‍ക്കണമെന്ന് പറയുന്നതു പോലെ മിന്നാമിനുങ്ങളുടെ ദീപാലങ്കാരം കാണാന്‍ കാടിനടുത്ത് രാപാര്‍ക്കണം. അങ്ങനെ അവിസ്മരണിയമായ ആ രാത്രിയോടും സുകുവിനോടും  വിട പറഞ്ഞ് പി.വത്സലയോട് യാത പോലും പറയാതെ ഞങ്ങള്‍ ആദ്യത്തെ ബസിനു തന്നെ മാന്തവാടിയിലേക്ക്. പിന്നെ കോഴിക്കോട് വഴി കൊടുങ്ങല്ലൂര്‍. പ്രേമനെടുത്ത മനോഹര ചിത്രങ്ങള്‍ സഹിതം ആ യാത്ര മാതൃഭൂമി വാരാന്തപതിപ്പില്‍ പിന്നീട് പ്രസിദ്ധീകരിച്ചു. എസ്.കൃഷ്ണന്‍കുട്ടിക്കായിരുന്നു (എസ്.കെ) അന്ന് വാരാന്തപതിപ്പിന്റെ ചുമതല. 

ഫീച്ചറൊക്കെ വന്ന് ആഴ്ചകള്‍ കഴിഞ്ഞ് ഒരു ദിവസം തിരുനെല്ലിയിലെ സുഹൃത്ത് സുകു കൊടുങ്ങല്ലൂരിലെത്തി. വഴി തെറ്റാതെ കൃത്യമായി വിലാസത്തില്‍ തന്നെ അയാളെത്തി. ഒരു വൈകുന്നേരമായിരുന്നു വരവ്. ബാപ്പാക്ക് ഇങ്ങനെ സുഹൃത്തുക്കള്‍ തേടി വരുന്നതൊന്നും അത്ര ഇഷ്ടമുള്ള കാര്യമല്ല.  എന്‍.ടി.ബാലചന്ദ്രനെയും കമലിനെയും ആസ്പിന്‍ അഷ്റഫ്ക്കാനെയും സി.കെ ഹസന്‍ കോയയെയും കുറിച്ച് ഇടക്കിടെ പുകഴ്ത്തി പറയും. അവരെ കണ്ട് പഠിക്കണമെന്ന് കൂട്ടിചേര്‍ക്കും. കേരളത്തിന്റെ പല ഭാഗത്തു നിന്നും അന്ന് സുഹൃത്തുക്കള്‍ തേടിയെത്താറുണ്ട്.  ബാപ്പ പലരെയും കണ്ട ഭാവം കാണിക്കാറില്ല. ഉമ്മ നേരെ മറിച്ചായിരുന്നു. സുകുവിനും നല്ല ചായയും പലഹാരവുമൊക്കെ കാടുത്തു. സന്ധ്യക്ക് ഞങ്ങള്‍ പുറത്തിറങ്ങി. പാലസ് എന്‍ പാരഡൈസില്‍ സുകുവിന് മുറിയെടുത്തു.  അപ്പോഴേക്കും പ്രേമചന്ദ്രനും ഓമനചേട്ടനുമൊക്കെ എത്തി. അതിന് ഏതാനും ദിവസം മുമ്പ് രഞ്ജിത്ത്് വന്നു പോയിട്ടെയുള്ളു. രഞ്ജിത്ത് അന്നു താമസിച്ചത് അശ്വതിയിലായിരുന്നു. രാത്രി ഏറെ വൈകി ഞങ്ങള്‍ കൊടുങ്ങല്ലൂര്‍ ശ്രീകാളീശ്വരിയുടെ പരിസരത്തേക്ക് നടന്നു. റോഡ് വിജനമായിരുന്നു. 

എസ്.എന്‍.തിയേറ്ററിനു മുന്നില്‍ പുലരും വരെ അന്ന് തട്ടു കടയുണ്ട്. അവിടെ മീട്ടാപാനും അല്ലാത്ത പാനും കിട്ടും. നഗര പരിസരത്തേക്ക് പോകുമ്പോഴും വരുമ്പോഴും അല്‍പം കട്ടിയില്‍ തന്നെ പാന്‍ സേവിച്ചു.  എനിക്ക് ഈ പാന്‍ കഴിക്കല്‍ അത്ര ഇഷ്ടമല്ലാത്ത സംഗതിയായിരുന്നു.  ഞാനത് അന്നും ഇന്നും തീരെ കഴിക്കാറില്ല. തിരിച്ചു വരുമ്പോള്‍ സുകുവിന് ഒരു മോഹം .പാലസിന്റെ ഗെയിറ്റ് ചാടി കടക്കണം. ആളുകള്‍ ഗെയിറ്റ് ചാടി കടക്കാതിരിക്കാന്‍ ശൂലം പോലെ മുനയുള്ള കമ്പികള്‍ ഘടിപ്പിച്ച ഗെയിറ്റാണ്. തൊട്ട് തന്നെ രാത്രി വൈകിയെത്തുന്നവര്‍ക്ക് കടക്കാന്‍ ഒരു വിക്കറ്റ് ഗെയിറ്റും ഉണ്ടായിരുന്നു. ഞങ്ങള്‍ അതിലെ കടന്നപ്പോള്‍ സുകു ഗെയിറ്റ് ചാടി . പക്ഷെ ഇപ്പുറത്ത് എത്തിയില്ല. കാല്‍പാദത്തിനും മുട്ടിനും ഇടയില്‍ മാംസത്തില്‍ കമ്പി തുളച്ചു കയറി. പിടച്ചിലും നിലവിളിയും. ചോര പ്രളയം. ഭാഗ്യത്തിന് അതു വഴി ഒരു ഓട്ടോ വന്നു. സുകുവിനെയും കൊണ്ട് ജനറല്‍ ആശുപത്രിയിലേക്ക്. പോകുന്ന പോക്കില്‍ സെയ്ദ് ഡോക്ടറുടെ (അന്ന് അദ്ദേഹം ജനറല്‍ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ) ഗെയിറ്റ് ചാടി കടന്ന് കോളിംഗ് ബെല്ല് അമര്‍ത്തി പിടിച്ചു. ഡ്യൂട്ടി ഡോക്ടറെ ഒന്ന് വിളിച്ചു പറയണം. അന്ന് സെയ്ദ് ഡോക്ടര്‍ ആശുപത്രിക്ക് അധികം ദൂരമല്ലാത്ത സ്ഥലത്താണ് താമസം. അര്‍ധ രാത്രിയാണ്. അപകടമോ തല്ലു പിടിയോ ഒക്കെയാണെന്ന് കരുതരുതല്ലൊ. സെയ്ദ് ഡോക്ടര്‍  ഞെട്ടിയുണര്‍ന്ന്  വാതില്‍ തുറന്നു. വിവരം പറഞ്ഞു. പക്ഷെ ദേഷ്യപ്പെട്ടു. ഗെയിറ്റ് ചാടി കടന്ന് കോളിംഗ് ബെല്ലടിച്ചത് ആര്‍ക്കാണ് ഇഷ്ടപ്പെടുക ?  വേദന കൊണ്ട് പുളയുന്ന സുകുവിന്റെ കാലില്‍ പെട്ടെന്ന് സ്റ്റിച്ചിടാന്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന രമേശ് എന്ന റമ്മി നഴ്സിന് പത്തു രൂപ കൊടുക്കാന്‍ നടത്തിയ ശ്രമം ഡ്യൂട്ടി ഡോക്ടര്‍ കണ്ടു. അതോടെ പൊല്ലാപ്പായി. പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നായി ഡോക്ടര്‍. മാഹാ തെമ്മാടികളും കൈക്കൂലി പ്രോത്സാഹിപ്പിക്കുന്നവരുമാണ് നിങ്ങളെന്ന് ഡോക്ടര്‍. സെയ്ദ് ഡോക്ടര്‍ സമയത്തിനു വിളിച്ചതു കൊണ്ട് രക്ഷപ്പെട്ടു. റമ്മി നന്നായി പാടുമായിരുന്നു. 

പിറ്റെ ദിവസം വൈകീട്ട് പാരാരത്ത് വിജയേട്ടന്റെ ടാക്സിയില്‍ സുകുവിനെയും കൊണ്ട് നെന്‍മാറയിലേക്ക് . ആവശ്യത്തിന് പൈസ രാമചന്ദ്രന്‍ തന്നിട്ടുണ്ട്. പിറകിലെ സീറ്റില്‍ പ്രേമന്റെ മടിയില്‍ കാല്‍ വെച്ച് സുകു അങ്ങനെ മയങ്ങി കിടന്നു. സുകുവിന്റെ വീട്ടുകാര്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലായിരുന്നു ഞങ്ങള്‍. പരിക്കേറ്റതല്ല സംഘര്‍ഷത്തില്‍ പറ്റിയതാണെന്ന് അവര്‍ പറഞ്ഞാലോ ? ആകെ ബഹളമാകും. അങ്ങനെയൊന്നും പക്ഷെ സംവിച്ചില്ല. അവര്‍ സുകുവിനെ താങ്ങിയെടുത്ത് മുറിയിലേക്ക് കൊണ്ടു പോയി. ഞങ്ങള്‍ക്ക് കാപ്പി തന്നു. യാതയില്‍ കഴിക്കാന്‍ വടയും ചട്ണിയും വാഴയിലയില്‍ പൊതിഞ്ഞു തന്നു. സ്നേഹത്തോടെ യാത്രയാക്കി. പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. തിരുനെല്ലിയിലെ പ്രിയ സുഹൃത്തെ  ഇപ്പോള്‍ എവിടെയാണ് ? മക്കളും മരുമക്കളുമായി സുഖമായി കഴിയുകയല്ലെ ? സുകു ഇതു വായിക്കുമോ എന്നറിയില്ല. വായിച്ചാല്‍ ബന്ധപ്പെടുമെന്ന് ഉറപ്പാണ്.