മധ്യ-പൂർവ ഏഷ്യ അതിന്റെ ഏറ്റവും പ്രശ്നസങ്കീർണമായ കാലത്തിലൂടെയാണ് കടന്നുപോകുന്നത്.  ഇറാനും അമേരിക്കയും തമ്മിലുള്ള അസ്വാസ്ഥ്യങ്ങൾ ഒരു ഭാഗത്ത്. ഖത്തറിനുള്ള ഉപരോധവുമായി മുന്നോട്ടുപോകുന്ന സൗദി അറേബ്യയും സഖ്യരാഷ്ട്രങ്ങളും മറ്റൊരു ഭാഗത്ത്. ഇറാൻ എന്ന പൊതുശത്രുവിന്റെ സഹായത്തോടെ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങൾ സൗദിയും കടന്ന് യു.എ.ഇ.യുടെ തീരത്തുവരെ എത്തിനിൽക്കുന്നു. ഇതിനിടയിൽ പലസ്തീൻപ്രശ്നം ഇസ്‌ലാമികരാജ്യങ്ങളുടെ ഏറ്റവും പരിഗണനാർഹമായ പൊതുവിഷയമായി തുടരുമെന്നുള്ള ഇസ്‌ലാമികരാഷ്ട്രങ്ങളുടെ പ്രഖ്യാപനം അമേരിക്കയ്ക്കുകൂടി എതിരായുള്ളതാണെന്നതും ലോകശ്രദ്ധ നേടുന്നു. 

ഇറാനെതിരേ ഒറ്റക്കെട്ട്

പരിശുദ്ധ റംസാൻമാസത്തിൽത്തന്നെയാണ് ഇറാന്റെ പിന്തുണയോടെ ഹൂതി വിമതർ സൗദിയുടെ ആരാംകോ എണ്ണപൈപ്പുകൾക്ക് നേരെയും യു.എ.ഇ.യിലെ ഫുജൈറയിൽ എണ്ണ ടാങ്കറുകൾക്കുംനേരെയും ബലപ്രയോഗം നടത്തിയത്.  ഈ സംഭവവികാസങ്ങൾ മിക്ക ഇസ്‌ലാമികരാഷ്ട്രങ്ങളെയും  അസ്വസ്ഥരാക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇതിനെതിരേ ലോകമനഃസാക്ഷി ഉണർത്താനും ഇത്തരം ചെയ്തികൾ  അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിക്കാനുമായി സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇസ്‌ലാമിക രാഷ്ട്രങ്ങളുടെയും അറബ് രാഷ്ട്രങ്ങളുടെയും അടിയന്തര ഉച്ചകോടികൾ വിളിച്ചുകൂട്ടിയത്.

രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഖത്തറും ഔദ്യോഗികമായി ഇത്തരം ചർച്ചകളിൽ പങ്കെടുത്തതും ഏറെ ശ്രദ്ധേയമായി. ഖത്തറിന്റെ പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിൻ നാസർ ബിൻ ഖലീഫ അൽത്താനിയാണ് ഖത്തറിനെ പ്രതിനിധീകരിച്ച് എല്ലാ സമ്മേളനങ്ങളിലും പങ്കെടുത്തത്.  ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓർഡിനേഷൻ (ഒ.ഐ.സി), അറബ് ലീഗ്, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) എന്നിവയുടെ ഉന്നതതല സമ്മേളനങ്ങളാണ് മേയ് 30, 31 തീയതികളിലായി സൗദിയിലെ പുണ്യനഗരമായ മക്കയിൽ നടന്നത്. എല്ലാ ഉച്ചകോടികളും ഉറക്കെ പ്രഖ്യാപിച്ചത് ഇറാനെതിരേ ഒറ്റക്കെട്ടായി നിൽക്കാനുള്ള ആഹ്വാനമായിരുന്നു.  ഇസ്‌ലാമികരാജ്യങ്ങൾക്കിടയിൽ സൗദി അറേബ്യയുടെ നേതൃസ്ഥാനം ഉറപ്പിക്കുന്നതുകൂടിയായി ഈ ഉച്ചകോടികൾ.

രാജ്യസുരക്ഷ തകർക്കാനായി ഒളിഞ്ഞും തെളിഞ്ഞും ഇറാൻ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കാൻ അറബ് രാജ്യങ്ങൾ ഒരുമിച്ചുനിൽക്കാൻ ഉച്ചകോടി ആഹ്വാനംചെയ്തു. ഇതിനായി അറബ് രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കും. ഗൾഫ് സഹകരണ കൗൺസിൽ യോഗവും സമാനമായ രീതിയിൽത്തന്നെയാണ് ചിന്തിച്ചത്. ഗൾഫ് രാജ്യങ്ങൾ ഇറാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇറാന്റെ നിലപാടുകൾ ഇതിന് സഹായകമാവുന്നില്ലെന്ന് ജി.സി.സി. യോഗം കുറ്റപ്പെടുത്തി.

ഒ.ഐ.സി. വിദേശകാര്യമന്ത്രിമാരുടെ യോഗവും ഇത്തരം നിലപാടുകൾതന്നെ ആവർത്തിച്ചു. അതേസമയം, പലസ്തീന്റെ വിഷയത്തിൽ അമേരിക്കയുടെ നിലപാടുകൾ തള്ളുന്നതായിരുന്നു ഒ.ഐ.സി. തീരുമാനങ്ങൾ. ഇസ്‌ലാമികലോകത്തിന്റെ പ്രധാന വിഷയം പലസ്തീൻതന്നെയാണെന്ന് പ്രഖ്യാപിച്ച ഇസ്‌ലാമിക ഉച്ചകോടി പലസ്തീൻ ജനതയുടെ അവകാശങ്ങൾ ഹനിക്കുന്ന അമേരിക്കയുടെ നിലപാടിനെ തള്ളിപ്പറഞ്ഞു. ജറുസലേമിൽ എംബസി തുറന്ന  അമേരിക്കയുടെ നടപടിയെ സമ്മേളനം ശക്തമായ ഭാഷയിലാണ് അപലപിച്ചത്. യു.എൻ. രക്ഷാസമിതി തീരുമാനപ്രകാരം ജൂലാൻ കുന്നുകളിൽനിന്ന് ഇസ്രയേൽ പിന്മാറണമെന്നും 56 ഇസ്‌ലാമികരാജ്യങ്ങൾ പങ്കെടുത്ത  സമ്മേളനം ആവശ്യപ്പെട്ടു.

ഇതിനിടയിലാണ് സൗദി അറേബ്യയ്ക്ക്‌ 55,000 കോടി രൂപയുടെ  ആയുധം നൽകാനുള്ള തീരുമാനം അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് കൈക്കൊണ്ടത്. യു.എസ്. കോൺഗ്രസിന്റെ എതിർപ്പ് മറികടന്നായിരുന്നു ഈ തീരുമാനം. സൗദിയുടെ നേർക്ക്  ഇറാനിൽനിന്നുള്ള എതിർപ്പ് കൂടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. മേഖലയിൽ ഇത് കൂടുതൽ സൈനികനീക്കങ്ങൾക്ക് ഇടവരുത്തുമെന്ന ഭീതിയിലാണ് യു.എസ്.കോൺഗ്രസ് ഈ ആയുധ വിൽപ്പനയെ എതിർത്തത്. ഇറാൻ കരുതലോടെ നിൽക്കുന്നതും മേഖലയിൽ അമേരിക്കയുടെ ഈ ഇടപെടൽ കണക്കിലെടുത്താണ്. ഒരു യുദ്ധം ആരും മേഖലയിൽ പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇത്തരം നീക്കങ്ങൾ മേഖലയുടെ സുസ്ഥിരതയെ ബാധിക്കുമെന്ന് എല്ലാവരും ആശങ്കപ്പെടുന്നു. 

വിശുദ്ധ മക്ക കരാർ

ഈ ഉച്ചകോടികളുടെ ഒരുക്കങ്ങൾക്കിടയിൽ സുപ്രധാനമായ ഒരു ഉടമ്പടിക്ക് ഇസ്‌ലാമികപണ്ഡിതന്മാർ ചേർന്ന് രൂപംനൽകിയതും മക്കയിൽ വെച്ചായിരുന്നു. ഭീകരവാദത്തിനും അക്രമങ്ങൾക്കുമെതിരേ നിലകൊള്ളാനാണ് വിശുദ്ധ മക്ക കരാർ എന്ന പേരിൽ രേഖപ്പെടുത്തിയ ഈ ഉടമ്പടി ആഹ്വാനംചെയ്യുന്നത്.  139 രാജ്യങ്ങളിൽനിന്നായി 1200 ഇസ്‌ലാമികചിന്തകർ, പണ്ഡിതർ, രാജ്യമുഫ്തികൾ വിവിധ ഇസ്‌ലാമിക മദ്ഹബുകളുടെയും ധാരകളുടെയും പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ്  വിശുദ്ധമക്ക കരാറിന് അംഗീകാരം നൽകിയത്. 

മതത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ പണ്ഡിതരല്ലാതെ മറ്റുള്ളവർ മതത്തിന്റെ പേരിൽ പ്രസ്താവനകൾ ഇറക്കുന്നതും അഭിപ്രായം പറയുന്നതും ഒഴിവാക്കേണ്ടതാണെന്ന് കരാർ ഓർമിപ്പിക്കുന്നു. ഇസ്‌ലാമിക രാജ്യങ്ങളിലുള്ള വിവിധ സംസ്കാരങ്ങളും വൈവിധ്യങ്ങളും പരസ്പരം തർക്കങ്ങളിലേക്കും അക്രമങ്ങളിലേക്കും വഴിവെക്കരുത്. മറിച്ച്‌ പരസ്പരധാരണയോടെയും കൂടിക്കാഴ്ചയിലൂടെയും സഹായിച്ചും സഹകരിച്ചും മുന്നോട്ടുപോകാനാവശ്യമായ ക്രിയാത്മകമായ പൊതുസംസ്കാരം രൂപപ്പെടുത്തണം.  സമൂഹത്തിൽ വെറുപ്പ് പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം. ഭീകരവാദവും തീവ്രവാദവും സാംസ്കാരിക അധിനിവേശവും പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കണം. ആരാധനാലയങ്ങളെ ആക്രമിക്കുന്നതിനെതിരേ രാഷ്ട്രീയവും മതപരവുമായ ചിന്ത ഉയർന്നുവരണം.  സ്ത്രീകളോട് ഒരുനിലയ്ക്കുമുള്ള വിവേചനവും പാടില്ല.  സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ-മത രംഗങ്ങളിൽ സ്ത്രീകളുടെ അവസരങ്ങൾ നിഷേധിക്കുന്നതും വേതനത്തിലും അവസരത്തിലും വിവേചനം നടത്തുന്നതും എല്ലാ നിലയ്ക്കും തടയേണ്ടതുണ്ടെന്നും മക്ക കരാർ പ്രസ്താവിക്കുന്നു.

Content Highlights: Gulf Kathu By PP Saseendran about Arab Gulf Summit