: ‘കളിച്ചുകളിച്ച് ഗുരുക്കളുടെ നെഞ്ചത്ത്’ എന്നൊരു ചൊല്ലുണ്ട്. ഏതാണ്ട് അതുപോലെയായിട്ടുണ്ട് ഇപ്പോഴത്തെ സ്വർണക്കടത്ത് വിവാദങ്ങൾ. മലയാളിക്ക് രണ്ടാംവീടാണ് ഗൾഫ് രാജ്യങ്ങൾ. അതത് രാജ്യങ്ങളിലെ നിയമവ്യവസ്ഥകളോട് ചേർന്നുനിന്നുകൊണ്ടുതന്നെ പുതിയൊരു ജീവിതം കരുപ്പിടിപ്പിച്ച ലക്ഷക്കണക്കിന് പ്രവാസികളുണ്ട്. അതിൽ പരാജയപ്പെട്ടുപോയവരും ഉണ്ടാകാം. എങ്കിലും ഗൾഫ് നാടുകൾ എന്നും മലയാളിയുടെ സ്വപ്നഭൂമിയാണ്. കേരളത്തിന്റെ മുഖച്ഛായ മാറ്റിയതിന് പിന്നിലും മരുഭൂമിയുടെ ചൂടും ചൂരുമുള്ള പെട്രോ ഡോളറിന്റെ ശക്തിയുണ്ട്. ആ രാജ്യങ്ങളിൽത്തന്നെ മലയാളി സ്വന്തം വീടുപോലെ കരുതുന്ന നാടാണ് യു.എ.ഇ. ആ രാജ്യത്തിന്റെ പേരും യശസ്സും കളങ്കപ്പെടുത്തുന്ന വിധത്തിലാണ് ഇപ്പോഴത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കഥകളും വിവരങ്ങളും.

സ്വർണം കടത്തുന്നതും കുഴൽപ്പണ ഇടപാട് നടത്തുന്നതുമെല്ലാം ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല. സമയവും സന്ദർഭവും നോക്കി എല്ലാ ഗൾഫ് രാജ്യങ്ങളിൽനിന്നും ഇത്തരത്തിൽ പണവും പൊന്നും ഇന്ത്യയിലേക്ക് ഒഴുകിയിട്ടുണ്ട്. ചെറിയ കടത്തിന് കാരിയർമാരെ ഉപയോഗിച്ചും പുത്തൻവിദ്യകൾ പ്രയോഗിച്ചുമെല്ലാം സ്വർണം കടത്തി കരുത്തരായ എത്രയോ പേരുണ്ട്.

ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവർഗൾഫിൽ എന്താണ് ജോലി എന്ന് പുറത്തുപറയില്ലെങ്കിലും മാസംതോറും നാട്ടിൽനിന്ന് ഇവിടെയെത്തി ഇത്തരം കച്ചവടത്തിന്റെ ഭാഗമാകുന്ന ചെറുപ്പക്കാരും ധാരാളം. പണ്ട് ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ള അധോലോക നായകന്മാരുടെ പേരുകളാണ് സ്വർണക്കടത്തിന്റെ പേരിൽ കേട്ടിരുന്നത്. കേരളത്തിന്റെ കടൽത്തീരങ്ങളിൽ ഇത്തരത്തിൽ പൊന്ന് കൊണ്ടുവന്നിറക്കിയ കഥകൾ സിനിമകൾക്കുപോലും വിഷയമായിട്ടുണ്ട്. എന്നാൽ, ഇപ്പോൾ അത്തരം പേരുകളൊന്നും പരസ്യമായി കേൾക്കാനില്ല. പകരം സ്വർണം കടത്താനും ഹവാലാ ഇടപാടിനും വേണ്ടി ഇരുപത്തിനാലുമണിക്കൂറും സജ്ജരായ സംഘങ്ങൾ ഒട്ടേറെയാണ്. അധികൃതരുടെ കണ്ണുവെട്ടിച്ചും ആവശ്യമെങ്കിൽ പൊന്നും പണവും പെണ്ണും നൽകി അവരുടെ കണ്ണടപ്പിച്ചുമെല്ലാം ഇവർ ബിസിനസ് തുടരുന്നു. ഇതിൽ ചിലത് പിടിക്കപ്പെടുന്നു. അതുതന്നെ പലപ്പോഴും സംഘങ്ങൾ തമ്മിലുള്ള ഒറ്റുകൊടുക്കൽ കൊണ്ടാണെന്നാണ് ഈ രംഗത്തുള്ളവരുടെതന്നെ അടക്കം പറച്ചിലുകൾ.

എന്നാൽ, ആ കച്ചവടങ്ങളുടെ ഏറ്റവും പുതിയ പതിപ്പാണ് തിരുവനന്തപുരത്ത് കഴിഞ്ഞ ആഴ്ച കണ്ടതും ഇപ്പോൾ രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്നതും. തിരുവനന്തപുരത്തുള്ള യു.എ.ഇ.യുടെ കോൺസുലേറ്റിലെ പ്രമുഖന്റെ പേരിൽ വന്ന കാർഗോയിലാണ് മുപ്പതുകിലോ സ്വർണം കണ്ടെത്തിയിരിക്കുന്നത്. കോൺസുലേറ്റിലേക്കുള്ള ഔദ്യോഗികമായ ബാഗേജ് അല്ലായിരുന്നു അതെന്ന് യു.എ.ഇ. അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി അതിനെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് പറയാനാവില്ല. എന്നാൽ, ഒരു നയതന്ത്ര കാര്യാലയത്തിലേക്ക്, അവിടത്തെ ആരുടെയെങ്കിലും പേരിലാണെങ്കിൽപ്പോലും ആർക്കെങ്കിലും ഒരു പാർസൽ അയക്കണമെങ്കിൽ അവർക്ക് ചില സഹായങ്ങൾ രണ്ടുഭാഗത്തുനിന്നും ഉണ്ടാവാതെ തരമില്ലെന്നാണ് ഇത്തരത്തിൽ വർഷങ്ങളായി സ്വർണം കടത്തിവന്ന ഒരാൾ പറഞ്ഞത്. അതായത്, ദുബായിലും തിരുവനന്തപുരത്തും ചില സഹായികൾ ഇതിനായി പ്രവർത്തിച്ചിട്ടുണ്ട് എന്ന് ചുരുക്കം. അതാരാവാം എന്നതാണ് ഇനി അന്വേഷണത്തിൽ അറിയേണ്ടത്.

കേരളത്തിലേക്ക് വർഷങ്ങളായി ഒട്ടേറെത്തവണ സ്വർണക്കടത്ത് ഉണ്ടായിട്ടുണ്ട്. എങ്ങനെയെങ്കിലും നാടണയാൻ മോഹിക്കുന്ന പാവങ്ങൾക്ക് ടിക്കറ്റും പാരിതോഷികവും നൽകി സ്വർണം കൊടുത്തയക്കുന്ന സംഘങ്ങൾ ധാരാളമുണ്ട്. ഇതിന് ആളെപ്പിടിക്കാനുള്ള വലിയ അധോലോകശൃംഖല ഗൾഫിലും നാട്ടിലും ഒരുപോലെ പ്രവർത്തിക്കുന്നു. ആര് തരുന്നു, ആർക്കാണ് നൽകുന്നത് എന്നതൊന്നും ഇത് കൊണ്ടുപോകുന്നവർ അറിയാറില്ല. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ ചില അടയാളങ്ങളിലൂടെ കണ്ടെത്തുന്നവർക്ക് ഇത് കൈമാറുന്നതോടെ അയാളുടെ ജോലി കഴിഞ്ഞു. എന്നാൽ, വൻകിട കടത്ത് ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്. ചില ഉദ്യോഗസ്ഥരുടെകൂടി സമ്മതത്തോടെയാണ് ഇത്തരം കടത്തുകൾ. കണ്ടെയ്‌നറുകളിൽ വഴിപോലും സ്വർണം കടത്തുന്നവരുണ്ട് എന്നതും നിഷേധിക്കാവാവാത്ത സത്യം. എന്നാൽ, അതിനെയെല്ലാം മറികടക്കുന്നതാണ് നയതന്ത്രകാര്യാലയത്തിലേക്കുള്ള കാർഗോ എന്ന പേരിലുള്ള പുതിയ കടത്ത്. ഇതിനകം 150 കിലോ സ്വർണമെങ്കിലും ഇത്തരത്തിൽ കടത്തിയിട്ടുണ്ടാവുമെന്നാണ് സംശയിക്കുന്നത്. ഇതിനു പിന്നിൽ ആര്, ഈ പണം എന്തിന് ഉപയോഗിക്കുന്നു എന്നിങ്ങനെ വലിയ ഗൗരവമേറിയ ചോദ്യങ്ങൾക്കാണ് ഇപ്പോഴത്തെ അന്വേഷണ സംഘം ഉത്തരം കണ്ടെത്തേണ്ടത്. ഇതിന് സമാന്തരമായി രാഷ്ട്രീയ വടംവലികളും അരങ്ങേറുന്നു.

എന്തായാലും ഇതിന്റെ ഉത്തരങ്ങൾ കണ്ടെത്തുന്നതുവരെ കൃത്യമായ നിഗമനത്തിലേക്ക് എത്താനാവില്ല. എന്നാൽ, ലഭിക്കുന്ന ചില സൂചനകൾ അപകടകരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചിലരെ ആയുധമാക്കിയും മറയാക്കിയും നടത്തുന്ന ഇത്തരം ഇടപാടുകൾ ഇപ്പോൾ ഇരു രാജ്യത്തിന്റെയും നയതന്ത്രബന്ധങ്ങളെ പോലും ഉലയ്ക്കുമെന്ന് ഭയക്കുന്നവരുണ്ട്. എന്തായാലും ഇതിന്റെ പിന്നിൽ ഏതാനും മലയാളികളുടെ ബുദ്ധിയാണ് പ്രവർത്തിച്ചത് എന്നതിൽ തർക്കമില്ല. അതിന് രണ്ടുരാജ്യവും തമ്മിലുള്ള സൗഹൃദത്തെ കൂടിയാണ് അവർ മറയാക്കിയത്. ലക്ഷക്കണക്കിന് പ്രവാസികളെ ഇരുകൈയും നീട്ടി സ്വീകരിച്ച നാടാണ് യു.എ.ഇ. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃദ് രാഷ്ട്രംകൂടിയാണ് ഈ രാജ്യം. ആ നല്ല സൗഹൃദത്തെ തകർക്കാൻകൂടി ഇപ്പോഴത്തെ കടത്തും വിവാദവുമെല്ലാം കാരണമാകുമോ എന്ന് ഭയക്കുന്നവരുണ്ട്. നനഞ്ഞേടമെല്ലാം കുഴിച്ചുനോക്കുന്ന ചിലരുടെ ചെയ്തികൾകാരണം ചിലപ്പോൾ അപകടത്തിലാവുന്നത് ഒന്നും അറിയാതെ അധ്വാനിച്ച് ജീവിക്കുന്ന പതിനായിരങ്ങളുടെ ഭാവിയാവാം. ഇന്ത്യയിലേക്കുള്ള, ഇന്ത്യയുമായുള്ള ഓരോ ഇടപാടും ഇനി കുറെക്കൂടി ജാഗ്രതയോടെയുള്ളതാവും. ഇപ്പോഴത്തെ സ്വർണക്കടത്തിലൂടെ ചർച്ച ചെയ്യപ്പെട്ടത് യു.എ.ഇ.എന്ന രാജ്യത്തിന്റെ സത്‌പേരുകൂടിയാണ്. അത് അന്താരാഷ്ട്രതലത്തിൽത്തന്നെ ആ രാജ്യത്തിന് ക്ഷീണം ഉണ്ടാക്കും. അതിനും വഴിവെട്ടിയത് മലയാളികളാണ് എന്നത് ഒരിക്കലും മാപ്പർഹിക്കാത്ത കാര്യമാണ്. അതുകൊണ്ടുതന്നെയാണ് ഇത് കൈവിട്ട കളിയായി പലരും കാണുന്നത്.

ശരിയായ അന്വേഷണത്തിലൂടെ ഇതിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. സർക്കാരിലെ ചില ഉന്നത ഉദ്യോഗസ്ഥർതന്നെ ഇതിന് അറിഞ്ഞോ അറിയാതെയോ കൂട്ടിരുന്നിട്ടുണ്ട്. അവരുടെ തനിനിറവും ലോകം അറിയണം. അതിന് ഉതകുന്ന തരത്തിലാവട്ടെ പുതിയ അന്വേഷണങ്ങൾ. അല്ലാതെ സ്വപ്നസുന്ദരിമാരുടെ ഇക്കിളിക്കഥകൾ മാത്രം ചർച്ചചെയ്ത് വിഷയത്തിന്റെ ഗൗരവം ചോർന്നുപോകില്ലെന്ന് പ്രതീക്ഷിക്കാം.