പിടി അവനെ, പിടിച്ചു കെട്ടവനെ, പടിയടച്ച് പിണ്ഡം വെക്ക്  എന്ന് പറഞ്ഞ് ഷാര്‍ജയിലെ മുന്‍നിര പൊതുപ്രവര്‍ത്തകരെല്ലാം രണ്ട് ദിവസമായി  ഓടി നടക്കുകയാണ്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ നേതാക്കള്‍ക്കും ഭാരവാഹികള്‍ക്കുമാണ് ഇപ്പോള്‍  ഓടിയോടി ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നത്. അസോസിയേഷന്‍ നടത്തുന്ന ഒരു  സ്‌കൂള്‍ കെട്ടിടം നിര്‍മിക്കാന്‍ കരാറെടുത്ത  സര്‍ദാര്‍ജിയില്‍ നിന്ന് മാനേജിങ്ങ് കമ്മിറ്റിയിലെ ഒരു അംഗം ചില്ലറ കമ്മീഷന്‍ പറ്റി എന്നതാണ് പ്രശ്‌നം. തലേന്ന് രാത്രി വരെ കൂടിയാലോചനകളില്‍ കൂടെയിരുന്ന് ചര്‍ച്ച നടത്തിയ  ആള്‍ സര്‍ദാര്‍ജിയില്‍ നിന്ന്  പിറ്റേന്ന് നേരിട്ട് പോയി എന്തോ ചില്ലറ കൈപ്പറ്റി എന്ന് കേട്ട പാതി, കേള്‍ക്കാത്ത പാതി എല്ലാവരും പാഞ്ഞെത്തി വീണ്ടും തല പുകച്ചു. ഇല്ല, ഇനി ആളെ വെച്ചിരിക്കുന്ന പ്രശ്‌നമില്ലെന്ന് പ്രഖ്യാപിച്ചു. കൈയോടെ  പിടികൂടി അസോസിയേഷനില്‍ നിന്ന് പടിയടച്ച് പിണ്ഡം വെച്ചിരിക്കുകയാണെന്നും പ്രഖ്യാപിച്ചു. ഷാര്‍ജയിലെ നാലു ചുമരുകള്‍ക്കിടയിലിരുന്ന് എടുത്ത തീരുമാനം കാട്ടുതീ പോലെ പടരാന്‍ അധികം സമയം വേണ്ടിവന്നില്ല. അത്രക്കും ഐക്യവും സ്‌നേഹവും കമ്മിറ്റി അംഗങ്ങള്‍ക്കിടയിലും സഖ്യകക്ഷികള്‍ക്കിടയിലും സ്വന്തം കക്ഷിയിലും തന്നെ ഉള്ളതിനാല്‍ അപ്പോള്‍ തന്നെ വെടി പൊട്ടി. കമ്മിറ്റി അപ്പാടെ രാജിവെക്കണമെന്നായി ചിലര്‍. വാര്‍ത്ത പുറത്തുവിട്ട ലേഖകനെയും  അസോസിയേഷനില്‍ കയറ്റാതെ പടിയടച്ച് പിണ്ഡം വെക്കണമെന്ന് ചില നേതാക്കള്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ട്. സ്ഥലം അവരുടെ തറവാട്ടുസ്വത്തായതിനാലും  കൊല്ലിനും കൊലക്കും അവകാശമുള്ളവരായതിനാലും  ഉത്തരവ് വന്നാല്‍ അനുസരിക്കാതെ പറ്റില്ലല്ലോ. 

എമിറേറ്റിലെ ഇന്ത്യക്കാര്‍ക്ക് വേണ്ടി വര്‍ഷങ്ങളായി നിസ്വാര്‍ഥ സേവനം നടത്തുന്ന അസോസിയേഷന്‍ ഭാരവാഹികളെ ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അവരത് മാറ്റിയേ പറ്റൂ. ഏറ്റവും ചെറിയ ടെണ്ടര്‍ ഉറപ്പിച്ച് പാവം സര്‍ദാര്‍ജിക്ക് കെട്ടിടം പണിയാന്‍ കരാര്‍ കൊടുത്തു എന്ന ഒരു അപരാധം മാത്രമേ  ഭാരവാഹികള്‍ ചെയ്തിട്ടുള്ളൂ. അതിനിടയില്‍ അവര്‍ തന്നെ കൈപിടിച്ച് കയറ്റി മാനേജിങ് കമ്മിറ്റിയില്‍ ക്ഷണിച്ച് കൊണ്ടിരുത്തിയ വിദ്വാന്‍ ഈ പണി പറ്റിക്കുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. പാവം വക്കീലും കൂട്ടുകാരും. ബില്‍ പാസ്സായിട്ടുണ്ടെന്ന് പറയാന്‍ കരാറുകാരനെ ഫോണില്‍  വിളിച്ചപ്പോഴാണ് താന്‍ അത് ഇന്നലെ തന്നെ അറിഞ്ഞുവെന്ന് കരാറുകാരന്‍ പ്രതികരിച്ചത്. ബഹുമാനപ്പെട്ട മാനേജിങ് കമ്മിറ്റി അംഗം സര്‍ദാര്‍ജിയെ കമ്മിറ്റിക്കിടയില്‍ തന്നെ വിവരം ധരിപ്പിച്ചുവത്രെ. പിറ്റേന്ന് രാവിലെ തന്നെ ചില്ലറ കൈപ്പറ്റുകയും ചെയ്തു.  തുക അത്രയൊന്നുമില്ല, ഒരു മൂന്നേ മുക്കാല്‍ ലക്ഷം ദിര്‍ഹമോ മറ്റോ വരും അത്. 43 ദശലക്ഷം ദിര്‍ഹത്തിന്റെ ഒരു നിര്‍മാണ കരാര്‍ കിട്ടിയാല്‍ ആദ്യഗഡു ഇത്രയൊക്കെ പോരേ..ക്ഷമിക്കൂ, കെട്ടിടം പണി പൂര്‍ത്തിയാവാന്‍ ഇനിയും എത്ര ഘട്ടങ്ങളുണ്ട്. എന്നത്രെ സര്‍ദാര്‍ജിയും മൊഴിഞ്ഞത്. 

പക്ഷെ വര്‍ഷങ്ങളായി കെട്ടിടം ഉയര്‍ത്താനായി വിയര്‍പ്പൊഴുക്കി നടന്ന ഭാരവാഹികള്‍ പറയുന്നത് കേള്‍ക്കൂ.. എത്രയും ചെലവ് ചുരുക്കി ചെറിയ ടെണ്ടറില്‍ കെട്ടിടം പണിയാനാണ് കമ്മിറ്റി തീരുമാനിച്ചത്. അതിനായി  ഉണ്ടാക്കിയ  ടെക്‌നിക്കല്‍ കമ്മിറ്റിയില്‍ പ്രശ്‌നക്കാരന്‍ നുഴഞ്ഞുകയറി എല്ലാം തന്റെ ശ്രമഫലമാണെന്ന് കരാറുകാരനെ  ധരിപ്പിച്ച് കമ്മീഷന്‍ ഉറപ്പിച്ചുവത്രെ. ചില്ലറ വാങ്ങുന്നതുവരെ കമ്മിറ്റിയിലെ ആരും ഇതൊന്നും അറിഞ്ഞതേയില്ല. രണ്ട് വര്‍ഷം മുമ്പ് മാത്രം അസോസിയേഷനില്‍ അംഗത്വം നേടിയ മാസങ്ങള്‍ക്ക് മുമ്പ് മാനേജിങ് കമ്മിറ്റിയിലേക്ക്  ഭരണപക്ഷം കൈപിടിച്ച് കയറ്റിയ പ്രശ്‌നക്കാരന്‍ കമ്മീഷന്‍ പറ്റിയ വിവരം കരാറുകാരന്‍ പറയുമ്പോഴാണത്രെ അവര്‍ അറിയുന്നത്. ഇങ്ങിനെ കമ്മീഷന്‍ ചോദിച്ചാല്‍ താന്‍ പണി നിര്‍ത്തി പോകുമെന്നും അയാള്‍ പറയുന്നു.  ഏതായാലും ചില്ലറ വാങ്ങിയ കാര്യം എഴുതിവാങ്ങിച്ച ശേഷമാണ് കമ്മിററി അടിയന്തിരമായി കൂടി കാര്യങ്ങള്‍ ചര്‍ച്ചചെയ്തതും അംഗത്തെ ആയുഷ്‌കാലത്തേക്ക് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതും.  ഹാ ലോകം പോയൊരു പോക്ക് നോക്കണേ, എന്താ കഥ,  അല്ലേ!!!

എന്നാല്‍  കമ്മീഷന്‍ കൈപ്പറ്റിയ നിഷ്‌കളങ്കന്‍ പറയുന്നത് വേറെയാണ്. താന്‍ കമ്മീഷന്‍ വാങ്ങിയെന്നോ ഇല്ലെന്നോ അദ്ദേഹം സ്ഥിരീകരിക്കുന്നില്ല. വ്യാപാരബന്ധത്തിനിടയില്‍ ചില കൊടുക്കല്‍ വാങ്ങലുകളുണ്ടാവും. അതും ഇതുമായി ബന്ധമൊന്നുമില്ല. തന്നെ പുറത്താക്കിയ നടപടിക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു. അങ്ങിനെ ഷാര്‍ജയിലെ കള്ളനും പോലീസും കളി തുടരുകയാണ്.

അസോസിയേഷന്റെ കഥയും കളിയും അറിയുന്നവരൊക്കെ ഈ പുതിയ കഥകളി കണ്ട് ഊറിച്ചിരിക്കുകയാണ്. കമ്മീഷന്‍ എന്നത് ഈ നാട്ടിലെവിടെയുമുള്ള നാട്ടുനടപ്പായതിനാല്‍ ഇതിലെന്ത് പുതുമ എന്ന് ചോദിക്കുന്നവരും ധാരാളം. അസോസിയേഷന്‍  അംഗങ്ങള്‍ക്ക് ഉപഹാരം കൊടുക്കുന്നതില്‍ പോലും ചില കമ്മീഷന്‍ കളി നടന്നിട്ടുണ്ടെന്ന് അവര്‍ കുറ്റപ്പെടുത്തും. പിന്നെ എവിടെയും ഉണ്ടാവുമല്ലോ ചില ദോഷൈകദൃക്കുകള്‍. അവര്‍ പറയുന്നത് അവിടെ  എന്നും കമ്മീഷന്റെ അയ്യരുകളിയാണെന്നാണ്. അതിനാല്‍ മൊത്തം കമ്മിറ്റി രാജിവെക്കണമെന്നാണ് അവരുടെ വാദം. 
നിര്‍മാണച്ചുമതല ഏറ്റെടുത്ത സര്‍ദാര്‍ജി ആളൊരു കലാസ്വാദകനായതുകൊണ്ട് എവിടെയെങ്കിലും വിമതശബ്ദം ഉയര്‍ത്തിയേക്കാവുന്നവര്‍ക്ക് വരെ ഉദാരമായി സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നതാണ് അദ്ദേഹത്തിന്റെ രീതി. അങ്ങിനെ ഗസല്‍സന്ധ്യകളും നൃത്തസന്ധ്യകളും ഷാര്‍ജയില്‍ ധാരാളമായി വന്നു. ജനം താളം പിടിച്ചിരുന്ന് എല്ലാം കണ്ടിരിക്കുന്നു. കമ്മിറ്റികളിലെ നുഴഞ്ഞുകയറ്റവും ചോര്‍ത്തലും ഈ താളം പിടിക്കുന്നതിനിടയില്‍ ആരും കണ്ടില്ല. കണ്ടവരാകട്ടെ അത് കണ്ടില്ലെന്നും നടിച്ചിരിക്കണം. എന്തായാലും സംഗതി ഇപ്പോള്‍ കുശാലായി മുന്നേറുകയാണ്. ഇതിനിടയില്‍ ആരോ യൂനിഫോമിന്റെ കാര്യവും പറഞ്ഞുവരുന്നുണ്ട്. മൊത്തം  മെയ്ക്ക് ഇന്‍ ഇന്ത്യ ആയിക്കോട്ടെ എന്ന് വെച്ചാണ് കമ്മിറ്റി മുംബൈയിലെ  ഒരു തുണി മില്ലിന്  തന്നെ കരാര്‍ നല്‍കിയത്. ഇവിടെ മാര്‍ക്കറ്റില്‍ നിന്ന് കിട്ടിവന്ന  പിഞ്ഞിപ്പോകുന്ന യൂനിഫോമിന് പകരം നല്ല മിടുമിടുക്കന്‍ തുണി തന്നെ ആയിക്കോട്ടെ എന്ന് കമ്മിറ്റി കരുതിയതും ഇപ്പോള്‍ പൊല്ലാപ്പായി. നൂറ് ദിര്‍ഹത്തിന് വിപണിയില്‍ കിട്ടിപ്പോന്ന ഷൂവാണത്രെ അമ്പതിനും അറുപതിനും കുട്ടികള്‍ക്ക് നല്‍കിയത്. പതിനായിരത്തോളം കുട്ടികള്‍ക്കാണ് ഇങ്ങിനെ ലാഭം ഉണ്ടാക്കിക്കൊടുത്തത്. എന്നിട്ടും പരാതിക്കാര്‍ക്ക് ഒരു സഹതാപവും ഇല്ലെന്ന് വന്നാല്‍ കമ്മിറ്റി എന്തുചെയ്യും. പാവം, നിസ്വാര്‍ഥ സേവനത്തിന് കിട്ടുന്ന കൂലി ഇതാണ്. കലികാലം എന്നല്ലാതെ എന്ത് പറയാന്‍. പക്ഷെ യൂനിഫോമിന്റെ  കരാര്‍ വര്‍ക്കല വഴിയോ തിരുവനന്തപുരം വഴിയോ ഒക്കെയാണ് മുംബൈയിലെത്തിയതെന്നാണ് റോളാ പാര്‍ക്കില്‍ നിന്ന് ചിലര്‍  ഇപ്പോഴും അടക്കം പറയുന്നത്. ഏതായാലും ഇനിയുമുണ്ട് ദിവസങ്ങള്‍. കളി തുടരും. കാത്തിരിക്കുക.