പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഭവങ്ങളും പങ്കുവെക്കാനായി ഒരു വേദിയെന്ന നിലയിലാണ് എല്ലാ ജനവരി മാസങ്ങളിലും കേന്ദ്രസര്‍ക്കാര്‍ പ്രവാസി ഭാരതീയ ദിവസ് എന്ന സമ്മേളനം നടത്തിവന്നിരുന്നത്. വലിയമെച്ചമൊന്നും അവകാശപ്പെടാനില്ലെങ്കിലും പ്രവാസലോകം എന്നും കാത്തിരുന്ന സമ്മേളനമായിരുന്നു അത്. എന്നാല്‍ ഇനിമുതല്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ മതി ഈ സമ്മേളനം എന്നാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം. ഒരുവര്‍ഷം കേവലം പ്രതിനിധിസമ്മേളനവും രണ്ടാംവര്‍ഷം വിപുലമായ പരിപാടികളോടെ സമ്മേളനവും എന്നരീതിയിലാണ് ഇനിമുതല്‍ മോദി സര്‍ക്കാര്‍ വിഭാവനംചെയ്യുന്ന പ്രവാസി ഭാരതീയദിവസ് അഥവാ പി.ബി.ഡി. സമ്മേളനങ്ങളുടെ രൂപം.


enthapanachottilമഹാത്മാഗാന്ധിയുടെ പ്രവാസജീവിതത്തെ അനുസ്മരിച്ചാണ് ജനവരി എട്ടുമുതല്‍ പത്ത് വരെ പ്രവാസി സമ്മേളനങ്ങള്‍ക്ക് രൂപം നല്‍കിയത്. എല്ലാ വര്‍ഷവും ഇങ്ങനെ സമ്മേളനമഹാമഹം നടത്തിയിട്ട് സാധാരണ പ്രവാസികള്‍ക്ക് എന്ത് കാര്യമെന്ന് ഓരോ സമ്മേളനം കഴിയുമ്പോഴും ഉന്നയിക്കപ്പെടുന്ന ആക്ഷേപമാണ്. എങ്കിലും പ്രവാസികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമായിരുന്നു ഈ വേദി. ഒരുവര്‍ഷം പ്രതിനിധി സമ്മേളനമെന്ന നിലയില്‍ ആവിഷ്‌കരിക്കുന്ന സമ്മേളനങ്ങളില്‍ സംസ്ഥാനമുഖ്യമന്ത്രിമാരും പ്രവാസലോകത്തെ പ്രമുഖരും തിരഞ്ഞെടുക്കപ്പെടുന്ന ഏതാനും വ്യക്തികളുമായിരിക്കും സംബന്ധിക്കുന്നത്. ഇത് പ്രധാനമായും പ്രവാസലോകത്തുനിന്ന് നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചാവേളയായിരിക്കും എന്നാണ് നിഗമനം. രണ്ടാം വര്‍ഷം പതിവുപോലെയുള്ള ചര്‍ച്ചകളും പരിഹാര നിര്‍ദേശങ്ങളുമൊക്കെയുള്ള വലിയസമ്മേളനവും പ്രതീക്ഷിക്കുന്നു. അതിനിടയില്‍ പ്രവാസി ഭാരതീയ സമ്മാന്‍ എന്ന പേരിലുള്ള പ്രവാസി പുരസ്‌കാരങ്ങളുടെ എണ്ണം പതിനെട്ടില്‍നിന്ന് മുപ്പതാക്കി ഉയര്‍ത്തുമെന്നും പ്രവാസികാര്യ വകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഏത് കാര്യത്തോടും യോജിപ്പും വിയോജിപ്പും ഉള്ളവരുണ്ടാകാം. അമ്മയെ തല്ലിയാലും രണ്ടുണ്ട് ന്യായം എന്നാണല്ലോ നമ്മുടെ ഒരു പഴഞ്ചൊല്ല്. അതുകൊണ്ടുതന്നെ പ്രവാസി ഭാരതീയ ദിവസിന്റെ കാര്യത്തിലും ഇത് സ്വാഭാവികം. എല്ലാവര്‍ഷവും ഇതൊരു ഒത്തുകൂടലിന്റെ വേദിയാണ് ചിലര്‍ക്ക്. ഇത്രയും കാലത്തെ സമ്മേളനംകൊണ്ട് എന്തുകിട്ടിയെന്ന് ചോദിക്കുന്നവരും ധാരാളം. 

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറെക്കൂടി ക്രിയാത്മകചര്‍ച്ചകളും നടപടികളുമൊക്കെ ഉണ്ടായിരുന്ന സമ്മേളനമായിരുന്നു കഴിഞ്ഞവര്‍ഷം ഗുജറാത്തില്‍ നടന്നതെന്ന് അന്ന് അതില്‍ പങ്കെടുത്തവരെല്ലാം ഒരേസ്വരത്തിലാണ് പറഞ്ഞത്. അഷ്‌റഫ് താമരശ്ശേരിയെപ്പോലെ ഒരു സാധാരണക്കാരന് അവാര്‍ഡ് നല്‍കിയ കാര്യവും പ്രവാസലോകത്തെ ഏറെ ആഹ്ലാദിപ്പിച്ച കാര്യമായിരുന്നു. ആ അവാര്‍ഡിന് അതോടെ കൂടുതല്‍ തിളക്കംകിട്ടി എന്നതായിരുന്നു അഷ്‌റഫിന് എങ്ങും കിട്ടിയ സ്വീകരണങ്ങളും വിളിച്ചുപറഞ്ഞത്.

പ്രവാസലോകത്തെ പ്രശ്‌നങ്ങള്‍ ഓരോ രാജ്യത്തും വ്യത്യസ്തമാണ്. ഗള്‍ഫിലുള്ള പ്രവാസിയെ സംബന്ധിച്ചിടത്തോളം സീസണ്‍ കാലത്ത് നാട്ടിലേക്കുള്ള വിമാനടിക്കറ്റിന്റെ നിരക്കാണ് പ്രധാന പ്രശ്‌നങ്ങളിലൊന്ന്. നോക്കിനില്‍ക്കി റോക്കറ്റ് പോലെ കുതിച്ചുയരുന്ന വിമാനടിക്കറ്റിന്റെകാര്യം ഓരോ പ്രവാസി സമ്മേളനത്തിലും ഉന്നയിക്കപ്പെടാറുണ്ട്. ഇന്നുവരെ അതിന് ഒരു പരിഹാരം ഉണ്ടായിട്ടില്ല. അടുത്തൊന്നും അത് പരിഹരിക്കപ്പെടുമെന്നും ആരും കരുതുന്നില്ല. 
ഗള്‍ഫ് നാടുകളിലുള്ളവരുടെ പ്രശ്‌നമല്ല അമേരിക്കയിലും യൂറോപ്പിലുമുള്ള പ്രവാസികളുടേത്. അത്തരം സാഹചര്യങ്ങളില്‍ ഓരോനാട്ടിലെയും വിഷയം പ്രത്യേകം കൈകാര്യം ചെയ്യുന്നത് തന്നെയായിരിക്കും അഭികാമ്യം. അതിനനുസരിച്ച് സമ്മേളനങ്ങള്‍ ക്രമീകരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. 

അതേസമയം പ്രവാസി ഭാരതീയ ദിവസ് സമ്മേളനങ്ങള്‍ ഡല്‍ഹിയില്‍ പിടിപാടുള്ളവരുടെ കൊയ്ത്തുകാലമാണെന്ന അപവാദവും എല്ലാകാലത്തും പ്രചരിക്കാറുണ്ട്. നാട്ടില്‍ പത്മശ്രീ ഒപ്പിച്ചുകൊടുക്കാനുള്ള നീക്കങ്ങളെന്ന പോലെയാണ് ഇവിടെ പ്രവാസി ഭാരതീയ പുരസ്‌കാരത്തിന്റെയും കാര്യമെന്നാണ് ചിലരുടെ കുശുകുശുപ്പ്. കേന്ദ്രഭരണത്തില്‍ പിടിയുള്ളവര്‍ ഇതിനായി പിരിവും സമ്മാനങ്ങളും ലക്ഷ്യമിടുന്നു എന്നുള്ള ആക്ഷേപങ്ങളും കാലാകാലങ്ങളായി ഉയരുന്നു. ചില അവാര്‍ഡുകളൊക്കെ അങ്ങനെ സമ്മാനിച്ചതാണെന്ന് പരസ്യമായ അഭിപ്രായ പ്രകടനങ്ങളും ഉയര്‍ന്നിരുന്നു. ഏതായാലും ഇനി അവാര്‍ഡുകളുടെ എണ്ണം ഉയരുന്നസാഹചര്യത്തില്‍ ബ്രോക്കര്‍മാര്‍ക്ക് ചാകരയായി എന്നാണ് പുതിയ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യം ഉയര്‍ന്ന ഒരു അപവാദം.
അതെന്തായാലും കുറെക്കൂടി ക്രിയാത്മകമായി പ്രവാസി വിഷയങ്ങള്‍ കൈകാര്യംചെയ്യാന്‍ പുനഃസംഘടിപ്പിച്ച സമ്മേളനങ്ങള്‍ക്ക് കഴിയുമെങ്കില്‍ അത്രയും നല്ലത്. ആഘോഷത്തിലും ആര്‍ഭാടങ്ങളിലുമല്ല കാര്യമെന്ന് ലോകം അറിയട്ടെ. പക്ഷെ പരിഷ്‌കാരം പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന രീതിയിലാവരുതെന്ന് മാത്രം. അതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യവും.