കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നടന്ന സമരം തത്‌കാലം അവസാനിച്ചു. റൺവെ നവീകരണം കുറെക്കൂടി വേഗത്തിലാക്കാമെന്നും സ്ഥലമെടുപ്പിനുള്ള നടപടികൾ ത്വരപ്പെടുത്താമെന്നുമൊക്കെയുള്ള ഉറപ്പിലാണ് സമരം പിൻവലിച്ചത്. അതെന്തായാലും കോഴിക്കോട് വിമാനത്താവളം സംരക്ഷിക്കണമെന്ന വികാരം വളർത്തിയെടുക്കാൻ ഈ പ്രചാരണ പരിപാടികൾക്കും സമരങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്.

വിമാനത്താവളത്തിന് ഇനിയും വികസനം ഏറെ ആവശ്യമുണ്ട്.  പക്ഷേ സ്ഥലത്തിന്റെ അപര്യാപ്തതയാണ് പ്രശ്നം. അതിനുള്ള നടപടികളുണ്ടാവാതെ ഒന്നും നടക്കില്ലെന്ന  കാര്യം നാട്ടുകാർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികൾ വഴിയെ ഉണ്ടാവുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. അങ്ങനെ നടന്നില്ലെങ്കിൽ വിമാനത്താവളം ചെറുതായിപ്പോകുമെന്നും ഒതുങ്ങിപ്പോകുമെന്നും ഇപ്പോൾ എല്ലാവരും തിരിച്ചറിയുന്നുണ്ട്. 

മൂന്ന് മണിക്കൂർ റോഡ് വഴി സഞ്ചരിച്ചാൽ എത്തിച്ചേരാവുന്ന തരത്തിൽ കണ്ണൂർ വിമാനത്താവളം ദ്രുതഗതിയിൽ യാഥാർഥ്യമായി വരുന്നു എന്നത് തന്നെയാണ് ഇപ്പോൾ കരിപ്പൂരിന്റെ കാര്യത്തിൽ ഉണരാൻ എല്ലാവരെയും പ്രേരിപ്പിച്ചത്. വരുന്ന ഡിസംബർ 31-ന് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ആദ്യ വിമാനം പറന്നുയരുമെന്നാണ് പ്രഖ്യാപനം. കുറച്ചുദിവസങ്ങൾ നീണ്ടുപോയാലും ഉമ്മൻചാണ്ടി ഗവൺമെന്റിന്റെ കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യും എന്നത് ഉറപ്പ്. സ്വകാര്യപങ്കാളിത്തം കൂടി ഉള്ളതിനാൽ കണ്ണൂരിന്റെ കാര്യത്തിൽ കുറെക്കൂടി താത്‌പര്യം വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉണ്ടാവുന്നു എന്നതാണ് യാഥാർഥ്യം. 


ഇപ്പോൾതന്നെ ഗൾഫ് നാടുകളിലെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്‌സ്, ഫ്ളൈ ദുബായ് തുടങ്ങിയവയൊക്കെ കണ്ണൂരിന്റെ കാര്യത്തിൽ താത്‌പര്യം കാണിച്ചിട്ടുണ്ട് എന്നതാണ് ഏറ്റവും ഒടുവിൽ കിട്ടുന്ന വിവരങ്ങൾ. കോഴിക്കോടിലേക്ക് നടത്തിയിരുന്ന സർവീസുകൾ എമിറേറ്റ്സും സൗദി എയർലൈൻസുമൊക്കെ ഇതിനകം നിർത്തലാക്കിയിട്ടുണ്ട്. അവരുടെ വിമാനങ്ങൾക്ക് ഇറങ്ങാൻ പറ്റിയ റൺവേ ഇപ്പോൾ കോഴിക്കോട് ഇല്ല എന്നതുതന്നെയായിരുന്നു ഇതിന് കാരണം. റൺവേ നവീകരണം പൂർത്തിയാകാൻ ഇനിയും ഒന്നരക്കൊല്ലമെങ്കിലും എടുക്കും. അതുവരെ കോഴിക്കോടിനായി കാത്തിരിക്കാൻ അവർ ഒരുക്കമല്ല എന്നതാണ് ഈ താത്‌പര്യപ്രകടനം നൽകുന്ന സൂചന. എമിറേറ്റ്‌സിന്റെ നിരവധി സർവീസുകളാണ് കോഴിക്കോടിലേക്ക് ഉണ്ടായിരുന്നത്. ഹജ്ജ് യാത്ര ഉൾപ്പെടെ സൗദിയിലേക്കുള്ള യാത്രയും ഇത്തവണ തടസ്സപ്പെട്ടു. 

ഏറ്റവും ഒടുവിൽ നടന്ന  അന്താരാഷ്ട്ര വിമാനയാത്ര സംബന്ധമായ ഒരു പ്രദർശനത്തിൽ കണ്ണൂരിന്റെ വരവ് സംബന്ധിച്ച ദൃശ്യങ്ങൾ ആവിഷ്കരിച്ചിരുന്നു. ഇതോടെയാണ് അന്താരാഷ്ട്ര വിമാനസർവീസുകൾക്ക് കണ്ണൂരും ഒരു നല്ല കേന്ദ്രമായി ബോധ്യപ്പെട്ടത്. ഇക്കാര്യം മന്ത്രി കെ. ബാബു തന്നെയാണ് പ്രഖ്യാപിച്ചത്. വടക്കൻ കേരളത്തെ സംബന്ധിച്ചിടത്തോളം കണ്ണൂർ വിമാനത്താവളത്തിന്റെ വരവ് ഒരു വഴിത്തിരിവ് തന്നെയാകും.

കണ്ണൂരിൽ വിമാനം ഇറങ്ങാൻ പോകുന്നു എന്ന പ്രഖ്യാപനം പ്രവാസലോകവും ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. കണ്ണൂർ, കാസർകോട്, ജില്ലക്കാർക്കും വടക്കേവയനാട്, വടകര താലൂക്കുകാർക്കുമൊക്കെ കണ്ണൂർ ഇനി സ്വന്തം വിമാനത്താവളമായി മാറും. കോഴിക്കോടിൽ നടന്നുവരുന്ന നവീകരണപ്രവർത്തനങ്ങൾ കണ്ണൂരിനാണ് ഗുണം ചെയ്തിരിക്കുന്നത് എന്നതും യാഥാർഥ്യമാണ്. ഉർവശീശാപം ഉപകാരമായി മാറി എന്നും പറയാം. കണ്ണൂരിൽ പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുകയാണ്. ഒരു വർഷത്തിനകം തന്നെ അന്താരാഷ്ട്ര സർവീസുകൾ അവിടെനിന്ന്  തുടങ്ങുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതിനായുള്ള അണിയറപ്രവർത്തനങ്ങൾ കാര്യമായി പുരോഗമിക്കുന്നുണ്ട്.

അതേസമയം ഉത്തരമലബാറിന്റെ ശാപമായി തുടരുന്ന റോഡുകളുടെ ശോച്യാവസ്ഥ വിമാനത്താവളത്തിന്റെ തിളക്കം കുറയ്ക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. പ്രവാസികളായ കണ്ണൂർ ജില്ലക്കാരുടെ സംഘടനയായ വെയ്ക്ക്  നാല് വർഷം മുമ്പ് ദുബായിൽ നടത്തിയ വികസന സെമിനാറിൽ ഏറ്റവും ശക്തമായി ഉന്നയിച്ച ഒരു വിഷയം റോഡുകളുടെ വികസനവും നവീകരണവുമായിരുന്നു. വിമാനത്താവളം യാഥാർഥ്യമാവുന്നതിന് മുമ്പ് തന്നെ റോഡുകൾക്കായുള്ള പ്രവർത്തനങ്ങൾ മുഴുമിപ്പിക്കണമെന്നും സെമിനാർ നിർദേശിച്ചിരുന്നു.  ഇപ്പോഴും റോഡുകളുടെ കാര്യത്തിൽ കണ്ണൂരിൽ കാര്യമായ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. സ്ഥലമെടുപ്പ് തന്നെ പ്രധാന തടസ്സം. നിലവിലുള്ള  റോഡുകൾ  വികസിപ്പിക്കാനും പുതിയ റോഡ് ഉണ്ടാക്കാനുമൊക്കെയായി നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. പക്ഷേ എല്ലാം എവിടെയൊക്കെയോ തട്ടിത്തടഞ്ഞ് നിൽക്കുന്നു. ചിലത് ഇഴഞ്ഞുനീങ്ങുന്നു. വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുൾപ്പെടെ വിമാനത്താവളം നിൽക്കുന്ന മട്ടന്നൂരിലേക്കുള്ള നിരവധി റോഡുകൾ നേരത്തെ തന്നെ വികസിപ്പിക്കാനായി സർക്കാർ കണ്ടെത്തിയിരുന്നു. പക്ഷെ വിമാനത്താവളം ഏതാണ്ട് പൂർത്തിയാവാറായിട്ടും റോഡ് പദ്ധതികൾ പലതും ഇപ്പോഴും കടലാസ്സിൽ തന്നെയാണ്. ഇതും പ്രവാസികളെ ഏറെ അലട്ടുന്നുണ്ട്. 

ദുബായിൽ നിന്ന് കോഴിക്കോട്ട് എത്താൻ മൂന്നര മണിക്കൂർ മതി. എന്നാൽ, നൂറോ നൂറ്റിയിരുപതോ കിലോമീറ്റർ ദൂരമുള്ള കണ്ണൂർ ജില്ലയിലെ സ്ഥലങ്ങളിലേക്ക് റോഡ് മാർഗം എത്താനും അത്രതന്നെ സമയം വേണ്ടിവരുന്നു എന്നത് ഏറെ പരിതാപകരമാണ. ഒരു ബൈപ്പാസ് റോഡ് കോഴിക്കോടിന് ഉണ്ടായിട്ടുപോലും ഇതാണ് സ്ഥിതി. എന്നാൽ, കണ്ണൂരിലാകട്ടെ അത്തരത്തിലുള്ള സൗകര്യങ്ങളുമില്ല. കണ്ണൂർ ബൈപ്പാസും തലശ്ശേരി ബൈപ്പാസുമൊക്കെ പതിറ്റാണ്ടുകളായി ചർച്ചചെയ്യുന്ന പദ്ധതികളാണ്. ഏതായാലും വിമാനത്താവളത്തിൽ കാണിക്കുന്ന താത്‌പര്യം റോഡുകളുടെ കാര്യത്തിലും ഇനിയെങ്കിലും ഉണ്ടാവണം. പ്രവാസികൾ ഇപ്പോൾ ആവശ്യപ്പെടുന്ന പ്രധാനകാര്യവും ഇതുതന്നെ. തിരഞ്ഞെടുപ്പ് ബഹളങ്ങളും വിവാദങ്ങളും ഒഴിഞ്ഞ് കണ്ണൂരിലുള്ളവർക്ക് ഇതിനെല്ലാം സമയം കിട്ടുമോ എന്ന് മാത്രമേ അറിയാനുള്ളു.