ലയാളിപ്രവാസികളെ സംബന്ധിച്ചിടത്തോളം കേരളത്തില്‍നിന്ന് വരുന്ന ഓരോഅതിഥിയും വിശേഷപ്പെട്ടവരാണ്. അത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവുമ്പോള്‍ ആവേശവും ആഹ്ലാദവും ആകാശംമുട്ടെയാവും. ഇത്തവണ പിണറായിയുടെ വരവ് മുഖ്യമന്ത്രിയെന്ന നിലയിലായിരുന്നു. പ്രവാസലോകത്തിന് പിണറായി വിജയന്‍ എന്ന ജനനേതാവ് ഏറെപരിചിതനാണ്. കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളായിരുന്നു മുന്‍ സന്ദര്‍ശനങ്ങളിലെല്ലാം പങ്കുവെച്ചതെങ്കില്‍ ഇത്തവണ പ്രവാസിവിഷയങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന പരിഷ്‌കാരങ്ങളെക്കുറിച്ചായിരുന്നു.

ഇടതുമുന്നണി സര്‍ക്കാറില്‍ പ്രവാസിക്ഷേമത്തിന്റെ ചുമതലവഹിക്കുന്നതും മുഖ്യമന്ത്രിതന്നെയാണ് എന്നതിനാല്‍ ഇത്തവണത്തെ വരവ് പ്രവാസലോകം ആശയോടെയും കൗതുകത്തോടെയുമാണ് വീക്ഷിച്ചത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രവാസികളുടെ വിഷയത്തില്‍ ചെയ്യാവുന്നകാര്യങ്ങള്‍ക്ക് പരിമിതികളുണ്ട്. പക്ഷേ ക്ഷേമപ്രവര്‍ത്തനങ്ങളിലും അവരുടെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാക്കാനും സംസ്ഥാനസര്‍ക്കാരിന് കഴിയും. ആ അന്തരീക്ഷം പാകമായിയെന്ന തോന്നലാണ് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ ആദ്യവിദേശയാത്ര സൃഷ്ടിച്ചത്. പല ആശയങ്ങളും മൂന്നുദിവസത്തെ കൂടിക്കാഴ്ചകളിലും സമ്മേളനങ്ങളിലും അദ്ദേഹം അവതരിപ്പിച്ചു. അവയില്‍ ചിലത് പ്രായോഗികതലത്തില്‍ എത്രമാത്രം വിജയകരമാവുമെന്ന് സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. എന്തായാലും ഒരു ആശയമെന്നനിലയില്‍ അവയെല്ലാം ഇനിയും ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയങ്ങളാണ്. അത്തരം ചര്‍ച്ചകളിലൂടെയാണ് ഓരോ പദ്ധതിയും വെളിച്ചംകണ്ടത് എന്നതിനാല്‍ ഈ ആശയങ്ങളെല്ലാം പ്രവാസലോകവും കേരളവും ഇനി ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാം.

enthapanachottilസാധാരണക്കാരായ പ്രവാസികള്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ ആയിരംരൂപയില്‍നിന്ന് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. അത് അയ്യായിരമെങ്കിലുമാക്കി കിട്ടണമെന്നും അതിനനുസരിച്ച് അംശാദായം വര്‍ധിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും പ്രവാസികള്‍ പറയുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം പിണറായി നടത്തുമെന്ന് വലിയപ്രചാരണം ഈ നാളുകളില്‍ ഉണ്ടായിരുന്നു. ആ നിര്‍ദേശം മുഖ്യമന്ത്രി തള്ളിക്കളഞ്ഞില്ല. എന്നാലത് പ്രഖ്യാപിക്കാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്. അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തിയ ഉടന്‍ മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഷാര്‍ജ സുല്‍ത്താനെ കേരളത്തില്‍ ക്ഷണിച്ചുകൊണ്ടുപോവാനായി മുന്‍വര്‍ഷങ്ങളിലും വലിയശ്രമങ്ങള്‍ നടന്നിരുന്നു. പക്ഷേ ഇത്തവണ പിണറായിയുടെ ക്ഷണം അദ്ദേഹംസ്വീകരിച്ചു. ലക്ഷക്കണക്കിന് മലയാളികളുള്ള ഷാര്‍ജയുടെ ഭരണാധിപതി കേരളത്തിലെത്തുന്നുവെന്നത് എല്ലാ മലയാളികള്‍ക്കും വിശേഷിച്ച് പ്രവാസികള്‍ക്ക് ഏറെ ആവേശം ഉണ്ടാക്കുന്ന കാര്യമാണ്. സ്വന്തമായിത്തന്നെ രണ്ടിലേറെ ഡോക്ടറേറ്റുകളുള്ള അറിവിന്റെ സുല്‍ത്താന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡിലിറ്റ് അത്ര ആവേശമുണ്ടാക്കുന്ന കാര്യമല്ല. പക്ഷേ കാലിക്കറ്റിനും കേരളത്തിനും അത് വലിയ നേട്ടവും ആദരവും അംഗീകാരവുമായിരിക്കും. ലോകത്തെങ്ങും സഞ്ചരിച്ച് ചരിത്രവുംശാസ്ത്രവും സാഹിത്യവുമെല്ലാം ഹൃദയത്തിലേക്ക് ആവാഹിക്കുന്ന അറിവിന്റെ നിറകുടമായ ശൈഖ് സുല്‍ത്താനെ കേരളത്തിലേക്ക് എത്തിക്കാന്‍ കഴിയുന്നുവെന്നത് മുഖ്യമന്ത്രിയുടെ ഈ സന്ദര്‍ശനത്തെ ഏറെ ഫലവത്താക്കുന്നു.

കുടുംബകേന്ദ്രങ്ങളെന്ന സങ്കല്‍പ്പമാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചിരിക്കുന്ന മറ്റൊരു ആശയം. ഈ രാജ്യത്തെ ഭരണാധികാരികള്‍ സ്ഥലം അനുവദിച്ചുകൊടുത്താല്‍ സ്വന്തമായിവീടുവെക്കാന്‍ കഴിയുന്നതാണ് ആശയം. കേരളത്തില്‍ ഹൗസിങ് സൊസൈറ്റികളെപ്പോലെ ഇവിടെ മലയാളികള്‍ചേര്‍ന്ന് താമസയിടങ്ങള്‍ പണിയുന്നതാണ് ആശയം. ഫലത്തില്‍ ഇത് റിയല്‍ എസ്റ്റേറ്റ് പരിപാടി ആയിപ്പോകുമോയെന്ന് സംശയിക്കുന്നവരും ഇവിടെയുണ്ട്. എന്തായാലും ആശയമെന്നനിലയില്‍ അത് നല്ലതുതന്നെ. പക്ഷെ എത്രമാത്രം സാധാരണക്കാര്‍ക്ക് ഇത് ഉപയോഗപ്പൈടുമെന്നോ എത്രപേര്‍ ആ പദ്ധതിയിലേക്ക് ആകര്‍ഷിക്കപ്പെടുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. മലയാളി റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് വിളയാടാനുള്ള പദ്ധതിയായി മാറുമോ എന്ന് ആക്ഷേപിക്കുന്നവരും ധാരാളം.

തൊഴില്‍സുരക്ഷയും തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് സുരക്ഷാ പാക്കേജുമൊക്കെ മുഖ്യമന്ത്രി വിഭാവനം ചെയ്യുന്നുണ്ട്. ഇവിടെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് മറ്റൊരുതൊഴില്‍ ലഭിക്കുന്നതുവരെയൊ ആറ്് മാസമോ വേതനം ലഭ്യമാക്കാനുള്ള പദ്ധതിവരുമെന്നാണ് മറ്റൊരു നിര്‍ദേശം. ഇത് ഗള്‍ഫിലെ വേതനമാണോ നാട്ടിലാണോ എന്ന കാര്യത്തിലൊന്നും വ്യക്തതയുണ്ടായിട്ടില്ല. പുനരധിവാസവും സര്‍ക്കാരിന്റെ മുഖ്യപരിഗണനയിലുണ്ട് എന്ന തോന്നല്‍ സൃഷ്ടിക്കാന്‍ ഈ പ്രഖ്യാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രവാസികളെക്കുറിച്ച് കരുതലുള്ള സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് തുടക്കം മുതല്‍പറഞ്ഞ പിണറായി ദുബായില്‍ വെള്ളിയാഴ്ച രാത്രി പൗരസ്വീകരണത്തിലും അത് ആവര്‍ത്തിച്ചു. ആ കരുതല്‍തന്നെയാണ് പ്രവാസലോകം ഉറ്റുനോക്കുന്നത്.

പുതുതായി കേരളത്തില്‍ രൂപംകൊള്ളാന്‍ പോകുന്ന പ്രവാസിമലയാളി നിക്ഷേപക സെല്‍ വികസനരംഗത്ത് കേരളത്തിന് വലിയകുതിച്ചുചാട്ടത്തിന് വഴിതുറക്കുമെന്ന് തന്നെയാണ് വിശ്വാസം. പ്രവാസികളുടെ നിക്ഷേപത്തിന് സര്‍ക്കാര്‍ സുരക്ഷിതത്വംനില്‍ക്കും എന്നത് തന്നെയായിരിക്കും ഈ പ്രസ്ഥാനത്തിലേക്ക് കൂടുതല്‍ നിക്ഷേപംവരാന്‍ ഇടയാക്കുന്ന ഘടകം. പ്രവാസലോകത്തെ മുന്‍നിര വ്യവസായികളെക്കൂടി ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന ഈ സെല്‍ പദ്ധതികള്‍ക്കെല്ലാം സമയബന്ധിതമായി അനുമതി നല്‍കും. നിക്ഷേപകര്‍ക്ക് ആവശ്യമായ ഉപദേശങ്ങളും നല്‍കും. കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് കിഫ്ബി പോലുള്ള സംവിധാനങ്ങള്‍കൂടി വരുന്നതോടെ വികസനരംഗത്ത് വലിയമുന്നേറ്റമാണ് കേരളം മുന്നില്‍കാണുന്നത്. എല്ലാം വേണ്ടവിധത്തില്‍ ഉപയോഗിക്കാനും അതിനെല്ലാം നേതൃത്വംനല്‍കാന്‍ മികച്ചസംവിധാനങ്ങളും ഉണ്ടായാല്‍ ഇതൊന്നും അപ്രാപ്യമല്ല. പിണറായി വിജയനില്‍ അത്തരം നേതൃത്വത്തെ എല്ലാവരും കാണുന്നു. ഇനി മുഖ്യമന്ത്രിയുടെ ഊഴമാണ്. ആശയങ്ങളെല്ലാം പ്രഖ്യാപനങ്ങള്‍ മാത്രമായി പോകാതെ നോക്കേണ്ട ഉത്തരവാദിത്വമാണ് അദ്ദേഹത്തിനുള്ളത്. ചെയ്യാന്‍ കഴിയുന്നതേ പറയൂ, പറയുന്നത് ചെയ്യും എന്നാണ് ഏത് യോഗത്തിലും മുഖ്യമന്ത്രിയെ പരിചയപ്പെടുത്തുന്നവര്‍ പറയുന്നത്. അത് സത്യമാണെന്ന് പ്രവാസികളെ ബോധ്യപ്പെടുത്താന്‍ ഇനിയുള്ള ദിവസങ്ങള്‍ അദ്ദേഹം വിനിയോഗിക്കുമെന്ന് തന്നെ പ്രത്യാശിക്കാം.