: ഞെട്ടലോടെയാണ് പ്രവാസലോകം വെള്ളിയാഴ്ച രാത്രി കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ വിമാനാപകട വാർത്ത കേട്ടത്. അതുപിന്നെ മുറവിളികൾക്കും വിതുമ്പലുകൾക്കും ദീർഘനിശ്വാസങ്ങളിലേക്കും മാറുകയായിരുന്നു. എത്രയോ ഉറ്റവർ, അടുത്ത കൂട്ടുകാർ, ബന്ധുക്കൾ. ഉച്ചയോടെ ദുബായ് വിമാനത്താവളത്തിൽനിന്ന് കൈവീശി യാത്രപറഞ്ഞവരിൽ ചിലരാണ് ഉറ്റവരെ അവസാനമായി കാണാനാവാതെ വിടപറഞ്ഞത്. ചിലർ പരിക്കുകളോടെ ആശുപത്രികളിൽ കിടക്കുന്നു. ഓരോ മരണവും സൃഷ്ടിക്കുന്ന വേദനയും നഷ്ടങ്ങളും ആരും ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമല്ല. മംഗളൂരു വിമാനത്താവളത്തിൽ വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ വിമാനാപകടത്തിന്റെ നീറ്റൽ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അതിന് പിന്നാലെ ഇതാ കോഴിക്കോട്ടും. വിമാനത്തിന്റെ പൈലറ്റ് സ്വന്തം ജീവൻ നോക്കാതെ നടത്തിയ പരിശ്രമങ്ങളാണ് ഒരു തീഗോളമായി മാറിയേക്കാവുന്ന ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. അത്രയെങ്കിലും ആശ്വസിക്കാൻ അത് കാരണമായി. പൈലറ്റുമാരുടെ രക്തസാക്ഷിത്വം വാഴ്ത്തപ്പെടുന്നതും അതുകൊണ്ടുതന്നെ.

സാമ്പത്തിക പ്രതിസന്ധികളും കോവിഡും സൃഷ്ടിച്ച ആഘാതത്തിൽനിന്ന് പ്രവാസികൾ ഇപ്പോഴും മോചിതരായിട്ടില്ല. കോവിഡ് ഭീതി അവസാനിച്ചുവെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും അത് പ്രവാസികളുടെ ജീവിതത്തിൽ സൃഷ്ടിച്ച മുറിവുകൾ ഇപ്പോഴും ശേഷിക്കുന്നു. ഒട്ടേറെപ്പേർക്ക് ജോലി നഷ്ടമായി. വലിയൊരു വിഭാഗത്തിന്റെ വേതനം വെട്ടിക്കുറയ്ക്കപ്പെട്ടു. സന്ദർശക വിസയിൽ എത്തി തൊഴിൽ നേടാൻ ശ്രമിച്ച ആയിരങ്ങളാണ് ഒന്നും ശരിയാവാതെ നിരാശയോടെ മടങ്ങുന്നത്. മറ്റൊരു വിഭാഗമാകട്ടെ തത്കാലത്തേക്കെങ്കിലും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പെട്ടികൾ കെട്ടി. അവരുടെ ഒഴുക്ക് ഇപ്പോഴും തുടരുന്നു. കുറെപ്പേർ കുടുംബങ്ങളെ നാട്ടിലേക്ക് അയച്ച് എങ്ങനെയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കാൻ ബാച്ചിലർ റൂമുകളിലെ ബെഡ് സ്‌പെയിസുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ നടത്തിവന്നിരുന്ന അനേകം പേർ ഇനി എന്ത് എന്നറിയാതെ ഇപ്പോഴും ഭാഗ്യരേഖ തേടി ഇവിടെ അലയുന്നു. ഇത്തരത്തിൽ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് പ്രവാസികൾ കടന്നുപോകുന്നത്. സമ്പന്നതയിൽ അഭിരമിക്കുന്നവർക്കുപോലും ഇത് പ്രതിസന്ധിയുടെയും പ്രയാസങ്ങളുടെയും നാളുകളാണ്. നാളെ എന്ത് എന്ന ചോദ്യവും ആശങ്കയും എല്ലാ തലത്തിലും ജീവിക്കുന്ന വലിയൊരു വിഭാഗം പ്രവാസികളെ അലട്ടുന്നുണ്ട്. ഈ പ്രതിസന്ധി നേരിടുന്നവരും ആശങ്കപ്പെടുന്നവരും തന്നെയായിരുന്നു അപകടത്തിൽപെട്ട വിമാനത്തിലെ യാത്രികരിൽ ഏറെയും.

ഓരോ യാത്രക്കാരനും ഓരോ കുടുംബത്തിന്റെ അത്താണിയായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാർഥ കാരണങ്ങളും ആശ്വാസത്തിന്റെ പൂർണ വിവരങ്ങളും ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഓരോ അപകടവും കുറെ ചോദ്യങ്ങൾ അവശേഷിപ്പിക്കാറുണ്ട്. കരിപ്പൂരിന്റെ കാര്യവും വ്യത്യസ്തമല്ല. ആ ചോദ്യങ്ങളും അതിനെക്കുറിച്ചുള്ള വിവാദങ്ങളും കുറച്ചുകാലമെങ്കിലും ഇനി സജീവമായി നിൽക്കും. അപ്പോഴും മരിച്ചവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ നഷ്ടം തോരാത്ത കണ്ണീരായി അവശേഷിക്കുകതന്നെ ചെയ്യും.

കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളം ഇന്നും വലിയൊരു വിഭാഗം ജനങ്ങൾക്ക് ഒരു വികാരമാണ്. ആദ്യമായി കരിപ്പൂരിൽ വിമാനം ഇറങ്ങിയതുമുതലുള്ള കൗതുകം ഇപ്പോഴും ആ നാട്ടുകാരിൽ അവശേഷിക്കുന്നുണ്ട്. കോവിഡ് കാലമായതിനാൽ അവിടെ പതിവ് തിരക്കുകളില്ല. എങ്കിലും സ്വന്തം വിമാനത്താവളം എന്നൊരു തോന്നൽ എന്നും കരിപ്പൂർ അവശേഷിപ്പിച്ചിട്ടുണ്ട്. ആ പദ്ധതി യാഥാർഥ്യമാക്കിയെടുക്കുന്നതിൽ വലിയൊരു ജനവിഭാഗം ഏറെ പരിശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെ നടക്കുന്ന എന്തും വലിയ ജനശ്രദ്ധ നേടാറുമുണ്ട്. അപകട സാധ്യതയുള്ള ഭൂപ്രദേശം എന്നരീതിയിലാണ് കരിപ്പൂരിലെ വിമാനത്താവളത്തെ പലപ്പോഴും വിശേഷിപ്പിച്ചിട്ടുള്ളത്. റൺവേ വലുതാക്കാനും അനുബന്ധ സൗകര്യങ്ങൾ വിപുലീകരിക്കാനും മുന്നൂറോളം ഏക്കർ ഭൂമി ഏറ്റെടുത്തുനൽകണം എന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം പത്തു വർഷത്തിലേറെയായിട്ടും യാഥാർഥ്യമായിട്ടില്ല. സ്ഥലം വിട്ടുകൊടുക്കാൻ ദേശവാസികളും ഏറ്റെടുക്കുന്നതിലെ പ്രായോഗിക വിഷമതകൾ സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും ഇടയ്ക്കിടെ ആവർത്തിക്കാറുണ്ട്. പ്രാദേശികമായി ഉയരുന്ന എതിർപ്പ് അവഗണിക്കാൻ ആരും തയ്യാറാവുന്നുമില്ല. ന്യായമായ പുനരധിവാസ പാക്കേജ് കിട്ടാത്തതാണ് പ്രശ്‌നമെന്ന് നാട്ടുകാരും ആരോപിക്കുന്നു. വാദപ്രതിവാദങ്ങൾ ഇങ്ങനെ തുടരുന്നതിനാൽ തന്നെയാണ് റൺവേ നീളംകൂട്ടൽ എന്ന പ്രക്രിയ ഇപ്പോഴും ഫയലുകളിൽ ഉറങ്ങുന്നത്. നവീകരണത്തിന്റെ പേരിൽ ഏറെക്കാലം വിമാനത്താവളം അടച്ചിട്ടപ്പോൾ സേവ് കരിപ്പൂർ എയർപോർട്ട് എന്ന പേരിൽ വലിയ ജനകീയ മുന്നേറ്റം മലബാറിൽ ഉയർന്നിരുന്നു. വലിയ വിമാനങ്ങൾക്കുപോലും ഇറങ്ങാൻ തടസ്സമില്ലെന്ന നിലയിലേക്ക് നവീകരണ പ്രവർത്തനം വിപുലീകരിക്കാൻ കഴിഞ്ഞതും ആ മുന്നേറ്റത്തിന്റെ ഫലമാണ്. പക്ഷേ, ഇപ്പോഴും കാതലായ ചില പ്രശ്നങ്ങൾ അവിടെ നിലനിൽക്കുന്നു.

ഈ പ്രശ്നങ്ങൾക്കിടയിൽതന്നെയാണ് നാട്ടുകാർ കൈമെയ് മറന്ന് വെള്ളിയാഴ്ച രാത്രി രക്ഷാപ്രവർത്തനത്തിനായി ഓടിക്കൂടിയത്. കിട്ടിയ വാഹനങ്ങളുമായി എത്തിയ അവരാണ് ചോരയൊലിപ്പിച്ചു കിടന്ന മനുഷ്യരെ ഒട്ടും വൈകാതെ ആശുപത്രികളിൽ എത്തിച്ചത്. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമായിരുന്നു അത്. പോലീസോ അഗ്നിശമന സേനക്കാരോ പറയാതെ തന്നെയായിരുന്നു ആ സന്നദ്ധപ്രവർത്തനം. കനത്ത മഴയോ കോവിഡ് പേടിയോ കൺടെയ്‌ൻമെന്റ് സോൺ എന്നതോ ഒന്നും അവർക്ക് വിഷയമായിരുന്നില്ല. പ്രാണനുവേണ്ടിയുള്ള നിലവിളികൾ മാത്രമായിരുന്നു അവർക്കു മുന്നിലുണ്ടായിരുന്നത്. പരിക്കേറ്റവരെയെല്ലാം ആശുപത്രികളിൽ എത്തിക്കാനും ആവശ്യമുള്ളവർക്ക് രക്തം നൽകാനുമായി അവർ ക്യൂനിന്നു. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർക്കെല്ലാം അത് ഉറക്കമോ വിശ്രമമോ ഇല്ലാത്ത രാത്രിയായിരുന്നു. ഇതുതന്നെയാണ് അപകടത്തിലെ മരണസംഖ്യ ഇത്രയും പരിമിതപ്പെടാനുണ്ടായ പ്രധാന കാരണവും. എത്ര പ്രശംസിച്ചാലും തീരുന്നില്ല അവരോടുള്ള കടപ്പാടും നന്ദിയും. ആ മാനവികതയും മനുഷ്യപ്പറ്റും എന്നും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കാം. ഇനിയും ഒരു ദുരന്തത്തിന് കാത്തുനിൽക്കാതെ വിമാനത്താവളത്തിന്റെ പരിമിതികളും അപകടസാധ്യതകളും മറികടക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ ദുരന്തം ആ പ്രവർത്തനത്തിന് ഒരു നിമിത്തമായതായിരിക്കാം. മണ്ണോട് ചേർന്നവർക്കായി കണ്ണീർപുഷ്പങ്ങൾ.