എന്തായാലും കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ യു.എ.ഇ. സന്ദർശനം വി. മുരളീധരൻ മോശമാക്കിയില്ല. കൃത്യമായ മറുപടികളുമായും കൂടുതൽ നിർദേശങ്ങൾ ക്ഷണിച്ചുമെല്ലാം ദുബായിലെ എല്ലാ പരിപാടികളിലും അദ്ദേഹം സദസ്സിനെ കൈയിലെടുത്തു.

രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിലെ ഒരംഗത്തിന്റെ ആദ്യ സന്ദർശനം കൂടിയായിരുന്നു ഇത്. രണ്ടാഴ്ചമാത്രം പ്രായമായ മന്ത്രിസഭയിലെ ഒരു സുപ്രധാന വകുപ്പിന്റെ സഹമന്ത്രി എന്നനിലയിൽ വിഷയങ്ങളെല്ലാം കുറെയൊക്കെ അദ്ദേഹം പഠിക്കുന്നു എന്നൊരു തോന്നലുണ്ടാക്കാൻ മുരളീധരന് കഴിഞ്ഞു എന്നതാണ് സുപ്രധാനമായ കാര്യം.

വിദ്യാർഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ മുരളീധരന്റെ മന്ത്രി പദവിയിലെ ആദ്യഊഴമാണിത്. അതുകൊണ്ടുതന്നെ എല്ലാവരും, വിശേഷിച്ച് പ്രവാസികൾ ആകാംക്ഷയോടെയാണ് അദ്ദേഹത്തിന്റെ സന്ദർശനത്തെ നോക്കിക്കണ്ടത്.

ലേബർ ക്യാമ്പിലെ തൊഴിലാളികളോടും താജ് ഹോട്ടലിൽ സമ്മേളിച്ച വാണിജ്യ- പ്രൊഫഷണൽ രംഗങ്ങളിലെ പ്രമുഖരുമായും പിന്നീട് ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യൻ സമൂഹവുമായെല്ലാം സംവദിക്കുമ്പോൾ ഉയർന്നുവന്നത് ഏതാണ്ടെല്ലാം പ്രവാസികൾ നിരന്തരം ഉന്നയിക്കുന്ന വിഷയങ്ങൾ തന്നെയായിരുന്നു. പലതും പറഞ്ഞുപറഞ്ഞു പതംവന്ന സ്ഥിതിയിലാണ്. എന്നാൽ ആവശ്യക്കാരന് ഔചിത്യം ഇല്ലെന്നതിനാൽ പ്രവാസി ഇത് പറഞ്ഞുകൊണ്ടേയിരിക്കും. ഇത്തവണയും ഏറ്റവും കൂടുതൽപേർ ഉന്നയിച്ചത് വിമാനടിക്കറ്റ് നിരക്കിലെ വർധനയായിരുന്നു.

പാവപ്പെട്ടവനും സമ്പന്നനുമെല്ലാം ഇത് എത്രയോ കാലമായി ഉന്നയിക്കുന്ന വിഷയമാണ്. ഇക്കാര്യം വിശദമായിത്തന്നെ കേന്ദ്ര വ്യോമയാന മന്ത്രിയുമായി ചർച്ചചെയ്യുമെന്ന ഉറപ്പായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്ക് നൽകാനുണ്ടായിരുന്നത്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ നിലപാട് ശരിയാണുതാനും. എങ്കിലും മുമ്പ് എത്തിയ മന്ത്രിമാരുടെ പതിവ് പല്ലവികളിൽ കവിഞ്ഞൊരു ആത്മാർഥത ഇക്കാര്യത്തിൽ മുരളീധരന്റെ ശരീരഭാഷയിലും വാക്കുകളിലും ഉണ്ടായിരുന്നു എന്നത് പ്രതീക്ഷ നൽകുന്നതുതന്നെയാണ്.

ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള വ്യോമ കരാർ പുതുക്കേണ്ടതിന്റെ ആവശ്യവും അദ്ദേഹം തിരിച്ചറിഞ്ഞു.

Eenthappanachottilഎമിറേറ്റ്‌സിന്റെ മേധാവികൾ ഇക്കാര്യം കൃത്യമായി മന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു. ഇതേസമയം തന്നെയാണ് ഡൽഹിയിൽ യു.എ.ഇ. യുടെ ഇന്ത്യയിലെ അംബാസഡർ കേന്ദ്രവ്യോമയാന സഹമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതും. അദ്ദേഹവും തുടർ നടപടികളുണ്ടാവുമെന്ന ഉറപ്പാണ് യു.എ.ഇ. പ്രതിനിധിക്ക് നൽകിയത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇക്കാര്യങ്ങളിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് പുനഃപരിശോധന ഉണ്ടാവുമെന്ന് തന്നെയാണ്. ഇപ്പോൾ ആവശ്യക്കാർ ഏറെയുള്ള വിപണിയിൽ ആവശ്യത്തിന് വിമാനസീറ്റുകളില്ല എന്നതാണ് യു.എ.ഇ.യിലെയും ഇന്ത്യയിലെയും അവസ്ഥ. യു.എ.ഇ. ഈ കരാർ പുതുക്കാൻ എപ്പോഴേ ഒരുക്കമാണ്. ഇനി ഇന്ത്യയുടെ സമ്മതം കൂടിയായാൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവും.

കൂടുതൽ വിമാനസീറ്റുകൾ വരുന്നതോടെ അമിതമായ വിലക്കയറ്റം കുറയുമെന്നതാണ് യാഥാർഥ്യം. കരാർ പുതുക്കുന്നതിന് ഇന്ത്യയ്ക്ക് ഇപ്പോഴും ചില പരിമിതികളുണ്ടെന്നാണ് സംസാരം. എന്തായാലും അടിയന്തരമായി ഈ വിഷയത്തിൽ ഒരു അനുകൂലതീരുമാനം ഉണ്ടാവുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന് അതൊരു തിരിച്ചടിയാവും- ആശ്വാസവാക്കുകൾ നൽകിയ മന്ത്രിക്കും.

ആധാർ കാർഡ്, പ്രവാസിയുടെ വോട്ടവകാശം, തൊഴിൽ തേടിയെത്തുന്നവരുടെ നൈപുണ്യ വികസനം, നാട്ടിലേക്ക് പോകാൻ നിർബന്ധിക്കപ്പെടുന്നവരുടെ പുനരധിവാസം, വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ ചൂഷണം എന്നിങ്ങനെ വിവിധ പ്രശ്നങ്ങളാണ് പതിവ് പോലെ കേന്ദ്രമന്ത്രിക്ക് മുന്നിൽ ഉയർന്നുവന്നത്. ഇക്കാര്യത്തിലെല്ലാം സമയോചിതമായ മറുപടികൾ നൽകാനും അദ്ദേഹത്തിനായി. നയപരമായ ചില കാര്യങ്ങൾ കൂടുതൽ വിശദീകരിക്കാൻ കോൺസൽ ജനറലിനെ ചുമതലപ്പെടുത്തിയതും ശ്രദ്ധേയമായി.

രണ്ടാഴ്ചമാത്രം പരിചയമുള്ള ഒരു പുതുമുഖമന്ത്രിക്ക് ചില വിഷയങ്ങളിൽ അഭിപ്രായം പറയാൻ പരിമിതിയുണ്ടെന്നും എല്ലാം അറിയുന്ന, പ്രതികരിക്കേണ്ട ആളാണ് മന്ത്രിയെന്ന തോന്നൽ തനിക്കില്ലെന്ന തുറന്നുപറച്ചിലും സദസ്സിന് ബോധിച്ചെന്ന് തുടർപ്രതികരണങ്ങൾ വ്യക്തമാക്കിയിരുന്നു.

സുഷമാ സ്വരാജ് എന്ന മികച്ച മന്ത്രി കൈകാര്യംചെയ്ത വകുപ്പിലാണ് മലയാളിയായ മുരളീധരൻ എത്തിയിരിക്കുന്നത്. നയതന്ത്ര വിദഗ്ധനായ എസ്. ശിവശങ്കറിന് കീഴിലുള്ള ഈ പദവി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വലിയ അവസരങ്ങളാണ് നൽകിയിരിക്കുന്നത്.

ഇന്ത്യക്ക് പുറത്തുള്ള പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവും പ്രയാസങ്ങളുമെല്ലാം നോക്കിനടത്താൻ മുരളീധരന് കഴിയണം. ലോകം മുഴുക്കെ തന്നെ നോക്കുന്നു എന്ന തോന്നൽ പുതിയ മന്ത്രിക്കുണ്ടാവണം. അത്തരത്തിൽ ശരിയായ ഗൃഹപാഠം നടത്തി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മുരളീധരന് കഴിയുമെന്ന് പ്രത്യാശിക്കാം.