ദിവസങ്ങളായി പ്രളയക്കെടുതിയിൽ തളർന്നുപോയ കേരളത്തിനും ലോകമെങ്ങുമുള്ള മലയാളികൾക്കും ആശ്വാസത്തിന്റെ കുളിർമഴയായിരുന്നു ആ വാക്കുകൾ. ഒരു ജനതയുടെ മുഴുവൻ ഹൃദയത്തിലേക്ക് പ്രതീക്ഷകളുടെയും സമാശ്വാസത്തിന്റെയും കുളിർമഴയായി പെയ്തിറങ്ങിയതായിരുന്നു പെരുമഴയിലെ പ്രളയത്തിനിടയിലുള്ള ആ വാക്കുകൾ. യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെള്ളിയാഴ്ച രാത്രി ട്വിറ്ററിൽ കേരളത്തിനായി പങ്കുവെച്ച വാക്കുകൾ മാത്രം മതി ഈ മണ്ണിൽ മലയാളിക്കും ഇന്ത്യക്കാരനും തല ഉയർത്തി നിൽക്കാൻ.

യു.എ.ഇ.എന്ന പോറ്റമ്മ നാട്ടിന്റെ നിർമിതിയിൽ മലയാളികൾ നൽകിയ സേവനത്തിനുള്ള അംഗീകാരം കൂടിയായി ആ വാക്കുകൾ. ലോകത്തോട് കേരളത്തിന് വേണ്ടി സഹായം ആവശ്യപ്പെട്ട ശൈഖ് മുഹമ്മദ് നൽകിയ സന്ദേശം സെബർ ഇടങ്ങളിൽ പങ്കുവെക്കാത്ത മലയാളികൾ ഉണ്ടാവില്ല. എന്തുകൊണ്ട് ഈ രാജ്യവും ഭരണാധികാരികളും ഇന്ത്യക്കാരനും മലയാളിക്കും എത്രമാത്രം പ്രിയങ്കരമാകുന്നു എന്നതിന് ഇനിയും വേറെ വാക്കുകളോ ഉദാഹരണങ്ങളോ തിരയേണ്ടതുമില്ല.

‘സഹോദരീ സഹോദരന്മാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവുംമാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു. ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായഹസ്തം നീട്ടാൻ മറക്കരുത്’- ട്വിറ്റർ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. തീർന്നില്ല, ഇതാ അദ്ദേഹത്തിന്റെ വാക്കുകൾ...
ദുരിതബാധിതരെ സഹായിക്കാൻ യു.എ.ഇ.യും ഇന്ത്യൻ സമൂഹവും ഒരുമിച്ച് പ്രവർത്തിക്കും. അടിയന്തര സഹായം നൽകാൻ ഞങ്ങൾ ഒരു സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ ഏവരോടും ഞങ്ങൾ അഭ്യർഥിക്കുന്നു. യു.എ.ഇ.യുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അൽ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദർഭത്തിൽ.. ‘കേരളത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങളുടെ ചിത്രങ്ങൾ സഹിതമാണ് ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലുമെല്ലാമായി ശൈഖ് മുഹമ്മദിന്റെ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചത്.

കേരളത്തിന് സഹായം എത്തിക്കാനായി യു.എ.ഇ.പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ തന്നെ ഒരു പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചതായി അറിയിച്ചതും ഇതിനൊപ്പമായിരുന്നു. ആദ്യം കേരളത്തിന്റെ അവസ്ഥയിൽ ദുഖം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹവും ശൈഖ് മുഹമ്മദും ഉൾപ്പെടെയുള്ള യു.എ.ഇ. രാഷ്ട്രനേതാക്കൾ ഇന്ത്യയുടെ രാഷ്ട്രപതിക്ക് സന്ദേശം അയച്ചിരുന്നു. ഇന്ത്യയുമായും മലയാളികളുമായും യു.എ.ഇ എന്ന രാജ്യവും അതിന്റെ നേതാക്കളും കാണിക്കുന്ന സൗഹൃദത്തിന്റെയും താത്പര്യത്തിന്റെയും ഉദാഹരണം കൂടി തന്നെയായിരുന്നു അത്.

ഇതിനൊപ്പം തന്നെ പെട്ടെന്ന് നാല് കോടി രൂപ സഹായം പ്രഖ്യാപിച്ച ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നടപടിയും പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. കേവലം പ്രഖ്യാപനമോ ആഹ്വാനവും മാത്രമായിരുന്നില്ല ഇതൊന്നും. യു.എ.ഇ.റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ പെട്ടെന്ന് തന്നെ കേരളത്തിനായി ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളെ കൂടി സഹകരിപ്പിച്ചാണ് കേരളത്തിനായുള്ള സഹായം ക്രോഡീകരിക്കുന്നത്. യു.എ.ഇയിലെ ടെലികോം ദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവ വഴി 200 ദിർഹത്തിൽ കുറയാത്ത സഹായം എത്തിക്കാനുള്ള പ്രഖ്യാപനങ്ങളും വന്നുകഴിഞ്ഞു. മലയാളിയും കേരളവും യു.എ.ഇ. ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് കാണിക്കുന്ന ചില ചിത്രങ്ങൾ മാത്രമാണിത്. അതാകട്ടെ ഈ രാജ്യത്തിന്റെ ഭരണാധികാരികൾ തന്നെ ലോകത്തോട് വിളിച്ചുപറയുമ്പോൾ അത് ലോകത്തെ തന്നെ മഹനീയമായ മാതൃകകളിൽ ഒന്നാകുന്നു.

യു.എ.ഇ.എന്ന പോറ്റമ്മ നാട്ടിന്റെ ഓരോ തുടിപ്പിലും മലയാളിയുടെ വിയർപ്പും നിശ്വാസവുമുണ്ട്. മലയാളിയുടെയും കേരളത്തിന്റെയും ചിത്രങ്ങൾ മാറ്റിവരച്ചതിൽ യു.എ.ഇ.ഉൾപ്പെടെയുള്ള ഗൾഫ് നാടുകളുടെ പങ്ക് വലുതാണ്. കേരളത്തിന്റെ ജനജീവിതത്തിൽ പ്രവാസികൾക്കും ഗൾഫ് രാജ്യങ്ങൾക്കും ഉള്ള പങ്കിനെക്കുറിച്ച് പറയേണ്ടതുമില്ല. അത്തരത്തിൽ നമ്മുടെ സ്വന്തമെന്ന മട്ടിലാണ് ഈ രാജ്യത്തെയും അവിടത്തെ ഭരണാധികാരികളെയും പ്രവാസികൾ നെഞ്ചോട് ചേർത്തുപിടിക്കുന്നത്. അതിന് ഇതാ പുതിയൊരു കാരണം കൂടിയായിരിക്കുന്നു. സ്നേഹവും സഹതാപവും തുടിക്കുന്ന ശൈഖ് മുഹമ്മദിന്റെ വാക്കുകൾ മലയാളിയുടെ ഹൃദയങ്ങളെ കീഴടക്കിയിരിക്കുന്നു. ശൈഖ് ഖലീഫയുടെ പ്രഖ്യാപനം ഹൃദയത്തിലാണ് തൊട്ടത്. അതുകൊണ്ടാണ് മലയാളികൾ ഒരേ സ്വരത്തിൽ പറയുന്നത്....ഹിസ് ഹൈനസ്..ഇതാ താങ്കളെ ഞങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നു...താങ്കൾ ഞങ്ങളുടെ ഹൃദയത്തിലുണ്ട്. നന്ദി. കേവലം ഉപചാരമല്ല ആ വാക്കുകളെന്ന് എല്ലാവർക്കും നെഞ്ചിൽ കൈവെച്ചുതന്നെ പറയാനുമാവും.