ണ്ണൂരിലൊരു വിമാനത്താവളത്തിനായി നടത്തിയ ശ്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. എണ്‍പതുകളുടെ അവസാനം ചെറിയമട്ടില്‍ ആരംഭിച്ച പ്രക്ഷോഭ, ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇപ്പോള്‍ മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. പറക്കാന്‍ കൊതിക്കുന്ന കണ്ണൂര്‍, ചിറക് തേടുന്ന കണ്ണൂര്‍ എന്നീ മുദ്രാവാക്യങ്ങളോടെ ആരംഭിച്ച വിമാനത്താവളത്തിനായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഒടുവില്‍ എത്തി നില്‍ക്കുന്നത് പറക്കാനൊരുങ്ങുന്ന കണ്ണൂര്‍ എന്ന സന്തോഷകരമായ സന്ദേശത്തിലാണ്.

അതേ, കണ്ണൂര്‍ പറക്കാനൊരുങ്ങിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് കേവലം അഞ്ച് ശതമാനം പണികളാണ്. ചില്ലറ മിനുക്കുപണികളും. കനത്ത മഴ അല്പം തടസ്സമായെങ്കിലും സെപ്റ്റംബറിലോ ഒക്ടോബറിലോ വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുമെന്ന വിശ്വാസത്തിലാണ് എല്ലാവരും. നേരത്തെ ഒരു ഉദ്ഘാടനം നടന്ന കാര്യം തത്കാലം നമുക്ക് മറക്കാം. എന്തായാലും നാടിന്റെ ഉത്സവമായിത്തന്നെ ആ ഉദ്ഘാടനം കാത്തിരിക്കുകയാണ് എല്ലാവരും. അതിന് പിന്നാലെ അന്താരാഷ്ട്ര വിമാന സര്‍വീസുകളും ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

എന്നാല്‍ ആദ്യഘട്ടത്തില്‍ യു.എ.ഇ.യില്‍ അബുദാബിയിലേക്ക് മാത്രമേ കണ്ണൂരില്‍നിന്ന് സര്‍വീസ് ആരംഭിക്കുകയുള്ളു എന്നത് പ്രവാസലോകത്ത് ചെറിയ നിരാശ ഉണ്ടാക്കിയിട്ടുണ്ട്.

Eenthappanachottilഅബുദാബിക്ക് പുറമെ റിയാദ്, ദോഹ എന്നിവയാണ് ഇപ്പോള്‍ കണ്ണൂര്‍ സര്‍വീസ് പ്രതീക്ഷിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ പുനരാലോചന ഉണ്ടാവുമെന്ന വിശ്വാസത്തിലാണ് ദുബായിലെയും ഷാര്‍ജയിലെയുമെല്ലാം പ്രവാസികള്‍. അതിന് കാരണവുമുണ്ട്. കണ്ണൂരില്‍ വിമാനത്താവളം യാഥാര്‍ഥ്യമാവാനായി എത്രയോ കൂടിയാലോചനകള്‍ക്കും സമ്മര്‍ദ തന്ത്രങ്ങള്‍ക്കും വേദിയായത് ദുബായിയായിരുന്നു. നിരവധി സെമിനാറുകള്‍, ചര്‍ച്ചകള്‍, നിവേദനങ്ങള്‍...കണ്ണൂരില്‍ നടന്ന എല്ലാ പ്രക്ഷോഭങ്ങള്‍ക്കും ഇന്ധനവും ഊര്‍ജവും നല്‍കിയത് ദുബായിലും ഷാര്‍ജയിലുമുള്ള നിരവധി സംഘടനകളും പ്രവര്‍ത്തകരുമായിരുന്നു. അവര്‍ക്കാണ് പുതിയ പ്രഖ്യാപനത്തില്‍ ഏറെ നിരാശയും.  

കേന്ദ്രവ്യോമയാന മന്ത്രിയാണ് കണ്ണൂരില്‍നിന്ന് മൂന്ന് വിദേശ സര്‍വീസുകള്‍ അധികം വൈകാതെ ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് മലയാളികള്‍ ധാരാളമുള്ള എല്ലാ ഗള്‍ഫ് നാടുകളിലേക്കും വിമാനസര്‍വീസ് ആരംഭിക്കണമെന്ന് എല്ലാ പ്രവാസി സംഘടനകളും ഒരേസ്വരത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അതിനിടയിലാണ് അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിനും ജെറ്റ് എയര്‍വെയ്‌സിനും അനുമതി നല്‍കിയതായുള്ള അറിയിപ്പ് വരുന്നത്. ഇതാണ് ദുബായിലെയും ഷാര്‍ജയിലെയും പ്രവാസികളെ നിരാശയിലാക്കുന്നത്.  
ദുബായില്‍നിന്നും ഷാര്‍ജയില്‍നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് വേണമെന്ന ആവശ്യക്കാര്‍ ആയിരക്കണക്കിനുണ്ട്. യു.എ.ഇ. യില്‍ മലയാളികളുടെ വലിയ സാന്നിധ്യമുള്ള രണ്ട് എമിറേറ്റുകള്‍ എന്ന നിലയിലാണ് ദുബായിയും ഷാര്‍ജയും അറിയപ്പെടുന്നത്. അബുദാബിക്കൊപ്പം തന്നെ ദുബായിലേക്കും ഷാര്‍ജയിലേക്കും സര്‍വീസ് വേണമെന്നതാണ് എല്ലാവരുടെയും ആവശ്യം. യു.എ.ഇ. യില്‍ താമസിക്കുന്നവരെപ്പോലെ തന്നെ ആയിരക്കണക്കിന് വിനോദസഞ്ചാരികളും ഇപ്പോള്‍ യു.എ.ഇയില്‍ സന്ദര്‍ശനത്തിനായി എത്തുന്നുണ്ട്. ഇവരില്‍ ഏറെപ്പേര്‍ക്കും സൗകര്യം ദുബായിയോ ഷാര്‍ജയോ ആയിരിക്കുമെന്നിരിക്കെ രണ്ട് വിമാനത്താവളങ്ങളെയും ഒഴിവാക്കുന്നതിലാണ് എല്ലാവരുടെയും ആശങ്ക. ഇതിനകം തന്നെ കണ്ണൂരിലും ദുബായിലുമെല്ലാം ഇതിനെതിരേ ചെറിയ ശബ്ദങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. കൂടുതല്‍ പ്രവാസികള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തിലായിരിക്കണം സര്‍വീസുകള്‍ ക്രമീകരിക്കേണ്ടതെന്ന ആവശ്യമാണ് അവരെല്ലാം മുന്നോട്ടുവെക്കുന്നത്. ഈ ശബ്ദം കൂടുതല്‍ ഉറക്കെ, ദൃഢമായി ഉയരേണ്ടതുണ്ട്. ദുബായ് ഇന്ന് വലിയ ടൂറിസ്റ്റ് കേന്ദ്രമായാണ് കേരളത്തിലും ഇന്ത്യയിലും അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രവാസികള്‍ക്കും സഞ്ചാരികള്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ സര്‍വീസുകളുടെ കാര്യത്തില്‍ ദുബായിയെയും ഷാര്‍ജയെയും കണ്ണൂരിലെ വിദേശ സര്‍വീസുകളില്‍ ഉള്‍പ്പെടുത്തണമെന്നതാണ് എല്ലാവരും ആവശ്യപ്പെടുന്നത്. ആ ആവശ്യം കൂടുതല്‍ കരുത്തോടെ ഡല്‍ഹിയില്‍ കേള്‍പ്പിക്കാനാവണം. വിമാനത്താവളത്തിനായി ഉയര്‍ന്ന ആവേശവും ഉത്സാഹവും ഈ വിഷയത്തിലും ഉണ്ടാവണം. പ്രവാസിസംഘടനകള്‍ തന്നെ ഇക്കാര്യത്തിലും മുന്നിട്ടിറങ്ങേണ്ടതുണ്ട്. ഇതാണ് അതിനുള്ള സമയം എന്നതും മറക്കാതിരിക്കുക.