'ആന കൊടുത്താലും കിളിയേ, ആശ കൊടുക്കല്ലേ... 'എന്നത് മലയാളത്തിലെ പാടിപ്പതിഞ്ഞ ഒരു ഗാനശകലമാണ്. പ്രതീക്ഷകള്‍ നല്‍കി ജനങ്ങളെ വലയ്ക്കുകയും നിരാശരാക്കുകയും ചെയ്യുന്നവരെക്കുറിച്ചൊക്കെ ഇത്തരത്തില്‍ പരിഹാസരൂപത്തില്‍ ജനം പാടി ആക്ഷേപിക്കാറുമുണ്ട്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളെ നോക്കി ഇത്തരത്തില്‍ ആരെങ്കിലും പാടുകയോ പറയുകയോ ചെയ്താല്‍ ഇപ്പോള്‍ അവരെ കുറ്റം പറയാനാവില്ല. ഷാര്‍ജയിലെയും പരിസരങ്ങളിലെയും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഒരു സ്‌പെഷ്യല്‍ സ്‌കൂളിന്റെ കാര്യം ഇതാ നാളെ നാളെ എന്ന് ഭാരവാഹികള്‍ പറയാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.  

അതിനായി ഒരു വില്ല വാടകയ്ക്ക് എടുത്തിട്ടും നാലഞ്ച് വര്‍ഷമായി. ഏറ്റവും ഒടുവില്‍ ഈമാസമാദ്യം ഉദ്ഘാടനം എന്നായിരുന്നു പ്രഖ്യാപനം. ആ തീയതിയും കഴിഞ്ഞു. ഇപ്പോഴിതാ മേയ് പത്തിന് സ്‌കൂള്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഇതെങ്കിലും നടക്കും എന്ന് ആശിക്കാം. സ്‌പെഷ്യല്‍ സ്‌കൂള്‍ തുടങ്ങുന്നതിന് മുമ്പുള്ള നടപടിക്രമങ്ങള്‍ ഏറെ വലുതാണെന്നും അത് പൂര്‍ത്തിയാക്കി കിട്ടുന്നതിനുള്ള കാലതാമസമാണ് എല്ലാറ്റിനും കാരണമെന്നുമാണ് അസോസിയേഷന്‍ ഭാരവാഹികളുടെ ന്യായം. അത് ശരിയാണ് താനും. കുറെയേറേ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനായി തരപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ എല്ലാ നടപടികളും ഉടന്‍ ശരിയാവും, ഇതാ ശരിയായി എന്നൊക്കെ ഭാരവാഹികള്‍ തന്നെ പ്രഖ്യാപിച്ചിട്ട് കാലം കുറെയായി. എങ്കിലും ചില തടസ്സങ്ങളുണ്ടെന്ന് അവര്‍ പറയുന്നു. എന്തായാലും അത് ആ രക്ഷിതാക്കളെ അറിയിക്കാനുള്ള കരുണയെങ്കിലും ബന്ധപ്പെട്ടവര്‍ കാണിക്കണം. അസോസിയേഷനിലെ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ചിലര്‍ ദുഷ്ടലാക്കോടെ ഉന്നയിക്കുന്ന വിഷയമാണെന്ന് അസോസിയേഷന്‍ ഭാരവാഹികളും അവര്‍ക്കൊപ്പം നില്‍ക്കുന്നവരും വ്യാഖ്യാനിക്കുന്നുണ്ട്.

എന്നാല്‍ ഭിന്നശേഷിക്കാരായ ആ കുട്ടികളുടെ രക്ഷിതാക്കള്‍ ഇതൊന്നും അംഗീകരിക്കുന്നില്ല. ആ കുട്ടികളെക്കുറിച്ച് ഒരു അമ്മ പറയുന്നത് കേള്‍ക്കൂ-''ഞങ്ങളുടെ മക്കള്‍ പ്രധാനമന്ത്രിയോ ജില്ലാ കളക്ടറോ ഒന്നുമാകില്ല. പക്ഷേ, ഞങ്ങളുടെ മക്കളും മനുഷ്യക്കുഞ്ഞുങ്ങളാണ്. ജീവിതത്തില്‍ മൂന്ന് കാര്യങ്ങളെങ്കിലും സ്വന്തമായി ചെയ്യാന്‍ ഞങ്ങളുടെ മക്കളെ പഠിപ്പിക്കണം. പരസഹായമില്ലാതെ ഭക്ഷണം കഴിക്കാനും പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാനും വസ്ത്രം ധരിക്കാനും അവരെ പ്രാപ്തരാക്കണമെന്നാണത്. അതിനായെങ്കിലും സ്‌കൂള്‍ അനുവദിക്കണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു.'' -ഷാര്‍ജയിലെ മീനാക്ഷി എന്ന കുട്ടിയുടെ അമ്മ രശ്മിയുടേതാണ് ഈ വേദന നിറഞ്ഞ അപേക്ഷ. ഇത് രശ്മിയുടെമാത്രം വേദനയല്ല. ഇത്തരത്തിലുള്ള അഞ്ഞൂറോളം കുട്ടികളുടെ തീ തിന്നുകൊണ്ടിരിക്കുന്ന സാധാരണക്കാരായ രക്ഷിതാക്കളുടെ കണ്ണീര് കൂടിയാണ്.

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ കീഴില്‍ ഇന്ത്യന്‍ സ്‌കൂളിനോടനുബന്ധിച്ച് പ്രത്യേക സ്‌കൂള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പലപ്രാവശ്യം ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. പത്രസമ്മേളനങ്ങളിലും പൊതുവേദികളിലും സ്‌കൂള്‍ തുറക്കുന്ന കാര്യം അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞിട്ടുണ്ടെന്ന് ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഹരി ഓര്‍ത്തെടുക്കുന്നു. കുട്ടികളില്‍ പലര്‍ക്കും ചിത്രം വരയ്ക്കാനും പാട്ടുപാടാനുമൊക്കെയുള്ള കഴിവുകളുണ്ട്. ചെറിയ വരുമാനത്തില്‍ ഇവിടെ ജോലി ചെയ്യുന്ന സാധാരണക്കാരായ പല രക്ഷിതാക്കള്‍ക്കും കുട്ടികളുടെ ചികിത്സാ ചെലവുപോലും താങ്ങാനാവുന്നില്ല. നാട്ടില്‍ കുട്ടികളെ നോക്കാന്‍ ആളില്ലാത്തതിനാലാണ് കൂടെ താമസിപ്പിക്കേണ്ടിവരുന്നത്.  

വീട്ടില്‍ മറ്റാരും ഇല്ലാത്തതിനാല്‍ രക്ഷിതാക്കളില്‍ ഒരാള്‍ക്കുമാത്രമേ ജോലിക്ക് പോകാന്‍ സാധിക്കുന്നുള്ളു. കുട്ടികളുടെ കൂടെ സദാസമയവും സഹായത്തിന് ഒരാള്‍ ആവശ്യമാണ്. ഇത്തരം സാഹചര്യത്തില്‍ വന്‍തുക ഫീസ് കൊടുത്ത് സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് അവര്‍ ഇന്ത്യന്‍ അസോസിയേഷനില്‍ അഭയം തേടുന്നതെന്ന് രക്ഷിതാക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു.
ഇന്ത്യന്‍ അസോസിയേഷന്‍ സ്‌കൂളിനായി ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ ആണയിടുന്നുണ്ട്. മറ്റൊരു രാജ്യത്ത് ഇത്തരം സ്ഥാപനങ്ങള്‍ പുതുതായി ആരംഭിക്കുന്നതിന് ഏറെ കടമ്പകളുണ്ട്. അത് മനസിലാക്കാതെയാണ് പലരും ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അവര്‍ പറയുന്നു. ശരിയായിരിക്കാം. അസോസിയേഷന്‍ പറയുന്ന കാര്യത്തില്‍ കഴമ്പുണ്ടെന്ന് തന്നെ വിശ്വസിക്കാം. പക്ഷെ, ഇടയ്ക്കിടെ ഇതാ നാളെ നാളെ എന്ന് പറഞ്ഞ് പ്രതീക്ഷ നല്‍കാതിരിക്കുക. ഏറ്റവും ഒടുവില്‍ പറഞ്ഞ തീയതിക്ക് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.