മൂന്ന് ദിവസത്തോളം ഇന്ത്യയിലെ സിനിമാപ്രേമികളെ പോലെതന്നെ ഗള്‍ഫ് നാടുകളിലുള്ളവരും ഉദ്വേഗത്തിന്റെ മുള്‍മുനയിലായിരുന്നു. ബോളിവുഡിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ ആകസ്മികവും അകാലത്തിലുള്ളതുമായ മരണം ദുബായില്‍ സംഭവിച്ചതായിരുന്നു ഇവിടെ പതിവില്‍ കവിഞ്ഞ ഉദ്വേഗത്തിന്റെ കാരണം.
ശ്രീദേവിയുടെ മരണവും അവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള ശ്രമങ്ങളുമെല്ലാം മാധ്യമങ്ങള്‍ക്കും വലിയ വാര്‍ത്തയായി. എന്നാല്‍ ഇതിനിടയില്‍ ലോകം അറിഞ്ഞ മറ്റുചില കാര്യങ്ങള്‍ കൂടിയുണ്ട്. അത് പ്രവാസലോകത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇവിടെ നടത്തേണ്ട പ്രവര്‍ത്തനങ്ങളെ ക്കുറിച്ചായിരുന്നു.
മരിച്ചത് ശ്രീദേവി എന്ന സെലിബ്രിറ്റി ആയതിനാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലും എംബസ്സിയിലുമുള്ളവര്ക്ക് അക്കാര്യത്തില്‍ അതിയായ താത്പര്യമുണ്ടായിരുന്നു. അംബാസഡറും കോണ്‍സല്‍ ജനറലുമെല്ലാം ട്വീറ്റ് ചെയ്തും ദുബായ് സര്‍ക്കാരുമായി നേരിട്ടിടപെട്ടും വിഷയത്തില്‍ സജീവമായിരുന്നു. മൃതദേഹം കൊണ്ടുപോകാന്‍ മുംബൈയില്‍ നിന്നെത്തിയ പ്രത്യേകവിമാനം കാത്തുകിടപ്പുണ്ടായിരുന്നു. മരിച്ചവരുടെ പാസ്പോര്‍ട്ട് റദ്ദാക്കുന്ന ചട്ടം പാലിക്കാനായി കോണ്‍സുലേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കാറില്‍ സദാ സമയവും മോര്‍ച്ചറിക്ക് മുന്നില്‍ കാവലിരുന്നു. അത്രമാത്രം സജീവമായിരുന്നു ഇന്ത്യന്‍ അധികൃതര്‍. ഇതൊക്കെയാണ് ഇപ്പോള്‍ പ്രവാസലോകത്തെ സാധാരണക്കാര്‍ ചര്‍ച്ച ചെയ്യുന്നത്. ഒരു പാവപ്പെട്ട പ്രവാസി മരിച്ചാല്‍ ഓഫീസുകളായ ഓഫീസുകളെല്ലാം ബന്ധപ്പെട്ടവര്‍ കയറിയിറങ്ങണം.
ഏതാനും ചില സാമൂഹികപ്രവര്‍ത്തകര്‍ ഇതിനെല്ലാം മിക്കപ്പോഴും മുന്നിട്ടിറങ്ങുന്നതിനാലാണ് പലപ്പോഴും കാര്യങ്ങള്‍ വലിയ പ്രയാസമില്ലാതെ നടന്നുപോകുന്നത്. അതോടൊപ്പം തന്നെ പ്രധാനമായ വിഷയമാണ് മൃതദേഹം വിമാനത്തില്‍ കയറ്റിഅയക്കുമ്പോള്‍ ചരക്കിന് നിരക്കിടുന്നതുപോലെ മൃതദേഹമടങ്ങിയ പെട്ടി തൂക്കി ചാര്‍ജ് ഈടാക്കുന്ന നടപടിയും. ഈ വിഷയം എത്രയോ വര്‍ഷമായി പ്രവാസികളും സംഘടനകളും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ മുന്നില്‍ ഉന്നയിക്കുന്ന വിഷയമാണ്. പാകിസ്താനിലേക്ക് പോലും അവരുടെ പൗരന്മാരുടെ മൃതദേഹങ്ങള്‍ അവരുടെ വിമാനക്കമ്പനികള്‍ പണമൊന്നും ഈടാക്കാതെ സൗജന്യമായാണ് കൊണ്ടുപോകുന്നത്. മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാര്ക്ക് വേണ്ടി ഇത്തരത്തിലുള്ള ചില സൗകര്യങ്ങളും സൗജന്യങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ കിലോവിന് ഇത്ര ദിര്‍ഹമെന്ന് കണക്കാക്കി ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ മൃതദേഹം കൊണ്ടുപോകുമ്പോള്‍ അവിടെ പണം മാത്രമാകുന്നില്ല വിഷയം. മരിച്ച ഒരു മനുഷ്യനോട് കാണിക്കുന്ന അനാദരമാണത്. അല്ലെങ്കില്‍ അവരെ അപമാനിക്കുന്നതിന് തുല്യമാണ്. ഈ രീതി മാറ്റണമെന്ന ആവശ്യമാണ് എല്ലാവരും ഒരേ സ്വരത്തില്‍ ഉന്നയിക്കുന്നത്. വിദേശത്തേക്ക് പോകുന്ന പ്രവാസികളുടെ പേരില്‍ സെസ്സ് എന്ന പേരില്‍ ചില ചാര്‍ജുകള്‍ വിദേശകാര്യ വകുപ്പ് ഈടാക്കുന്നുണ്ട്. മൃതദേഹം അയക്കാന്‍ ചെലവഴിക്കുന്ന തുകയില്‍ ഒരു ഭാഗം കോണ്‍സുലേറ്റ് വഴി പിന്നീട് തിരിച്ചുകിട്ടുമെന്നാണ് വാദം. എന്നാല്‍ മൃതദേഹം തൂക്കി നോക്കി വിലയിടുന്ന സമ്പ്രദായമാണ് എല്ലാവരും എതിര്‍ക്കുന്നത്. ഇതിനെന്തുകൊണ്ട് ഒരു മാറ്റം കൊണ്ടുവരാനാവുന്നില്ലെന്നും അവര്‍ ചോദിക്കുന്നു.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് നടപടിക്രമങ്ങളുടെ വലിയൊരു നിരയുണ്ട്. പലതും ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാല്‍ നമ്മുടെ കോണ്‍സുലേറ്റും എംബസ്സിയുമെല്ലാം വിചാരിച്ചാല്‍ ലഘൂകരിക്കാവുന്ന ചില നടപടിക്രമങ്ങളുണ്ട്. അതിലേക്കാണ് എല്ലാവരും കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധ വീണ്ടും ക്ഷണിക്കുന്നത്. ശ്രീദേവിയുടെ മരണം ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങളിലൊന്നും ഇതാണ്. മരിച്ചവരുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ എല്ലാവരും ഇപ്പോള്‍ കോണ്‍സുലേറ്റ് കയറിയിറങ്ങണം. അതിന് പകരം മോര്‍ച്ചറിയില്‍ തന്നെയെത്തി കാര്യങ്ങള്‍ ശരിയാക്കിക്കൊടുക്കാന്‍ ഒരു ഉദ്യോഗസ്ഥനെ ഇതിനായി നിയോഗിച്ചാല്‍ എത്രയോ അലച്ചില്‍ ഒഴിവാക്കാനാവും. അതുപോലെ തന്നെ മൃതദേഹം തൂക്കിനോക്കുന്നതും. ഇത് സൗജന്യമായി കൊണ്ടുപോവാന്‍ തടസ്സങ്ങളുണ്ടെങ്കില്‍ പ്രായത്തിനനുസരിച്ച് ഒരു സ്ഥിരം നിരക്ക് നിശ്ചയിച്ചാലും ഈ അപമാനം മാറിക്കിട്ടുമെന്ന് പറയുന്നവരാണ് ധാരാളം.
പ്രശസ്തരും പ്രമുഖരും മരിച്ചാല്‍ പ്രത്യേകവിമാനവും എന്തും ചെയ്തുകൊടുക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം അവര്‍ക്ക് വേണ്ടി സമയം നോക്കാതെ വിയര്‍പ്പൊഴുക്കുമ്പോഴാണ് സാധാരണക്കാരന് വേവലാതിയോടെ ഓടിത്തളരുന്നത്. പ്രത്യേക വിമാനമൊന്നും ആരും ആവശ്യപ്പെടുന്നില്ല. അതല്ലാതെ തന്നെ ചിലതൊക്കെ ചെയ്തുകൊടുക്കാന്‍ സര്‍ക്കാരിന് കഴിയും. കഴിയണം. അതാണ് അവര്‍ ആവശ്യപ്പെടുന്നത്.