അങ്ങനെ ആഘോഷപൂര്‍വം ലോക കേരളസഭയ്ക്ക് തിരശ്ശീല വീണു. എല്ലാ അര്‍ഥത്തിലും ആഘോഷപൂര്‍വം തന്നെയായിരുന്നു ലോക കേരളസഭ എന്ന പുതിയ സംരംഭം തിരുവനന്തപുരത്ത് നടന്നത്. ലോകമെങ്ങുമുള്ള മലയാളികളായ പ്രവാസികളെ പ്രതിനിധീകരിച്ച് നിരവധി പേര്‍ നമ്മുടെ ജനപ്രതിനിധികള്‍ക്കൊപ്പം ചേര്‍ന്ന് രണ്ട് ദിവസം നിയമസഭാമന്ദിരത്തില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു എന്നതാണ് ലോകകേരള സഭയുടെ എടുത്തുപറയാവുന്ന കാര്യം. എന്നാല്‍ ഒരു ഭാഗത്ത് ഇതിന്റെ നടത്തിപ്പിനെക്കുറിച്ചും പ്രതിനിധികളെ തിരഞ്ഞെടുത്തതിലെ മാനദണ്ഡങ്ങളെക്കുറിച്ചുമെല്ലാം വിവാദവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

മാധ്യമസമ്മേളനം, സാഹിത്യസമ്മേളനം എന്നീ വേദികളിലും പ്രവാസി വിഷയം സംബന്ധിച്ച ചര്‍ച്ചകള്‍ നേരത്തെ തന്നെ നടന്നിരുന്നു. സാഹിത്യമത്സരങ്ങളും പുഷ്‌പോത്സവുമെല്ലാം ഏതാണ്ടെല്ലാ മേളകളുടെയും ഉപോത്പന്നങ്ങളാണ്. ലോക കേരളസഭയ്ക്കും അത് വിജയകരമായി തന്നെ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായിട്ടായിരുന്നു സഭയുടെ സുപ്രധാന ചര്‍ച്ചകള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശയമാണ് ഇത്തരമൊരു സഭ എന്നത് നേരത്തേതന്നെ പരസ്യമായ കാര്യമായിരുന്നു.  

ആ താത്പര്യം സഭയുടെ എല്ലാ കാര്യത്തിലും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. രണ്ടു ദിവസം എല്ലാ തിരക്കുകളും മാറ്റിവെച്ച് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ലോക കേരളസഭയുടെ ചര്‍ച്ചകളിലും നടത്തിപ്പിലും പങ്കാളിയായതില്‍ നിന്നുതന്നെ ആ താത്പര്യം പ്രകടവുമായിരുന്നു. ആദ്യം ഉദ്ഘാടന സമ്മേളനം, തുടര്‍ന്ന് വിവിധ മേഖലകളെ കേന്ദ്രീകരിച്ചു നടന്ന വ്യത്യസ്ത ചര്‍ച്ചകള്‍ എന്നിങ്ങനെയായിരുന്നു സമ്മേളനത്തിന്റെ ഘടന.  

ഓരോ ദേശത്തെയും പ്രവാസികള്‍ക്ക് അവരവരുടേതായ പ്രശ്‌നങ്ങളുണ്ട്. അവയാകട്ടെ ഓരോ മേഖലയിലെയും പ്രശ്‌നങ്ങളില്‍ നിന്ന് വ്യത്യസ്തവുമായിരിക്കും. പ്രവാസി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ എല്ലാ കാലത്തും ഉയരുന്ന ആദ്യ തടസ്സം ഇതാവുന്നത് പതിവാണ്. ഇവിടെയും അതിന് വ്യത്യാസമൊന്നുമില്ല. ഗള്‍ഫ് മലയാളി വിമാനടിക്കറ്റിന്റെ നിരക്കിനെക്കുറിച്ച് ആശങ്കപ്പെടുമ്പോള്‍ അമേരിക്കയിലോ യൂറോപ്പിലോ ഉള്ള പ്രവാസിക്ക് അത് വലിയ വിഷയമല്ല. ഇത്തരത്തില്‍ ഒന്നിനൊന്ന് വ്യത്യസ്തമാണ് ഓരോ വിഷയത്തിലും ഓരോ രാജ്യത്തെയും പ്രശ്‌നങ്ങള്‍.

ഇതാണ് സാഹചര്യമെങ്കിലും ആദ്യ ലോക കേരള സഭയില്‍ എല്ലാ രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികളെത്തിയിരുന്നു. അവര്‍ കൂട്ടായും വെവ്വേറെയായുമെല്ലാം നിരവധി വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വിഷയമാക്കി. പുതിയ കുടിയേറ്റങ്ങളും ഗള്‍ഫ് നാടുകളിലെ സ്വദേശിവത്കരണം സൃഷ്ടിക്കുന്ന പ്രതിസന്ധികളും ഗള്‍ഫ് മലയാളികളുടെ പുനരധിവാസവുമെല്ലാം ലോക കേരള സഭയുടെ ചര്‍ച്ചക്ക് വിഷയമായിട്ടുണ്ട്. അതേസമയം കേരളത്തിന്റെ വികസനത്തിന് പ്രവാസികളുടെ സംഭാവന എത്രമാത്രം ഉപയോഗപ്പെടുത്തണമെന്ന ചര്‍ച്ചയും ഇതോടൊപ്പം ഉയര്‍ന്നു. പ്രവാസികളെ ലക്ഷ്യമിട്ട് കെ.എസ്.എഫ്.ഇ. നടത്തുന്ന പ്രവാസി ചിട്ടി യൂറോപ്പ് ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും വന്നു. സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്ന കിഫ്ബി പദ്ധതികളും പ്രവാസികളുടെ സംഭാവനകളെ കൂടി അടിസ്ഥാനപ്പെടുത്തിയാണ്.

ആദ്യ കേരള ലോകസഭ എന്ന നിലയില്‍ തിരുവനന്തപുരത്ത് നടന്ന പരിപാടികള്‍ വലിയ വിജയംതന്നെയായിരുന്നു എന്നതില്‍ സംശയമേയില്ല. ചില മുറുമുറുപ്പുകള്‍ ഉണ്ടായെങ്കിലും മൊത്തത്തില്‍ പ്രവാസി വിഷയത്തില്‍ എല്ലാവരും ഒരേ മനസ്സോടെയാണ് കേരള ലോകസഭയില്‍ എത്തിയതും പിരിഞ്ഞുപോയതും. അതേസമയം ഇത്തരത്തിലൊരു സംരംഭംകൊണ്ട് എന്ത് നേടി എന്ന് ചോദിക്കുന്നവരും ഇല്ലാതില്ല. പെട്ടെന്ന് ഒരു പരിഹാരമോ നടപടികളോ ചര്‍ച്ചകളില്‍ ഉരുത്തിരിയാന്‍ സാധ്യതയില്ലെങ്കിലും സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങളില്‍ ഇതിനെല്ലാം ഉള്ള ചില പരിഹാര നിര്‍ദേശങ്ങള്‍ തീര്‍ച്ചയായും വരും വര്‍ഷങ്ങളില്‍ ചില നടപടികള്‍ ഉണ്ടാവുമെന്ന് എല്ലാവരും കരുതുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതിനെല്ലാം ഏറെ പരിമിതികള്‍ ഉണ്ടെങ്കിലും ഇത്തരത്തില്‍ സാര്‍ഥകമായ ചില ചര്‍ച്ചകളെങ്കിലും നടക്കുന്നു എന്നത് വലിയ കാര്യമാണ്.

ലോകകേരള സഭ ചേരുന്നതിന് തൊട്ടുമുമ്പാണ് ചില കേന്ദ്രങ്ങളില്‍ നിന്ന് അംഗങ്ങളെ തിരഞ്ഞെടുത്തതിലെ മാനദണ്ഡങ്ങളെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നത്. ചിലര്‍ക്ക് ഇത് പേയ്മെന്റ് സീറ്റുകളായി നല്‍കിയെന്നായിരുന്നു വലിയ ആക്ഷേപം. സ്വന്തക്കാര്‍ക്കായി കുറെ അംഗത്വങ്ങള്‍ മാറ്റിവെച്ചു എന്ന ആക്ഷേപവും വന്നു. എല്ലാക്കാലത്തും ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് പൊതുവേ പറയാമെങ്കിലും കുറെക്കൂടി സുതാര്യത ഇക്കാര്യത്തില്‍ ആവാമായിരുന്നു എന്ന് പൊതുവേ വിലയിരുത്തുന്നുണ്ട്. കാര്യമായ അധികാരമൊന്നും ഇല്ലെങ്കിലും ഇത്തരം അംഗീകാരങ്ങള്‍ നേടാനും നേടിയെടുക്കാനും പ്രവാസലോകത്ത് മത്സരം കൂടുതലാണ്. അതിന്റെ ഭാഗമായി ഇതിനെയും കണ്ടാല്‍ പ്രശ്‌നം തീര്‍ന്നു എന്ന് കരുതാം. എന്തായാലും പ്രവാസലോകത്ത് ലോക കേരള സഭ പുതിയ ചലനമാണ്. പ്രവാസികള്‍ക്ക് ആശ്വസിക്കാനും പ്രതീക്ഷിക്കാനും ആ സഭ വഴി എന്തെങ്കിലും നടപടികള്‍ ഉണ്ടായാല്‍ അതുതന്നെയാവും ഈ സഭയുടെ ഏറ്റവും വലിയ നേട്ടം. അങ്ങനെ സംഭവിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.