മണിക്കൂറുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. പുതിയ പ്രതീക്ഷകളും മോഹങ്ങളുമായി വീണ്ടുമൊരു പുതിയ വര്‍ഷം കടന്നുവരുന്നു. പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ എല്ലായിടത്തും വളരെ നേരത്തേതന്നെ തുടങ്ങിയിരുന്നു. ഇന്ന് രാത്രി പന്ത്രണ്ടിന് പുതിയവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ യാത്രപറയുന്നത് സംഭവബഹുലമായ ഒരു വര്‍ഷത്തിനുകൂടിയാണ്. ഒരു രാജ്യത്തിന്റെയോ ജനതയുടെയോ ചരിത്രത്തില്‍ ഒരു കലണ്ടര്‍വര്‍ഷം ചെറിയൊരു കാലയളവാണ്. പക്ഷെ ഈ കാലയളവില്‍ തലമുറകളോളം ഓര്‍ത്തിരിക്കാവുന്ന മധുരതരമായ സംഭവങ്ങള്‍ നടന്നിട്ടുണ്ടാവാം. അതുപോലെ തന്നെ കയ്പേറിയ അനുഭവങ്ങളുമുണ്ടാകാം. വ്യക്തികള്‍ക്കായാലും ജനതയ്ക്കായാലും രാഷ്ട്രത്തിനായാലും അതെല്ലാം ഭാവിയിലേക്കുള്ള ചൂണ്ടുപലകകളാണ്.
അത്തരത്തില്‍ മധുരവും കയ്പുമെല്ലാം ചേര്‍ന്നതുതന്നെയായിരുന്നു മായുന്ന ഈ വര്‍ഷവും. എങ്കിലും, 2017 ഓര്‍മയിലേക്ക് മായുമ്പോള്‍ പ്രവാസികള്‍ പോറ്റമ്മനാടിനോടുള്ള ആദരവും സ്‌നേഹവുമെല്ലാം പതിവുപോലെ വാക്കുകളില്‍, വികാരങ്ങളില്‍ അവരറിയാതെ തന്നെ ചേര്‍ത്തുവെക്കുന്നുണ്ട്. നല്ലജീവിതം സമ്മാനിച്ചതിനും നാട്ടിലെ ആശ്രിതര്‍ക്ക് പുതിയലോകം സമ്മാനിച്ചതുമെല്ലാം ആ വികാരങ്ങളില്‍ നിറയുന്നു. പ്രതികൂലമായ ഘടകങ്ങള്‍ പലതും അലോസരപ്പെടുത്തുമ്പോഴും ഈ പ്രവാസലോകത്തെ അവര്‍ അതിരറ്റ് സ്‌നേഹിക്കുന്നു. പുതുവര്‍ഷത്തിലെ ആഘോഷങ്ങള്‍പോലും ഒരര്‍ഥത്തില്‍ അത്തരം നന്ദിപ്രകടനങ്ങള്‍ കൂടിയാണ്.
ചില ഗൗരവമാര്‍ന്ന വിഷയങ്ങളുടെ പേരില്‍ സഹോദരരാജ്യമായ ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ നിര്‍ബന്ധതരായതായിരുന്നു യു.എ.ഇ. യെ സംബന്ധിച്ചിടത്തോളം 2017-ലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവം. ഖത്തറിനെ സംബന്ധിച്ചും ഇത് ഏറെ വേദനാജനകമായിരുന്നു. എന്നാല്‍ ലോകത്തെ ഏറ്റവുംമികച്ച രാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് യു.എ.ഇ. എന്ന പേര് എഴുതിച്ചേര്‍ക്കുന്നതില്‍ 2017 നല്‍കിയ സംഭാവന ചെറുതല്ല. ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവുമുള്ള ഭരണനേതൃത്വത്തിന്റെ കരുത്തും മികവും തെളിയിച്ച വര്‍ഷമാണ് യു.എ.ഇ. യെ സംബന്ധിച്ചേടത്തോളം വിട വാങ്ങുന്നത്. ദാനത്തിന്റെ മഹത്ത്വം ലോകത്തിന് മുന്നില്‍ ഉല്‍ഘോഷിച്ച ദാനവര്‍ഷ പ്രഖ്യാപനം മുതല്‍ അത് തുടങ്ങി. സാമൂഹിക പ്രതിബദ്ധത വര്‍ധിപ്പിക്കുന്നതിനും സന്നദ്ധ സേവനം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ സേവിക്കുകയെന്ന ആശയം ശക്തിപ്പെടുത്തുന്നതിനുമാണ് യു .എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2017 ദാനവര്‍ഷമായി പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയില്‍നിന്ന് മാത്രം 1.5 ബില്യണ്‍ ദിര്‍ഹമാണ് ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിക്കപ്പെട്ടത്. രാജ്യത്തെ ഒട്ടു മിക്ക വിദ്യാഭ്യാസ്ഥാനപനങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തം തന്നെയാണ് ദാന വര്‍ഷത്തിന്റെ പുണ്യമായത്.
നിര്‍മാണം മുതല്‍ കായികം വരെയുള്ള എല്ലാമേഖലകളിലും സ്വയം പര്യാപ്തതയുടെ പാതയിലാണ് ഖത്തര്‍ 2018-ലേക്ക് കടക്കുന്നത്. 2022-ലെ ഫുട്ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട വികസനപദ്ധതികള്‍ ഉള്‍പ്പെടെ നിര്‍മാണ, വ്യവസായ, അടിസ്ഥാനസൗകര്യ വികസനമേഖലകളിലെല്ലാം പുരോഗതി കൈവരിച്ചതും മായുന്നവര്‍ഷത്തെ നേട്ടങ്ങളാണ്. ഇന്ത്യയുള്‍പ്പെടെ അഞ്ചിലധികം രാജ്യങ്ങളിലേക്ക് നേരിട്ടുള്ള കപ്പല്‍ സര്‍വീസ് തുടങ്ങിയതിലൂടെ രാജ്യത്തിന്റെ വിദേശ വ്യാപാര ബന്ധങ്ങള്‍ക്കും ഇറക്കുമതി-കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ക്കും ആക്കം കൂട്ടി. കുറഞ്ഞ വേതനപരിധി ഉള്‍പ്പെടെയുള്ള തൊഴില്‍ പരിഷ്‌കരണങ്ങളിലൂടെ ലോകശ്രദ്ധ നേടിയതും പോയവര്‍ഷത്തെ പ്രധാന നേട്ടങ്ങളിലൊന്നാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സൗജന്യ ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ചും 242 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇ-വിസ അനുവദിച്ചും ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സംവിധാനം നടപ്പാക്കിയും വിനോദസഞ്ചാര ഭൂപടത്തിലും വളര്‍ച്ചയുടെ നാഴികക്കല്ല് പിന്നിട്ടാണ് 2018-ലേക്ക് ഖത്തര്‍ പ്രവേശിക്കുന്നത്.
കഴിവുകളും പ്രതിഭയും നൂതനാശയങ്ങളും ശാസ്ത്രസാങ്കേതിക വിദ്യകളുമാണ് ഭാവിയുടെ മുതല്‍ക്കൂെട്ടന്ന പ്രഖ്യാപനവുമായി യു.എ.ഇ. ആറ്ുപുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്തിസഭ പുനഃസംഘടിപ്പിച്ചത് യു.എ.ഇ. യുടെ ചരിത്രത്തിലെ വലിയ അധ്യായമാണ്. 2071-ല്‍ യു.എ.ഇ. നൂറാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ശതാബ്ദി ആഘോഷ പദ്ധതിക്ക് വഴിയൊരുക്കുകയാണ് മന്ത്രിസഭയുടെ ദൗത്യം. ഇന്ത്യ -യു .എ.ഇ. ബന്ധത്തില്‍ പുതുവഴികള്‍ സമ്മാനിച്ച വര്‍ഷം കൂടിയായിരുന്നു ഇത്. 2017-ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുഖ്യാതിഥിയായെത്തിയത് രാജ്യങ്ങള്‍തമ്മിലുള്ള ബന്ധം സുശക്തമാക്കി. 2020-ഓടെ 100 ബില്യണ്‍ യു.എസ്. ഡോളര്‍ വ്യാപാരം എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും. അക്ഷരങ്ങളുടെ സുല്‍ത്താനെന്ന ഖ്യാതിയുള്ള ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ കേരളം ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചപ്പോള്‍ ധന്യമായത് പ്രാരാബ്ധങ്ങളുടെയും സ്വപ്നങ്ങളുടെയും ഭാണ്ഡങ്ങളുമായി യു .എ.ഇ.യിലെത്തിയ ഓരോ പ്രവാസിയുടെയും മനസ്സാണ്.
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പ്രവാസിയെ കാത്തിരിക്കുന്നത് മൂല്യവര്‍ധിത നികുതിയെന്ന പുതിയ സംഭവമാണ്. ഇതുവരെ നികുതികളെക്കുറിച്ച് വലിയ വേവലാതിയൊന്നുമില്ലാതിരുന്ന യു.എ.ഇ.യിലെയും സൗദിയിലെയും ജനതയ്ക്ക് മുന്നില്‍ ഇത് പുതുവര്‍ഷപ്പുലരിയില്‍ യാഥാര്‍ഥ്യമാവും. അധികംവൈകാതെ മറ്റ് ഗള്‍ഫ് നാടുകളും ഈ നികുതികളുമായി രംഗത്തെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. എങ്കിലും ഈ നികുതിവലയെയും അതിജീവിക്കാനുള്ള കരുത്ത് പ്രവാസികള്‍ കാണിക്കുമെന്ന് തന്നെയാണ് പൊതുനിഗമനം. നേരത്തേ വന്ന എക്‌സൈസ് നികുതിയും വരാനിരിക്കുന്ന വാറ്റും ഉപഭോക്താവിനെ നേരിയതോതില്‍ ബാധിക്കുമെങ്കിലും സുതാര്യവും നീതിയുക്തവുമായ ഇടപാടുകളാകും വാറ്റ് നല്‍കുന്ന സംഭാവനയെന്നാണ് പൊതുവിലയിരുത്തല്‍.
ഗൗരവമേറിയ ഇത്തരം വിഷയങ്ങള്‍ക്കിടയിലും നിത്യജീവിതത്തില്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ച ദുബായ് കിരീടാവകാശിയാണ് 2017-ന്റെ ഗള്‍ഫിലെ താരം എന്ന് പറഞ്ഞാലും അത് അതിശയോക്തിയാവില്ല. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നാം ശ്രദ്ധിക്കാതെപോകുന്ന കാര്യങ്ങളെയാണ് കിരീടാവകാശിയായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം ഓര്‍മിപ്പിച്ചത്. പൗരന്റെ ആരോഗ്യം മുതല്‍ മാലിന്യനിര്‍മ്മാര്‍ജനംവരെ അദ്ദേഹം വിഷയമാക്കി. എല്ലാറ്റിലും സജീവമായി ഇടപെട്ട കിരീടാവകാശിയുടെ ഫോട്ടോകളും വീഡിയോകളും യു.എ.ഇ. യില്‍ തരംഗംതന്നെ സൃഷ്ടിച്ചു. ആരോഗ്യമാണ് സമ്പത്ത് എന്ന സന്ദേശമുയര്‍ത്തി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫിറ്റനസ് ചാലഞ്ച് എന്ന പേരിലാണ് വെല്ലുവിളി നടത്തിയത്. വെല്ലുവിളി മനസ്സുകൊണ്ടും ശരീരംകൊണ്ടും സ്വീകരിച്ച് പ്രായഭേദമെന്യേ ദുബായ് നിവാസികള്‍ക്കൊപ്പം രാജ്യംതന്നെ ഇതിന്റെ ഭാഗമായി. ദുബായിയെ ലോകത്തെ ഏറ്റവും സജീവമായ നഗരമാക്കിമാറ്റുക മാത്രമല്ല വ്യായാമത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലെത്തിക്കുക കൂടിയായിരുന്നു ലക്ഷ്യം.
സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും കാഴ്ചയുടെ വസന്തമൊരുക്കി പ്രസിദ്ധമായ ലൂവ്ര് മ്യൂസിയം അബുദാബിയില്‍ തുടങ്ങിയതും 2017-ല്‍ യു.എ.ഇ. യുടെ വലിയ നേട്ടമായിരുന്നു. കലയും സംസ്‌കാരവും വരും തലമുറകളുടെ മുതല്‍ക്കൂട്ടാണെന്ന് ചിന്തിക്കുന്ന ഒരു ഭരണനേതൃത്വത്തിന്റെ നേര്‍ക്കാഴ്ചയെന്നോണമാണ് 7500 ടണ്ണോളം ഭാരമുള്ള മിനാരം ലൂവ്ര് അബുദാബിയുടെ മുകളില്‍ തലയെടുപ്പോടെ നില്‍ക്കുന്നത്. ലൂവ്രിലെ കാഴ്ചകള്‍ മാത്രമല്ല, ബഹിരാകാശത്തേക്കും യു.എ.ഇ. ഗൗരവമായി കണ്ണുവെക്കുന്നുണ്ടെന്നും ഈ വര്‍ഷം അടിവരയിട്ട് പറയുന്നു. 2020-ല്‍ പദ്ധതിക്ക് തുടക്കമിടും. സ്മാര്‍ട്ട് നഗരമാകുന്നതിന്റെയും വിവിധമേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ തേടുന്നതിന്റെയും ഭാഗമായി മാത്രം നൂറിലധികം പദ്ധതികള്‍, സേവനങ്ങള്‍ എന്നിവയ്ക്ക് ഇതിനകം യു.എ.ഇ. തുടക്കമിട്ടു. ലോകത്തിലെ ആദ്യ പറക്കും ടാക്‌സിയും അതിവേഗതയുടെ പര്യായമായ ഹൈപ്പര്‍ലൂപ്പുമെല്ലാം യു.എ.ഇ. ക്ക് ഇനി സ്വപ്നങ്ങള്‍ മാത്രമല്ല. ഇതിനെല്ലാമുള്ള യാത്രകള്‍ ഏറെദൂരം പിന്നിട്ടുകഴിഞ്ഞു.
2022 ലോകകപ്പിന്റെ ആദ്യ സ്റ്റേഡിയമായ ഖലീഫ അന്താരാഷ്ട്രസ്റ്റേഡിയം രാജ്യത്തിന് സമര്‍പ്പിച്ച് ഖത്തര്‍ കായികമേഖലയില്‍ ഉണ്ടാക്കിയ മുന്നേറ്റവും ശ്രദ്ധേയമാണ്. കാര്‍ഷിക, ക്ഷീര, കന്നുകാലി, മീന്‍ ഉത്പാദനമേഖലയില്‍ സ്വയം പര്യാപ്തതയിലേക്ക് പ്രവേശിച്ചതിനൊപ്പം വ്യവസായ നിക്ഷേപം ഇരട്ടിയാക്കാനും സ്വകാര്യമേഖലയുടെ പങ്കാളിത്തം സാമ്പത്തികവികസന പദ്ധതികളില്‍ ഉറപ്പാക്കിയുമാണ് പുതിയ വര്‍ഷത്തിലേക്ക് ഖത്തര്‍ പ്രവേശിക്കുന്നത്. ഇരുരാജ്യങ്ങളിലെയും ഇത്തരം ബൃഹദ് പദ്ധതികള്‍ക്കായി വിയര്‍പ്പൊഴുക്കിയവരില്‍ പ്രവാസി മലയാളികളുടെ പങ്ക് ഏറെ വലുതാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലെ ഓരോ നേട്ടവും നമ്മുടെകൂടി വിജയമായാണ് പ്രവാസലോകം നോക്കിക്കാണുന്നത്. ആ വിജയഗാഥകള്‍ പുതിയ വര്‍ഷത്തിലും നമുക്ക് രചിക്കാനാവണം. പോറ്റമ്മനാടുകളുടെ ജൈത്രയാത്രകള്‍ പ്രവാസിയുടെ കൂടി വിജയഗാഥയാണ്. അത്തരം വിജയഗാഥകള്‍ കൊണ്ട് പുതിയ വര്‍ഷവും സമ്പന്നമാകും എന്ന് നമുക്ക് പ്രത്യാശിക്കാം. അതിനായി പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാം.