അങ്ങനെ ആ ദിവസം അടുത്തെത്തി. വിപണിയില്‍ മൂല്യവര്‍ധിത നികുതി അഥവാ വാറ്റ് എന്ന പുതിയ വ്യവസ്ഥയാണ് വരുന്നത്. അടുത്തമാസം ഒന്നുമുതല്‍ യു.എ.ഇ.യിലും സൗദി അറേബ്യയിലുമാണ് ഗള്‍ഫ് നാടുകളില്‍ ആദ്യമായി ഈ നികുതിസമ്പ്രദായം നടപ്പിലാകുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളും വഴിയെ ഈ പരിഷ്കാരം നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളും തത്ത്വത്തില്‍ ഈ സംവിധാനത്തോട് യോജിച്ചിരുന്നു. എന്നാല്‍, ജി.സി.സി. അംഗരാഷ്ട്രങ്ങള്‍ തമ്മിലുള്ള ചില പ്രശ്നങ്ങള്‍ പല നടപടികള്‍ക്കും തടസ്സമായി. എന്നാലും മറ്റുള്ളവരും വഴിയെ വരുമെന്ന വിശ്വാസത്തിലാണ് യു.എ.ഇ.യും സൗദിയും.
വ്യാപാരം ക്രമപ്രകാരമാക്കുന്നതിനും അതിനനുസരിച്ച് എല്ലാം ചിട്ടയോടെ നടപ്പാക്കുന്നതിനുമുള്ള നല്ല വഴി എന്ന നിലയിലാണ് വാറ്റ് എന്ന സമ്പ്രദായത്തിലേക്ക് എല്ലാവരും എത്തിച്ചേര്‍ന്നത്. കാര്യമായ നികുതികളില്ലാത്തതാണ് ഗള്‍ഫ് നാടുകളില്‍ പണം സമ്പാദിക്കുന്നവരുടെയും അവിടെ പണം നിക്ഷേപിക്കുന്നവരുടെയും വലിയ ആകര്‍ഷണം. എന്നാല്‍, ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കുന്ന പുതിയ നികുതിസമ്പ്രദായം കൂടുതല്‍ മികച്ച രീതിയിലുള്ള ബിസിനസ്സിന് കളമൊരുക്കുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ നിലപാട്. എന്നാല്‍, ഇതുവരെ നികുതികളില്‍നിന്ന് രക്ഷപ്പെട്ടുനിന്ന സാധാരണക്കാര്‍ക്ക് ജീവിതച്ചെലവിന് ചുരുങ്ങിയത് അഞ്ച് ശതമാനമെങ്കിലും അധികം കാണേണ്ടിവരുമെന്ന് എല്ലാവരും സമ്മതിക്കുന്നു. വെള്ളം, വൈദ്യുതി, ടെലിഫോണ്‍, ഭക്ഷ്യവസ്തുക്കള്‍, സ്കൂളുകളിലെ ട്യൂഷന് ഫീസ് എന്നിങ്ങനെ നിത്യജീവിതത്തിലെ പല കാര്യങ്ങള്‍ക്കും വാറ്റ് ബാധകമാവുമെന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ക്കും ഈ നികുതി ബാധകമാണെന്നത് സ്വര്‍ണവ്യാപാരികളെയും ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍, ആത്യന്തികമായി രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാനസൗകര്യ വികസനത്തിനുമെല്ലാം പുതിയ നികുതിസമ്പ്രദായം കരുത്തുപകരുമെന്ന് തീര്‍ച്ച. ഒരുവര്‍ഷം പന്ത്രണ്ട് ബില്യന്‍ ദിര്‍ഹം ഇതുവഴി രാജ്യത്തിന് ലഭിക്കുമെന്നാണ് ഔദ്യോഗികകേന്ദ്രങ്ങള്തന്നെ നല്കുന്ന കണക്ക്. ആഭ്യന്തരവളര്ച്ചാശതമാനത്തില് 0.8 ശതമാനത്തിന്റെ വര്‍ധനയും കണക്കുകൂട്ടുന്നു. ഇതൊക്കെയാണ് വാറ്റ് വരുമ്പോഴുണ്ടാകാവുന്ന മാറ്റങ്ങള്‍.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് മൂല്യവര്‍ധിത നികുതിസംബന്ധിച്ച ഫെഡറല്‍ ഉത്തരവ് യു.എ.ഇ. പ്രഖ്യാപിക്കുന്നത്. നവംബര്‍ 26- നു വാറ്റ് സംബന്ധിച്ചുള്ള എക്സിക്യുട്ടീവ് വ്യവസ്ഥകളും വന്നു. എന്നാല്‍, ഇപ്പോഴും യു.എ.ഇ.യില്‍ താമസിക്കുന്നവരും ബിസിനസ്സ് ചെയ്യുന്നവരും വാറ്റ് സംബന്ധിച്ച് ഏറെ സംശയത്തോടെയാണ് നില്‍ക്കുന്നത്. ഇതിനുപരിഹാരമായി പലകേന്ദ്രങ്ങളിലും സ്ഥാപനങ്ങളും വ്യാപാരസംഘടനകളുമെല്ലാം വാറ്റിന്റെ കാര്യങ്ങളെ സംബന്ധിച്ച് വിവിധ ശില്പശാലകള് നടത്തിവരികയാണ്. സ്മാര്‍ട്ടായി മുന്നേറുന്ന യു.എ.ഇ.യില്‍ വാറ്റിനുവേണ്ടി സ്മാര്‍ട്ട് ആപ്ലിക്കേഷനുകളും രംഗത്തെത്തിക്കഴിഞ്ഞു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ ചാകരക്കാലമാണ് വരാനിരിക്കുന്നതെന്നും വിപണിയില്‍ സംസാരമുണ്ട്. സാധനങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗം അടിസ്ഥാനമാക്കിയുള്ളതാണ് മൂല്യവര്‍ധിതനികുതി. ഒരു ഉത്പന്നത്തിന്റെ അല്ലെങ്കില്‍ സേവനത്തിന്റെ ഉത്പാദനം മുതല്‍ ഉപഭോക്താവിന് വില്‍പ്പന നടത്തുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും വിലയിലുണ്ടാകുന്ന വര്‍ധനയ്ക്ക് ചുമത്തുന്ന നികുതിയെന്ന് വേണമെങ്കിലും അതിനെ വിശേഷിപ്പിക്കാം. ഉത്പന്നം അഥവാ സേവനം ലഭ്യമാക്കുന്നവര്‍ക്ക് സ്ഥാപനം നല്കുന്ന നികുതിയാണ് ഇന്‍പുട്ട് ടാക്സ്. ഉത്പന്നം വാങ്ങുന്നവരില്‍നിന്ന് സ്ഥാപനം ശേഖരിക്കുന്ന നികുതിയാണ് ഔട്ട്പുട്ട് ടാക്സ്. ഔട്ട്പുട്ട് ടാക്സില്‍നിന്ന് ഇന്പുട്ട്ടാക്സ് കുറച്ചതിനുശേഷമുള്ള തുകയാണ് സ്ഥാപനം ടാക്സ് അതോറിറ്റിയില്‍ അടയ്ക്കേണ്ടത്.
ഒരുവര്‍ഷക്കാലയളവില്‍ 3,75,000 ദിര്‍ഹത്തില്‍ കൂടുതല്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ഫെഡറല്‍ ടാക്സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. മുന്‍വര്‍ഷം 1,87,500 ദിര്ഹത്തിന്മേല് വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് സ്വമേധയാ രജിസ്റ്റര്‍ ചെയ്യാം. വ്യക്തിപരമായും ഗ്രൂപ്പായും ടാക്സ് രജിസ്ട്രേഷന് ചെയ്യാമെന്നും വ്യവസ്ഥകളില്‍ പറയുന്നു.
വാറ്റ് സംബന്ധിച്ച കണക്കുകളില്‍ കൃത്രിമം കാണിച്ചാല്‍ കര്‍ശനമായ പിഴയടക്കേണ്ടി വരുമെന്ന് നേരത്തെതന്നെ അധികൃതര്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ജി.എസ്.ടി. വന്നതിനുശേഷം കുറെ ആശയക്കുഴപ്പങ്ങള്‍ വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല നികുതികള്‍ അടച്ചുവന്നിരുന്നവരായിരുന്നു ഇന്ത്യയിലെ ബിസിനസ്സുകാരും ഉപഭോക്താക്കളും. അതെല്ലാം ഏകോപിപ്പിച്ചപ്പോള്‍ ഉണ്ടായ ആശയക്കുഴപ്പങ്ങളാണ് പലേടത്തെയും പ്രശ്നങ്ങള്‍. എന്നാല്‍, ഗള്‍ഫില്‍ സ്ഥിതി വ്യത്യസ്തമാണ്. ഇതുവരെ നികുതി എന്ന പരിപാടിയെക്കുറിച്ച് വലിയ ആധിയൊന്നും ഇല്ലാത്തവരാണ് ഇവിടെ താമസിക്കുന്നവരെല്ലാം. അവര്‍ക്കിടയിലേക്കാണ് വാറ്റ് കടന്നുവരുന്നത്. ഏത് പരിഷ്കാരത്തിനുമെന്നപോലെ ഇവിടെയും വാറ്റ് ചില പ്രയാസങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍, മുന്നൊരുക്കങ്ങളോടെ അതിനെ സമീപിക്കാവുന്നതായിരിക്കും നല്ലകാര്യം. കുറുക്കുവഴികളിലൂടെ പോകാനുള്ള മനസ്സ് തുടക്കത്തില്‍ത്തന്നെ ഉപേക്ഷിക്കുന്നതായിരിക്കും അഭികാമ്യമെന്നും ഓര്‍മിക്കുന്നത് നല്ലത്.