ദുബായ് ഒരു മാസം നീണ്ടുനിന്ന ഒരു വെല്ലുവിളിയുടെ ആഘോഷത്തിലായിരുന്നു ഇതുവരെ. ശനിയാഴ്ച ആ വെല്ലുവിളി സമാപിച്ചു. ഒരു ദിവസം മുപ്പത് മിനിറ്റ് വ്യായാമത്തിനായി മാറ്റിവെക്കാനും മുപ്പത് ദിവസം അത് കൃത്യമായി തുടരാനുമായിരുന്നു ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമിന്റെ ആഹ്വാനവും വെല്ലുവിളിയും. ദുബായ് ഫിറ്റ്നസ് ചലഞ്ച് എന്ന പേരില്‍ അറിയപ്പെട്ട ആ വെല്ലുവിളി ജനതയൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. വലിയ ആഘോഷത്തോടെ ശനിയാഴ്ച അത് സമാപിച്ചപ്പോള്‍ ആരോഗ്യത്തിനും ആരോഗ്യസംരക്ഷണത്തിനുമായുള്ള മഹത്തായ ഒരു യജ്ഞത്തിനാണ് ദുബായ് സാക്ഷ്യം വഹിച്ചത്. പരിപാടികള്‍ ദുബായിലെ പൊതുസ്ഥലങ്ങളിലായിരുന്നു പ്രധാനമായും നടന്നതെങ്കിലും ലോകത്തെ പല ഭാഗങ്ങളിലും ഈ സന്ദേശം എത്തി എന്നതാണ് പുതിയ വിശേഷം.

ഒക്ടോബര്‍ 20-ന് തുടങ്ങിയ ചലഞ്ചാണ് മുപ്പതാം ദിവസമായ നവംബര്‍ 18-ന് സമാപിച്ചത്. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ ഈ ചരിത്രവിജയം ആഘോഷിക്കാന്‍ വലിയ പരിപാടികളും ആസൂത്രണം ചെയ്തിരുന്നു. ഒട്ടേറെ പ്രചാരണങ്ങള്‍ക്ക് ദുബായിയും യു.എ.ഇ. യും സാക്ഷ്യം വഹിച്ചിട്ടുണ്ട്. എല്ലാം വലിയ വിജയങ്ങളുമായിരുന്നു. എന്നാല്‍ ഓരോ ആളും ഇത് സ്വന്തമെന്ന് കരുതി ഇറങ്ങിത്തിരിച്ച മറ്റൊരു പ്രചാരണം ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

മുപ്പതുദിവസം മുപ്പത് മിനിറ്റ് വീതം ശരീരവും ആരോഗ്യവും നോക്കാനായുള്ള പദ്ധതിയായിരുന്നു ദുബായ് ഫിറ്റ്നസ് ചലഞ്ച്. ഇതിനായി ഒരു മൊബൈല്‍ ആപ്പും സംഘാടകര്‍ തയ്യാറാക്കി. ഓരോ ചുവടുവെപ്പും രേഖപ്പെടുത്തുകയും കത്തിച്ചുകളയുന്ന കലോറിയുടെ അളവ് കൃത്യമായി നിത്യവും പറഞ്ഞുതരികയും ചെയ്ത ആപ്പിനും വലിയ സ്വീകാര്യതയായിരുന്നു. നിത്യജീവിതത്തില്‍ എന്നും ഓര്‍ക്കാനും പകര്‍ത്താനുമുള്ള ചില വിദ്യകളാണ് ഫിറ്റ്നസ് ചലഞ്ചിലൂടെ സംഘാടകര്‍ ജനങ്ങളോട് പറഞ്ഞിരുന്നത്. അതില്‍ പ്രധാനം നേരത്തെ ഉറങ്ങാനും നേരത്തെ ഉണരാനുമായിരുന്നു. ഇതിലെന്ത് പുതുമ എന്ന് ചോദിക്കുന്നവരായിരിക്കും ഏറെയും. എന്നാല്‍ ജോലി കഴിഞ്ഞുവന്ന് ടെലിവിഷന് മുന്നിലും മൊബൈലിലും കണ്ണുംനട്ടിരുന്ന് വളരെ വൈകി ഉറങ്ങുന്ന ശീലം യു.എ.ഇ. യില്‍ വ്യാപകമാണ്. പ്രവാസികളിലും അതൊരു പതിവാണ്. പല കാരണങ്ങളും ഇതിന് പറയാനുണ്ടാവുമെങ്കിലും ഫിറ്റ്നസ് ചലഞ്ച് അതില്‍ വലിയ വ്യത്യാസമുണ്ടാക്കി.  
നേരത്തേ എഴുന്നേല്‍ക്കുക, അരമണിക്കൂര്‍ വ്യായാമം ചെയ്യുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, ഭക്ഷണകാര്യത്തില്‍ മാറ്റം കൊണ്ടുവരിക തുടങ്ങിയവയായിരുന്നു ഫിറ്റ്നസ് ചലഞ്ചിലൂടെ ദുബായ് കിരീടാവകാശിയും സംഘാടകരും മുന്നോട്ടുവെച്ച കാര്യങ്ങള്‍ എത്രയോ കാലമായി കേള്‍ക്കുന്നതാണെങ്കിലും പുതിയ പ്രചാരണം വലിയൊരു തരംഗമായി ജനങ്ങള്‍ക്കിടയില്‍ പടര്‍ന്നുകയറി എന്നതാണ് യാഥാര്‍ഥ്യം.  

എന്നാല്‍, ഇനിയാണ് യഥാര്‍ഥ വെല്ലുവിളി എന്നുകൂടി സംഘാടകര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. കേവലം മുപ്പത് ദിവസത്തേക്കുള്ളതാണ് ഫിറ്റ്നസ് ചലഞ്ച് എന്ന പ്രചാരണം എങ്കിലും അതൊരു വലിയ ലക്ഷ്യത്തിലേക്കുള്ള തുടക്കമായി കാണാനാണ് അവര്‍ ആവശ്യപ്പെടുന്നത്. നല്ലൊരു തുടക്കം കിട്ടി, ഇനി അത് എന്നും തുടരണം എന്നതു തന്നെ ഈ പ്രചാരണം നല്‍കുന്ന വലിയ സന്ദേശം. വ്യായാമത്തിനായി ജിമ്മുകളില്‍ പോകുന്ന ശീലം വലിയൊരു വിഭാഗം പ്രവാസികളിലുണ്ട്. എന്നാല്‍ ഭൂരിപക്ഷവും സമയക്കുറവും ജോലിഭാരവുമെല്ലം പറഞ്ഞ് മുറിയില്‍ തന്നെ ചടഞ്ഞിരിക്കുകയാണ് പതിവ്.

ജിംനേഷ്യങ്ങളില്‍ പോയി മസില്‍ പെരുപ്പിക്കാന്‍ ശ്രമിക്കുന്നവരെ കഴിയുമെങ്കില്‍ പരിഹസിക്കാനും നാം മറക്കാറില്ല. എന്നാല്‍ ആരോഗ്യ സംരംക്ഷണത്തിന് ജിമ്മില്‍ത്തന്നെ പോകണമെന്നില്ലെന്ന് ഫിറ്റ്‌നസ് ചലഞ്ച് നമ്മോട് പറയുന്നുണ്ട്. രാവിലെയോ വൈകീട്ടോ ഉള്ള നടത്തം, നീന്തല്‍, സൈക്ലിങ്, കൃത്യമായ ഉറക്കം, ശരിയായ ഭക്ഷണം, ദുശ്ശീലങ്ങള്‍ ഒഴിവാക്കല്‍ എന്നിവയെല്ലാം ഇതിന്റെ സന്ദേശങ്ങളാണ്. ഇതെല്ലാം എല്ലാപ്രായത്തിലുള്ളവരിലും ഇക്കഴിഞ്ഞ ഒരു മാസം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പാര്‍ക്കുകളിലും ബീച്ചുകളിലും വ്യായാമകേന്ദ്രങ്ങളിലുമുള്ള തിരക്ക് വിളിച്ചു പറയുന്നു. എന്തിന്, സ്‌പോര്‍ട്സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകളില്‍പ്പോലും പതിവില്‍ കവിഞ്ഞ വലിയ കച്ചവടമാണ് നടന്നത്.

ഗള്‍ഫ് നാടുകളില്‍ ചൂടുകാലം പതിയെ പിന്‍വാങ്ങുകയാണ്. യു.എ.ഇ. യില്‍ തണുപ്പുകാലം കടന്നുവരുന്നതിന്റെ സൂചനയെന്നോണം വടക്കന്‍ എമിറേറ്റുകളില്‍ രണ്ടുദിവസമായി കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഇനി നാലുമാസത്തിലേറെ തണുപ്പിന്റെ നേരിയ ആലസ്യത്തിലായിരിക്കും എല്ലാവരും. എന്നാലും ഈ ദിവസങ്ങളിലും ഫിറ്റ്നസ് ചലഞ്ചിന്റെ സന്ദേശം മറക്കാതിരിക്കണം. അതൊരു ദിനചര്യയായി കൊണ്ടുനടക്കാന്‍ എല്ലാവര്‍ക്കും കഴിയണം. ആരോഗ്യ സംരക്ഷണവും വ്യായാമവുമെന്ന് പറഞ്ഞാല്‍ ജിമ്മുകളിലെ അഭ്യാസങ്ങള്‍ മാത്രമല്ല. നമുക്ക് തൊട്ടടുത്ത ഏതെങ്കിലും സ്ഥലത്ത് അരമണിക്കൂര്‍ നടക്കാന്‍ യാതൊരു മുതല്‍ മുടക്കുമില്ല. നേരത്തെ ഉറങ്ങാനും നേരത്തെ എഴുന്നേറ്റ് കാര്യങ്ങള്‍ നിര്‍വഹിക്കാനും കഴിയണം. ഈ ശ്രദ്ധ ഭക്ഷണശീലങ്ങളിലും ഉണ്ടാവണം. പുകവലിയും മദ്യവും ലഹരിമരുന്നുകളുമെല്ലാം പടിക്ക് പുറത്ത് നിര്‍ത്താനും കഴിയണം. അങ്ങിനെ സ്വയം ആരോഗ്യവാനാകാനും അതുവഴി ആരോഗ്യമുള്ള സമൂഹ ത്തെ സൃഷ്ടിച്ചെടുക്കാനും നമുക്കാവണം. അതാവട്ടെ ഫിറ്റ്നസ് ചലഞ്ചിന്റെ സമ്മാനം.