ങ്ങനെ പിണറായി വിജയന്‍ സര്‍ക്കാറിന്റെ ആദ്യത്തെ സമ്പൂര്‍ണബജറ്റ് അവതരിപ്പിക്കപ്പെട്ടു. ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് ബജറ്റ് വായിക്കുന്നതിനിടയില്‍തന്നെ കുറെ വിവരങ്ങള്‍ ചോര്‍ന്നെന്ന ആരോപണവും ബജറ്റ് ചര്‍ച്ച പോലെതന്നെ നാട്ടില്‍ ചൂടുപിടിച്ച് നടക്കുന്നു. മന്ത്രിയുടെ ഓഫീസിലെ ഒരാളുടെ അമിതാവേശമോ ആത്മാര്‍ഥതയോ എന്തുമാവട്ടെ, അയാള്‍ പുറത്തായി എന്നതുമാത്രം മിച്ചം. മന്ത്രിയുടെ രാജിയൊന്നും നടക്കാന്‍ പോവുന്നില്ലെന്ന് ആരോപണം ഉന്നയിച്ചവര്‍ക്കുതന്നെ അറിയാം. എന്നാലും കൈയില്‍ കിട്ടിയ ഒരായുധം ആരായാലും ഉപയോഗിച്ചു എന്നുമാത്രം. പിണറായിയും ഐസക്കും മറുപക്ഷത്തായിരുന്നെങ്കിലും ഇതൊക്കെ തന്നെയാവുമായിരുന്നു നടക്കുന്നത്.  

അതെന്തായാലും ആ വിവാദങ്ങള്‍ക്കിടയില്‍ ബജറ്റിനെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ വിശകലനവും വിമര്‍ശനവും കുറഞ്ഞുപോയി എന്നൊരു അഭിപ്രായം എല്ലായിടത്തുനിന്നും ഉയരുന്നുണ്ട്. ബജറ്റിന്റെ തിളക്കംകുറയാന്‍ ആരോപണം ഇടയാക്കിയെന്നും അവര്‍ പറയുന്നു. അതേസമയം 'കിഫ്ബി ശരണം കിഫ്ബി ശരണം' എന്നതുമാത്രമാണ് ബജറ്റിന്റെ ഉള്ളടക്കം എന്നാണ് മറ്റൊരു വിമര്‍ശനം. വിദേശത്തുള്ള പ്രവാസികളുടെ നിക്ഷേപത്തില്‍ കണ്ണുംനട്ട് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം കിഫ്ബി ഏറ്റെടുത്തുനടത്തും എന്നതാണ് ബജറ്റിലെ പ്രധാന നിര്‍ദേശം. മുഖ്യമന്ത്രി ആവുന്നതിന് മുമ്പും പിമ്പും പിണറായി വിജയന്‍ നടത്തിയ ഗള്‍ഫ് സന്ദര്‍ശനങ്ങളില്‍ ഇത്തരമൊരു ആശയം സജീവമായി ഉണ്ടായിരുന്നു. മുഖ്യമന്ത്രി പദമേറ്റെടുത്ത ശേഷം യു.എ.ഇ.യിലും കഴിഞ്ഞമാസം ബഹ്റൈനിലും നടത്തിയ യാത്രകള്‍ ഈ ഒരു ആശയത്തിന് കൂടുതല്‍ കരുത്തുപകര്‍ന്നിട്ടുണ്ട്. ആ യാത്രകളുടെയും അവിടെ നടന്ന കൂടിക്കാഴ്ചകളുടെയുമെല്ലാം അജണ്ടകളില്‍ ഈ ആശയം ഉണ്ടായിരുന്നു. ഗള്‍ഫ് നാടുകളിലെ ഒട്ടേറെ പ്രവാസി വ്യവസായികള്‍ ഇത്തരത്തില്‍ നിക്ഷേപം നടത്താന്‍ താത്പര്യം കാണിച്ചിരുന്നു. സര്‍ക്കാറിന്റെ സെക്യൂരിറ്റി എല്ലാ നിക്ഷേപങ്ങള്‍ക്കും നല്‍കാമെന്നതും ആ നിക്ഷേപങ്ങള്‍ ബോണ്ടുകളായി മാറ്റാമെന്നുമായിരുന്നു നിര്‍ദേശങ്ങളില്‍ പ്രധാനം. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പ്രവാസി നിക്ഷേപ ബോര്‍ഡ് എന്ന ആശയവും ഇതിന്റെ ഭാഗമാണ്. ഇത്തരത്തില്‍ പ്രവാസികളുടെ നിക്ഷേപം വാണിജ്യ ബാങ്കുകളില്‍ വെറുതെ കിടക്കുന്നതിന് പകരം അത്രയുമോ അതിലേറെയോ വരുമാനം തിരിച്ചുനല്‍കുന്ന സ്ഥിരം നിക്ഷേപങ്ങളാണ് കിഫ്ബിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബജറ്റിലെ ഓരോ പദ്ധതിയും ഇത്തരത്തില്‍ കിഫ്ബിയുടെ സഹായത്തോടെയാണ് ലക്ഷ്യമിടുന്നത്.

നേരത്തെ കേരളം പലിശ രഹിത ഇസ്ലാമിക ബാങ്കിങ്ങിനെക്കുറിച്ച് ഏറെ സംസാരിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അത് അധികം മുന്നോട്ട് പോയിട്ടില്ല. അതിന്റെകൂടി ഒരു തുടര്‍ച്ചയായി വേണം കിഫ്ബി എന്ന സങ്കല്‍പ്പത്തെ കാണാന്‍. ആശയം പ്രഖ്യാപിക്കുന്നത് മുതല്‍ വിവാദം തഴച്ചുവളരുന്ന കേരളത്തിലെ അടിസ്ഥാന സൗകര്യവികസനങ്ങളുടെ ഏറ്റവും വലിയ പ്രതിസന്ധി സ്ഥലമെടുപ്പുതന്നെയാണ്. വികസനം വികസനം എന്ന് നൂറുനാവ് കൊണ്ട് ആവശ്യപ്പെടുമ്പോഴും ഭൂമി വിട്ടുകൊടുക്കാന്‍ ആര്‍ക്കും സമ്മതമില്ല. ദേശീയപാതകളും ബൈപ്പാസുകളും ഗെയില്‍ പൈപ്പ് ലൈനുമൊക്കെ ഇപ്പോഴും കേരളത്തില്‍ ഇഴഞ്ഞുനീങ്ങുന്നത് സ്ഥലമെടുപ്പിന്റെ പേരില്‍ തന്നെയാണെന്നത് വാസ്തവമാണ്. അത്തരം പദ്ധതികള്‍ക്കുള്ള നിക്ഷേപം കിഫ്ബിയിലൂടെ നടക്കുമെങ്കില്‍ കേരളം പുതിയ ചരിത്രംതന്നെ എഴുതുമെന്ന് വിശ്വസിക്കാം.  

പ്രവാസികള്‍ക്കായി പ്രത്യേകമായൊരു ചിട്ടി കെ.എസ്.എഫ്.ഇയിലൂടെ നടത്താനും അതുവഴിയും ധനസമാഹരണം നടത്താനും ബജറ്റിലൂടെ ഡോ.തോമസ് ഐസക് ലക്ഷ്യമിടുന്നുണ്ട്. ഒരുപക്ഷേ, പ്രവാസികളിലെ സാധാരണക്കാരെയും ഇടത്തട്ടുകാരെയുമാവണം പ്രവാസി ചിട്ടിയിലൂടെ ആകര്‍ഷിക്കാന്‍ ബജറ്റ് ഉദ്ദേശിക്കുന്നത്. മിക്കവാറും പ്രവാസികളും ബന്ധുക്കളോ സുഹൃത്തുക്കളോ മുഖേന ചിട്ടിയില്‍ ഇപ്പോള്‍തന്നെ അംഗങ്ങളാണ്. ചിട്ടി കിട്ടിയാലും അതില്‍നിന്ന് വായ്പയെടുക്കാനുമെല്ലാമുള്ള ഇപ്പോഴത്തെ ചിട്ടവട്ടങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ജാമ്യംനില്‍ക്കലും പോളിസിയോ സ്വര്‍ണമോ ഈടുവെക്കലുമൊക്കെയാണ് ഇന്ന് കെ.എസ്.എഫ്.ഇയുടെ പതിവ് രീതികള്‍. എന്നാല്‍ അതിനനുസരിച്ച് നാട്ടില്‍ എത്തിപ്പെടാനും ഇതൊക്കെ നിര്‍വഹിക്കാനുമെല്ലാം പ്രവാസിക്ക് കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ പ്രവാസി ചിട്ടി എത്രമാത്രം മുന്നോട്ടുപോകും എന്നതും സര്‍ക്കാരിന്റെ നിലപാടുകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. ചട്ടങ്ങളും ചിട്ടകളുമെല്ലാം പ്രവാസികള്‍ക്കായി കുറെക്കൂടി ലളിതമാക്കുന്നതും ഇതിന് ആവശ്യമാണ്.

പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ അഞ്ഞൂറില്‍നിന്ന് രണ്ടായിരം രൂപയാക്കി ഉയര്‍ത്തിയെന്ന പ്രഖ്യാപനം ഏറെ പ്രശംസനീയംതന്നെ. കേവലം അഞ്ഞൂറ് രൂപയാണ് പെന്‍ഷന്‍ എന്നതാണ് ആ പദ്ധതിയില്‍ വേണ്ടത്ര അംഗങ്ങള്‍ ഇതുവരെ ഇല്ലാതെ പോയത്. അതിനൊരു മാറ്റംവരുത്താന്‍ രണ്ടായിരം എന്നത് കാരണം തന്നെയാകും. എന്നാലും അയ്യായിരം രൂപയെങ്കിലും പെന്‍ഷന്‍ കിട്ടുമെന്ന് എല്ലാ പ്രവാസിയും ആഗ്രഹിക്കുന്നുണ്ട്. ആ ഒരു ആഗ്രഹത്തിലേക്ക് പെന്‍ഷന്‍ അടുക്കുന്നു എന്നതാണ് ബജറ്റ് നല്‍കുന്ന ആശ്വാസം. പുനരധിവാസ പദ്ധതികള്‍ക്കും നോര്‍ക്കയ്ക്കുമായി കുറെക്കൂടി പണം വകയിരുത്തിയതും ഏറെ ശ്രദ്ധേയമാണ്.  

ഗള്‍ഫ് മേഖലയിലെ പ്രവാസി വ്യവസായികളെല്ലാം ബജറ്റിനെ സ്വാഗതം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ കുതിപ്പിന് വേഗം കൂട്ടുന്നതിന് വഴി തുറക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍. എന്നാല്‍ എല്ലാം കിഫ്ബിയെ വിശ്വസിച്ചാണ് നീങ്ങുക എന്നതാണ് ബജറ്റിന്റെ വലിയ ന്യൂനതയും. ഇതാകട്ടെ പ്രവാസലോകത്തിനും നിര്‍ണായകമാണ്.  

എത്രവര്‍ഷം ഇവിടെ പണിയെടുത്താലും നാട്ടിലേക്ക് ഒരിക്കല്‍ തിരിച്ചുപോകേണ്ടവരാണ് ഗള്‍ഫിലെ ഓരോ പ്രവാസിയും. അതുകൊണ്ട് തന്നെ കേരളത്തിലെ ഓരോ തുടിപ്പും പ്രവാസിയുടെ താത്പര്യം ഉണര്‍ത്തും. വികസനക്കുതിപ്പിന് ഇത് വഴിവെക്കുമെങ്കില്‍ ഏറ്റവും ഏറെ ആശ്വസിക്കുന്നതും സന്തോഷിക്കുന്നതും പ്രവാസലോകം തന്നെയായിരിക്കും.