ഇനി മണിക്കൂറുകള്‍ മാത്രം. ജനാധിപത്യത്തിന്റെ ശക്തി രേഖപ്പെടുത്താന്‍ നാട്ടില്‍ എല്ലാവരും ഒരുങ്ങിനില്‍ക്കുകയാണ്. ഗ്രാമപ്പഞ്ചായത്ത് മുതല്‍ കോര്‍പ്പറേഷന്‍ വരെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാട്ടില്‍ നടക്കുമ്പോള്‍ ഇവിടെ പ്രവാസിയും എല്ലാ ആരവവും ആവേശവും ഏറ്റുവാങ്ങുന്നുണ്ട്. ഒരാഴ്ചയ്ക്കകം ജനവിധിയും അറിയാം. ആറുമാസത്തികനകം കേരളത്തില്‍ നടക്കാന്‍പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ജനവിധിയായതിനാല്‍ ഈ തിരഞ്ഞെടുപ്പിന് പതിവില്‍ കവിഞ്ഞ പ്രാധാന്യം എല്ലാവരും നല്‍കുന്നുണ്ട്. പ്രവാസി വോട്ട് ഇത്തവണയും യാഥാര്‍ഥ്യമായില്ലെങ്കിലും അത് ഉടനെ വരുമെന്ന പ്രതീക്ഷ ഇപ്പോഴും പ്രവാസികള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. ആ പ്രതീക്ഷയും നാട്ടിലെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലുള്ള പ്രവാസികളുടെ ആവേശം കൂട്ടിയിട്ടുണ്ട്.

eenthappanachottil logoകക്ഷിരാഷ്ട്രീയം തലയ്ക്കുപിടിച്ച വലിയൊരു വിഭാഗം പ്രവാസികള്‍ക്കിടയിലുണ്ട്. നാട്ടിലായിരുന്നപ്പോള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരും ആ ആരവങ്ങളില്‍ മുങ്ങിയവരുമൊക്കെ ജീവിതം തേടിയാണ് ഇവിടെയെത്തിയത്. എന്നാലും നാട്ടിലെ ഓരോ ചലനവും അവര്‍ സസൂക്ഷ്മം വീക്ഷിക്കുന്നു, നിരന്തരം സംവദിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ കണ്ണോടിച്ചാല്‍ മതി പ്രവാസികള്‍ നാട്ടിലെ ഓരോ കാര്യത്തിലും എത്രമാത്രം ശ്രദ്ധ പുലര്‍ത്തുന്നു എന്നറിയാന്‍. തിരഞ്ഞെടുപ്പായപ്പോള്‍ അതിന്റെ തീവ്രതയും ആവേശവും ഉച്ചസ്ഥായിയിലാണ്. നാട്ടിലെ ഓരോ കാര്യത്തിലും പ്രവാസികള്‍ എത്രമാത്രം ജാഗ്രതപുലര്‍ത്തുന്നു എന്നറിയാനും അത് ധാരാളം. കുറെപ്പേര്‍ ഇതിനകം തന്നെ നാട്ടിലേക്ക് പോയിക്കഴിഞ്ഞു. കുറെപ്പേര്‍ വോട്ടുവിമാനം എന്ന് പ്രഖ്യാപിച്ചാണ് വിമാനത്തില്‍ കയറിയത്. എന്തായാലും രാഷ്ട്രീയം തലയ്ക്കുപിടിച്ചവരെല്ലാം നാട്ടിലേക്ക് വെച്ചുപിടിച്ചിട്ടുണ്ട്. ഇനി വോട്ടുചെയ്തശേഷമേ അവര്‍ മടങ്ങുകയുള്ളൂ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പായതിനാല്‍ വീട്ടിനുചുറ്റുമുള്ള കാര്യങ്ങളും പ്രവാസിയെ സ്വാധീനിക്കുന്നുണ്ട്. നാട്ടില്‍ ഇല്ലാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രയാസങ്ങളോട് ജനപ്രതിനിധികളും പാര്‍ട്ടികളും എങ്ങനെയൊക്കെ പ്രതികരിച്ചു എന്നതാവും എപ്പോഴും പ്രവാസിയുടെ വോട്ടിനെ നിര്‍ണയിക്കുന്നത്. ലക്ഷക്കണക്കിന് വോട്ടര്‍മാരാണ് പ്രവാസഭൂമിയിലുള്ളത്. എന്നാല്‍ അതിന്റെ മൂന്നിരട്ടിയെങ്കിലും വോട്ടുകളെ സ്വാധീനിക്കാന്‍ ഇവിടെ ഇരുന്ന് കാര്യങ്ങള്‍നോക്കുന്ന പ്രവാസികള്‍ക്ക് കഴിയും. ആയിരക്കണക്കിന് കുടുംബങ്ങളിലെ നാഥനോ വോട്ടിനെ നിര്‍ണയിക്കുന്ന വ്യക്തിയോ പ്രവാസലോകത്താണ്. അവരുടെ വാക്കുകള്‍ക്ക് നാട്ടിലുള്ള വീടുകളിലെ വോട്ടുകളുടെ ഗതി നിര്‍ണയിക്കാന്‍ കഴിയും. അതിനാലാണ് സ്ഥാനാര്‍ഥികളും നേതാക്കളുമൊക്കെ പ്രവാസിയെ ഇപ്പോള്‍ വിളിച്ചുകൊണ്ടേയിരിക്കുന്നത്. കൂട്ടത്തില്‍ അല്പം പണപ്പിരിവും ഉണ്ടെന്നത് പരസ്യമായ രഹസ്യം. ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങള്‍ അനവധിയാണ്. പലതും ഇപ്പോഴും കത്തിനില്‍ക്കുന്നു. എങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ജനാധിപത്യ പ്രക്രിയയില്‍ നാട്ടിലെ കൊച്ചുകൊച്ചു വിഷയങ്ങളും സ്ഥാനാര്‍ഥികളുടെ വ്യക്തിത്വവുമൊക്കെ ഘടകമാവും എന്നതുറപ്പാണ്. അതുകൊണ്ടുതന്നെ ഈ പ്രക്രിയയില്‍ പ്രവാസികളുടെ വോട്ടിനും തീരുമാനങ്ങള്‍ക്കും ഏറെ പ്രാധാന്യവുമുണ്ട്. അത് അതിന്റെ ഗൗരവത്തോടെത്തന്നെ അവര്‍ വിനിയോഗിക്കുമെന്ന് പ്രത്യാശിക്കാം.

ഈ തിരഞ്ഞെടുപ്പില്‍ പ്രവാസികളുടെ മറ്റ് പ്രശ്‌നങ്ങളൊന്നും വിഷയമായിട്ടില്ല. വിമാനയാത്ര മുതല്‍ പുനരധിവാസം വരെയുള്ള നിരവധി വിഷയങ്ങളാണ് നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കുമുള്ള തിരഞ്ഞെടുപ്പുകളില്‍ പ്രവാസലോകത്തുനിന്ന് ഉയര്‍ത്തപ്പെടാറുള്ള വിഷയങ്ങള്‍. അതൊക്കെ എപ്പോഴും ചര്‍ച്ചയാവാറുണ്ട് എന്നതില്‍ക്കവിഞ്ഞ് എന്തെങ്കിലും കാര്യമായ ആശ്വാസനടപടികള്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. ഇത്തരം വിഷയങ്ങളില്‍ നോര്‍ക്ക പോലും നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുന്നു എന്നതാണ് ഇന്നത്തെ യാഥാര്‍ഥ്യം. ഏതായാലും ആറ് മാസത്തിനുള്ളില്‍ കടന്നുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതൊക്കെ വീണ്ടും വിഷയമായി വരും എന്നതുറപ്പ്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനനേതാക്കളുമൊക്കെ വലിയ വായില്‍ പല ഉറപ്പുകളും പ്രവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. അതിന്റെയൊക്കെ കണക്കെടുപ്പിനും സമയമായി വരുന്നുണ്ട്. അപ്പോഴേക്കും പ്രവാസി വോട്ടുകള്‍കൂടി യാഥാര്‍ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. അതിനായി കാത്തിരിക്കാം.

ppsasindran@gmail.com