: അസാധാരണമായ വേഗത്തിലാണ് യു.എ.ഇ, വിശേഷിച്ച് ദുബായ്‌ പഴയ ജീവിതത്തിലേക്ക് മടങ്ങിവരുന്നത്. ലോകമെങ്ങുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട സങ്കേതമായ ദുബായിക്ക് ഏറെക്കാലം സ്വയം അടച്ചിരിക്കാനാവില്ല എന്നതാണ് യാഥാർഥ്യം. ഏത് കാലാവസ്ഥയെയും ആഘോഷമാക്കാനുള്ള പ്രത്യേക കഴിവ് ദുബായിക്കുണ്ട്. കത്തുന്ന ചൂടിൽ സമ്മർ സർപ്രൈസ് എന്ന പേരിൽ സാംസ്കാരിക വിനോദ പരിപാടികൾ നടത്തി ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകർഷിക്കാറുണ്ട് ദുബായ്. ശീതകാലമായാൽ പിന്നെ ആഘോഷങ്ങളുടെ പൊടിപൂരമാണ്. ആ നഗരത്തെയും രാജ്യത്തെയുമാണ് കോവിഡ് എന്ന വൈറസ് അല്പകാലത്തേക്കെങ്കിലും മുറികൾക്കുള്ളിൽ തളച്ചിട്ടത്. എന്നാൽ ആ ബന്ധനങ്ങൾ വലിച്ചെറിഞ്ഞ് ദുബായിയും യു.എ.ഇ.യും വളരെവേഗം പഴയനിലയിലേക്ക് തിരിച്ചുപോവുകയാണ്.

താമസക്കാരുടെയും നാട്ടുകാരുടെയും പഴയനാളുകളിലെ ആവേശവും ഉത്സാഹവുമെല്ലാം തിരിച്ചുവരാൻ സമയമെടുക്കുമായിരിക്കും. എല്ലാം പഴയതുപോലെ ആവില്ലെന്ന് കരുതുന്നവരും ധാരാളമുണ്ട്. നിരവധി സ്ഥാപനങ്ങൾ പൂട്ടുകയോ വേതനം വെട്ടിച്ചുരുക്കുകയോ ചെയ്തതിനാൽ ആയിരങ്ങൾക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്. അവരിൽ കുറെപ്പേർ നാട്ടിലേക്ക് മടങ്ങി. ഇപ്പോഴും സ്വന്തം നാടുകളിലേക്ക് പോകാനുള്ളവരുടെ തിരക്ക് കുറഞ്ഞിട്ടില്ല. അതിനിടയിൽതന്നെയാണ് ദുബായ് പഴയരീതിയിലേക്ക് മടങ്ങാൻ വെമ്പുന്നതും. ദുബായിക്ക് ഇത്തരം പ്രതിസന്ധികൾ പുതിയതല്ല. നേരത്തേ ലോകമാസകലം വീശിയ സാമ്പത്തിക പ്രതിസന്ധി യു.എ.ഇ.യെയും ബാധിച്ചിരുന്നു. എന്നാൽ അധികം വൈകാതെതന്നെ രാജ്യം അതിനെ മറികടന്നു. അതെല്ലാം വിസ്മൃതിയിലാവുന്ന ഘട്ടത്തിലാണ് കോവിഡ് 19 ന്റെ ആക്രമണം. ലോകത്തിലെ ഏറ്റവും ജനത്തിരക്കേറിയ ദുബായ് വിമാനത്താവളങ്ങളിൽ ലോകത്തിലെ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ആയിരങ്ങളാണ് ഓരോ ദിവസവും വന്നുപോകുന്നത്. അബുദാബിയുടെ കാര്യവും വ്യത്യസ്തമല്ല. അത്തരത്തിൽ ഇവിടെ എത്തിപ്പെട്ട കോവിഡിനെ നിയന്ത്രിക്കാനും പ്രതിരോധിക്കാനുമെല്ലാം വലിയ പ്രയത്നമാണ് രാജ്യം നടത്തിയത്. മറ്റ് ഗൾഫ് നാടുകളുമായി താരതമ്യം ചെയ്യുമ്പോൾ പെട്ടെന്നുതന്നെ രോഗബാധിതരുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ യു.എ.ഇ.ക്ക് കഴിഞ്ഞു. ആദ്യഘട്ടത്തിലെ വലിയ മരണനിരക്കും ഇപ്പോൾ ഏറെ കുറഞ്ഞു. സ്വന്തം പൗരന്മാരുടെയും പ്രവാസികളുടെയും ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാൻ അവർക്ക് ഈ പ്രയത്നത്തിലൂടെ കഴിഞ്ഞു. അതിന്റെ തുടർച്ചതന്നെയാണ് എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചുകൊണ്ടുള്ള പുതിയ പ്രഖ്യാപനങ്ങളും. ഓരോ എമിറേറ്റും ഇത്തരത്തിൽ പഴയ ജീവിതത്തിലേക്ക് മടങ്ങാനുള്ള വെമ്പലിലാണ്.

മൂന്ന് മാസമായി രാജ്യത്ത് നടത്തിവന്നിരുന്ന അണുനശീകരണ യജ്ഞവും സമാപിച്ചു. ബുധനാഴ്ച രാത്രി മുതൽ ജനങ്ങളുടെ സഞ്ചാരത്തിന് വിലക്കുണ്ടാകില്ലെന്ന പ്രഖ്യാപനം ഉറങ്ങാത്ത ദുബായ് നഗരത്തിൽ ഉണ്ടാക്കിയ ഊർജം ചെറുതല്ല. ഇനിമുതൽ അനുമതിയില്ലാതെ പൊതുജനങ്ങൾക്ക് ഏത് സമയവും പുറത്തിറങ്ങി സഞ്ചരിക്കാമെന്ന പ്രഖ്യാപനം വന്നപ്പോൾതന്നെ ജനം ആവേശത്തോടെ റോഡുകളിലൂടെ പുതിയ ലോകം കാണാനിറങ്ങി. പൊതുസ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും പൂർണമായും അണുവിമുക്തമാക്കി. പൊതു സ്ഥലങ്ങളിൽ ഇപ്പോഴും അണുനശീകരണ പ്രവർത്തനങ്ങൾ തുടരുന്നതും മുൻകരുതലുകളുടെ ഭാഗംതന്നെ.

രാജ്യം വീണ്ടും ഉത്സാഹത്തിലേക്ക്കോവിഡ് ബാധ നിയന്ത്രിക്കാൻ മാർച്ച് 26 മുതൽ 29 വരെയാണ് ആദ്യം യു.എ.ഇ. അണുനശീകരണ പ്രക്രിയ പ്രഖ്യാപിച്ചിരുന്നത്. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയായിരുന്നു സഞ്ചാരവിലക്ക്. പിന്നീട് പല ഘട്ടങ്ങളിലായി അത് ദീർഘിപ്പിക്കുകയും സമയക്രമങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തു. ഷോപ്പിങ് മാളുകൾ, ഹോട്ടൽ, റെസ്റ്റോറന്റ്‌ ഉൾപ്പെടെ അടച്ചിട്ട് രാജ്യം നിശ്ചലമായ അവസ്ഥയായിരുന്നു. റംസാനോടനുബന്ധിച്ച് ഏപ്രിൽ 23 മുതലാണ് രാത്രി 10 മുതൽ രാവിലെ ആറ് വരെ കർഫ്യൂ സമയമാക്കിയത്. ഇപ്പോൾ കോവിഡ് ഏറക്കുറെ നിയന്ത്രണവിധേയമായതോടെയാണ് യു.എ.ഇ. പഴയ നിലയിലേക്ക് മടങ്ങുന്നത്. അതേസമയം അബുദാബിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരുന്നുണ്ട്. ഇതും മുൻകരുതലിന്റെ ഭാഗംതന്നെ. എമിറേറ്റിനുള്ളിൽ ആർക്കും സ്വതന്ത്രമായി സഞ്ചരിക്കാം. അബുദാബിയിൽ നിന്നും പുറത്തുപോകാനും പ്രത്യേക അനുമതി വേണ്ട. എന്നാൽ എമിറേറ്റിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം തുടരും. നേരത്തേ ഇളവ് അനുവദിച്ചിരുന്ന വിഭാഗങ്ങൾക്ക് മാത്രമായിരിക്കും തുടർന്നും ഇളവ് ലഭിക്കുന്നത്.

പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രായമായവർക്കും ഷോപ്പിങ് മാളുകളിലും ഭക്ഷണശാലകളിലും പ്രവേശിക്കാൻ വിലക്കുണ്ടായിരുന്നു. ഇപ്പോൾ അതും നീക്കി. കുടുംബസമേതംതന്നെ ജനങ്ങൾക്ക് രാപകൽ വ്യത്യാസമില്ലാതെ ദുബായിൽ സഞ്ചരിക്കാം. ഷോപ്പിങ് മാളുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയും സാധാരണ പ്രവൃത്തിസമയങ്ങളിലേക്ക് മടങ്ങിവന്നു. കാറുകളിൽ പരമാവധി മൂന്ന് പേർ മാത്രമെന്ന നിബന്ധന തുടരുന്നത് ചിലർക്ക് പ്രയാസം സൃഷ്ടിച്ചേക്കാം. അപ്പോഴും ഇതിന് ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് ഇളവുണ്ട്.

ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണമെന്നും മുഖാവരണം, കൈയുറകൾ എന്നിവ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിബന്ധനകൾ നല്ല നാളെകളിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിതന്നെ കാണണം.

സഞ്ചാരികളുടെയും താമസക്കാരുടെയും പ്രിയ വാഹനമായ ദുബായ് മെട്രോയിലെ അണുനശീകരണ പ്രക്രിയകളും പൂർത്തിയായി. മെട്രോയുടെ പഴയ സമയക്രമം പുനഃസ്ഥാപിക്കുകയാണ്. ശനി മുതൽ ബുധൻ വരെ റെഡ് ലൈൻ പുലർച്ചെ അഞ്ചുമുതൽ അർധരാത്രി 12 വരെയും വ്യാഴാഴ്ച പുലർച്ചെ അഞ്ച് മുതൽ അർധരാത്രി ഒരുമണിവരെയും ആയിരിക്കും. വെള്ളിയാഴ്ച രാവിലെ 10 മുതൽ അർധരാത്രി ഒരുമണി വരെ മെട്രോ റെഡ് ലൈൻ പ്രവർത്തിക്കും. ഗ്രീൻ ലൈൻ പുലർച്ചെ അഞ്ചര മുതലാണ് പ്രവർത്തനം . ശനി മുതൽ ബുധൻ വരെ അർധരാത്രി 12 വരെയും, വ്യാഴാഴ്ച അർധരാത്രി ഒരുമണിവരെയും പ്രവർത്തിക്കും. വെള്ളി രാവിലെ 10 മുതൽ ഒരുമണിവരെ സർവീസുണ്ടാകും.

ഇത്തരത്തിൽ ഘട്ടംഘട്ടമായാണെങ്കിലും എല്ലാ രംഗത്തെയും പ്രവർത്തനങ്ങളെ മുൻപത്തേതിനെക്കാൾ സുഗമമായി നടത്താനുള്ള ഒരുക്കമാണ് രാജ്യത്തെങ്ങും നടക്കുന്നത്. ജൂലായ് ഏഴ് മുതൽ വിനോദ സഞ്ചാരികൾക്കും പ്രവേശനം നൽകാനുള്ള തയ്യാറെടുപ്പിലാണ് ദുബായ്. ഇപ്പോൾതന്നെ വിദേശ നാടുകളിലുള്ള താമസവിസക്കാർക്ക് പ്രവേശിക്കാനുള്ള അനുമതി ആയിക്കഴിഞ്ഞു. സഞ്ചാരികൾ വന്നുതുടങ്ങുന്നതോടെ വിപണിയിലും പഴയ ഉത്സാഹം പ്രകടമാവുമെന്ന വിശ്വാസത്തിലാണ് വ്യാപാരി സമൂഹം. ആ ഉത്സാഹം എല്ലാ മേഖലകൾക്കും ഉണർവ് നൽകുമെന്നും അതോടെ സാമ്പത്തിക രംഗവും മെച്ചപ്പെടുമെന്നും എല്ലാവരും വിശ്വസിക്കുന്നു. ആ ശുഭാപ്തിവിശ്വാസമാണ് എന്നും യു.എ.ഇ.യെ മുന്നോട്ട് നയിച്ചിട്ടുള്ളത്. പ്രായോഗികമതികളും ദീർഘവീക്ഷണമുള്ളവരുമായ ഭരണാധികാരികളിൽ ജനം ഏറെ പ്രതീക്ഷ അർപ്പിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനാളുകളുടെ രണ്ടാം വീടാണിത്. ആ വീടിന്റെ ഓരോ ചലനവും ലോകം ഉറ്റുനോക്കുന്നു. മികച്ച രീതിയിൽതന്നെ രാജ്യം തിരിച്ചുവരുമെന്ന് നമുക്ക് പ്രത്യാശിക്കാം. വിശ്വസിക്കാം. കാരണം ഇത് യു.എ.ഇ.യാണ് എന്നതുകൊണ്ടുതന്നെ.