ണ്ടുദിവസമായി ഈ നാട്ടിൽ ആഘോഷങ്ങളുടെ ബഹളമാണ്. ഭക്ത്യാദരപൂർവമുള്ള ദസറ, നവരാത്രി ആഘോഷങ്ങളുടെ ആരവത്തിലും ആവേശത്തിലുമായിരുന്നു എല്ലാവരും. ഈ വർഷം വിജയദശമിദിവസം അവധിദിനമായ വെള്ളിയാഴ്ച തന്നെയായതിനാൽ എല്ലാവർക്കും അത് കൂടുതൽ സൗകര്യപ്രദവുമായി.  

    ഒരുഭാഗത്ത് ആദ്യക്ഷരം കുറിക്കുന്നതിന്റെ ആവേശത്തിലും കൗതുകത്തിലും ആയിരക്കണക്കിന് കുരുന്നുകളും രക്ഷിതാക്കളും വേറൊരു ഭാഗത്ത് വേദത്തിന്റെ പൊരുളറിയിച്ച് സരസ്വതീപൂജയും സരസ്വതീയജ്ഞവും.  എല്ലാ രാത്രികളിലും  പലയിടങ്ങളിലായി ആഘോഷപൂർവം കൊണ്ടാടിയ  ഡാൻഡിയ നൃത്തച്ചുവടുകൾക്ക് ആവേശം നിറഞ്ഞ പരിസമാപ്തി. 
    മറ്റൊരിടത്ത് വിശ്വാസികളുടെ പ്രയാസങ്ങളും പരിഭവങ്ങളും കേട്ട് ആശ്വാസവാക്കുകൾ ചൊരിഞ്ഞ ശ്രീമുത്തപ്പന്റെ സാന്നിധ്യം. വീടുകളും ഫ്ലാറ്റുകളും കൂട്ടായ്മകളുടെ വേദികളായി. ലേബർ ക്യാമ്പുകളിലുമെത്തി ആഘോഷത്തിന്റെ അലകൾ.
    ദസറയും നവരാത്രിയുമൊക്കെയായിരുന്നു എല്ലാ ആഘോഷത്തിന്റെയും കാരണമെങ്കിലും എല്ലാവിഭാഗങ്ങളും അതിന്റെ ഭാഗമായി ചേർന്നു എന്നതായിരുന്നു ഈ ദിവസങ്ങളുടെ മറ്റൊരു സവിശേഷത. നമ്മുടെ നാട്ടിൽ നിന്ന് തികച്ചും വ്യത്യസ്തമായ സാമൂഹ്യാന്തരീക്ഷവും സാംസ്കാരിക പശ്ചാത്തലവുമുള്ള രാജ്യത്താണ് ഈ ആഘോഷങ്ങളും കൂട്ടായ്മകളും നടന്നത് എന്നതാണ് ഏറ്റവും വലിയ സവിശേഷത. നമ്മുടെ  സ്വന്തം നാട്ടിൽ അടുത്തകാലത്തായി ഉയരുന്ന അസഹിഷ്ണുതയുടെയും തീവ്രമായ മത, ജാതി ചിന്തകളുടെയും  തീവ്രവാദത്തിന്റെയും അതിന്റെ പേരിലുള്ള  അനിഷ്ടസംഭവങ്ങളുടെയും പശ്ചാത്തലത്തിൽ വേണം ഈ ആഘോഷത്തെ കാണേണ്ടത്. അതുകൊണ്ടാണ് ഇവിടത്തെ ആഘോഷങ്ങൾക്കും കൂട്ടായ്മകൾക്കും കൂടുതൽ മധുരവും ആവേശവും കൈവരുന്നത്. ബഹുസ്വരത എന്നത് കേവലം വാചകക്കസർത്ത് മാത്രമല്ലെന്ന് യു.എ.ഇ. ഓർമിപ്പിക്കുന്നു.

   ഇരുനൂറോളം രാജ്യക്കാരാണ് യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിലായി കഴിയുന്നത്. ലോകത്ത് ഏതൊക്കെ മതങ്ങളുണ്ടോ, ജാതികളുണ്ടോ, ഭാഷകളുണ്ടോ, സംസ്കാരങ്ങളുണ്ടോ അതെല്ലാം ഇവിടെയും ഉണ്ട്. എന്നാൽ, യാതൊരു പ്രയാസങ്ങളുമില്ലാതെ തന്നെ, ഇവിടത്തെ നിയമത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് തന്നെ എല്ലാവരും അവരുടേതായ ജീവിതം ജീവിക്കുന്നു, ആഘോഷിക്കുന്നു. വ്യക്തിപരമായ പ്രയാസങ്ങളും ബാധ്യതകളുമെല്ലാം നിലനിൽക്കെത്തന്നെയാണ് അവർ ഈ  കൂട്ടായ്മകളിൽ സക്രിയമാകുന്നത്. 
നാട്ടിൽ ആഘോഷിക്കാനാകാതെ പോകുന്നത് അവർ ഇവിടെ അവധിദിവസങ്ങളിലേക്ക് മാറ്റിവെച്ച് ആവേശത്തോടെ കൊണ്ടാടുന്നു. അതുകൊണ്ടാണ് ഓണവും ഈദുമൊക്കെ പ്രവാസലോകത്ത് ഇപ്പോഴും വെള്ളിയാഴ്ചകളിൽ തുടർന്നുകൊണ്ടിരിക്കുന്നത്.
   യു.എ.ഇ.വിശേഷിച്ച്  ദുബായ് ലോകമെങ്ങുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട സങ്കേതമായി മാറുകയാണ്. ഓരോദിവസവും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. തൊഴിൽതേടി എത്തുന്നവരും ധാരാളം.
 ഇത്രയേറെ വിഭാഗങ്ങൾ ഒരുപോലെ ജീവിക്കുന്ന സ്ഥലം ലോകത്ത് തന്നെ വേറെയെവിടെയങ്കിലും ഉണ്ടാകുമോ എന്ന് സംശയമാണ്.     എല്ലാവരുടെയും ആവശ്യങ്ങളും വിശ്വാസങ്ങളും മാനിക്കപ്പെടുന്നു എന്നതാണ് അതിലെ ഏറ്റവും ശക്തമായ ഘടകം. 

സൂപ്പർമാർക്കറ്റുകളിൽ പന്നിമാംസം പോലും സുലഭം. അത് ആവശ്യമുള്ള ജനതയും ഇവിടെ ഉണ്ടെന്ന തിരിച്ചറിവിലാണ് ആ നയം. നാട്ടിൽ ബീഫിന്റെ പേരിൽ നടക്കുന്ന കോലാഹലം കാണുമ്പോഴാണ് ദുബായിൽ പന്നിമാംസത്തിന്റെ കാര്യം പരാമർശിക്കേണ്ടിവരുന്നത്.

     യു.എ.ഇ. ഭരണാധികാരികളുടെ വിശേഷിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും  ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണത്തെയും  കാഴ്ചപ്പാടുകളെയും അഭിനന്ദിക്കാതിരിക്കാനാവില്ല.

   ദുബായിൽ താമസിക്കുന്നവരുടെ സന്തോഷം കൂടി അന്വേഷിക്കുന്നുണ്ട് ഇപ്പോൾ ഈ ഭരണാധികാരി. ദുബായിലെ താമസക്കാരോട് ഇവിടത്തെ ജീവിതത്തെക്കുറിച്ചാണ് അദ്ദേഹം അന്വേഷിക്കുന്നത്. ‘ഡു’ വിന്റെ സഹകരണത്തോടെ ദുബായ് പോലീസാണ് ഈ കാര്യം മൊബൈൽ ഫോണിലൂടെ ചോദ്യാവലിയായി ജനങ്ങളിലേക്ക് എത്തിക്കുന്നത്. നിങ്ങൾ സംതൃപ്തരാണോ, അസംതൃപ്തരാണോ , നിഷ്‌പക്ഷരാണെങ്കിൽ അതും പറയാം എന്നിങ്ങനെയാണ് ചോദ്യാവലി. 

   എന്തായാലും അറിയിക്കണമെന്നാണ് ചോദ്യാവലി പറയുന്നത്. ദുബായിലെ പിടികിട്ടാത്ത വാടകയെക്കുറിച്ച് മാത്രമായിരിക്കും എല്ലാവരുടെയും ഒരേസ്വരത്തിലുള്ള പരാതി. അത് മാറ്റിനിർത്തിയാൽ ജീവിതത്തിൽ വലിയ പരാതിയൊന്നും ആർക്കും ഉണ്ടാവാനിടയില്ലെന്നാണ് പൊതുവിലുള്ള സംസാരം.

    സർവേ എന്തായാലും എല്ലാവരും ഒരേസ്വരത്തിൽ പറയുന്ന ഒരു കാര്യം ഇത്രയേറെ വിഭാഗങ്ങൾക്ക് ഇത്രയും സമാധാനപരമായി ജീവിക്കാൻ കഴിയുന്ന മറ്റൊരിടം വേറെ ഉണ്ടാവില്ല എന്ന് തന്നെയായിരിക്കും.  ബഹുസ്വരത എന്നത് വെറും വാചകകസർത്ത് മാത്രമല്ലെന്ന്  ഈ വെള്ളിയാഴ്ചയും യു.എ.ഇ. തെളിയിച്ചിരിക്കുന്നു. നന്ദി പറയേണ്ടത് ഈ രാജ്യത്തിന്റെ ഭരണാധികാരികളോട് തന്നെ.